ടൈഫോയ്ഡ് പിടിച്ചു കിടക്കുകയായിരുന്ന ഒരു കുട്ടിയെ ചികിത്സിക്കാന്‍

സെന്റ് തെരീസയിലെ കന്യാസ്ത്രീകള്‍ നടത്തുന്ന പെണ്‍കുട്ടികളുടെ സ്‌കൂളില്‍ ഡോക്ടര്‍ ആക്‌സല്‍ മുന്‍തേ ചെന്നിരുന്നു. സുന്ദരിയായ ഒരു പതിനഞ്ചു വയസ്സുകാരിയാണു മരണാസന്നയായി അവിടെയുണ്ടായിരുന്നത്. ഒരു നാള്‍ അവളെ നോക്കി സ്‌കൂളില്‍നിന്നു പുറത്തുവന്ന് റോഡിലേക്കെത്തിയപ്പോള്‍, നടപ്പാതയിലൂടെ കറങ്ങി നടന്നിരുന്ന ഒരു സ്ത്രീ അദ്ദേഹത്തിനടുത്തേക്കു വന്നു. അവര്‍ സാധാരണമട്ടില്‍ ഡോക്ടറെ അഭിവാദ്യം ചെയ്തു. കുറച്ചു സംസാരിക്കാനുണ്ടെന്ന് അവള്‍ വിനയത്തോടെ പറഞ്ഞു. ഒരാഴ്ചയായി അവള്‍ ഇതിനായി കാത്തിരിക്കുകയായിരുന്നുവത്രേ. ആദ്യമൊന്നും പകല്‍ വെളിച്ചത്തില്‍ അദ്ദേഹത്തോടു സംസാരിക്കാന്‍ അവര്‍ക്കു ധൈര്യം വന്നില്ല. 

'പനി പിടിച്ച ആ പെണ്‍കുട്ടിക്ക് എങ്ങനെയുണ്ട്? അപകടമുണ്ടോ ഡോക്ടര്‍?' അവള്‍ വിറയലോടെ ചോദിച്ചു. 

'മരിക്കുന്നതിനു മുമ്പ് അവളെ എനിക്കൊന്നു കാണണം.'

ചായം തേച്ച കവിളിലൂടെ കണ്ണുനീരൊലിപ്പിച്ച് അവള്‍ തേങ്ങി: 

'എനിക്കവളെ കാണണം. ഞാന്‍ അവളുടെ അമ്മയാണ്.' 

സ്‌കൂളിലെ കന്യാസ്ത്രീകള്‍ക്ക് ഈ സത്യം അറിയില്ല. മൂന്നു വയസ്സുള്ളപ്പോള്‍ കുട്ടിയെ അവിടെ വിട്ടതാണ്. ബാങ്ക് വഴിയാണു കുട്ടിക്കൂ വേണ്ട പണം കൊടുത്തിരുന്നത്. എല്ലാ വ്യാഴാഴ്ചയും കുട്ടികളെ സായാഹ്നസവാരിക്ക് പുറത്തു കൊണ്ടു പോകുമ്പോള്‍ ഏതെങ്കിലും തെരുവുമൂലയില്‍നിന്ന് അവളെ നോക്കിയതല്ലാതെ, അതിനു ശേഷം കുട്ടിയെ ആ അമ്മ നേരിട്ടു കണ്ടിട്ടില്ല. കുട്ടിയുടെ സ്ഥിതി മോശമാണെന്നും വേണ്ടിവന്നാല്‍ അറിയിക്കാമെന്നും ഡോക്ടര്‍ മുന്‍തേ അവര്‍ക്കു വാക്കു കൊടുത്തു. എന്നാല്‍ മേല്‍വിലാസം കൈമാറാന്‍ അവള്‍ തയ്യാറായില്ല. നിത്യവും വൈകുന്നേരം ഞാന്‍ ഇവിടെ കാത്തു നിന്നുകൊള്ളാം. അവള്‍ പറഞ്ഞു. 

തുടര്‍ന്നുള്ള ഒരാഴ്ച ഡോക്ടര്‍ അവരെ അവിടെ കണ്ടു. ഉത്ക്കണ്ഠ കൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു, അവള്‍. കുട്ടിയുടെ സ്ഥിതി മോശമാകുന്നു എന്നല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു പറയാനില്ലായിരുന്നു. മരിക്കാനാകുമ്പോള്‍ അറിയിക്കാമെന്നു മാത്രം അദ്ദേഹം പറഞ്ഞു. അങ്ങനെ അവള്‍ ഒരു ദിവസം അയാള്‍ക്കു മേല്‍വിലാസം കൊടുത്തു. അതിന്റെ അടുത്ത ദിവസം തന്നെ കോമിക് ഓപ്പറയ്ക്കു പിന്നിലുള്ള കുപ്രസിദ്ധമായ തെരുവില്‍ അവളെ തേടി ഡോ. മുന്‍തേ ചെന്നു. അയാളെ അവിടെ കൊണ്ടുവിട്ട കുതിരക്കാരന്‍ അര്‍ത്ഥംവെച്ച് ചിരിച്ചുകൊണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു വരാമെന്നു പറഞ്ഞു. പോകേണ്ടെന്നും കാല്‍ മണിക്കൂര്‍ കാത്താല്‍ മതിയെന്നും അയാള്‍ മറുപടി പറഞ്ഞു. 

അവിടെ ഉണ്ടായിരുന്ന നടത്തിപ്പുകാരിയായ ഒരു വൃദ്ധ അയാളെ ആദ്യം നേരിട്ടു.. 

അതിനു ശേഷം കുറെ അര്‍ദ്ധനഗ്‌നകളായ സ്ത്രീകളുടെ അടുത്തേക്ക് അയാളെ കൊണ്ടുപോയി. 'നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം.' അവര്‍ പറഞ്ഞു. 

'ഞാന്‍ തിരഞ്ഞെടുത്തു കഴിഞ്ഞതാണ്. എനിക്ക് ഫ്‌ളോപ്പെറ്റിനെ മതി.' അയാള്‍ പറഞ്ഞു. 

