മനു എസ് ദേവദേവന്റെ 'എ പ്രീ ഹിസ്റ്ററി ഓഫ് ഹിന്ദുയിസം' എന്ന പുസ്തകം ഒരു ഒറ്റയാൾ സഞ്ചാരമാണ്. മതത്തെക്കുറിച്ചും അതിന്റെ പൂർവ ചരിത്രത്തെക്കുറിച്ചും, ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ അറിവ് സമ്പാദിച്ചുകൊണ്ട്, ശ്രദ്ധയോടെ പഠിക്കാനാഗ്രഹിക്കുന്ന യുവപണ്ഡിതരെ ഈ പുസ്തകം പ്രചോദിപ്പിക്കും.

ഒരു നിർവചനം നൽകാൻ ക്ലേശിക്കേണ്ടി വരുന്ന ഒന്നാണ് ഹിന്ദുമതം. പണ്ഡിതന്മാരെ കുഴക്കിയിട്ടുള്ള പ്രശ്നമാണിത്. മറ്റു വിശ്വാസ പ്രമാണങ്ങളെ മറു ഭാഗത്തു നിർത്തി സ്വയം നിർവചിക്കാൻ ഹിന്ദുമതവും പരിശ്രമിച്ചിട്ടുണ്ട്. യൂറോപ്യൻമാരുമായോ എന്തിന് മുസ്ലീംകളുമായോ സമ്പർക്കം ഉണ്ടാവുന്നതിന് മുൻപ് തന്നെ ഹിന്ദുക്കൾ ഇവ്വിധം അപരത്വത്തെ മുൻനിർത്തി സ്വയം നിർവചിച്ചിരുന്നു. രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങൾ പങ്കിട്ടിരുന്ന ജനത തങ്ങളെ സ്വയം 'ഹിന്ദു' എന്ന് വിളിക്കുന്നതിന് മുമ്പെ തന്നെ സ്വയം സൂചിപ്പിക്കാൻ മാർഗം കണ്ടെത്തിയിരുന്നു എന്ന് ഹിന്ദു മതത്തെക്കുറിച്ച് പഠിച്ചിട്ടുള്ള വെൻഡി ഡോണിഗർ പറയുന്നു (ഓൺ ഹിന്ദുയിസം). ഈ വാദം പിൻപറ്റുന്നവരെ ചരിത്രാതീത വാദം ഉന്നയിക്കുന്നവർ (Primordialists) എന്നാണ് ''എ പ്രീഹിസ്റ്ററി ഓഫ് ഹിന്ദുയിസം'' എന്ന പുസ്തകത്തിൽ മനു എസ് ദേവദേവൻ വിവരിക്കുന്നത്.

അതേസമയം ഹിന്ദുമതം എന്നത് ബ്രിട്ടീഷ് പണ്ഡിതരുടെ നിർമിതിയാണെന്നും അത് യഥാർത്ഥത്തിൽ ഇല്ലാത്തതായിരുന്നുവെന്നുമുള്ള മറ്റൊരു വാദവും ഉണ്ട്. ദേവദേവൻ ഇക്കൂട്ടരെ നിർമിതി വാദക്കാർ (constructionists ) എന്നും വിളിക്കുന്നു. ഈ രണ്ടു വാദങ്ങളെയും ദേവദേവൻ പൂർണമായും സ്വീകരിക്കുന്നില്ല. 19 ാം നൂറ്റാണ്ടിലാണ്, തങ്ങളെ സ്വയം വിശേഷിപ്പിക്കേണ്ടത് ഹിന്ദുക്കൾ എന്നാണെന്ന സ്വയംബോധം ഇന്ത്യയിൽ രൂപപ്പെടുന്നത്. എന്നാൽ അതിന് മുന്നേ തന്നെ ഇതിലേക്ക് നയിക്കുന്ന സംഭവവികാസങ്ങൾ, ഭൗതികവും ആത്മീയവുമായവ, ഉണ്ടായിരിക്കണം. അതു കൊണ്ട് ഗ്രന്ഥകർത്താവ് ഈ ഘട്ടത്തെ ഹിന്ദുമതത്തിന്റെ പൂർവ ചരിത്രം എന്ന് വിളിക്കുന്നു. ഈ പ്രക്രിയ, ഇന്ത്യ എന്ന വിശാലമായ സ്ഥലത്തെ ഒരു ചെറിയ പ്രദേശത്ത്, എന്തായിരുന്നു എന്നതാണ് ദേവദേവൻ തന്റെ പുസ്തകത്തിൽ അന്വേഷിക്കുന്നത്. ഇത് ഹിന്ദുമതത്തിന്റെ ചരിത്രമല്ലെന്നും അതിന്റെ അനേകം പൂർവചരിത്രങ്ങളിൽ സാധ്യമായ ഒന്നു മാത്രമാണെന്നും അദ്ദേഹം പറയുന്നു. ഈ പൂർവ ചരിത്രം തന്നെ അപൂർണമാണെന്നും അദ്ദേഹത്തിന് ബോധ്യമുണ്ട്. കാരണം ഇതിൽ സംന്യാസി പരമ്പരകളെക്കുറിച്ച് ദീർഘമായി പറയുന്നുണ്ടെങ്കിലും അക്കൂട്ടത്തിൽ പരാമർശിക്കാതെ പോയവരും ധാരാളംപേരുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഇതു പോലുള്ള പൂർവചരിത്രങ്ങൾ കണ്ടെത്താൻ കഴിയും, അല്ലെങ്കിൽ കഴിയേണ്ടതാണ്.

