ലിപ്പച്ചെറുപ്പമില്ലാതെ കോവിഡ് ഓരോ മനുഷ്യരെയും അനിവാര്യമായ തടവറയില്‍ അടച്ചിരിക്കുന്നു. തടവറയിലെ ജീവിതം ശിക്ഷയാകുന്നത് അതിന്റെ പാരതന്ത്ര്യം കൊണ്ട് മാത്രമല്ല, അതിരില്ലാത്ത ഏകാന്തത കൊണ്ട് കൂടിയാണ്. എന്നും കാണുന്ന ഒരേ ചുമരുകള്‍, ഒരേ ജനല്‍ കമ്പികള്‍, ഒരേ ആകാശം, കേള്‍കുന്ന ഒരേ ശബ്ദങ്ങള്‍, അതിലും ഭീതിതമായ നിശബ്ദതയുടെ നിലയില്ലാ കയങ്ങള്‍... ജയിലില്‍ പോയ മനുഷ്യര്‍ ദാഹിക്കുന്നത് രുചിയുള്ള ആഹരത്തിനോ മദ്യത്തിനോ ലഹരിക്കോ ലൈംഗികകതയ്‌ക്കോ ആയിരിക്കില്ല. പുതുമ നിറഞ്ഞ കാഴ്ചകള്‍ക്കാകണം. പിന്നെ, എല്ലാ കാഴ്ചകളും അവരുടെ കണ്ണിലൂടെ മാത്രം കാണേണ്ടി വരികയെന്നതും വേദനയാണല്ലോ. എല്ലാ ഏകാന്തതയും ഒരര്‍ത്ഥത്തില്‍ കാഴ്ചയിലാണ്.   

ബോംബയിലെ മൂന്നാം നിലയിലെ എന്റെ ഫ്‌ളാറ്റില്‍ നിന്നും നോക്കിയാല്‍ കയ്യെത്തും ദൂരത്തു ഒരു തെങ്ങുണ്ട്. അതിനു അടുത്തായി ആരോടോ ഉള്ള പ്രതിഷേധം എന്ന പോലെ അധികം ഉയരത്തില്‍ വളരാത്ത ഒരു പ്ലാവും. ബോംബയില്‍ ഇത്രയും പച്ചപ്പ് ഒരാള്‍ക്ക് ഫ്‌ലാറ്റിന്റെ ജനലിലൂടെ കാണാന്‍ കഴിയുക എന്നത് തികഞ്ഞ ആര്‍ഭാടമാണ്. കൊറോണ തന്ന ഏകാന്തവാസത്തിനും നാലു മാസം മുന്നേ ഈ ഫ്‌ലാറ്റില്‍ താമസം തുടങ്ങിയതാണ്. വീടിന്റെ ആ ജനലുകള്‍ ഒന്നും  ഞാന്‍  ഒരിക്കലും തുറന്നിരുന്നില്ല. ഈ ലോക്‌ഡൌണ്‍ കാലത്തെ പല പൗര്‍ണമിനാളില്‍ ആ ജനലിലൂടെയാണ് ബോംബയിലെ തെളിഞ്ഞ ആകാശവും പൂര്‍ണചന്ദ്രനേയും പോയ എട്ടു വര്‍ഷത്തില്‍ ഞാന്‍ ആദ്യമായി കാണുന്നത്. ബോംബെ നരിമാന്‍ പോയിന്റിലെ മറൈന്‍ഡ്രൈവിന്റെ സിമന്റ് തറയില്‍ കടലില്‍ നിന്നും വീശിയടിച്ചു വന്ന  തണുത്ത കാറ്റേറ്റു ആകാശം കാണാന്‍ മലര്‍ന്നു കിടന്നപ്പോഴൊക്കെ ഞാന്‍ ഉറങ്ങിപ്പോയിരുന്നു. ''ഈ ചെക്കനെന്താ ഇങ്ങനെ...'' എന്ന് ഉറക്കത്തിലേക്ക് വീണ എന്നെനോക്കി പിറുപിറുത്ത സുഹൃത്തുക്കളോട് സ്വപ്നങ്ങളില്‍ ഞാന്‍ മറുപടി പറഞ്ഞിരിക്കണം. ഈ കാഴ്ചകള്‍ നാളെയും കാണാമല്ലോ, ഇത്തിരി നേരം ഞാന്‍ ഉറങ്ങട്ടെ. നിത്യേന കാണമായിരുന്നിട്ടും, നാളെയാകട്ടെ നമ്മള്‍ കണ്ണിനോട് അവധി പറഞ്ഞ എത്ര കാഴ്ചകള്‍ നമുക്കെല്ലാം ഉണ്ട്. എല്ലാ കാഴ്ചകളും എല്ലാ കാലവും ആഗ്രഹിക്കും പോലെ കാണാന്‍ കഴിയില്ലെന്നു പഠിപ്പിച്ചത് ഈ കൊറോണ കാലമാണ്.