ഫ്‌ളോപ്പെറ്റ് ഇതുവരെ താഴേക്ക് വന്നിട്ടില്ല. അവള്‍ കടപ്പുമുറിയില്‍ വേഷം മാറുകയാണ്. മുന്‍കൂറായി ഇരുപത് ഫ്രാങ്ക് കൊടുത്ത് അയാള്‍ മുകളിലെത്തെ അവളുടെ മുറിയിലേക്ക് പോയി. അയാള്‍ മുറിയിലെത്തിയപ്പോള്‍ ഫ്‌ളോപ്പെറ്റ് കണ്ണാടിയുടെ മുന്നില്‍ ഇരുന്നു മുഖത്തു ചായമിടുകയായിരുന്നു. ഒരു ഷാള്‍ എടുത്തു മാറിലിട്ട് അവള്‍ അയാളുടെ അടുത്തേക്ക് ഓടിയെത്തി. 

'ഇല്ല. കുട്ടി മരിച്ചിട്ടില്ല. പക്ഷേ, സ്ഥിതി വളരെ മോശമാണ്. രാത്രി ഡ്യൂട്ടിയിലുള്ള കന്യാസ്ത്രീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ഇന്നു രാത്രിയിലേക്ക് എന്റെ നഴ്സുമാരില്‍ ഒരാളെ കൊണ്ടു ചെല്ലാമെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. ഈ ചായമൊക്കെ കളഞ്ഞു മുടി കോതി വൃത്തിയാക്കൂ. നാശം പിടിച്ച കമ്മീസ് മാറ്റി ഈ പൊതിയിലുള്ള നഴ്സിന്റെ കുപ്പായമിടൂ. ഞാന്‍ ഒരു നഴ്‌സിനോടു കടം വാങ്ങിയതാണ്. നിനക്കു പാകമായിരിക്കും എന്നു തോന്നുന്നു. അരമണിക്കൂറിനകം ഞാന്‍ എത്തിക്കൊള്ളാം.' ഇത്രയും പറഞ്ഞ് ഡോക്ടര്‍  മുറി വിട്ട് താഴേക്കിറങ്ങി. അവളപ്പോള്‍ നാവിറങ്ങിയതു പോലെ നില്‍ക്കുകയായിരുന്നു .

'ഇത്ര വേഗം?' കിഴവി അത്ഭുതത്തോടെ അയാളെ നോക്കി. 

'ഈ രാത്രി ഫ്‌ളോപ്പെറ്റിനെ എനിക്കു വേണം. അവളെക്കൊണ്ടു പോകാന്‍ ഞാനിപ്പോള്‍ വരാം'. ഇതും പറഞ്ഞ് ഡോക്ടര്‍ പുറത്തേക്കിറങ്ങി. അരമണിക്കൂര്‍ കഴിഞ്ഞ് അയാള്‍ അവിടേക്കു തിരിച്ചെത്തി. നഴ്‌സിന്റെ കുപ്പായമിട്ട ഫ്‌ളോപ്പെറ്റിനു ചുറ്റും എല്ലാം വെളിപ്പെടുത്തുന്ന മസ്ലിന്‍ കുപ്പായങ്ങളിട്ട പെണ്ണുങ്ങള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. 

'പോയി രസിക്കൂ, പിള്ളേരേ!' കിഴവി ചിരിച്ചുകൊണ്ട് അവരെയെല്ലാം പറഞ്ഞയച്ചു. ഫ്‌ളോപ്പെറ്റുമൊത്ത് അയാള്‍ കുതിരവണ്ടിയിലേക്കു കയറി. 'അമ്പതു ഫ്രാങ്ക് മുന്‍കൂര്‍.' വൃദ്ധ ഓര്‍മ്മിപ്പിച്ചു. 

ശുശ്രൂഷയൊന്നും അധികം വേണ്ടിവന്നില്ല. കുട്ടി മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ക്കു തിരെ ബോധമില്ല. അന്ത്യം അടുത്തിരിക്കുന്നു എന്നു തിര്‍ച്ച. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആ അമ്മ രാത്രി മുഴുവന്‍ മകളെ നോക്കിയിരുന്നു. 

'അവസാനമായി ഉമ്മവെച്ചോളൂ.' വേദന കെട്ടടങ്ങിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. 'എല്ലാം കഴിഞ്ഞു. ' 

അവള്‍ മകളുടെ മുഖത്തിനു നേരെ കുനിഞ്ഞു. എന്നിട്ടു പെട്ടന്ന് അവള്‍ പിന്മാറി. 

'എനിക്കാവില്ല.' അവള്‍ തേങ്ങിക്കരഞ്ഞു: 'ഞാന്‍ നശിച്ചവളാണ്.'

ഫ്‌ളോപ്പെറ്റിന്റെയും മകളുടെയും കഥ ഇവിടെ അവസാനിക്കുന്നു. 

എന്റെ വായനാജീവിതത്തില്‍ എന്നെ ഏറെ അലട്ടിയ ഒരു സംഭവകഥയാണ് ഇത്. മനസ്സില്‍നിന്നു വിട്ടുപോവാത്ത ഈ സംഭവത്തിലേക്ക് ഇടയ്‌ക്കൊക്കെ ഞാന്‍ വീണ്ടും വീണ്ടും കടന്നു ചെല്ലാറുണ്ട്. ആക്‌സല്‍ മുന്‍തേയുടെ 'സാന്‍ മിഷേലിന്റെ കഥ ' എന്ന മഹത്തായ കൃതി എന്റെ പ്രിയപുസ്തകമാവുന്നത് ഇതുകൊണ്ടു കൂടിയാണ്. ജീവിതത്തെയും മരണത്തെയും ആഴത്തില്‍ മനസ്സിലാക്കാന്‍ പഠിപ്പിച്ച പുസ്തകങ്ങളുടെ കൂടെയാണ് ഇതിന്റെ സ്ഥാനം. 

അതുകൊണ്ടുതന്നെയാണ് കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി മാനവകുലത്തെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്ന നാളുകളില്‍ ഞാന്‍ ഭയത്തോടെ വീട്ടിലടച്ചിരിക്കുമ്പോള്‍, വീണ്ടും സാന്‍ മിഷേലിന്റെ പേജുകള്‍ മറിച്ചിടാന്‍ ആഗ്രഹിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പു രണ്ട് വലിയ വായനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ കേട്ടുകൊണ്ടാണു ഞാനാദ്യമായി സാന്‍ മിഷേലിന്റെ കഥ തേടിപ്പോയത്.  എം.ടി. വാസുദേവന്‍ നായരും എം.കൃഷ്ണന്‍ നായരുമായിരുന്നു ആ വായനക്കാര്‍. ഇരുവരുടെയും പ്രിയ പുസ്തകമായിരുന്നു The Story of San Michele. 