''എ പ്രീ ഹിസ്റ്ററി ഓഫ് ഹിന്ദുയിസം'' പോലുള്ള ഒരു പുസ്തകം സവിശേഷ പഠനത്തിന്റെതായ അക്കഡമിക് മേഖലയെ ഉദ്ദേശിച്ച്, ആ വിഷയത്തെക്കുറിച്ച് പറയാൻ അറിയുന്നവർക്ക് വേണ്ടി, എഴുതപ്പെട്ടിട്ടുള്ളതാണോ അതോ സാധാരണക്കാരായ വായനക്കാരെയും ഇത് ലക്ഷ്യം വെക്കുന്നുണ്ടാകുമോ എന്നതായിരുന്നു ഇത് വായിക്കാൻ കയ്യിലെടുത്തപ്പോഴുണ്ടായ ആദ്യത്തെ സംശയം. രണ്ടാമത്, അശിക്ഷിതനായ ഒരു വായനക്കാരന് ഇത് വായിച്ച് അഭിപ്രായം പറയാമോ എന്നതാണ്. സാധാരണ വായനക്കാർക്ക് വേണ്ടിയായിരിക്കില്ല ഇത് രചിക്കപ്പെട്ടതെങ്കിൽ കൂടിയും മറ്റുള്ളവർക്ക് അത് വായിച്ചാസ്വദിക്കുന്നതിൽ തടസ്സമൊന്നുമില്ലെന്ന് വിചാരിക്കുന്നു. അങ്ങനെയുള്ള വായനക്കാരനും അഭിപ്രായം പറയാം എന്ന തീരുമാനത്തിലെത്തിയതിനാൽ അതിന് ഇവിടെ മുതിരുകയാണ്. ഈ പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചറിയാൻ താല്പര്യമുള്ളരുണ്ടാവും എന്ന എളിയ വിചാരവും ഇതിന് പുറകിലുണ്ട്. അതെ സമയം തന്നെ ഇതിനെ വിമർശനത്തോടെ വിലയിരുത്താൻ പ്രയാസമാണ് എന്ന വിലക്കും നേരിടുന്നുണ്ട്. കേരളീയനായ ദേവദേവന്റെ പുസ്തകത്തെക്കുറിച്ചുള്ള വിവരം, കുറച്ചു പേരിലെങ്കിലും എത്തണമെന്ന താല്പര്യം അതിനെ തൽക്കാലം നീക്കിക്കളഞ്ഞു എന്നു പറയാം. ഹിമാചൽ പ്രദേശിലെ മണ്ഡി ഐ ഐ ടിയിൽ ചരിത്രാധ്യാപകനാണ് ഇദ്ദേഹം.

