1991 മെയ് ഇരുപത്തിയൊന്നിന് ശ്രീപെരുമ്പത്തൂരേയ്ക്കുള്ള കാർ യാത്രയ്ക്കിടയിലാണ് പത്രപ്രവർത്തക നീനാ ഗോപാലുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം രാജീവ് ഗാന്ധി പറയുന്നത്. തിരക്കിട്ട തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ കിട്ടുന്ന ഇടവേളകളാണ് നീനയ്ക്കായി പ്രധാനമന്ത്രി അനുവദിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തിരക്കൊഴിയുന്നതും കാത്ത് പിറകേ തന്നെകൂടിയിരിക്കുകയാണ് നീന. ബാക്കി ഭാഗം ശ്രീപെരുമ്പത്തൂർ പ്രചരണം കഴിഞ്ഞിട്ട് എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞാണ് നീനയോട് രാജീവ് കൈവീശിയത്.

നിമിഷങ്ങൾക്കകമുള്ള കാതടിപ്പിക്കുന്ന ശബ്ദം മാത്രമേ ഓർമയുള്ളൂ നീനയ്ക്ക്. ആ പ്രസരിപ്പു നിറഞ്ഞ പുഞ്ചിരി ചിന്നിച്ചിതറിത്തെറിച്ചുപോയിരിക്കുന്നു. കുറച്ചുവാരെയകലെയായി പകച്ചുനിന്നുപോയി നീന.

'ദ അസ്സാസ്സിനേഷൻ ഓഫ് രാജീവ് ഗാന്ധി' എന്ന തന്റെ പുസ്തകത്തിലൂടെ നീനാ ഗോപാൽ പറയുന്നത് സമൂഹത്തിലെ വിവിധതട്ടിലുള്ളവർക്ക് ഈ അരുംകൊലയിലുള്ള പങ്കിനെക്കുറിച്ചാണ്, ഗൂഢാലോചനകളെക്കുറിച്ചാണ്, കൺമുമ്പിൽ വെച്ച് ചിതറിത്തെറിച്ചുപോയ രാജീവ് ഗാന്ധിയെക്കുറിച്ചാണ്.

ദ അസ്സാസ്സിനേഷൻ ഓഫ് രാജീവ് ഗാന്ധിയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ശ്രീലങ്കൻ മിലിറ്ററി ചീഫ് കേണൽ ഹരിഹരൻ ചെന്നൈ ഇന്റലിജൻസ് ബ്യൂറോയ്ക്ക് എൽ.ടി.ടി.ഇയുടെ കൊലപാതക ഗൂഢാലോചനയെക്കുറിച്ച് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും 'വിഡ്ഢിത്തം പുലമ്പാതെ' എന്നുപറഞ്ഞവർ ചിരിച്ചുതള്ളിക്കളഞ്ഞു.

തികച്ചും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുയോജ്യമായ രീതിയിലെന്ന പോലായിരുന്നു ശ്രീപെരുമ്പത്തൂരിലെ വേദിയൊരുക്കിയിരുന്നത്. ചെന്നൈ നഗരത്തിൽ നിന്നും അൻപത് കിലോമീറ്റർ അകലെയുള്ള ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹത്തെ നിർബന്ധിച്ചു പങ്കെടുപ്പിക്കുമ്പോൾ കുറച്ച് അണികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്-നീന ഗോപാൽ ചൂണ്ടിക്കാണിക്കുന്നു.അതേസമയം തന്നെ അരക്കിലോയോളം ആർഡിഎക്സുമായി ഒരു പതിനേഴുകാരി പെൺകുട്ടി നടന്നുവരുന്നത് സെക്യൂരിറ്റി സംവിധാനങ്ങൾക്കു കണ്ടെത്താനായില്ല എന്നതും വിരോധാഭാസമാണെന്നും നീന നിരീക്ഷിക്കുന്നുണ്ട്. രണ്ട് മെറ്റൽ ഡിക്ടറ്ററുകൾ അവിടെ സ്ഥാപിച്ചിരുന്നു എന്നതാണ് മറ്റൊരു സത്യം. അതേ സമയം തന്നെ ഒരുപാട് വധഭീഷണികൾ നേരിടുന്ന പ്രധാനമന്ത്രിയെ അനുഗമിച്ചത് രണ്ട് ഗൺമാൻമാർ മാത്രമായിരുന്നു.