1928-ല്‍ ആദ്യമായി ഇംഗ്ലീഷില്‍ അച്ചടിമഷി പുരണ്ട ഈ ഓര്‍മ്മക്കുറിപ്പുകള്‍ അക്കാലത്തുതന്നെ പ്രചുരപ്രചാരം നേടിയ ബെസ്റ്റ് സെല്ലറായിരുന്നു. പ്രശസ്ത ബ്രട്ടീഷ് പ്രസാധകരായ ജോണ്‍ മുറെ ആയിരുന്നു പ്രസാധകര്‍. ആക്‌സല്‍ മുന്‍തേയുടെ ജീവിതകാലത്തുതന്നെ യൂറോപ്പിലെ എല്ലാ ഭാഷകളിലും ഈ കൃതിയുടെ പരിഭാഷകള്‍ ഇറങ്ങിയിരുന്നു. (2004-ല്‍ ഇതിന്റെ മലയാള പരിഭാഷയും പുറത്തുവന്നു. എന്‍.പി. അബ്ദുല്‍ നാസര്‍ പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചത്.) ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്ന മഹദ്ഗ്രന്ഥം എന്നാണു വലിയ വായനക്കാരെല്ലാം ഇതിനെ വിശേഷിപ്പിച്ചത്. എഴുത്തുകാരനാവുക എന്ന ഉദ്ദേശ്യത്തോടെ രചിച്ച ഒന്നായിരുന്നില്ല ഈ കൃതി. ആക്‌സല്‍ മുന്‍തേ ഇതേപ്പറ്റി ആമുഖക്കുറിപ്പില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്.

'ഞാനൊരു ഗ്രന്ഥകാരനല്ല. ആകാന്‍ ആഗ്രഹിക്കുന്നുമില്ല. പുതുതായി കരസ്ഥമാക്കിയ കൊറോണയില്‍ ടൈപ്പ്‌റൈറ്റിങ്ങിന്റെ (അക്കാലത്തെ പ്രശസ്തമായ ടൈപ്പ്‌റൈറ്റിങ്ങ് മെഷിന്‍ കമ്പനിയുടെ പേരാണ് കൊറോണ) പാഠങ്ങള്‍ വശപ്പെടുത്താന്‍ തപ്പിത്തടയുന്നതിനിടയില്‍ സംഭവിച്ച അപ്രതീക്ഷിതമായ അപകടത്തിന്റെ ഫലമാണ് സാന്‍ മിഷേലിന്റെ കഥ. വാക്കും വിചാരവും തമ്മിലുള്ള ഒളിച്ചുകളി എന്റെ തലയില്‍ നടക്കുമ്പോള്‍ അടക്കമില്ലാത്ത വിരലുകളെ ലക്ഷണംകെട്ട ഞാണിന്‍ മേല്‍ക്കളി പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. ചിന്തയെക്കുറിച്ച് കൂടുതലായി ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല എന്ന് ഗെഥെ പറഞ്ഞിട്ടുണ്ട്. എന്റെയും അവസ്ഥ അതു തന്നെയായിരുന്നു.  അക്ഷരത്തില്‍ വിരലുകള്‍ ആഞ്ഞു കൊത്തുമ്പോഴും എന്റെ ഹൃദയം മിടിക്കുന്നതു കേള്‍ക്കാന്‍ ഇടയ്‌ക്കെങ്കിലും എനിക്കു സാധിച്ചിരുന്നു.' 

കോളറ ശ്മശാനത്തില്‍നിന്നുള്ള ചിന്തകള്‍

1857 ഒക്ടോബര്‍ 31-ന്  സ്വീഡനിലാണ് ആക്‌സല്‍ മാര്‍ട്ടിന്‍ ഫ്രഡറിക് മുന്‍തേ ജനിച്ചത്. പാരീസില്‍നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം അവിടെത്തന്നെ പ്രാക്ടീസ് തുടങ്ങി. അക്കാലത്താണ് ഇറ്റലിയിലെ നേപിള്‍സ്സില്‍  കൊളറ പടര്‍ന്നുപിടിച്ചത്. ഈ വാര്‍ത്ത പത്രങ്ങളില്‍നിന്നറിഞ്ഞ് ഡോക്ടര്‍ മുന്‍തേ അങ്ങോട്ടേക്കു യാത്ര തിരിച്ചു. അവിടെയുള്ള കോളറ രോഗികളെ രക്ഷപ്പെടുത്താനായി തീവ്രപരിശ്രമത്തിലേര്‍പ്പെട്ടു. അക്കാലത്ത് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് Stockholms Dagbald എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അയാളുടെ ആവശ്യപ്രകാരം കോളറ അനുഭവത്തെപ്പറ്റി ആ പത്രത്തില്‍ പതിമൂന്ന് കത്തുകള്‍ അക്കാലത്തെഴുതി. അവയാണ് മുന്‍തേയുടെ ആദ്യത്തെ എഴുത്തുകള്‍. 

തീവ്രമായ അനുഭവങ്ങളാണ് അദ്ദേഹം ആ കത്തുകളില്‍ വിവരിച്ചത്. Letters from Naples എന്ന പേരില്‍ അത് പിന്നീടു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ദാര്‍ശനികമായ ഉള്‍ക്കാഴ്ചയും മനോഹരമായ ശൈലിയും അവയെ വേറിട്ടുനിര്‍ത്തി. റോമില്‍നിന്നു നേപിള്‍സിലേക്കുള്ള തീവണ്ടിയാത്ര അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചിരുന്നു. ആ ദിവസത്തെ തീവണ്ടിയിലെ ഏക യാത്രക്കാരനായിരുന്നു മുന്‍തേ. യാത്രയ്ക്കിടയിലെ വഴിയോരക്കാഴ്ചകള്‍. കോളറ പിടിച്ച മനുഷ്യരുടെ ദയനീയ ചിത്രങ്ങള്‍. മരണത്തെക്കുറിച്ചുള്ള ചിന്തകളിലായിരുന്നു ആ യുവഡോക്ടര്‍. മരണമെന്ന ശക്തിയെ അടുത്തറിയുക എന്നത് അതോടെ ജീവിതദൗത്യമാക്കി. മനുഷ്യജീവിതദുരിതങ്ങളെപ്പറ്റി അയാള്‍ ചിന്തിച്ചു തുടങ്ങി. 

