ഴുത്തുകാരനും ദൈവവും തുല്യരാണെന്ന ദെസ്തോവ്സ്‌ക്യന്‍ ചിന്ത ''ദൈവം പിയാനോ വായിക്കുമ്പോള്‍'' എന്ന സമാഹാരത്തിന്റെ അലയൊലിയായി കേള്‍ക്കാം. അവതാരികയില്‍ എം.വി. പവിത്രന്‍ 'ഏറ്റവും പുതിയ, സവിശേഷ സമാഹാരം' എന്നീ രണ്ടു വാക്കുകളിലൂടെ അടയാളപ്പെടുത്തിയത്, സി.വി. ബാലകൃഷ്ണന്റെ ഭാഷാവൈചിത്ര്യവും സമകാലികതയെ കലാത്മകമായി പരിവര്‍ത്തിപ്പിക്കുന്നതിന്റെ മനോഹാരിതയേയുമാണ്. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ അന്വേഷിക്കുന്നതിന് കഥാകാരന്‍ സഞ്ചരിക്കുന്ന വഴികളില്‍ യാഥാര്‍ത്ഥ്യങ്ങളുടെ അനുക്രമമായ വാര്‍ന്നൊഴുകല്‍ പ്രകടമാണ്. ഭാവനയ്ക്കും രചനയുടെ കൃത്രിമ സാങ്കേതികതയ്ക്കുമപ്പുറം ഭ്രമാത്മകതയുടെ സംഗീതാത്മകതയാണ് കാണാനാവുന്നത്.

കാലദേശങ്ങള്‍ക്കപ്പുറമുള്ള സവിശേഷ ചെയ്തികളിലുള്ള ന്യായാന്യായ വിവേചനങ്ങളുടെ സൂക്ഷ്മതയും കഥാപാത്രസൃഷ്ടിയില്‍ വിളക്കിച്ചേര്‍ക്കുന്നതിന്റെ സൗന്ദര്യം ഈ കഥസമാഹാരത്തിന്റെ സവിശേഷതയാണ്. ആറ് കഥകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാമെന്ന വായനക്കാരന്റെ വ്യാമോഹത്തെ അട്ടിമറിച്ചുകൊണ്ട് ഓരോ കഥയും കനലായി എരിഞ്ഞെരിഞ്ഞ് നില്ക്കുന്നത് കഥയുടെ ആന്തരികമായ ആഴങ്ങള്‍ വെളിപ്പെടുത്തുന്നു.

'ദൈവം പിയാനോ വായിക്കുന്നു' എന്ന ഒന്നാമത്തെ കഥയില്‍ ജാക്ക് എന്ന തടവുകാരന്റേയും അയാളെ ഉപദേശിക്കാനെത്തുന്ന പുരോഹിതന്റേയും സംഭാഷണങ്ങളിലൂടെ ജീവിതത്തിന്റെ കപടയാഥാര്‍ത്ഥ്യത്തെ പൊളിച്ചുകാട്ടുകയാണ് കഥാകാരന്‍. ഈ കഥയില്‍ ദൈവവിധിപോലെ തന്നെ അപ്രതീക്ഷിതമായി, കഥാകാരന്‍ ഒടുവില്‍ ജിമ്മിന്റെ ജീവിതം മുന്‍ധാരണയ്ക്ക് വിപരീതമായി എഴുതിത്തീര്‍ക്കുന്നു. തടവുകാരന് ഏറ്റവും പ്രിയങ്കരം ഏകാന്തതയാണെന്ന് പ്രസ്താവിച്ചുകൊണ്ട് പുരോഹിതന്റെ ദൈവവ്യാപാരത്തെ പുച്ഛിക്കുകയും, ഒടുവില്‍ പുരോഹിതന്റെ വസ്ത്രം സ്വന്തമാക്കി തടവില്‍നിന്ന് വിമുക്തനാകുകയും ചെയ്യുന്നു. ദൈവത്തിന്റെ മാന്ത്രികവിരലുകളുടെ സംഗീതമാണ് ന്യായത്തിന്റെ പക്ഷത്തുനിന്ന ജിമ്മിനെ സ്വതന്ത്രനാക്കുന്നത് എന്ന് കാണാം.