കൊല്ലപ്പെടുന്നതിന് നാൽപ്പത്തഞ്ച് മിനുട്ടുമുമ്പ് രാജീവ് പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളും നീന ഉദ്ധരിക്കുന്നുണ്ട്-''നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, ഏതെങ്കിലുമൊരു തെക്കനേഷ്യൻ നേതാവ് അയാൾക്കുവേണ്ടിയോ സ്വന്തം രാഷ്ട്രത്തിനു വേണ്ടിയോ അധികാരത്തിലെത്തിച്ചേർന്നു് പ്രയത്നിക്കാൻ തുടങ്ങിയാൽ അയാൾ ആക്രമിക്കപ്പെടും വധിക്കപ്പെടും തീർച്ച!''

രാജീവ് ഗാന്ധിയുമായി അവസാനത്തെ അഭിമുഖം നടത്തിയ പത്രപ്രവർത്തക, അദ്ദേഹം അവസാനം പറഞ്ഞ വാക്കുകളുടെയും അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെയും നേർസാക്ഷി, എന്നീ നിലകളിലെല്ലാം നീനാഗോപാൽ ''ദ അസ്സാസ്സിനേഷൻ ഓഫ് രാജീവ് ഗാന്ധി'' എന്ന പുസ്തകത്തിനായി ധാരാളം മുന്നൊരുക്കങ്ങൾ നടത്തിയിട്ടുള്ളതായി കാണാൻ സാധിക്കും. പൈലറ്റായിരിക്കേ പൊതുപ്രവർത്തനത്തിലിറങ്ങുകയും തന്റെ ജോലിയുടെ ശമ്പളം കൊണ്ട് ജീവിക്കുകയും ചെയ്ത രാജീവ് ഗാന്ധിയുടെ വിശാലമായ കാഴ്ചപ്പാടുകളായിരുന്നു തന്നെ അദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ചുകൊണ്ട് അഭിമുഖമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് നീന വ്യക്തമാക്കുന്നുണ്ട്. മുമ്പ് ഏഴോളം തവണ വധഭീഷണി അഭിമുഖീകരിച്ച രാജീവ് ഗാന്ധി വളരെ നിസ്സാരമായിട്ടായിരുന്നു തന്റെ ജീവൻ കരുതിയത്.ആ ആത്മവിശ്വാസം കാത്തുസൂക്ഷിക്കാൻ തമിഴ്നാടിനായില്ല- നീന കൂട്ടിച്ചേർക്കുന്നു.

അടിയന്തരാവസ്ഥക്കാലത്തിനുശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയത്തെ സാകൂതം നിരീക്ഷിക്കുകയും റിപ്പോർട്ടുചെയ്യുകയും ചെയ്തുകൊണ്ട് ബാംഗ്ളൂർ ആസ്ഥാനമാക്കി പത്രപ്രവർത്തനം തുടങ്ങിയ നീനാ ഗോപാൽ എൺപതുകളുടെ തുടക്കത്തിൽ ദുബായിലേക്ക് ചേക്കേറുകയും അവിടെ ഫോറിൻ എഡിറ്ററായി ജോലിനോക്കുകയും ചെയ്തു. ആദ്യത്തെ ഗൾഫ് യുദ്ധം- ഓപറേഷൻ ഡെസേർട്ട് സ്റ്റോം, 2003ലെ ഇറാഖ് യുദ്ധം തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരന്തരം യാത്രകൾ ചെയ്ത് രേഖപ്പെടുത്തിയ നീന തന്റെ വാർത്തകളുടെ വ്യത്യസ്തതയ്ക്കായി വിദേശകാര്യങ്ങൾ, അയൽ ബന്ധങ്ങളും ശത്രുതകളും, രാഷ്ട്രീയനേതാക്കളുടെ ജീവിതവും ബന്ധങ്ങളും ഇടപാടുകളും തുടങ്ങിയവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഘാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ ഉന്നതനേതാക്കളുടെ ജീവിതം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഡക്കാൻ ക്രോണിക്കിളിന്റെ ബാംഗ്ളൂർ എഡിഷൻ എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.

Content Highlights: Book Review on The Assassination Of Rajiv Gandhi Written By Neena Gopal