രോഗങ്ങളെപ്പറ്റിയും രോഗികളുടെ വേദനയെപ്പറ്റിയും ഒരു ഡോക്ടര്‍ക്ക് എന്തറിയാമെന്ന് കൊളറ ശ്മശാനത്തില്‍നിന്നാണു താന്‍ ചിന്തിച്ചു തുടങ്ങിയതെന്ന് അദ്ദേഹം ആ കത്തുകളില്‍ എഴുതിയിട്ടുണ്ട്. സഹജീവികളുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നു വന്നാല്‍ അവരെ മരിക്കാനെങ്കിലും സഹായിക്കുക. ഇതായിരുന്നു കോളറക്കാലത്തെ അനുഭവങ്ങള്‍ ആക്‌സല്‍ മുന്‍തേയെ പഠിപ്പിച്ചത്. ഇതൊരു അടിസ്ഥാനപ്രമാണമായി ജീവിതകാലം മുഴുവന്‍ ഈ ഡോക്ടര്‍ കൊണ്ടു നടന്നു. ഒന്നും ചെയ്യാനില്ലാത്തപ്പോള്‍ ആശ്വാസം നല്‍കുക. അതു കൊണ്ട് ഈ ഡോക്ടര്‍ രോഗികളുടെ പ്രിയപ്പെട്ട ബന്ധുവായി നിലകൊണ്ടു. തന്റെ അസ്തിത്വ സന്ദേഹങ്ങള്‍ക്കുള്ള കടം വീട്ടലായിരുന്നു നേപിള്‍സിലെ പ്രവര്‍ത്തനം എന്നാണ് അദ്ദേഹം വിശ്വസിച്ചത്. മുന്‍തേ എന്ന വ്യക്തിയിലെ ഡോക്ടറും എഴുത്തുകാരനും അവിടെ ജന്മം കൊള്ളുകയായിരുന്നു. 

നേപിള്‍സില്‍നിന്നു തിരിച്ചുവന്ന അദ്ദേഹം സ്വീഡിഷ് രാജകുടുംബത്തിന്റെ ഡോക്ടറായി നിയമിക്കപ്പെട്ടു. കൊട്ടാരത്തിലെ വിക്ടോറിയ ബാദേന്‍ രാജകുമാരിയുടെ പ്രിയപ്പെട്ട ഡോക്ടറായി. അവര്‍ തമ്മിലുണ്ടായ സൗഹൃദം അവരുടെ മരണംവരെ തുടര്‍ന്നു. 1887 മുതല്‍ ഡോക്ടര്‍ ഇറ്റലിയിലെ കാപ്രി ഐലന്റിലേക്ക് താമസം മാറ്റി. അവിടെനിന്ന് ഒരിക്കല്‍ അടുത്തുള്ള അനകാപ്രി ഗ്രാമത്തില്‍ അദ്ദേഹം യാത്ര പോവാനിടയായി. എഴുന്നൂറ്റി എഴുപത്തേഴ് ഫൊണിഷ്യന്‍ പടികള്‍ കയറി അവിടെയെത്തുമ്പോള്‍ കാണുന്നത് മറ്റൊരു ലോകമായിരുന്നു. 

കടലിന്റെ അഭൗമസൗന്ദര്യം കൊണ്ടു ചുറ്റപ്പെട്ട ഒരു കുന്ന്. അതാണ് അനാകാപ്രി. അവിടെയൊരു പഴയ പള്ളിയുണ്ടായിരുന്നു. തകര്‍ന്ന ഒരു കൊച്ചുദേവാലയം. അതിന്റെ പേരാണ് സാന്‍ മിഷേല്‍. അതിനോടു ചേര്‍ന്നു ചെറിയൊരു വീടും ഒരു മുന്തിരിത്തോട്ടവും. അത് മാസ്‌ത്രോ വിന്‍സെന്‍സോ എന്ന കര്‍ഷകന്റേതാണ്. പള്ളി ആരുടേതുമായിരുന്നില്ല. പണ്ട് റോമാ ചക്രവര്‍ത്തി ടിംബേറിയോയുടെ കൊട്ടാരം കിടന്ന സ്ഥലമാണ്. അതിന്റെ അവശിഷ്ടങ്ങള്‍ അവിടെ മണ്ണിനടിയിലുണ്ട്. അവിടെവെച്ച് ആക്‌സല്‍ മുന്‍തേ തീരുമാനിച്ചു. 'ജീവിതത്തിന്റെ അവസാനിക്കാത്ത ആഹ്ലാദത്തെ മരണം എന്നെങ്കിലും കീഴടക്കുമെങ്കില്‍ ഇതുപോലൊരിടത്തു ജീവിച്ചു വേണം കാക്കാന്‍.' 

സാന്‍ മിഷേലിലെ ജീവിതം യാഥാര്‍ത്ഥ്യമാവുന്നു 

Sanഅനകാപ്രിയില്‍നിന്നു മനസ്സിലുണര്‍ന്ന സ്വപ്നം മുന്‍തേ യാഥാര്‍ത്ഥ്യമാക്കി. മാസ്‌ത്രോ വിന്‍സെന്‍സോയില്‍നിന്ന് വില്ല സാന്‍ മിഷേല്‍ വില കൊടുത്തു വാങ്ങി, തന്റെ ഭാവനയിലുള്ള ഒരു കെട്ടിടമായി അതിനെ പുതുക്കിപ്പണിത് അവിടെ താമസിക്കുക. അയാള്‍ അതു ചെയ്തു. സ്വന്തമായി ആ പണി പൂര്‍ത്തിയാക്കി. കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ പോലും ഭൂമിക്കിടയില്‍നിന്നു പൊക്കിയെടുത്ത് ഉപയോഗിച്ചു. 

