അയ്മനം ജോൺ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കണ്ടൽക്കടവ് ഒരു പ്രണയകാലം' എന്ന കഥാസമാഹാരത്തിന്റെ ആസ്വാദനക്കുറിപ്പ് വായിക്കാം.

ണ്ണെണ്ണവിളക്കും കമ്പ്യൂട്ടർ സ്ക്രീനും പകുക്കപെട്ട കാലത്തിന്റെ മുൻപിൻ സൂചകങ്ങളാണെന്ന് കഥാകൃത്ത് ആമുഖത്തിൽ പറയുന്നു. എത്രതന്നെ ഭിന്നതകൾ ഉണ്ടെങ്കിലും ആ രണ്ടുകാലങ്ങളും ഇന്നും ഒരുപോലെ ഉള്ളിൽ പേറുന്ന രണ്ട് അനുഭവലോകങ്ങളാണ് തനിക്ക് എന്ന്. ഒന്നിച്ചു കഴിയുന്ന ആ ഭിന്ന കാലങ്ങളുടെ സംയോഗത്തിൽ നിന്നാണ് അയ്മനം ജോണിന്റെ 'കണ്ടൽക്കടവ് പ്രണയകാലം' എന്ന സമാഹാരത്തിലെ പല കഥകളും പിറവിയെടുത്തിട്ടുള്ളത്. ഭൂതവർത്തമാനങ്ങളുടെ സമ്മിശ്ര മുഖച്ഛായയാണ് ഈ കഥകൾക്കുള്ളതെന്ന് അവയുടെ വായനയിൽ ആർക്കും കാണാനാവും.

'കണ്ടൽക്കടവ് പ്രണയകാലം' എന്ന കഥയിൽ കണ്ടൽക്കടവ് ഫെറിയിലെ കാത്തിരിപ്പ് രണ്ട് കാലങ്ങളെ ബന്ധിപ്പിക്കുന്ന പാലമായി കഥാകൃത്ത് സൂചിപ്പിക്കുന്നു. ജീവിതത്തെ സംബന്ധിച്ചു പിന്നീട് വായിച്ചുമനസ്സിലാക്കിയ തത്വശാസ്ത്രങ്ങളൊക്കെ ആ കാത്തിരിപ്പുകൾക്കിടയിൽ പ്രതീതികളായി അനുഭവിച്ചറിയാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. അതുപോലെ തന്നെ കണ്ടൽക്കടവ് ഫെറി കടന്ന് അക്കരെയെത്തിയ ശേഷം അവിടെ നിന്ന് തിരിഞ്ഞുനോക്കി കണ്ടിട്ടുള്ള ഇക്കരെയാണ് തന്റെ മനസ്സിലെ ഭൂതകാല ഗൃഹാതുരതയുടെയും രൂപകം എന്ന് പറയുമ്പോൾ പുതുനഗരത്തെയും പഴയനഗരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജലപാത എന്നതിലുപരി കണ്ടൽക്കടവ് ഫെറി രണ്ട് കാലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാവുന്നു.

തന്റെ പ്രണയത്തെക്കുറിച്ച് വിവരിക്കുമ്പോൾ ശാലീനമായ ആകാരഭംഗിയും തിളക്കമുള്ള കടുംനീലക്കണ്ണുകളുമുണ്ടായിരുന്ന, കൂട്ടംചേർന്ന് നടക്കുമ്പോൾ തന്നെ കൂട്ടം തെറ്റിയ ചില നിലപാടുകൾ സ്വീകരിച്ചിരുന്ന സുന്ദരിയോട് തോന്നിയ പ്രണയം, എരുമയെ തട്ടിവീഴ്ത്താൻ ഡ്രൈവറെ അവൾ ഉത്തേജിപ്പിച്ച നിമിഷം ഹൃദയമിടിപ്പ് ഉയർന്ന സ്ഥായിയിൽ തന്നെ ഒരു നൊടിനേരം നിലച്ചുപോയിരുന്നു. ആ കൃശഗാത്രിയോട് തോന്നിയിരുന്ന പ്രണയത്തിന്റെ പാതി വിടർന്ന റോസാമൊട്ട് പറിച്ചു ദൂരേക്കെറിയാൻ ഹൃദയമെടുത്ത സമയമാണത്. ഇന്നവൾ തനിക്കു തിരിച്ചറിയാൻ പോലും കഴിയാത്തവൾ ആകുമെങ്കിലും അന്ന് ആ യാത്രയ്ക്കിടയിൽ അന്നവൾ വായിച്ചിരുന്ന പുസ്തകം അന്ന് വിശുദ്ധ പുസ്തകം എന്ന് തോന്നിയിരുന്നെങ്കിലും ഇന്ന് ഊഹിക്കുമ്പോഴെല്ലാം അഡോൾഫ് ഹിറ്റ്ലറുടെ ആത്മകഥ എന്നൊരു ഉത്തരമാണ് മനസ്സ് പറയാറുള്ളതെന്നു തെല്ലൊരു കൗതുകത്തോടെ കഥാകാരൻ പറയുമ്പോൾ ബാഹ്യവായനയ്ക്കപ്പുറം ആന്തരികവായനയുടെ ആവശ്യകത കൂടി ചൂണ്ടിക്കാണിക്കുന്നു.