'സ്വപ്നസംഹിത'യെന്ന കഥയിലൂടെ ജോസഫൈന്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിന്റെ നിഗൂഢതയിലേയ്ക്ക് വായനക്കാരനെ ഉദ്വേഗത്തോടെ കൂട്ടികൊണ്ടുപോകുന്നു. ശിഥിലമനസ്സുകാരുടെ സ്വപ്നങ്ങളിലൂടെ ഊളിയിട്ടിറങ്ങുന്ന മനഃശാസ്ത്രജ്ഞന്‍മാര്‍ക്ക് വിശ്വാസവഞ്ചനകളുടെ ചരിത്രം കുഴിമാന്തിയെടുക്കാനാവും. ആത്യന്തികമായി അത് സ്നേഹരാഹിത്യത്തിന്റെ ക്രൂരമായ അമ്പെയ്ത്തുകളായി അനുഭവപ്പെടും. സമൂഹത്തിന്റെ തന്നെ ശൈഥില്യങ്ങളുടെ കാരണങ്ങളിലേക്കാണ് കഥാകാരന്‍ വെളിച്ചം വീശുന്നത്.

'എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ഒളിച്ചു വയ്ക്കാനുണ്ട്' എന്ന കഥയില്‍ കേട്ടുപഴകിയൊരു വാര്‍ത്തയുടെ സാധാരണത്വമുണ്ടെങ്കിലും എഴുത്തിന്റെ അപൂര്‍വ്വതകൊണ്ട് അടയാളമിടുകയാണ് സി.വി. ഒരു കൊലപാതകം അതീവജാഗ്രതയോടെയും നിസ്സാരതയോടെയും ചെയ്ത് തീര്‍ത്ത് മൃതദേഹം വെട്ടിനുറുക്കി കളയാന്‍ കൊണ്ടുപോകുന്നത് മരവിച്ച ജനതയ്ക്ക് വാര്‍ത്തയല്ലാതാകുന്നു. എന്തിന്? എന്തുകൊണ്ട്? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കഥാകൃത്ത് പറഞ്ഞ് വയ്ക്കുന്നിടത്ത് കൊലപാതകിയുടെ പക്ഷം ചേരാന്‍ വായനക്കാരും തയ്യാറാകുന്നു. ഇവിടേയും സ്നേഹരാഹിത്യം, വിശ്വാസവഞ്ചന അതിന്റെ പ്രതികാരം-ഇവ വ്യക്തിജീവിതത്തിന്റെയും സമഷ്ടിജീവിതത്തിന്റേയും നിഗൂഢസംഘര്‍ഷങ്ങളുടെ കാരണമാണെന്ന് ബോധ്യപ്പെടുന്നു.

'പിശാച് തിരക്കിലാണ്' എന്ന കഥയിലും സമകാലികസംഭവങ്ങളെ ആകാംക്ഷയുടെ മുള്‍മുനയിലേയ്ക്ക് ചെത്തിമിനുക്കി എഴുത്തിന്റെ വശ്യതയെ പ്രകടമാക്കുകയാണ്. മോഷണശ്രമം മുഖംമൂടികളിലാണ് മനുഷ്യര്‍ ജീവിക്കുന്നതെന്നും, അതഴിഞ്ഞുവീഴുമ്പോഴാണ് ജീവിതം അവസാനിക്കുന്നതെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ത്തീരുന്നു. മാനുഷികത നശിച്ച മനുഷ്യരും തിരക്കിന്റെ കപടലോകവും ജീവിതപരിസരങ്ങളില്‍ സാധാരണമാകുന്നതിലെ ഭീകരതയാണ് കഥയുടെ കാതല്‍. ദൈവവും പിശാചുമെല്ലാം ഒരേ പ്രക്രിയയുടെ കാവലാളായിത്തീരുന്നതിലെ നിരര്‍ത്ഥകതയിലേക്ക് വിരല്‍ചൂണ്ടുകയാണ് 'പിശാച് തിരക്കിലാണ്' എന്ന കഥയില്‍.
പാട്രിക് എന്ന കഥാപാത്രത്തെ തിരശ്ശീലയ്ക്ക് പിന്നില്‍ നിര്‍ത്തിക്കൊണ്ടാണ് മനുഷ്യജീവിതത്തിന്റെ നിഗൂഢതകളിലേക്ക് ''ദുരൂഹത എന്നൊരു പാത'' എന്ന കഥയിലൂടെ വായനക്കാരനെ വഴി നടത്തുന്നത്. കഥാപാത്രങ്ങളും  പശ്ചാത്തലവും വായനക്കാരനെ രഹസ്യങ്ങളുടെ പാതകളിലേയ്ക്ക് ആനയിക്കുന്നു.

