ഡോ. കെ.എസ് രാധാകൃഷ്ണൻ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മഹാഭാരത വിചാരങ്ങൾ എന്ന പുസ്തകത്തിന് ഡോ. അജിതൻ മേനോത്ത് എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം.

പ്രപഞ്ചത്തിലുള്ളതെല്ലാം മഹാഭാരതത്തിലും മഹാഭാരതത്തിലുള്ളതെല്ലാം പ്രപഞ്ചത്തിലുമുണ്ട്. സാർവ്വലൗകികമായ ഈ അനുഭവമണ്ഡലമാണ് മഹാഭാരതത്തെ കാലാതിവർത്തിയാക്കുന്നത്. ദേവന്മാർ, അസുരന്മാർ, മനുഷ്യർ, രാജാക്കന്മാർ, യക്ഷകിന്നരന്മാർ, ഗന്ധർവന്മാർ, രാക്ഷസർ, മഹർഷിമാർ,പക്ഷിമൃഗാദികൾ, നദികൾ, പർവ്വതങ്ങൾ, സ്വർഗ-നരകങ്ങൾ എന്നിങ്ങനെ പ്രപഞ്ചത്തിലും അപരലോകത്തിലുമുള്ള സർവ്വചരാചരങ്ങളും കഥാപാത്രങ്ങളാകുന്ന വ്യാസകൃതി മനുഷ്യഭാവനയ്ക്ക് അപ്രാപ്യമായ രചനയാണ്. ജീവിതത്തേയും മരണത്തേയും പുനർജന്മത്തേയും തലമുറകളേയും കടന്നുപോകുന്ന ഇതിഹാസമാണത്. കഥകളുടെ കലവറയായ ഈ പുരാണകൃതി നിലനിൽക്കുന്നത് അതിൽ അന്തർലീനമായ ധർമ്മവിചാരത്തിന്റെ ആത്മശക്തികൊണ്ടാണ്. മഹാഭാരതത്തെകുറിച്ച് രാജ്യത്തിനകത്തും പുറത്തും നിരവധി വ്യാഖ്യാന കൃതികൾപുറത്തിറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന രചനയാണ് ഡോ. കെ. എസ് രാധാകൃഷ്ണന്റെ 'മഹാഭാരത വിചാരങ്ങൾ'. മുഖ്യകഥാപാത്രങ്ങളുടെ ആത്മഭാവത്തെ അവലംബിച്ചുകൊണ്ടുള്ള ധർമ്മവിചാരങ്ങളാണ് ഈ കൃതിയുടെ സവിശേഷത. മുപ്പത് ലേഖനങ്ങളിലായി അദ്ദേഹം തന്റെ പരിചിന്തനങ്ങൾ അവതരിപ്പിക്കുന്നു.

കഥ പറയുന്ന രീതിയിൽതന്നെയാണ് അവതരണം. മുഖ്യ കഥാപാത്രങ്ങളെ മുൻനിർത്തിയുള്ള ആസ്വാദനങ്ങളിൽ ഭീക്ഷ്മരും ദ്രോണരും ശ്രീകൃഷ്ണനും യുധിഷ്ഠരനും അർജ്ജുനനും ഭീമനും ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയും മറ്റു പാണ്ഡവ- കൗരവ കഥാപാത്രങ്ങളും നഹുഷൻ, യയാതി, പരശുരാമൻ, ബലരാമൻ, സത്യവാൻ, സാവിത്രി, ശുകൻ, ജനകൻതുടങ്ങിയവരും കടന്നുവരുന്നു. കഥനത്തിന്റെ ചാരുതയിലൂടെ ഇതൾവിടർത്തുന്ന ധർമ്മവിചാരങ്ങൾ. അതൊരിക്കലും കഥയിലെ ഇടപെടലല്ല, മറിച്ച് അനുധാവനമാണ്. അതിനാൽകഥയും ദർശനവും വിഭിന്നമല്ലെന്ന് വായനക്കാർക്ക് അനുഭവപ്പെടുന്നു.

മൂലഗ്രന്ഥത്തെ ആസ്പദമാക്കിയുള്ളതാണ് ഈ പുസ്തകത്തിലെ ലേഖനങ്ങൾ. ബാഹ്യമായ മാനദണ്ഡങ്ങളോ പ്രത്യയശാസ്ത്ര ബന്ധനങ്ങളോ നിരൂപണത്തിന് തടസ്സമാകുന്നില്ല. മഹാഭാരതത്തിന്റെ ആന്തരിക ചൈതന്യം വെളിപ്പെടുത്തുക എന്ന സഗുണചിന്തയാണ് ലേഖകനെ നയിക്കുന്നത്. ആഴത്തിലുള്ള മനനവും സ്വതന്ത്രവും ലളിതവുമായ വ്യാഖാനവുമാണ് ഗ്രന്ഥകാരന്റെ കൈമുതൽ.