ഒരു മീൻപിടിത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ എന്ന കഥയിൽ മീൻ പിടിത്തത്തോടുള്ള അഭിനിവേശത്തെക്കുറിച്ചു പറയുമ്പോഴും 'തിന്നാനല്ലാതെ തന്നെ സ്വവർഗ്ഗത്തെ കൂട്ടത്തോടെ കൊന്നുകളയുന്നതിലും വംശീയതയുടെ പേരിൽ കൊല്ലാക്കൊല ചെയ്യുന്നതിലുമൊക്കെ ആനന്ദം കണ്ടെത്തുന്ന ജീവിവർഗ്ഗവും മനുഷ്യനൊന്നുമാത്രമാണല്ലോ, ഇന്നിപ്പോൾ മീൻ പിടിത്തമൊക്കെ കുറഞ്ഞുപോയതുകൊണ്ടുതന്നെയാകാം മനുഷ്യൻ മനുഷ്യന്റെ മേൽ കൂടുതൽ കുതിര കയറി തുടങ്ങിയിരിക്കുന്നതും 'എന്ന നിരീക്ഷണം സമകാലികസമൂഹത്തിലേക്കു വിരൽ ചൂണ്ടുന്നു.

'ഒരു മീൻപിടിത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ' എന്ന കഥ മീൻപിടുത്തമാണ് ലോകത്തിലെ ഏറ്റവും രസകരമായ നേരമ്പോക്ക് എന്ന് വിചാരിച്ചിരുന്ന ഒരു കൗമാരക്കാരന്റെ കഥയാണ്. ഉറ്റകൂട്ടുകാരനായ പരമേശ്വരനൊപ്പം പങ്കുവച്ച ആ നല്ല നിമിഷങ്ങളെക്കുറിച്ചു ഓർക്കുന്നതിനൊപ്പം ചില പുണ്യപാപവിചാരങ്ങളും പങ്കുവയ്ക്കുന്നു .കൈതക്കാട് കടവിൽ വലവീശിക്കിട്ടുന്ന മീനുകളിൽ വലിപ്പം കുറഞ്ഞവയെ വല്യപ്പച്ചൻ ആ കുളത്തിലേക്കു തന്നെ എറിഞ്ഞു കളയുന്നതെന്തിനെന്ന ചോദ്യത്തിന് 'അതൊക്കെ കുഞ്ഞുങ്ങളല്ലെടാ കൊച്ചെ,കൊറേക്കാലം കൂടെ ജീവിച്ചോട്ടേന്ന് വച്ചാ. അല്ലേലും ഒരു പുണ്യപ്രവൃത്തി ചെയ്യുകേം വേണ്ടെടാ 'എന്ന മറുപടി അന്ന് വിശ്വസിച്ചെങ്കിലും അവിടെക്കിടന്ന് അവ വലുതാവുമ്പോൾ പിടിച്ചുതിന്നുക എന്നതാണ് ആ പുണ്യമെന്നു വലുതായപ്പോൾ മനസ്സിലായെന്ന് ആഖ്യാതാവ് പറയുന്നു. മീൻ വീട്ടിൽ കയറ്റാത്ത കുടുംബപാരമ്പര്യമുണ്ടായിരുന്ന പരമേശ്വരന്റെ മീൻപിടിത്ത ജ്വരത്തെക്കുറിച്ചു പറയുമ്പോൾ 'തിന്നാനല്ലാതെ തന്നെ സ്വവർഗ്ഗത്തെ കൂട്ടത്തോടെ കൊന്നുകളയുന്നതിലും വംശീയതയുടെ പേരിൽ കൊല്ലാക്കൊല ചെയ്യുന്നതിലുമൊക്കെ ആനന്ദം കണ്ടെത്തുന്ന ജീവിവർഗ്ഗവും മനുഷ്യനൊന്നുമാത്രമാണല്ലോ' എന്നു പറയുമ്പോൾ മനുഷ്യന്റെ ക്രൂരതയിലേക്ക്; ഒരുകാലത്തും അവസാനിക്കാത്ത മതത്തിന്റെയും വംശീയതയുടെയും പേരിലുള്ള അനീതിയെയാണ് സൂചിപ്പിക്കുന്നത്.