ഡെക്കാനിലെ, അതായത് ഇപ്പോഴത്തെ കർണാടകത്തിലെയും തെക്കൻ മഹാരാഷ്ട്രത്തിന്റെ ഒരു ഭാഗത്തെയും, 11 ാം നൂറ്റാണ്ടു മുതലുള്ള മതപാരമ്പര്യമാണ് ദേവദേവൻ അന്വേഷിക്കുന്നത്. സംന്യാസിമാർക്കും സിദ്ധന്മാർക്കും അവരുടെ മഠങ്ങൾക്കും ഭരണാധികാരികളോടും തിരിച്ചുമുള്ള ബന്ധം, അവരുടെ തത്വാചിന്താപരമായ നിലപാടുകൾ ഇവ അവർ രചിച്ച പുസ്തകങ്ങളിലൂടെയും അവരുടെ അപദാനങ്ങളെക്കുറിച്ച് രചിക്കപ്പെട്ട പുസ്തകങ്ങളിലൂടെയും ഗ്രന്ഥകർത്താവ് വെളിവാക്കുന്നു. ഇംഗ്ലീഷോ അതു പോലുള്ള മറ്റേതെങ്കിലും യുറോപ്യൻ ഭാഷയോ മാത്രമറിയുന്നവർക്ക് ലഭിച്ചിട്ടില്ലാത്ത, കന്നഡയിൽ എഴുതപ്പെട്ട രചനകളെ ദേവദേവൻ ഇതിന് നേരിട്ടാശ്രയിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. സംന്യാസിമാരുടെ അൽഭുത പ്രവർത്തികൾക്ക് പ്രാമുഖ്യം നൽകിയിട്ടുള്ള വാഴ്ത്ത് ജീവചരിത്രങ്ങ്ളാണ് (hagiography) നമുക്ക് ലഭ്യമായിട്ടുള്ളത്. വാഴ്ത്തു ചരിത്രങ്ങൾക്ക് ചരിത്രരചനാപരമായ പ്രാമാണ്യം ഉണ്ടാകില്ലെങ്കിലും അവയിലൂടെ കാണാകുന്ന ജീവിതം സമൂഹത്തിൽ ഈ സംന്യാസിമാർക്കുണ്ടായിരുന്ന സ്ഥാനം എന്തെന്നു വ്യക്തമാക്കുന്നതോടൊപ്പം മതപരമായ ഈ പ്രക്രിയ എന്തു തരത്തിലുള്ളതാണെന്ന് എടുത്തുകാണിക്കാൻ ഉതകുകയും ചെയ്യുന്നു. സംന്യാസി പരമ്പരകളിലേക്ക് നീണ്ടു ചെല്ലുന്ന ഒരു മതജീവിതം അക്കാലത്ത് നിലനിന്നിരുന്നു എന്നത് കൊണ്ടാണ് ഗ്രന്ഥകാരൻ ഇതേക്കുറിച്ച് ദീർഘമായി പറയുന്നത്. 19 ാം നൂറ്റാണ്ടിൽ ''ഉരുത്തിരിഞ്ഞ'' ഹിന്ദു മതം ഇതിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കാനും ഇതു വഴി സാധിക്കും. അക്കാലത്തെ സമ്പദ്യുൽപാദനവുമായി ബന്ധപ്പെട്ടിട്ടുള്ള രാഷ്ട്രീയ വ്യവസ്ഥ (political economy) ഇതിൽ എന്തു മാത്രം സ്വാധീനം ചെലുത്തി എന്നതും ദേവദേവൻ എടുത്തു കാണിക്കുന്നു.

രസകരമായി തോന്നിയിട്ടുള്ള ഒരു കാര്യം ഇപ്പറഞ്ഞ സംന്യാസി മഠങ്ങളിലൂടെയും അവരുടെ ആശയലോകത്തിലൂടെയും, ഒരു പണ്ഡിതനായ വഴികാട്ടിയുടെ സഹായത്തോടെ വായനക്കാർക്ക് നടന്ന് സഞ്ചരിച്ച് അവയെ പരിചയപ്പെടാൻ പറ്റുന്നു എന്നതാണ്. ചില ഭാഗങ്ങൾ അത്തരത്തിലൊരു അനുഭവമാണ് സമ്മാനിക്കുക. സംന്യാസിമാരുടെ വാഴ്ത്തു ചരിത്രങ്ങളിലെ കെട്ടുകഥകൾ, അൽഭുത പ്രവർത്തികൾ എന്ന നിലയിൽ വളരെ രസകരങ്ങളാണ്. സാമാന്യനായ വായനക്കാരന് ആ രീതിയിലും ഇത് വളരെ പ്രയോജനം ചെയ്യും ഒരു ഗൈഡഡ് ടൂർ എന്ന പോലെ. ഒരു പക്ഷെ ഗ്രന്ഥകാരൻ ഇത് ഉദ്ദേശിച്ചിട്ടുണ്ടാവില്ല! പക്ഷെ ഗ്രാമത്തിലൂടെ കിലോമീറ്ററുകൾ നടന്നതിനെക്കുറിച്ച് അദ്ദേഹം ഒരിടത്ത് പറഞ്ഞു പോകുന്നുണ്ട്. വിദ്യാരണ്യൻ, മധ്വൻ, സായണൻ, രാമാനുജൻ, വീരശൈവ നായികാ നായകരായ ബസവണ്ണ, അല്ലാമ പ്രഭു, മഹാദേവിയക്ക എന്നിവരെപ്പോലെ പ്രശസ്തരായ വ്യക്തികളെയും അത്ര തന്നെ കേട്ടു കേഴ്വിയില്ലാത്ത സംന്യാസീ - സിദ്ധന്മാരെയും, ഉദാഹരണത്തിന് കോടേക്കല്ല് ബസവ, ഫക്കീറപ്പ, പരിചയപ്പെടുന്ന കേരളീയനായ വായനക്കാരന് ആ ലോകം എത്രമാത്രം വിശാലമായിരുന്നു എന്ന് ബോധ്യപ്പെടും. ഇക്കൂട്ടരിൽ ജാതിശ്രേണിക്ക് പുറത്തുള്ളവരും കൈവേലക്കാരും മതപരമായി ഇന്നിടത്ത് നിൽക്കുന്നു എന്ന് വ്യക്തമായി നിശ്ചയിക്കാൻ കഴിയാത്തവരും അധികാരം കൈയാളിയവരും എന്തിന്, കൊള്ളയും കൊലയും ചെയ്യാൻ മടിക്കാത്തവരും വരെ പെടും. പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങൾ ഗ്രന്ഥകാരൻ തദ്ദേശീയമായ ഉറവിടങ്ങളിൽ നിന്ന് വായനക്കാരന് ഇങ്ങനെ തോടുവെട്ടി എത്തിച്ചു തരുന്ന ശുദ്ധജലമാണ്.