അങ്ങനെ പുതുക്കിപ്പണിത സാന്‍ മിഷേലില്‍ ഡോക്ടര്‍ താമസം തുടങ്ങണം. പണി പൂര്‍ത്തിയാക്കുന്നതിന് പണം തികയാതെ വന്നപ്പോള്‍ അദ്ദേഹം റോമില്‍പ്പോയി പ്രാക്ടീസ് ചെയ്തു. അങ്ങനെ സാന്‍ മിഷേല്‍ എന്ന സ്വപ്നഭവനം യാഥാര്‍ത്ഥ്യമാക്കി. അതിന്റെ കഥ പറഞ്ഞുകൊണ്ടാണ് The Story of San Michele എന്ന പുസ്തകം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് പല അധ്യായങ്ങളിലായി ജീവിതത്തിലെ പല പല ഓര്‍മ്മകളേയും ആക്‌സല്‍ മുന്‍തേ അതിമനോഹരമായി പറഞ്ഞു വെക്കുന്നു.

ഒരു ആത്മകഥയുടെ ഘടനയിലല്ല ഈ പുസ്തകം എഴുതിയിരിക്കുന്നത്. ഓര്‍മ്മകള്‍ ഒരു പ്രത്യേക ക്രമത്തിലൊന്നുമല്ല പറഞ്ഞു പോവുന്നത്. അസാധാരണമായ ജീവിതസന്ദര്‍ഭങ്ങള്‍, അസാധാരണ സ്വഭാവമുള്ള വ്യക്തികള്‍, അസാധാരണ ബന്ധങ്ങള്‍ ഒക്കെ ഇതിലുണ്ട്. അങ്ങനെയുള്ള ഒരു ചേരുവയിലൂടെയാണ് അസാധാരണ വായനാനുഭവമായി ഈ കൃതി മാറുന്നത്. പാവപ്പെട്ട മനുഷ്യരുടെയും പേരു കേട്ട രാജകുടുംബാംഗങ്ങളുടെയും ജീവിതചിത്രങ്ങള്‍ നമുക്കിതില്‍ വായിക്കാന്‍ കഴിയും. സാന്‍ മിഷേലില്‍ ഡോക്ടറോടൊപ്പം നടന്നുവന്നു രാത്രിയില്‍ പാട്ടു പാടി ഉല്ലസിക്കുന്ന രാജകുമാരിയെയും എഴുന്നൂറ്റി എഴുപത്തേഴ് പടികള്‍ നഗ്‌നപാദയായി കയറിയിറങ്ങി കത്തുകള്‍ കൊണ്ടുവരുന്ന വൃദ്ധയായ അഞ്ചല്‍ക്കാരി മരിയയേയും നമ്മള്‍ ഇതില്‍ പരിചയപ്പെടുന്നു. മരിയ ഇപ്പോള്‍ സ്വര്‍ഗത്തിലെ എഴുത്തുകള്‍ കൊണ്ടു നടക്കുകയാണ് എന്നാണ് അവരുടെ മരണശേഷം മുന്‍തേ ഒരിടത്ത് പറയുന്നത്. 

അതുപോലെ, വലിയ എഴുത്തുകാരുമായും ശാസ്ത്രജ്ഞരുമായും ചിന്തകരുമായും ഈ ഡോക്ടര്‍ക്കുണ്ടായിരുന്ന ഊഷ്മളമായ അടുപ്പവും അവരുടെ ജീവിതചിത്രങ്ങളും പുസ്തകത്തെ സമ്പന്നമാക്കുന്നു. ഫ്രഞ്ച് എഴുത്തുകാരനായ ഗെ ദേ മോപ്പോസാങ്ങിന്റെ കുത്തഴിഞ്ഞ ജീവിതം വിശദമായിതന്നെ ഇതില്‍ പ്രതിപാദിക്കുന്നു. ഹിപ്‌നോട്ടിസത്തെക്കുറിച്ചും മാനസികമായ തകരാറുകളെക്കുറിച്ചും ഇവര്‍ തമ്മില്‍ നിരന്തരം സംസാരിച്ചിരുന്നു. ഈ വിഷയത്തില്‍ തനിക്ക് അറിയാവുന്നതെല്ലാം മൊപ്പോസാങ്ങ് ചോര്‍ത്തിയെടുത്തു എന്നാണ് മുന്‍തേ പറയുന്നത്. 

അദ്ദേഹത്തിനു മരണത്തെ പേടിയായിരുന്നു. എല്ലാ എഴുത്തുകാരെയും പോലെ മോപ്പസാങ്ങും രോഗവും മരണവും അടുത്തുവെച്ചു കാണുന്നത് വെറുത്തിരുന്നു. ഇക്കാര്യത്തില്‍ ഇവര്‍ തമ്മില്‍ നടന്ന രസകരമായ വാദപ്രതിവാദങ്ങളും പതിനെട്ടാമധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്. പ്രശസ്ത ശാസ്ത്രജ്ഞനായ ലൂയി പാസ്റ്ററുമായുള്ള അടുപ്പത്തെപ്പറ്റിയും മുന്‍തേ എഴുതിയിട്ടുണ്ട്.  

തന്റെ ഒരു രോഗിയെക്കാണാന്‍ എത്തിയ തത്ത്വചിന്തകനായ പ്രൊഫസര്‍ വില്യം ജെയിംസിനെപ്പറ്റി മുന്‍തേ ഒരിടത്തു വിശദമായി എഴുതുന്നുണ്ട്. മരണത്തെപ്പറ്റി അറിയുവാനുള്ള സന്ദര്‍ഭമായി സുഹൃത്തിന്റെ മരണസമയത്ത് എത്തിയ വില്യം ജെയിംസ്. രസകരമാണ് ആ ഭാഗം. 

'വില്യം ജെയിംസ് തന്റെ ചങ്ങാതിയുമായി ഉണ്ടാക്കിയ ദൃഢമായ കരാറിനെപ്പറ്റി എന്നോടു പറഞ്ഞു: ആദ്യം ആരു മരിച്ചാലും ശരി, അജ്ഞാതമായ ആ ലോകത്തെക്കുറിച്ച് മറ്റേയാളെ വിവരമറിയിക്കണം - അത്തരമൊരു സന്ദേശത്തിനുള്ള സാധ്യതയില്‍ ഇരുവരും വിശ്വസിച്ചിരുന്നു. മുറിയിലേക്കു കടക്കാന്‍ പോലും അദ്ദേഹത്തിനു കരുത്തുണ്ടായിരുന്നില്ല. തുറന്നിട്ട വാതിലിനടുത്തുള്ള കസേരയില്‍ അദ്ദേഹം തളര്‍ന്നു കിടന്നു. മടിയില്‍ നോട്ടുപുസ്തകവും കൈയില്‍ പേനയുമായി പദ്ധതിയുസരിച്ചുള്ള സന്ദേശം രേഖപ്പെടുത്താനെന്നോണം അദ്ദേഹം കാത്തിരിക്കയാണ്.