ഗ്രാമങ്ങള്‍ നഗരങ്ങളെക്കാള്‍ സമ്പന്നമാകുന്നത് നിറമുള്ള കാഴ്ചകള്‍ കൊണ്ടാണ്. ഈ നഗരത്തില്‍ എല്ലാ തെരുവുകളും ഏതാണ്ട് ഒരുപോലെയാണ്. ഒരുപോലെ പണിത കെട്ടിടങ്ങള്‍, ഒരേ തിരക്ക്, ഒരേ രുചിയുള്ള വടാപാവ്, പരസ്പരം കണ്ണിലേക്ക് നോക്കാതെ ഓടുന്ന ഒരേ മനുഷ്യര്‍. ഗ്രാമങ്ങള്‍ അങ്ങനെയല്ല. വീട്ടില്‍ നിന്നും ഇറങ്ങി ഇത്തിരി നടന്നാല്‍ പാറക്കെ കുളമാണ്. മഴക്കാലത്ത് ചെറുപ്പത്തില്‍ മണിക്കൂറുകളോളം തിമിര്‍ത്തിരുന്നത് അവിടെയാണ്. അവിടെ നിന്ന് ഇത്തിരി കൂടി നടന്നാല്‍ കവ്വായി പുഴയായി. മഴക്കാലത്ത് ചൂണ്ടയുടെ അറ്റത്ത് മണ്ണിരയെ കോര്‍ത്ത് മീനിനായി കാവല്‍ നിന്നതും വേനലില്‍ല്‍ മുങ്ങാംകുഴിയിട്ട് കക്ക വാരിയിരുന്നതും ആ പുഴയില്‍ നിന്നാണ്. വീട്ടില്‍ നിന്നും മുകളിലേക്ക് നടന്നാല്‍ ഏഴിമലയാണ്. ലൂര്‍ദ്ദ് മാതാവിന്റെ പള്ളിയും തിരുവില്ലാംകുന്ന് അമ്പലവും ആ വഴിക്കാണ്. കാഴ്ചകള്‍ക്ക് അവിടം പഞ്ഞമില്ല. അവിടെ നിങ്ങള്‍ക്ക് മനുഷ്യരുടെ കണ്ണിലേക്ക് നോക്കാതെ നടന്നു പോകാന്‍ ആവില്ല. അങ്ങനെ പോയാല്‍ അഹങ്കാരി എന്ന് പേര് വീഴും. അഹങ്കാരത്തിന്റെ തിമിരം കാഴ്ച്ചയെ മറയ്ക്കുമെന്ന് നാട്ടുകാര്‍ക്ക് അറിയാം.

പഴയ കാഴ്ചയുടെ മങ്ങാത്ത പാളികളെ ഇപ്പോള്‍ ഇങ്ങനെ ഇളക്കിയെടുത്തത് ഒരു ബാല്യകാല സ്മരണകുറിപ്പാണ്. പയ്യന്നൂര്‍ സ്വദേശിയായ എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്റെ 'പരല്‍ മീന്‍ നീന്തുന്ന പാടം' ഉത്തരമലബാറിന്റെ പോയകാല ജീവിതത്തിന്റെ ചിത്രം കൂടിയാണ്. ബോംബെയിലെ ഫ്‌ളാറ്റിന്റെ ഒരു മൂലയിലിരുന്നു ഞാന്‍ എത്രതവണ സി.വി യോടൊപ്പം പഴയ കൊക്കാനിശ്ശേരി അങ്ങാടിയിലും,  മൂരി കൊവ്വലിലെ മാലിന്യ പറമ്പിന്റെ ഓരത്ത് കൂടിയും, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും നടന്നു. കറുത്തമ്മയെയും പരീക്കുട്ടിയെയും അയാള്‍ കണ്ട ശോഭാ ടാക്കീസിന്റെ മണല്‍ തറയിലിരുന്നു ഞാനും കണ്ടു. എഴുത്തുകാരുടെ കാഴ്ചകള്‍ക്ക് നമ്മളുടേതിനേക്കാള്‍ വര്‍ണ്ണഭംഗിയും തെളിച്ചവും ഉണ്ടെന്ന് തോന്നുന്നു.   