ഗ്രന്ഥകാരൻ, താൻ എന്തു കൊണ്ട് ചരിത്രാതീത വാദികളെയും നിർമിതി വാദക്കാരെയും തള്ളിക്കളയുന്നു എന്ന് തുടക്കത്തിലെ വ്യക്തമാക്കുന്നു. 19 ാം നൂറ്റാണ്ടിന് മുമ്പ് ക്രൈസ്തവ ലോകവും ഇസ്ലാമിക ലോകവും നിലനിന്നിരുന്നതു പോലെയുള്ള ഹൈന്ദവലോകം ഉണ്ടായിരുന്നില്ല. ഇതിനുള്ള തെളിവുകൾ നൽകാൻ ഈ വാദക്കാർക്ക് സാധിക്കുന്നില്ല. അഥവാ അവർ നൽകുന്ന തെളിവുകൾ പ്രയാസമില്ലാതെ തള്ളിക്കളയാൻ പറ്റുന്നതാണ്. ഗ്രന്ഥകാരൻ ചരിത്രാതീത വാദം തള്ളിക്കളയുന്നതിനുള്ള കാരണം ഇതാണ്. മറുവശത്ത്, പണ്ഡിതന്മാരുടെ സംവാദങ്ങളിലൂടെ രൂപപ്പെടുത്തിയെടുത്തതാണ് ഹിന്ദുമതമെങ്കിൽ അതേ വഴിക്കു തന്നെ അതിനെ അഴിച്ചു കളയാനും സാധിക്കേണ്ടതായിരുന്നു. നിർമിതി വാദത്തിലെ ബലഹീനതയാണിത്. ഒന്നുകിൽ എല്ലാ മതങ്ങളും നിർമിച്ചെടുത്തതാവണം. അല്ലെങ്കിൽ വളരെ മുമ്പ് നിർമിതമാണെങ്കിൽ മാത്രമെ അതിന്റെ സാന്നിദ്ധ്യത്തെ ന്യായീകരിക്കാനാവൂ എന്നു പറയണം. അങ്ങനെ വരാൻ ന്യായമില്ല എന്ന ഗ്രന്ഥകാരന്റെ നിലപാട് ശരിയാണ്. കാരണം മനുഷ്യർ ലൗകിക ജീവിതം തുടരുന്നിടത്തോളം കാലം പരിവർത്തനങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. മതത്തിന്റെ ആടയാഭരണങ്ങൾ അണിയുന്ന ഭൗതികമോ ആത്മീയമോ ആയ ഒരു സമ്പ്രദായം ഇനിയും ഉടലെടുക്കുകയില്ല എന്ന് എങ്ങനെയാണ് ഉറപ്പിച്ചു പറയാനാവുക?

ആയിരത്താണ്ടുകൾക്ക് മുമ്പെ തന്നെ ഇന്ത്യയിൽ മതപരമായ സ്വത്വം അടയാളപ്പെടുത്തിയിരുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. 11 -ാം നൂറ്റാണ്ടിന് മുമ്പ് ഒരാൾക്ക് മതപരമായ സ്വത്വം ആർജിക്കേണ്ടതുണ്ട്. ആ സ്വത്വം ജനനത്തിലൂടെ സ്വാഭാവികമായി വന്നു ചേരുന്ന ഒന്നല്ല. മതപരമായ സ്വത്വം ആർജിക്കണമെങ്കിൽ ഭൗതിക ജീവിതം ഉപേക്ഷിക്കുകയും സംന്യാസ ജീവിതം സ്വീകരിക്കുകയും വേണം. ഇവർക്ക് ചെല്ലും ചെലവും കൊടുക്കുന്നവരും പൗരസഞ്ചയവും ഇങ്ങനെ ചെയ്യേണ്ടതുണ്ട്. എന്നാൽ തന്നെയും ഇവരെ മതപരമായ പേരുകളോടെ വിശേഷിപ്പിച്ചിരുന്നില്ല. ഇവർ കേഴ്വിക്കാരോ (ശ്രവകർ) ആരാധകരോ (ഉപാസകർ) മാത്രം. മഠങ്ങളുടെയോ, അലഞ്ഞു തിരിയുന്ന സംന്യാസിമാരുടെയൊ ലോകങ്ങൾക്കപ്പുറം പൗരസഞ്ചയത്തിന് മതസ്വത്വം ഉണ്ടായിരുന്നില്ല. ഒരു മൂർത്തിയെ ഭജിക്കുന്നത് ജീവിതത്തിലെ ഒരു പ്രവൃത്തി മാത്രം. ശിവനെയൊ വിഷ്ണുവിനെയൊ ജിനനെയൊ ആരാധിക്കുന്നതു കൊണ്ട് ഒരാൾ ശൈവനൊ വൈഷ്ണവനൊ ജൈനനൊ ആവുന്നില്ല. അങ്ങനെ ചക്രവർത്തിയായ അശോകൻ ബുദ്ധമതത്തിന് ചെല്ലും ചെലവും കൊടുക്കുന്ന ആൾ മാത്രം, അദ്ദേഹം ബുദ്ധിസ്റ്റ് അല്ല. തമിഴ് കാവ്യമായ ചിലപ്പതികാരത്തിലെ കഥാപാത്രങ്ങൾക്കാർക്കും തന്നെ മതപരമായ സ്വത്വമില്ല, ബുദ്ധ ഭിക്ഷുണിയായ കവുന്തിക്കൊഴിച്ച്. 11 ാം നൂറ്റാണ്ടിലും 12 ാം നൂറ്റാണ്ടിലും സംഭവിച്ച മതപരമായ അതിശക്തമായ പ്രക്രിയകളിൽ നിന്നാണ് പിന്നീട് പൗരന്മാരുടെ മേൽ കൂടി മതസ്വത്വം പതിക്കുന്നത്.