'മരണത്തെക്കുറിച്ചറിയാന്‍ ഒരു തത്ത്വചിന്തകന്‍ മറ്റൊരാളിന്റെ മരണക്കിടയ്ക്കക്കരികില്‍ ഇരിക്കുന്ന ആ ചിത്രം എന്റെ മനസ്സില്‍നിന്നു മരണം വരെ മായുമെന്നു തോന്നുന്നില്ല. മരണം കഴിഞ്ഞ് ഡോക്ടര്‍ മുന്‍തേ മുറി വിട്ടു പോവുമ്പോഴും വില്യം ജെയിംസ് കസേരയില്‍ ചാരിക്കിടക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈകള്‍ മുഖം മറച്ചിരുന്നു. തുറന്ന നോട്ടുപുസ്തകം അപ്പോഴും മടിയിലുണ്ട്. ആ താളുകള്‍ കാലിയായിരുന്നു. മരണം പിടി തരാതെ കടന്നുപോയി എന്നര്‍ത്ഥം. ഇത്രയും അര്‍ത്ഥവത്തായ ഒരു ചിത്രം ഞാന്‍ മറ്റൊരു പുസ്തകത്തിലും ഇതുവരെ കണ്ടിട്ടില്ല. 

ശ്വാനചികിത്സകനും പക്ഷി സംരക്ഷകനും 

Sanമനുഷ്യര്‍ മാത്രമല്ല ഇതിലെ കഥാപാത്രങ്ങള്‍. പട്ടികളും പക്ഷികളും പങ്കിടുന്ന വലിയൊരു ലോകം കൂടി ഇതിലുണ്ട്. മൃഗങ്ങളോടു കാണിച്ച കരുണയുടെ പേരിലും ആക്‌സല്‍ മുന്‍തേ ഓര്‍മ്മിക്കപ്പെടേണ്ടതുണ്ട്. അവരുടെ വേദന കണ്ട് അവരെ ചികിത്സിക്കുക കൂടി ചെയ്ത ഡോക്ടറാണ് അദ്ദേഹം. സാന്‍ മിഷേലിന്റെ കഥയില്‍ അദ്ദേഹം എഴുതി. 

'ഞാന്‍ ഇതിനകം നല്ലൊരു 'നായ ഡോക്ടറായി 'ക്കഴിഞ്ഞിരിക്കുന്നു. വിശ്വസ്തനായ ഒരു ശ്വാനചികിത്സകന്‍ എന്ന നിലയ്ക്കുള്ള എന്റെ പ്രശസ്തിയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. തൊഴില്‍പരമായ അസൂയ ഈ മേഖലയില്‍ നേരിടേണ്ടി വന്നിട്ടില്ല എന്നതാകാം ഇതിനു കാരണം.' മൃഗങ്ങളുടെ മനസ്സ് അറിയുന്നതിലും മുന്‍തേ വൈഭവം നേടിയിരുന്നു. 

വീണ്ടും അദ്ദേഹം എഴുതുന്നു: ' നായകളെ സ്‌നേഹിക്കുന്നതു പോലെതന്നെ അവയെ മനസ്സിലാക്കുക എന്നതും പ്രധാനമാണ്. മനുഷ്യനെ മനസ്സിലാക്കുന്നതിലും എളുപ്പത്തില്‍ നായയെ മനസ്സിലാക്കാം. അതുപോലെ തന്നെ എളുപ്പമാണ് അവനെ സ്‌നേഹിക്കുന്നതും. നായ ഒരിക്കലും ഒളിച്ചുവെക്കില്ല. ചതിക്കില്ല. സംസാരിക്കാനാവാത്തതിനാല്‍ കളവു പറയുകയുമില്ല. നായ ഒരു പുണ്യവാളനാണ്. അവന്‍ ജന്മനാ സത്യസന്ധനും നേരെ വാ നേരെ പോ എന്ന ചിന്താഗതിക്കാരനുമാണ്. ചില അപവാദങ്ങള്‍ കണ്ടേക്കാം. ക്രൂരരായ പൂര്‍വികന്മാരുടെ വംശപാപത്തിന്റെ വടുക്കള്‍ പേറുന്ന ഒരു നായയ്ക്ക് നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ചതിപ്രയോഗങളെ ആശ്രയിക്കേണ്ടി വന്നേക്കാം.' 

പക്ഷികളുടെ കാര്യത്തിലെ അദ്ദേഹത്തിന്റെ സ്‌നേഹം അറിയാന്‍ 55000 സ്‌ക്വയര്‍ മീറ്ററില്‍ നിര്‍മ്മിച്ചിരിക്കുന്ന മൊണ്ട് ബാര്‍ബറോസ്സ പക്ഷിസങ്കേതത്തെപ്പറ്റി അന്വേഷിക്കുക. വിക്ടോറിയ ബാദേന്‍ രാജകുമാരിയുടെ സഹായത്തോടെ ഡോക്ടര്‍ മുന്‍തേ നിര്‍മ്മിച്ചതാണ് ഈ പക്ഷിസങ്കേതം.  പുസ്തകത്തിന്റെ അവസാനഭാഗത്തുള്ള പുണ്യാളനുമായുള്ള ഭാവനയിലെ സംവാദത്തില്‍ അദ്ദേഹം പറയുന്നതു കൂടി അറിയുക.

'അദ്ദേഹത്തെ (സെന്റ് ഫ്രാന്‍സിസ് പുണ്യാളന്‍) കാണാന്‍ സാധിക്കുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. ജീവിതകാലം മുഴുവന്‍ ഞാന്‍ ചോദിച്ചതാണത്. ആര്‍ക്കെങ്കിലും അതിന് ഉത്തരം തരാനാവുമെങ്കില്‍, അത് അദ്ദേഹത്തിനു മാത്രമായിരിക്കും. നിങ്ങള്‍ക്കു സാധിക്കുമോ? ബുദ്ധിമാനായ കാവല്‍ മാലാഖേ, നിങ്ങള്‍ക്കു പറയാനാകുമോ? സ്‌നേഹം നിറഞ്ഞ ജന്തുക്കളുടെ ആത്മാവുകള്‍ എങ്ങോട്ടാണു പോകുന്നത്? അവരുടെ സ്വര്‍ഗം എവിടെയാണ്? എനിക്കതറിയണം, കാരണം എനിക്ക് ...'