വയ്യാതായിക്കിടക്കുന്ന വല്യപ്പച്ചനെ നോക്കാൻ അപ്പൻപെങ്ങൾക്ക് കൂട്ടുപോയി നിന്നപ്പോളും മീൻപിടിത്തജ്വരം ഉപേക്ഷിക്കാതിരുന്ന ആഖ്യാതാവ് പറമ്പിലെ കുളത്തിലെ വരാലുകളെ പിടിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കീട്ടും പറ്റാതെ വരുന്നു. എന്നിട്ടും ശ്രമം തുടർന്നുകൊണ്ടിരുന്നു.ഒടുവിൽ വല്യപ്പച്ചന് തീരെ വയ്യാതായ ദിവസം കുളത്തിലെ വെള്ളം വറ്റിയതിനാൽ വരാലുകളെ പിടിക്കാൻ എളുപ്പമായിരുന്നു സമയത്ത് അവയെ പിടിച്ചു ആറ്റിലെ വെള്ളത്തിൽ വിട്ടു അവ സന്തോഷത്തോടെ ഒഴുകിപ്പോവുന്നത് നോക്കി നിന്നപ്പോൾ 'എന്റെ മീൻപിടുത്തജീവിതത്തിലെ ഏറ്റവും വലിയ പുണ്യപ്രവൃത്തി'എന്ന് വിചാരിച്ചു സമാധാനത്തോടെ തറവാട്ട് വീട്ടിൽ എത്തിയപ്പഴേക്കും വല്യപ്പച്ചൻ സാവധാനം മരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നു പറഞ്ഞുകൊണ്ട് കഥയവസാനിപ്പിക്കുമ്പോൾ ചൂണ്ടക്കൊരുത്തിഞാൽ ഞാഞ്ഞൂലിനെയിട്ട് മീനുകളെ ആകർഷിക്കുന്നതുപോലെ പുണ്യപാപവിചാരങ്ങളുടെ ചൂണക്കൊരുത്തിൽ നമ്മളെ കുരുക്കിയിടുന്നു.

'മരുഭൂമി മോക്ഷയാത്ര ' പാരിസ്ഥിതികപ്രശ്നങ്ങളിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലാണ്.പ്രൊഫസർ ദേവദാസിന്റെ മരുഭൂമിയാത്രയിലൂടെ നമ്മളെ ഒന്നായി വിഴുങ്ങാൻ കെല്പുള്ള ചില പാരിസ്ഥികപ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.മുന്നോട്ട് പോകുന്തോറും പുറത്തെ വൃക്ഷജാലസാന്നിധ്യങ്ങൾ ഒന്നിനൊന്ന് ഇല്ലാതായിക്കൊണ്ടിരുന്നിട്ട് ഒടുവിൽ തീർത്തില്ലാതായിക്കൊണ്ടിരിക്കുന്ന ഒരിടത്തെത്തുമ്പോൾ അവിടം മുതൽ തുടങ്ങുന്നതാണ് മരുഭൂമി എന്ന് മനസ്സിലാക്കുന്ന പ്രൊഫസർ സൂര്യതാപമുയർന്ന് പച്ചപ്പുകളും പക്ഷിക്കൂട്ടങ്ങളും നാൾക്കുനാൾ മാഞ്ഞുമാഞ്ഞു പൊയ്ക്കൊണ്ടിരുന്ന തന്റെ നാടും അങ്ങിനെയൊരു മരുവത്‌കരണത്തിന്റെ പാതയിലൂടെയുള്ള പാസഞ്ചർ യാത്രയിൽ തന്നെയാണല്ലോ എന്ന നഗ്നസത്യം മനസ്സിലാക്കുന്നു.നമ്മുടെ നാടും നാളെ മരുഭൂമിയായാൽ അതും കമ്പോളവൽക്കരിക്കുന്ന ടൂറിസം കൗൺസിൽ ചവിട്ടിനിൽക്കുന്ന മണ്ണൊലിച്ചുപോവുമ്പോഴും വൻവിപത്തിനെയും അവഗണിക്കുന്ന മനുഷ്യന്റെ ഒടുങ്ങാത്ത ദുരയെക്കാണിക്കുന്നു.

