രതനാട്യം എന്ന ക്ലാസിക്കല്‍ നൃത്തരൂപത്തെയും അതിന്റെ ചരിത്രത്തെയും വിശകലം ചെയ്യുന്ന ഏഴു പ്രബന്ധങ്ങളാണ് സുനില്‍ പി. ഇളയിടത്തിന്റെ 'ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍' എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

ഭരതനാട്യം ഇടപെട്ട ചരിത്രബന്ധങ്ങളും ഭൗതികപ്രത്യയശാസ്ത്ര പ്രേരണകളുമാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനങ്ങളും സംവദിക്കുന്നത്. ഭരതനാട്യത്തിന്റെ ഒരു സാംസ്‌കാരിക ചരിത്രം എന്ന നിലയില്‍ എഴുതിയതാണ് ഈ പുസ്തകം എന്ന് ആമുഖക്കുറിപ്പില്‍ ഗ്രന്ഥകാരന്‍ തന്നെ പറയുന്നുണ്ട്. ഭരതനാട്യം എന്ന നൃത്തകല എങ്ങനെയാണ് ആധുനിക ഇന്ത്യയുടെ ചരിത്രജീവിതത്തില്‍ ഇടപെട്ടത് എന്ന അന്വേഷണം നടത്തുന്നതോടൊപ്പം തന്നെ സാംസ്‌കാരിക പഠനങ്ങളില്‍ ഭരതനാട്യം ഇടപെട്ട രീതികളെക്കുറിച്ചും ഈ പുസ്തകം വിശദമാക്കുന്നുണ്ട്.

ഭരതനാട്യത്തിന്റെ ബഹുസ്വരശരീരം എന്ന ആദ്യ അധ്യായത്തില്‍ ഭരതനാട്യത്തിന്റെ ആത്യന്തികമായ ചരിത്രാന്വേഷണമാണ് ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്നത്. ആധുനിക ഇന്ത്യയിലെ ക്ലാസിക്കല്‍ കലകളുടെ മാതൃകാരൂപമായി ഭരതനാട്യം എന്തുകൊണ്ടാണ് പരിഗണിക്കപ്പെട്ടത് എന്ന് ഈ അധ്യായത്തില്‍ വിശദമാക്കുന്നുണ്ട്. സംവാദാത്മക സംഘര്‍ഷാത്മക ജീവിതം സംഗ്രഹിക്കാന്‍ മിശ്രഭാഷകത്വം എന്ന സങ്കല്പനരീതിയിലൂടെ എപ്രകാരമാണ് ഭരതനാട്യം പാകപ്പെട്ടത് എന്ന വീക്ഷണവും ഈയിടത്തില്‍ പങ്കുവെക്കുന്നുണ്ട് എഴുത്തുകാരന്‍.

നാട്യചരിത്രവും രാഷ്ട്രചരിത്രവും: ഭരതനാട്യത്തിന്റെ ചരിത്രവിജ്ഞാനീയം എന്ന അധ്യായത്തില്‍ നാട്യശാസ്ത്രത്തോളം കാലം പഴക്കം കല്പിക്കപ്പെടുന്ന ഹസ്തമുദ്രകളാല്‍ ആധുനികതയുടെ പടവുകള്‍ നൃത്തംചവിട്ടിക്കയറുന്ന ഭതരനാട്യത്തിന്റെ ചരിത്രവിജ്ഞാനീയങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. അനുഷ്ഠാനത്തിന്റെ ഭാഗമായും അല്ലാതെയും കൊട്ടാരത്തിലും അമ്പലവളപ്പിലും ഗൃഹസദസ്സുകളിലും നടനം ചെയ്ത ക്രമങ്ങളില്‍ നിന്ന് ഏകരൂപവും വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ ഒരു നാട്യക്രമത്തിന്റെ കണ്ടെടുക്കലുകളിലേക്ക് എത്തിച്ചേര്‍ന്നതും ഇവിടെ ചര്‍ച്ചചെയ്യുന്നുണ്ട്. നാട്യചരിത്രവും ദേശഭാവനയും ദേശഭാവനയുടെ മാതൃകാചരിത്രം, സവര്‍ണദേശീയതയുടെ നാട്യചരിത്രം, ഭരതനാട്യത്തിന്റെ ചരിത്രജീവിതം തുടങ്ങിയ വിഷയങ്ങളും ഈ അധ്യായത്തില്‍ വിശകലനം ചെയ്യുന്നു.