12 ാം നൂറ്റാണ്ടിൽ, കന്നഡയിലെ പ്രമുഖ കവിയായ രാഘവാങ്ക രചിച്ച സോമനാഥ ചരിതത്തിലെ ഒരു പ്രേമകഥയെ തെളിയിച്ചെടുത്തുകൊണ്ട് ദേവദേവൻ ഇക്കാര്യം കൂടുതൽ വിശദമാക്കുന്നുണ്ട്. സൗരാഷ്ട്രത്തിലെ വ്യാപാരിയായ ആഡയ്യ, പുലിഗെരെയിൽ വെച്ച് പദ്മാവതി എന്ന യുവതിയിൽ അനുരക്തനാവുന്നു. പദ്മാവതി ജൈന മതസ്ഥയാണ് എന്നറിഞ്ഞത് ആഡയ്യയെ ഞെട്ടിച്ചു. അവളെ വിവാഹം കഴിക്കാൻ തടസ്സം നേരിടുന്നു. പിന്നീട് ശൈവമതം സ്വീകരിച്ച ശേഷം ആഡയ്യ അവളെ വിവാഹം ചെയ്യുന്നു. താൻ ജൈനമതസ്ഥയാണെന്ന് പദ്മാവതി പറയുന്നുണ്ട്. പദ്മാവതി ലൗകികജീവിതം പരിത്യജിച്ച സംന്യാസിനിയൊ, കേഴ്​വിക്കാരിയായ ശ്രവകയോ ആരാധികയായ ഉപാസകയോ അല്ല. അങ്ങനെ അല്ലാതെ തന്നെ ജന്മം കൊണ്ട് മാത്രം ജൈനമതത്തിൽ അവൾ പെടുകയാണ്. ഇങ്ങനെ കൈവരിക്കുന്ന മതസത്വത്തെക്കുറിച്ചുള്ള പരാമർശം ഉപഭൂഖണ്ഡത്തിലെ സാഹിത്യത്തിൽ കേട്ടുകേഴ്വിയില്ലാത്തതാണ്. ഇത്തരം പരാമർശങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട്, അപ്പോൾ ഏതാണ്ട് അരനൂറ്റാണ്ടേ ആയിട്ടുണ്ടാവൂ. അക്കാലത്തെ പുരാലിഖിതങ്ങളിൽ വൈഷ്ണവർ എന്ന പരാമർശം അരഡസനോളം വരില്ല. അവയൊന്നും തന്നെ 12 ാം നൂറ്റാണ്ടിന് പിറകിലേക്ക് പോവുന്നില്ല. അതു കൊണ്ട് മതപരമായ സ്വത്വം സംബന്ധിച്ച് 12 ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ വ്യക്തമായ ഒരു പരിവർത്തനം നടന്നു എന്ന് അനുമാനിക്കാനാവുന്നു.

രാജാറാം മോഹൻ റോയ് ആണ് ഹിന്ദുയിസം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. 1816 ലായിരുന്നു ഇത്. ഒരു സ്വത്വത്തെ അടയാളപ്പെടുത്താനായി റോയ് ഹിന്ദുയിസം എന്ന വാക്ക് ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ ഹിന്ദു എന്ന വാക്ക് പ്രചാരത്തിലുണ്ട്. പണ്ഡിതരുടെ രചനകളിൽ പ്രയോഗിച്ചിരുന്ന ഈ വാക്ക് ഒരു വിഭാഗത്തെ അടയാളപ്പെടുത്തുകയായിരുന്നില്ല. 19 ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അഭ്യസ്തവിദ്യരായ ആളുകൾ തങ്ങൾ ഉൾപ്പെട്ട മതത്തെക്കുറിച്ച് കൂടുതലായി സംസാരിക്കാൻ തുടങ്ങുന്നു. 1893 ൽ ഷിക്കാഗോവിൽ ലോകമത സമ്മേളനം നടന്നപ്പോൾ സംഘാടകർ ഹിന്ദു മതത്തിനും വേദിയിൽ സ്ഥലം അനുവദിച്ചു. സപ്തംബർ 19 ന് സ്വാമി വിവേകാനന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