cv balakrishnan
സി.വി ബാലകൃഷ്ണന്‍

എന്റെയും എഴുത്തുകാരന്റെയും ഓര്‍മ്മകള്‍ തമ്മിലുള്ള പ്രായ വ്യത്യാസം നാല് പതിറ്റാണ്ടുകളോളം ഉണ്ടെങ്കിലും പലയോര്‍മകളും എന്റെ കാലത്തിന്റേത് കൂടിയാണ്. പയ്യന്നൂര്‍ ടൌണ്‍ ഇന്നത്തെ നിലയിലേക്ക് വളര്‍ന്ന കാലത്തെ തലമുറയാണ് ഞാന്‍, പക്ഷെ സി.വി അങ്ങനെയല്ല. എങ്കിലും, നാട്ടിലെ തെയ്യവും, പൂരം കുളിയും, എഴുന്നള്ളത്തും, വീടുകള്‍ തോറും കുപ്പിവളകള്‍ വിറ്റിരുന്ന ചെട്ടിച്ചിയും, അവല്‍ വില്‍പ്പനക്കാരും, അപ്പക്കാരനും നിറഞ്ഞു നില്‍കുന്ന ഉത്തര മലബാറിന്റെ ബാല്യകാല സ്മൃതികള്‍ക്ക് സി.വി യോളം തന്നെ അവകാശം എനിക്കുമുണ്ട്. ആയുസ്സിന്റെ പുസ്തകക്കാരനെ പോലെ അക്ഷരങ്ങള്‍കൊണ്ട് പോയ കാലത്തിന്റെ കാഴ്ചകളെ വെടിപ്പായി വരയ്ക്കാന്‍ കഴിവില്ലാത്തതിനാല്‍ മാത്രം എന്റെ ഓര്‍മ്മകള്‍ എന്നോടൊപ്പം മണ്ണെടുക്കും. പക്ഷേ കാണേണ്ട കാഴ്ചകള്‍ എല്ലാം കണ്ണ് തുറന്നു ഓര്‍മയുടെ പത്തായത്തിലേക്ക് ഇനിയും സൂക്ഷിച്ചു വയ്ക്കണം. സാധാരണ ജീവിതത്തിന് പുതിയ വൈറസുകള്‍ വീണ്ടുമൊരു വിലക്കെര്‍പ്പെടുത്തി നമ്മെയെല്ലാം ഏകാന്തതയുടെ പല്ലിടിപ്പിക്കുന്ന ശീതം കോച്ചിപ്പിടിക്കുമ്പോള്‍  ഇത്തിരി ഉഷ്ണത്തിനായി ഊതിപ്പെരുപ്പിക്കാന്‍ കാഴ്ചയുടെ കനലുകള്‍ ആവശ്യം വരും. 

book cv
പുസ്തകം വാങ്ങാം

കണ്‍മുന്നില്‍ ഉണ്ടായിട്ടും കണ്ണ് തുറന്നു കാണാന്‍ ശ്രമിക്കാതെ പോയ പലവിധ കാഴ്ചകളും ഇപ്പോള്‍ നമ്മെ നോക്കി ചിരിക്കുന്നുണ്ട്. കൊറോണ മനുഷ്യനോടു പ്രഖ്യാപിച്ച യുദ്ധം അവസാനിപ്പിക്കുമ്പോള്‍ അതിനെ നോക്കി തിരിച്ചൊരു ചിരി വലിച്ചെറിയാന്‍ നമുക്കെല്ലാം ഇത്തിരി സമയം മാറ്റി വയ്ക്കണം. കാലം ഇനി എപ്പോഴാണ് കാഴ്ചകളില്‍ നിന്നും വീണ്ടും  അവധിയെടുക്കാന്‍ പറയുന്നത് എന്ന് നമുക്കറിയില്ലല്ലോ.

സി.വി ബാലകൃഷ്ണന്റെ പുസ്തകങ്ങള്‍ വാങ്ങാം​

Content Highlights: CV Balakrishnan Malayalam Book Review Mathrubhumi Books