'തലേന്ന് വെയിൽചാഞ്ഞ നേരത്തു സ്വീകരിച്ചാനയിച്ച മരുപാത മടക്കയാത്രയിൽ തങ്ങളെ ആട്ടിപായിക്കുന്നത് പോലെയാണ് പ്രൊഫസർക്ക് അനുഭവപ്പെട്ടത് എന്നത് രണ്ടുഭാവങ്ങളെയാണ് കാണിക്കുന്നത്,കണ്ടകാഴ്കൾക്കപ്പുറം മറഞ്ഞിരിക്കുന്ന കാണാക്കാഴ്ചകളെ. 'മരുഭൂമി ഒരു വലിയ അനുഭവം തന്നെയാണ്.അതൊരന്യദേശത്തായിരിക്കുന്നിടത്തോളം കാലം,അഥവാ മടങ്ങിപ്പോകാൻ മറ്റൊരു ഭൂമിയുള്ളിടത്തോളം കാലം'ഇതൊരു മുന്നറിയിപ്പാണ്.അങ്ങനെയൊന്നും സംഭവിക്കുന്നത് തടയുന്നതിലേക്കുള്ള നമ്മുടെ ധാർമ്മികഉത്തരവാദിത്വത്തെ തൊട്ടുണർത്തലാണ്.

'പട്ടുനൂൽപുഴുക്കളുടെ മനസ്സ് ' എന്ന കഥ പട്ടുനൂൽപുഴുക്കളെക്കൊണ്ട് ജീവിച്ചുപോരുന്ന ഒരു പട്ടണത്തിന്റെ ദൈന്യതയാണ് കാണിക്കുന്നത്.ചന്ദ്രശേഖര എന്ന കണക്കെഴുത്തുകാരനിലൂടെ ലോകം മുഴുവനുമുള്ള കണക്കെഴുത്തുകാർ അനുഭവിക്കുന്ന നൈതികപ്രതിസന്ധിയെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. കാര്യനിർവ്വാഹകർ അവിഹിതമായി ചെയ്യുന്നതെല്ലാം കണക്കുകളിൽ ഒളിപ്പിക്കാൻ കണക്കെഴുത്തുകാർ നിർബന്ധിതരാവുന്നു.അങ്ങിനെ ഒളിപ്പിക്കുന്തോറും അപരാധികൾ ആശ്വാസം കൊള്ളുകയും കണക്കെഴുത്തുകാരുടെ ഹൃദയം അതിനതിനു ഭാരപ്പെടുകയും ചെയ്യുന്നു. അങ്ങിനെ ഭാരപ്പെട്ട ചന്ദ്രശേഖരയുടെ പെട്ടെന്നൊരുനാൾ നിലച്ചുപോയ ഹൃദയവും അതിനെ ചുറ്റിപ്പറ്റിയുള്ള വ്യഥകളുമാണ് 'പട്ടുനൂൽപുഴുക്കളുടെ മനസ്സ്.'