പുസ്തകത്തിന്റെ ഒരു ഭാഗം മാത്രമാണിത്. സമ്പദ്യുൽപാദനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വ്യവസ്ഥകൾ ഈ പ്രക്രിയയെ എവ്വിധം സ്വാധീനിച്ചു എന്നത് സങ്കീർണമായ സമസ്യയാണ്. ഒമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഉപഭൂഖണ്ഡത്തിൽ നഗരവത്‌കരണം കാര്യമായി സംഭവിച്ചു. ഇതേ തുടർന്നുണ്ടായ സാമ്പത്തികാഭിവൃദ്ധി ഭാഷ, വ്യാകരണം തുടങ്ങിയവയുടെ പഠനത്തെ പ്രോത്സാഹിപ്പിച്ചു. ക്ഷേത്ര നിർമാണം ഇതിന്റെ മറ്റൊരു വശമാണ്. ദൈവികമായ രാജത്വം ഇക്കാലത്ത് ഉടലെടുക്കുന്നു. ദൈവത്തിന്റെ രൂപമായി, വിഷ്ണുവോ ശിവനോ ആയി, രാജക്കാന്മാർ സ്വയം സങ്കൽപ്പിച്ചു. 11,12 നൂറ്റാണ്ടുകളിൽ കർണാടകയിൽ അനേകം ക്ഷേത്രങ്ങൾ നിർമിക്കപ്പെട്ടു. ആരാധനകൾ ആചാരമായി രൂപപ്പെട്ടു. ക്ഷേത്രകേന്ദ്രിതമായ ഈ ആരാധന ഡക്കാനിൽ മതപരമായ സ്വത്വത്തെ മാറ്റിമറിക്കുകയുണ്ടായി.

ഈ പരിവർത്തന പ്രക്രിയ അവിടെ അവസാനിച്ചുവോ? ഇല്ലെന്നാണ് 19 ാം നൂറ്റാണ്ടിലേക്കും 20 ാം നൂറ്റാണ്ടിലെക്കും നീളുന്ന സംഭവവികാസങ്ങൾ കാണിക്കുന്നത്. ഹിന്ദുമതത്തെ ഇനിയും പൂർത്തിയായിട്ടില്ലാത്ത ഒരു പദ്ധതിയായി കണക്കാക്കാമെന്ന് ദേവദേവൻ കരുതുന്നു. സംന്യാസീ ജീവിതങ്ങൾ ചെലുത്തിയിരുന്ന പ്രഭാവത്തിലും രാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലും പിൽക്കാലത്ത് സംഭവിച്ച പരിവർത്തനങ്ങൾ, മതം ഇപ്പോൾ എത്തിനിൽക്കുന്ന ഘട്ടത്തെ സ്വാധീനിച്ചിരിക്കുന്നു എന്നു തന്നെ ഗ്രന്ഥകർത്താവ് കരുതുന്നു. ഉപസംഹരിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കുന്നത്. താൻ ഇതു വരെ വിശദമായി ചർച്ച ചെയ്ത കാര്യങ്ങൾ ഏതൊക്കെ ദിശകളിലേക്ക് സഞ്ചരിക്കാം എന്നതിന്റെ സൂചനകൾ അദ്ദേഹം നൽകുന്നുണ്ട്.

ഈ ഘട്ടത്തിൽ അദ്ദേഹം ഉന്നയിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സംവാദങ്ങൾ ഇനിയും വികസിപ്പിക്കേണ്ടതുണ്ട് എന്ന് സംശയലേശമന്യെ പറയാം. ഇതേക്കുറിച്ചൊക്കെ തർക്കിക്കാവുന്നതുമാണ്. പ്രാഥമികമായ ചില അഭിപ്രായ പ്രകടനങ്ങൾ എന്ന നിലയ്ക്കാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. അതിനാൽ ഈ ഘട്ടത്തിൽ തർക്കത്തിന് പ്രസക്തിയില്ല. 11 ഉം 12 ഉം നൂറ്റാണ്ടുകളിൽ തുടങ്ങിയ ഈ യാത്രയിൽ മതം ഇന്ന് ഏതവസ്ഥയിലാണ് എത്തിനിൽക്കുന്നത്? പുറപ്പെട്ടിടത്തു നിന്ന് ഇവിടെയെത്തും മുമ്പ് എന്തൊക്കെ മാറ്റങ്ങളാണ് വന്നിട്ടുണ്ടാവുക ?