മഹാഭാരതത്തിൽ ആദ്യന്തം നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ് ഭീക്ഷ്മർ. അർജ്ജുനന്റെ അസ്ത്രമേറ്റ് ശരശയ്യയിൽ മരണമുഹൂർത്തം കാത്തുകിടക്കുന്ന ഭീക്ഷ്മർ ലോകത്തിനു നൽകുന്ന ഉപദേശം ഒരിക്കലും യുദ്ധം ചെയ്യരുത് എന്നാണ്. നീതിക്കുവേണ്ടിയാണ് മഹാഭാരതയുദ്ധം അരങ്ങേറിയതെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാൽ മഹാഭാരതകഥയിൽ അരങ്ങേറിയത് ധർമ്മയുദ്ധമായിരുന്നു എന്ന ധാരണയെ ഭീക്ഷ്മപിതാമഹന്റെ വാക്കുകളിലൂടെ ഗ്രന്ഥകാരൻ ഖണ്ഡിക്കുന്നു.

അധികാരത്തിന്റെ പിൻബലത്തിലും മനുഷ്യന്റെ അതികാമത്തിലും എക്കാലവും അരങ്ങുവാഴുന്ന അധർമ്മത്തെ തുറന്നുകാട്ടുന്ന അനേകം സന്ദർഭങ്ങൾ മഹാഭാരതത്തിലുണ്ട്. അതിലൊന്നാണ് പാഞ്ചാലിയുടെ വസ്ത്രാക്ഷേപം. അധികാരം, പണം, പദവി എന്നിവയ്ക്കുവേണ്ടി ഭരണകൂടത്തിന്റെ ഏതു നെറികേടിനേയും മൗനംകൊണ്ട് അംഗീകരിക്കുന്നവരുണ്ട്. പാഞ്ചാലിയെ സഭാമധ്യത്തിൽ ആക്ഷേപിച്ചപ്പോൾ ഭീക്ഷ്മർ, ദ്രോണർ എന്നിങ്ങനെയുള്ള മഹാരഥന്മാർ മൗനം പാലിച്ചത് അധികാര വിധേയത്വം കൊണ്ടാണ്. എന്നാൽ അനാസക്തിയുടെ പ്രതീകമായ വിദുരർമാത്രം ഈ അനീതിയിൽ മനംനൊന്ത് സഭ വിട്ടുപോകുന്നു. കൗരവർമാത്രമല്ല അധർമ്മം ചെയ്യുന്നത്. പാണ്ഡവരും അധർമ്മത്തിന്റെ പാത സ്വീകരിക്കുന്നുണ്ട്. ഭീക്ഷ്മരേയും ദ്രോണരേയും ധർമ്മമാർഗ്ഗത്തിലൂടെയല്ല പാണ്ഡവർ പരാജയപ്പെടുത്തിയത്. കർണ്ണനേയും ദുര്യോധനനേയും കീഴ്പ്പെടുത്തിയതും ഇതേ രീതിയിലാണ്. കൗരവരുടെ അധർമ്മത്തിനുള്ള തിരിച്ചടി അധർമ്മമല്ലെന്ന് വ്യാസൻസൂചിപ്പിക്കുന്നു. ചുരുക്കത്തിൽ അഞ്ച് കോടിയോളം മനുഷ്യർ കൊല്ലപ്പെട്ട മഹാഭാരതയുദ്ധം അധർമ്മത്തിന്റെ അടർക്കളമായി പരിണമിക്കുന്നു. ധർമ്മലംഘനത്തിലേയ്ക്കു നയിച്ച കഥാസന്ദർഭങ്ങളെ ലേഖകൻ സമർത്ഥിമായി പ്രതിപാദിക്കുന്നുണ്ട്.

യുദ്ധത്തിൽ പരാജയപ്പെട്ടവരേക്കാൾ കൂടുതൽ ദുരന്തങ്ങൾ വിജയിച്ചവരെ വേട്ടയാടുന്നു. കാട്ടുതീയിൽ ധൃതരാഷ്ട്രർക്കും ഗാന്ധാരിക്കുമൊപ്പം കുന്തിയും വെന്തുമരിക്കുന്നു. വേടന്റെ അമ്പേറ്റ് കൃഷ്ണൻ തന്റെ അന്ത്യവിധി ഏറ്റുവാങ്ങുന്നു. നരകദർശനത്തിലൂടെ യുധിഷ്ടിരൻ തന്റെ കുലം ചെയ്തുകൂട്ടിയ അധർമ്മത്തിന്റെ കാഠിന്യം മനസ്സിലാക്കുന്നു. അങ്ങനെ ദുരന്തങ്ങളുടെ പരമ്പര വിജയികളേയും വേട്ടയാടുന്നുണ്ട്.