ദേവദാസികള്‍ക്ക് ഭരതനാട്യത്തിലുണ്ടായിരുന്ന പങ്ക്, സ്വാധീനം തുടങ്ങിയവയെക്കുറിച്ചാണ് ഒരു ദേശീയ സ്മൃതിനാശത്തിന്റെ കഥ: ദേവദാസികളും ഭരതനാട്യവും എന്ന അധ്യായത്തില്‍ പറയുന്നത്. സദിരിന്റെ പാരമ്പര്യത്തില്‍ നിന്ന് അടവുകളും കരണങ്ങളും ഭരതനാട്യത്തിന് കൈമാറ്റംചെയ്യപ്പെട്ടുകിട്ടിയ കൈവഴികളെക്കുറിച്ചുമുള്ള അന്വേഷണവും ഇവിടെ കാണാം. ഭരതനാട്യത്തിലെ പ്രമാണശേഖരത്തിലുണ്ടായ പരിവര്‍ത്തനത്തെക്കുറിച്ചും പുതിയ പദങ്ങള്‍ പ്രയോഗിക്കപ്പെടുമ്പോള്‍ അതിനനുസൃതമായി വന്നുചേര്‍ന്ന പ്രയോഗരീതികളെക്കുറിച്ചും ഈ ഗ്രന്ഥം പ്രതിപാദിക്കുന്നു.

ദേവദാസികളുടെ ചരിത്രജീവിതവും അവരുടെ ബഹുമുഖമായ ജീവിതാവിഷ്‌കാരങ്ങളുടെ ചരിത്രം മറച്ചുവെച്ച് ഏകതാനമായ രതിജീവിതത്തിന്റെ ഉടമകളാക്കി സ്ഥാനനിര്‍ണയം ചെയ്തതില്‍ പരിഷ്‌കരണ നവോത്ഥാനസംഘങ്ങള്‍വഹിച്ചപങ്കിനെക്കുറിച്ചും വിശദമാക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ കോളനിവത്കരണം അതിശക്തമായപ്പോള്‍ ദേവദാസിമാര്‍ വേശ്യാകുലം എന്ന തലത്തിലേക്ക് താഴ്ത്തപ്പെട്ടതെങ്ങനെയെന്നും ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍ വിവരിക്കുന്നുണ്ട്.

book
പുസ്തകം വാങ്ങാം

ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍ എന്ന ഈ വിജ്ഞാനഗ്രന്ഥം ഭരതനാട്യം ഇഴചേര്‍ന്നിരിക്കുന്ന വിവിധ ജീവിമണ്ഡലങ്ങളെയും കാലഘട്ടങ്ങളെയും ഇഴകീറി പരിശോധിക്കുന്നുണ്ട്. കോളനിക്കാലത്ത്, ആധുനിക ഇന്ത്യയുടെ രൂപീകരണകാലത്ത് കലയ്ക്കു വന്നുചേര്‍ന്ന മാറ്റങ്ങളുടെ മുദ്രപതിപ്പിച്ച ഭരതനാട്യമെന്ന കലയുടെ ആത്മാവിലേക്കിറങ്ങിച്ചെന്നുള്ള ഒരു കൗതുകാന്വേഷണം തന്നെയാണ് ഈ ഗ്രന്ഥം.

Content Highlights: Desabhavanayude  Attaprakarangal Book review