അതിങ്ങനെ സംഗ്രഹിക്കാവുന്നതാണ്: പ്രവൃത്യുൻമുഖതയുടെയും അതേ പോലെ തന്നെ ചില വേളകളിൽ കർമരാഹിത്യത്തിന്റെയും മാതൃകകളായിരുന്ന സംന്യാസിമാരിലേക്ക് ഇന്തയിലെ മതജീവിതം നീണ്ടു ചെന്നിരുന്നു. ഇതായിരുന്നില്ല മതത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശം എങ്കിൽ കൂടി. സംന്യാസി മഠങ്ങൾ പൗരസഞ്ചയത്തെ ഊട്ടിയിരുന്ന സന്ദർഭങ്ങളുണ്ട്. ഈ അവസ്ഥയക്ക് മാറ്റം വന്നു. രണ്ടാമത് കർഷകർ, വ്യാപാരികൾ, കൈവേലക്കാർ, രാഷ്ട്രീയരംഗത്തെ വരേണ്യർ ഇവർ തമ്മിലുള്ള പരസ്പരബന്ധത്തിന് മാറ്റം വരികയുണ്ടായി. ഭൂമി സ്വത്താവുന്നതോടെ പരമ്പരയാ ഭൂമി അനുഭവിച്ചിരുന്ന കർഷകർ അവിടെ നിന്ന് ബഹിഷ്കൃതരാവുന്നുണ്ട്. നേരത്തെ തന്നെ ഈ പ്രക്രിയ തുടങ്ങിയിരുന്നുവെങ്കിലും 16 ാം നൂറ്റാണ്ടിൽ അത് വർധിക്കുകയും 18 ാം നൂറ്റാണ്ടിൽ അത് ശക്തിപ്പെടുകയും ചെയ്തു. ഇങ്ങനെ ആളുകൾ ദരിദ്രരായി മാറുന്ന അവസ്ഥയിലും സംന്യാസ ജീവിതത്തിന് സാധ്യതയുണ്ടായിരുന്നു. പഴയ സംന്യാസിമാരിൽ നിന്ന് ഇവരെ വ്യത്യസ്തരാക്കുന്നത് ഇവർ മഠങ്ങൾ സ്ഥാപിക്കാതെ ഒറ്റയ്ക്ക് നിൽക്കുന്നു എന്ന അവസ്ഥയാണ്. ഈ പരിവർത്തനങ്ങൾ ഹിന്ദുമതത്തിന്റെ പിൽക്കാലരൂപത്തെ വളരെയധികം സ്വാധീനിക്കുകയുണ്ടായി. ഇതിന്റെ ഫലമായി സംന്യാസിയെയും കർഷകനെയും തേച്ചുമാച്ചു കളഞ്ഞുകൊണ്ടാണ് ഹിന്ദുമതം വികാസം പ്രാപിച്ചത്. ഇത് പൂർണമായ രൂപത്തിൽ 20 ാം നൂറ്റാണ്ടിൽ പ്രത്യക്ഷപ്പെടുന്നു.

ഹിന്ദുമതത്തിന്റെ ചരിത്രവും സിദ്ധാന്തവും പ്രയോഗവും 19 ാം നൂറ്റാണ്ടിലെ വിജ്ഞരായ, പുരുഷന്മാരായ ബുദ്ധിജീവികൾ സംഭാവന ചെയ്തതാണ്. സാമ്പത്തികമായി മേൽത്തട്ടിലുള്ളവരും മധ്യവർഗ സമൂഹത്തിലെ വെള്ളക്കോളറുകാരും ഈ സംരംഭത്തിൽ വലിയ പങ്കു വഹിച്ചു. മധ്യവർഗത്തിലെ താഴ്ന്നു നിൽക്കുന്ന വിഭാഗം ഈ ചരിത്രപ്രക്രിയയിൽ പങ്കാളിയായിരുന്നില്ല. കർഷക ജനസാമാന്യം ഇതിൽ തീരെയില്ലെന്നും പറയാം.

ഹിന്ദുമതത്തിന്റെ ചരിത്രരചനയെ സ്വാധീനിച്ചത് അതിന് മുതിർന്നവരുടെ വർഗപരമായ അവസ്ഥയായിരുന്നു. പ്രാചീന കാലത്ത് സംസ്കൃതത്തിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളെ ആശ്രയിച്ചുള്ള ചരിത്രരചനയായിരുന്നു ഇത്. പ്രതീക്ഷ, അകർമണ്യത, പ്രാർഥന എന്നിവയാണ് ഇതിന്റെ മുഖമുദ്ര. അതായത് കർമപദ്ധതികൾ ഇവയിൽ ഇല്ലായിരുന്നു. അറിവ് എഴുതപ്പെട്ട വാക്കിൽ നിന്നും അതിന്റെ പ്രത്യക്ഷരൂപമായ അച്ചടിയിൽ നിന്നും ഉറവെടുക്കുന്നു എന്ന ധാരണ ബലപ്പെട്ടു. ഇതോടെ ജനങ്ങൾക്കിടയിൽ, അറിവിന്റെ സൂക്ഷിപ്പുകാരായി ജീവിച്ചിരുന്ന സംന്യാസിമാർ ആവശ്യമില്ലെന്നും വന്നു. അധ്വാനവും ഉൽസാഹവും കൈമുതലായിരുന്ന കർഷക ജനസാമാന്യത്തിന് ഇതിൽ തീരെ സ്ഥാനമില്ലാതെയും പോയി.