പ്രണയസങ്കേതമായി മാറിയ പക്ഷിസങ്കേതത്തിലേക്ക് ഒറ്റയ്ക്ക് വന്ന ബധിരനും മൂകനുമായ വൃദ്ധനെ ചുറ്റിപ്പറ്റിയാണ് 'പക്ഷിസങ്കേതം'മുന്നേറുന്നത്,കാവൽക്കാരിൽ കൗതുകം ജനിപ്പിച്ച ആ വൃദ്ധൻ ഒരു മനസികാരോഗ്യകേന്ദ്രത്തിൽ നിന്നും ചാടിപ്പോന്നതാണെന്നും ആ പക്ഷിസങ്കേതത്തിലെ മുൻകാല കാവൽക്കാരൻ ആയിരുന്നു എന്നുമുള്ള പത്രവാർത്ത കാണുമ്പോൾ രജിസ്റ്ററിൽ നിന്നും കണ്ടെത്തിയ വിവരങ്ങളിൽ വൃദ്ധന് താനുമായുള്ള സാമ്യങ്ങൾ ആഖ്യാതാവിൽ നൊമ്പരമാവുന്നിടത്താണ് കഥ അവസാനിക്കുന്നത്.സാധാരണമെന്നു തോന്നിപ്പിക്കുന്ന ജീവിതാനുഭവങ്ങളിലെ അസാധാരണത്തമാണ് ഓരോ കഥകളിലും തുറന്നുകാണിക്കുന്നത്.തന്റെ ഗ്രാമവും പരിസരപ്രദേശങ്ങളും തനിക്കു ചുറ്റുമുള്ള ജീവിതാനുഭവങ്ങളും കഥകളായി പരിണമിക്കുമ്പോഴും കഥയ്ക്കുള്ളിലെ കഥയിലേക്ക് നയിക്കുന്ന കണ്ടൽക്കടവ് പ്രണയകാലം,ഒരു മീൻപിടിത്തക്കാരന്റെ പുണ്യപാപവിചാരങ്ങൾ,മരുഭൂമി മോക്ഷയാത്ര,പട്ടുനൂൽപ്പുഴുക്കളുടെ മനസ്സ്,പക്ഷിസങ്കേതം,അമേരിക്കൻ കാലൻകോഴി,ജീവിതത്തിന്റെ നിറങ്ങൾ,മുക്തി ബാഹിനി,പരമുമേസ്തിരിയുടെ വീട്,തെരുവുനാടകം,'അർഥ' വിരാമം ,ബുദ്ധഹൃദയമുള്ള പക്ഷി,കെണിയും തോണിയും,കരിമ്പൂച്ചയുടെ കണ്ണുകൾ,ഒരു പരമരഹസ്യപക്ഷിക്കഥ,ഒതളക്കരിയിൽ -ഒരുത്തരാധുനിക മഞ്ഞുകാലത്ത് തുടങ്ങി പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തത പുലർത്തുന്ന പതിനാറു കഥകളാണ് ഈ പുസ്തകത്തിൽ.ആഴത്തിലുള്ള വായന ആവശ്യപ്പെടുന്നതാണ് ഓരോ കഥകളും.ഗ്രാമീണതയുടെ ഈർപ്പവും ഗന്ധവും തങ്ങിനിൽക്കുമ്പോഴും സമകാലികജീവിതത്തിന്റെ സംഘർഷവും സങ്കീർണതകളും വിഷയമാവുന്ന കഥകൾ.ആധുനികതയും കാല്പനികതയും ഫാന്റസിയും എല്ലാം ചേർന്ന കഥപറച്ചിലിന്റെ രാസവിദ്യ അനുഭവവേദ്യമാകുന്നുണ്ട് ഓരോ കഥകളിലും.

കഥാഖ്യാനത്തിന്റെ ഭാവാത്മകത നിറഞ്ഞുനിൽക്കുന്ന കഥകളാണ് അയ്മനം ജോണിന്റേത്.പുറമെ ശാന്തമായ ജലപ്പരപ്പിനുള്ളിലെ അത്ഭുതങ്ങൾ പോലെ അതിലെ അടരുകളും ചുഴികളും വിസ്മയിപ്പിക്കുന്നതാണ്.'ജീവിതത്തിനൊരു നിറമുണ്ട്.അതോരോരുത്തരും ഓരോന്നായിട്ടായിരിക്കും കാണുക.ഒരാൾ തന്നെ പല നേരങ്ങളിൽ ,പലകാലങ്ങളിൽ അത് പലതായി കണ്ടെന്നിരിക്കും.അതുകൊണ്ട് എന്താണ് നിങ്ങളുടെ ജീവിതത്തിന്റെ നിറം എന്നൊരാൾ ചോദിച്ചാൽ പെട്ടന്നൊരുത്തരം പറയാൻ ആർക്കും കഴിഞ്ഞെന്ന് വരികയില്ല എന്ന്'ജീവിതത്തിന്റെ നിറങ്ങൾ എന്ന കഥയിൽ കഥാകൃത്ത് പറയുന്നു. പലതരം നിറങ്ങളുള്ള ജീവിതങ്ങളെയാണ് 'കണ്ടൽക്കടവ് പ്രണയകാലം'എന്ന പുസ്തകത്തിൽ വരച്ചിടുന്നത്,നിറങ്ങളുടെ ഒരു കൊളാഷ് ആയ ജീവിതത്തെ.

Content Highlights:Book Review on Kandalkkadavu Oru Pranayakalam Written by Aymanam John published by Mathrubhumi Books