'ഗെനേസറത്ത്' എന്ന ഹോം സ്റ്റേ സ്ഥാപനത്തിന്റെ ഉടമസ്ഥനായ നിക്കളാവോസും താത്തിയാനയും കഥയ്ക്കുള്ളില്‍ മറ്റൊരു കഥപറഞ്ഞുകൊണ്ട് വായനക്കാരെ ഉറ്റുനോക്കുന്നു. നിക്കളാവോസിന്റേയും താത്തിയാനയുടേയും കാണാതായ മകന്‍ പാട്രിക്, അവരുടെ മകള്‍ ക്ലാര, മകനെയന്വേഷിക്കാന്‍ കൂട്ടായിയെത്തുന്ന ജിം എന്ന ചെറുപ്പക്കാരന്‍ അവരുടെയെല്ലാം അന്വേഷണങ്ങളുടെ നിഗൂഢസഞ്ചാരങ്ങളില്‍ കണ്ടുമുട്ടിയവരെല്ലാം ഓരോ കഥയായി അടര്‍ന്നുമാറുന്നു. അപസര്‍പ്പകസ്വഭാവം പുലര്‍ത്തുന്ന കഥയുടെ സൂക്ഷ്മത മനസ്സുകളുടെ അഴിയാക്കുരുക്കുകള്‍ തന്നെ. അവനവന് പോലും പിടികൊടുക്കാതെ വൈവിധ്യമാര്‍ന്ന മുഖപടങ്ങള്‍ അണിയാന്‍ കൊതിയ്ക്കുന്ന മനുഷ്യരുടെ ആത്മരതിയാണ് പാട്രിക്കിലൂടെ അനാവരണം ചെയ്യുന്നത്.

book
പുസ്തകം വാങ്ങാം

'നരകത്തിലെ ചുവരെഴുത്തുകള്‍' നിത്യസംഭവങ്ങളായിത്തീരുന്ന നിര്‍വ്വികാരതയുടെ ഭീകരകൃത്യങ്ങളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രൊഫഷണല്‍ കൊലയാളികള്‍ക്കുപോലും അറപ്പും അതിശയവുമുണ്ടാക്കുന്ന കൊലപാതകം. ഇവിടേയും മനുഷ്യമനസ്സിന്റെ നിഗൂഢതയാണ് കഥാകാരന്‍ നിവര്‍ത്തിവയ്ക്കുന്നത്. നഷ്ടമാകുന്ന വൈകാരികത, കേവല ചേഷ്ടകളാകുന്ന ജീവിതം ഇത്തരം അവസ്ഥകളെ വര്‍ദ്ധിച്ച ഉല്‍കണ്ഠയോടെ ചോദ്യം ചെയ്യുന്ന ഭാഷ അസാമാന്യ വൈവിധ്യത്തോടെയാണ് കഥാകാരന്‍ കൈകാര്യം ചെയ്യുന്നത്. കഥകളില്‍ ആവര്‍ത്തിക്കുന്ന ബിംബങ്ങള്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതയേയും സംഘര്‍ഷത്തേയും സര്‍ഗ്ഗാത്മകമാക്കുന്നതിന്റെ പ്രധാന സങ്കേതങ്ങളാണ്. ദൈവം, പിശാച് എന്നീ സങ്കല്പങ്ങള്‍ ഒരേ വഴികളുടെ അവസ്ഥാന്തരങ്ങളായി കഥകളിലുടനീളം പ്രത്യക്ഷപ്പെടുന്നു. കറുത്ത ഹാസ്യം കഥാമര്‍മ്മമായി കുറിക്കുകൊള്ളുന്നുണ്ടെങ്കിലും മനുഷ്യജീവിതത്തിന്റെ നിര്‍വ്വികാരതയാണ് കഥയുടെ സൂക്ഷ്മബിന്ദുവായിത്തീരുന്നത്. സമകാലികവാര്‍ത്തകളുടെ തുണ്ടുകഷ്ണങ്ങളില്‍ നിന്നും മാന്ത്രികന്റെ ഇന്ദ്രജാലചാതുരിയോടെ വര്‍ണ്ണശബളമായ തൂവലുകള്‍ പറത്താന്‍ സി.വി. ബാലകൃഷ്ണന് കഴിയുന്നു. ഭ്രമാത്മകത, യാഥാര്‍ത്ഥ്യം, മനഃശാസ്ത്രസങ്കേതങ്ങള്‍ ഇവയെല്ലാം സമ്യക്കായ ചേരുവകളായിത്തീരുമ്പോള്‍, വായനക്കാരനുമുന്നില്‍ കഥയുടെ കാണാപ്പുറങ്ങള്‍ തേടുന്നതിനായുള്ള പുതു വാതായനങ്ങള്‍ തുറന്നിടുകയാണ്.

Content Highlights: CV Balakrishnan Malayalam book review