ലോകത്തിലെ സകല സംഘർഷങ്ങൾക്കും നിദാനം ആസക്തിയാണ്. അതിനാൽ അനാസക്തിയെന്ന ധർമ്മമാർഗ്ഗത്തെ അവലംബിക്കണമെന്ന ആഹ്വാനം എല്ലാ കഥകളിലും അടങ്ങിയിരിക്കുന്നു. ഹൃദയത്തിലെ മുറിവുണക്കാനുള്ള ഔഷധം അനാസക്തിയാണ്. ആസക്തിയിൽ അഭിരമിക്കുന്നവർക്ക് ഒരിക്കലും മനശാന്തി ലഭിക്കില്ല. കഥകളേയും കഥാപാത്രങ്ങളേയും അവലംബിച്ച് മനുഷ്യജീവിതത്തിൽ പുലർത്തപ്പെടേണ്ട സദാചാരങ്ങൾ ഒരോ ലേഖനത്തിലും ലളിതമായി വ്യാഖ്യാനിക്കപ്പെടുന്നു. സത്യവും അഹിംസയുമാണ് ധർമ്മം. അധർമ്മ നിഗ്രഹത്തിലൂടെ എപ്രകാരം ധർമ്മാചരണം നടത്താമെന്ന മാർഗ്ഗത്തെയാണ് മൂലകൃതിയിൽ വ്യാസൻപ്രത്യക്ഷപ്പെടുത്തുന്നത്. അതിനുവേണ്ടിയാണ് അനേകം കഥകളും ഉപകഥകളും പ്രയോജനപ്പെടുത്തുന്നത്. അത്തരം കഥകളിൽനിന്ന് ഉചിതമായ കഥാപാത്രങ്ങളെ കണ്ടുപിടിച്ച് ലേഖകൻ അവരുടെ ആത്മഭാവത്തെ വിശകലനം ചെയ്യുന്നു. ചില കഥകൾ ആവർത്തിക്കപ്പെടുന്നുണ്ടെങ്കിലും അവയോരോന്നും തത്വവിചാരങ്ങളിൽ പരസ്പരബന്ധിതമാണ്.

ഓരോ കഥാപാത്രത്തിന്റേയും സ്വഭാവസവിശേഷതകളിലേക്ക് കടന്നുകയറിയുള്ള വിശകലനം പുസ്തകത്തിന്റെ സവിശേഷതയാണ്. അഹിംസയും നിഷ്കാമകർമ്മവുമാണ് മഹാഭാരതത്തിന്റെ പരമധർമ്മമെന്ന് ലേഖകൻ സ്‌ഫുടീകരിക്കുന്നു. തത്വവിചാരങ്ങളെ സമകാലജീവിതത്തോടും രാഷ്ട്രവ്യവഹാരത്തോടും താരതമ്യപ്പെടുത്തുവാനും ശ്രമിക്കുന്നുണ്ട്. ജനാധിപത്യയുഗത്തിലെ അധികാരപ്രമത്തതയും അധർമ്മങ്ങളും പോയകാലത്തിന്റെ ആവർത്തനങ്ങളാണെന്ന തിരിച്ചറിവ് വായനക്കാർക്ക് ഉണ്ടാകുന്നു.

പ്രത്യയശാസ്ത്രങ്ങളുടേയും അവയുടെ രുചിഭേദങ്ങളുടേയും അടിസ്ഥാനത്തിൽ മഹാഭാരതത്തേയും അപനിർമ്മിക്കാൻ ശ്രമിക്കുന്നവരുണ്ട്. അത്തരം സാഹസങ്ങൾക്കു മുതിരാതെ മൂലകൃതിയെ മുൻനിർത്തിയുള്ള ധർമ്മാധർമ്മ വിചാരങ്ങളാണ് കെ.എസ് രാധാകൃഷ്ണൻഅവതരിപ്പിക്കുന്നത്. പാരായണത്തെ പ്രചോദിപ്പിക്കുന്ന ആഖ്യാനചൈതന്യമാണ് 'മഹാഭാരത വിചാരങ്ങ'ളുടെ സവിശേഷത.

പുസ്തകം വാങ്ങാം

Content Highlights: Dr Ajithan Menoth reviews the Book Mahabharatha Vicharangal Written by Dr KS Radhakrishnan published by Mathrubhumi Books