മൃഗങ്ങളോടുള്ള ക്രൂരതയില്‍ ഏറെ ദു:ഖിതനായിരുന്നു സാന്‍ മിഷേലിന്റെ കഥാകാരന്‍. 

'സഹജീവികളെ എക്കാലവും സ്‌നേഹിക്കണമെന്നുണ്ടെങ്കില്‍ എന്റെ രണ്ടു കണ്ണുകളും ആദ്യം പൊട്ടിക്കേണ്ടി വരുമെന്നു ഞാന്‍ ഭയപ്പെടുന്നു. ജന്തുക്കളോടുള്ള ക്രൂരത എനിക്കൊരിക്കലും പൊറുക്കാനാവില്ല. ആളുകളില്‍നിന്നു കൂടുതല്‍ക്കൂടുതല്‍ അകറ്റുകയും ജന്തുക്കളോടും പ്രകൃതിയോടും കൂടുതല്‍ക്കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്ന ഒരു തരം ആന്തരികപരിണാമം എന്റെ മനസ്സില്‍ നടക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നു.' 1

930-കളിലാണ് ആക്‌സല്‍ മുന്‍തേ ഇതൊക്കെ എഴുതിയത് എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു. മുന്‍തേയുടെ ഈ ഓര്‍മ്മക്കുറിപ്പുകള്‍ എനിക്കൊരു പ്രകൃതിപാഠപുസ്തകം കൂടിയാണ്. ധാരാളം പേജുകളില്‍ അദ്ദേഹത്തിന്റെ പ്രകൃതിയോടുള്ള,  ജന്തുജാലങ്ങളോടുള്ള കരുതല്‍ നിറഞ്ഞു നില്‍ക്കുന്നു. 

ആക്‌സല്‍ മുന്‍തേ ജീവിച്ചതു പക്ഷിമൃഗാദികള്‍ക്കു കൂടി വേണ്ടിയായിരുന്നു. സാന്‍ മിഷേലിന്റെ കഥയില്‍ അവരുടെ കഥകളും അദ്ദേഹം ചേര്‍ത്തു വെച്ചിരിക്കുന്നു. അവ വായിക്കുമ്പോള്‍ നമ്മള്‍ മെച്ചപ്പെട്ട മനുഷ്യരാവുന്നു. അല്ല; മെച്ചപ്പെട്ട ജീവികളാവുന്നു. 

ജീവിതത്തെയും മരണത്തെയും വായിച്ചെടുത്ത ഒരാള്‍

san
പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുപ്പതു വര്‍ഷം കൊണ്ടാണ് അക്‌സല്‍ മുന്‍തേ സാന്‍ മിഷേലിന്റെ കഥ എഴുതി പൂര്‍ത്തിയാക്കിയത്. അതേപ്പറ്റി അദ്ദേഹം പറഞ്ഞു: 'എന്റെ ജീവിതകഥയെഴുതാന്‍ തീര്‍ച്ചയായും മുന്നൂറു പേജുകള്‍ വേണ്ടിവരില്ല. എന്നെക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ ഞാന്‍ മിനക്കെട്ടിട്ടില്ല. മറിച്ച് അവ്യക്തമായ ഏന്റെ വ്യക്തിസ്വരൂപത്തെ പിടിച്ചു കുലുക്കുവാനുള്ള ഒരു മുഴവന്‍സമയശ്രമമായിരുന്നു അത്.'

വലിയ വലിയ രാജകുടുംബാംഗങ്ങള്‍ ഈ ഡോക്ടറെ കാത്തു കിടക്കുമ്പോള്‍ ഡോക്ടര്‍ പലപ്പോഴും പാവപ്പെട്ടവരുടെ രക്ഷകനായി അവര്‍ക്കിടയില്‍ അലഞ്ഞു നടക്കുകയായിരുന്നു. ഓരോ രോഗവും വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ടു തെരുവില്‍ പൊരുതുകയായിരുന്നു. രോഗത്തോടും മരണത്തോടുള്ള നിരന്തരമായ പോരാട്ടം. കോളറയുടെ കരങ്ങളിലമര്‍ന്ന നേപ്പിള്‍സിലെ രക്ഷകനായി. തന്റെ അറിവ് മുഴുവന്‍ ചികിത്സകനെന്ന നിലയില്‍ പ്രയോഗിച്ചു. മാനസികമായ പ്രശ്‌നങ്ങളെ ഹിപ്പ്‌നോട്ടിസമുപയോഗിച്ചു പോലും അദ്ദേഹം സുഖപ്പെടുത്തി. വേദനയകറ്റുക എന്നതു ജീവിതദൗത്യമാക്കി. എല്ലാതരം അസുഖങ്ങളെയും അദ്ദേഹം കൈകാര്യം ചെയ്തു. കൂട്ടത്തില്‍ കുരങ്ങനെയും പട്ടിയെയും പക്ഷികളെയും ചികിത്സിച്ചു. 

രോഗികളെ ജീവനു തുല്യം സ്‌നേഹിച്ച ഈ ഡോക്ടര്‍ എപ്പോഴും അവരെക്കുറിച്ചാണു ചിന്തിച്ചു കൊണ്ടിരുന്നത്. 'രോഗികളെ പരിഹസിക്കാന്‍ ചികിത്സകന് അവകാശമില്ല. അവരോടൊപ്പം കണ്ണീരൊഴുക്കുന്നത് അതിലും മോശമാണ്. വിതുമ്പുന്ന ഡോക്ടര്‍ ഒരു മോശം ഡോക്ടറാണ്.' അദ്ദേഹത്തിന്റെ ചിന്തകളില്‍ എപ്പോഴും പാവപ്പെട്ട രോഗികളായിരുന്നു നിറഞ്ഞത്. സാന്‍ മിഷേലിന്റെ കയെഴുതുമ്പോഴും അവരായിരുന്നു മനസ്സില്‍.

പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം എഴുതി.. 'കരുത്തനായ ആ കൂട്ടുകാരനുമായി -മരണം- ഇത്രയം കാലം ഞാന്‍ മല്‍പ്പിടുത്തം നടത്തുകയായിരുന്നു. തോല്‍വി എന്നും എനിക്കായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരെ ഒന്നൊന്നായി അവന്‍ തട്ടിയെടുക്കുന്നതു ഞാന്‍ കണ്ടു. അവരില്‍ ചിലരെ ജീവിക്കുമ്പോഴും കഷ്ടപ്പെടുമ്പോഴും മരണക്കിടക്കയില്‍ കഴിയുമ്പോലെ ഈ പുസ്തകത്തില്‍ കാണാം. അവര്‍ക്കു വേണ്ടി എനിക്കു ചെയ്യാവുന്നത് ഇതു മാത്രമാണ്. എളിയവരായിരുന്നു അവരെല്ലാം. അവരുടെ കുഴിമാടങ്ങള്‍ക്കു മീതേ മാര്‍ബിള്‍ കുരിശുകള്‍ നാട്ടിയില്ല. മരണത്തിനു മുമ്പേതന്നെ വിസ്മരിക്കപ്പെട്ടു പോയവരായിരുന്നു പലരും.' 

മരണത്തെക്കുറിച്ചുള്ള ഏറ്റവും മൗലികമായ പലചിന്തകളും ഈ പുസ്തകത്തിലുണ്ട്. എന്റെ ചിന്തകളെ അവയിപ്പോഴും പ്രചോദിപ്പിക്കുന്നു. വില്യം ജെയിംസിനെപ്പോലെ മരണത്തെ നേരിടുമ്പോള്‍ അതിനെക്കുറിച്ചു മനസ്സിലാക്കി എഴുതിവെക്കണമെന്ന് മുന്‍തേ ആഗ്രഹിച്ചിരുന്നു. അതേക്കുറിച്ചൊക്കെ വിശദീകരിക്കുന്ന അവസാനഭാഗം ഒരു കവിത പോലെ മനോഹരമാണ് എന്നു പറയാതെ വയ്യ. അദ്ദേഹം മരണത്തെ അറിഞ്ഞിരുന്നു. പക്ഷേ, അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു! 

ആ യാത്രയെപ്പറ്റി അദ്ദേഹം എഴുതി: 'അപരിചിതമായ ഒരു നാട്ടിലേക്കാണു ഞാന്‍ പോകുന്നത്. അവിടെ എനിക്ക് എന്തു സംഭവിക്കുമെന്നുപോലും എനിക്കറിയില്ല. ആ നാടിനെപ്പറ്റി ധാരാളം വിചിത്രകഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ, അവ കഥകള്‍ മാത്രമാണ്. അവിടെ കണ്ടതു പറഞ്ഞു തരാന്‍, ഇതുവരെ പോയവരാരും തിരിച്ചു വന്നിട്ടില്ല...'  മരണമെന്ന നിഗൂഢസത്യത്തെപ്പറ്റി ഇതില്‍ കൂടുതല്‍ ഭംഗിയായി ആരും എനിക്കിതുവരെ വിവരിച്ചുതന്നിട്ടില്ല. 

ജീവിതകാലം മുഴുവന്‍ മരുന്നുകുറിപ്പുകള്‍ എഴുതിയ മുന്‍തേ ഉറക്കം നഷ്ടപ്പെട്ട രാത്രികളില്‍ തന്റെ രോഗികളെ ഓര്‍ത്തെഴുതിയ പുസ്തകം ലോകം നെഞ്ചോടു ചേര്‍ത്തുവെച്ചു. അത് ജീവിതത്തിന്റെ പുസ്തകമായി. ശാശ്വതമായ നിദ്രയ്ക്കുള്ള ഔഷധമായി. മരണം വരുമ്പോള്‍ ഡോക്ടര്‍ നിശ്ശബ്ദനായ കാഴ്ചക്കാരനെപ്പോലെ നില്‍ക്കേണ്ടവനല്ലെന്ന് ഈ പുസ്തകം ലോകത്തോടു പറഞ്ഞു. രോഗികളുടെ യാചിക്കുന്ന കണ്ണുകളില്‍നിന്നു മുഖം തിരിക്കാതെ അവരുടെ വേദനയ്ക്കു ശാന്തിയും യാതനയ്ക്കു മയക്കവും കൊടുക്കാന്‍ ശ്രമിക്കണം. ലേകത്തിന്റെ ഈ ഡോക്ടര്‍ 91-ാം വയസ്സില്‍ 1949-ല്‍ സ്വീഡനില്‍ അന്തരിച്ചു. 

ഇറ്റലിയിലെ കാപ്രി ഐലന്റില്‍ അനാകപ്രി കുന്നിന്‍ മുകളില്‍ എഴുന്നൂറ്റി എഴുപത്തിയേഴ് ഫിനിഷ്യന്‍ പടികള്‍ കയറി ചെല്ലുമ്പോള്‍ അക്‌സല്‍ മുന്‍തേയുടെ സാന്‍ മിഷേല്‍ ഇപ്പോഴും നമുക്കു കാണാം. മരണത്തിനു മുന്‍പ് അദ്ദേഹമത് സ്വീഡിഷ് ഗവണ്‍മെന്റിനെ ഏല്പിച്ചിരുന്നു. ഏതൊരു ആര്‍ക്കിടെക്റ്റിനേയും കൊതിപ്പിക്കുന്ന, മുന്‍തേ സ്വയം പണിതുയര്‍ത്തിയ അദ്ദേഹത്തിന്റെ സ്വപ്നഭവനം. ആ വീട്ടിലിരുന്നു കൊണ്ടാണ് മുന്‍തേ സാന്‍ മിഷേലിന്റെ കഥയെഴുതിയത്. ഇന്നത് ഒരു പള്ളിയുടെ പേരായല്ല, വായനക്കാര്‍ക്കു പ്രിയപ്പെട്ട ഒരു  ആത്മകഥയുടെ പേരായി മാത്രം സാഹിത്യലോകത്തു നക്ഷത്രശോഭയോടെ നിലനില്‍ക്കുന്നു. 

മരണത്തേയും ജീവിതത്തേയും ഒരു പോലെ സ്‌നേഹിച്ച ഒരാളുടെ ജീവിതമാണ് ആ ഓര്‍മ്മക്കുറിപ്പില്‍ പ്രകാശിതമാവുന്നത്.

Content Highlights: Dr. Axel Munthe, who loved life and death equally, author of The Story of San Michele