19 ാം നൂറ്റാണ്ടിൽ ഗവൺമെന്റും അധികാരി മുഖ്യന്മാരും അടിസ്ഥാന സൗകര്യങ്ങളുടെ നിർമിതിയിലും പരിപാലനത്തിലും നേരിട്ട് ശ്രദ്ധ ചെലുത്തിത്തുടങ്ങുന്നു. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പ്രവർത്തനം നവീകരിക്കപ്പെടുകയും ആധുനികമായ തത്വങ്ങൾക്കനുസരിച്ച് അത് പ്രവർത്തിച്ചു തുടങ്ങുകയും ചെയുന്നു. ഇത് മതനിരപേക്ഷമായ ഒരു തൊഴിൽപടയുടെ സൃഷ്ടിയിലേക്കാണ് നയിച്ചത്. തൊഴിൽ പരമ്പരയാ കൈമാറി വന്നിരുന്ന അവസ്ഥ ഇതോടെ മാഞ്ഞു പോകുകയായി. ഈ സംഭവവികാസങ്ങൾ, തങ്ങൾ പൊതുതാല്പര്യമുള്ള ഒരു സമുദായമാണ് എന്ന തരത്തിൽ സ്വത്വത്തെക്കുറിച്ച് സംസാരിക്കാനുള്ള അവസ്ഥ സൃഷ്ടിക്കുന്നു. ഇത് ദേശീയ ബോധവും ഉപദേശീയ ബോധവും അങ്കുരിക്കാനുള്ള നിലം ഒരുക്കുകയും ചെയ്യുന്നു.

ഭൂമി അനുഭവിക്കാൻ പരമ്പരയാ ലഭ്യമായ അവകാശങ്ങളിൽ നിന്നും തൊഴിൽ പരമ്പരയാ കൈമാറി വന്ന അവസ്ഥയിൽ നിന്നും ബഹിഷ്കൃതരായത് ഹിന്ദുക്കളിൽ വലിയ ശൂന്യത സൃഷ്ടിച്ചു എന്നു മാത്രമല്ല, ജീവിതത്തിന്റെ അർത്ഥവും ഒന്നിനോടുള്ള ഒട്ടിനിൽപ്പും കൈവശം എന്തെങ്കിലും ഉണ്ട് എന്ന വിചാരവും അത് ഇല്ലാതാക്കിയെന്ന് ദേവദേവൻ കരുതുന്നു. ആത്മബോധം നിർവചിക്കണം എന്ന ത്വര ഉടലെടുത്തപ്പോൾ, തങ്ങൾ ഇരകളാണ് എന്ന വിചാരവും, നീതി പ്രതിക്രിയയിലൂടെ നേടിയെടുക്കണം എന്ന വിചാരവും അതിൽ കലരുകയും ചെയ്തു. ക്രിസ്തുമതത്തെയും അതിന്റെ മിഷനറിമാരെയും പിന്നീട് ഇസ്ലാം മതത്തെയും എതിർ ഭാഗത്ത് നിർത്താനുള്ള പ്രവണത ഇതിൽ നിന്ന് ഉറവെടുക്കുന്നു എന്നും അദ്ദേഹം കരുതുന്നു. അതേ സമയം തന്നെ തങ്ങൾ ഇരകളാക്കപ്പെട്ടു എന്ന വിചാരത്തിന് പിന്നിൽ ഭൂമിയിൽ നിന്നും തൊഴിലിൽ നിന്നും അകറ്റപ്പെട്ടതിനെ തുടർന്നുള്ള അന്യതാത്വ ബോധം മാത്രമാണ് എന്നു കരുതുക പ്രയാസം. കോളനിവത്‌കരണത്തിന് ഇരയാക്കപ്പെട്ട ഏതൊരു സമൂഹത്തിലും തങ്ങൾ നിന്ദിക്കപ്പെട്ടിരിക്കുന്നു എന്ന വിചാരം ഉടലെടുക്കാവുന്നതേയുള്ളൂ. പ്രതിക്രിയയിലൂടെ പോയ്പോയത് വീണ്ടെടുക്കാൻ ശ്രമിക്കണമോ എന്നത് മറ്റൊരു കാര്യമാണ്.

ഹിന്ദു മതത്തെ ഇപ്രകാരം രുപപ്പെടുത്താനുള്ള പരിശ്രമം അതേ സമയം എളുപ്പമായിരുന്നില്ല. അകർമണ്യതക്ക് പകരം പ്രവൃത്തിയിലൂന്നിയിട്ടുള്ള പദ്ധതികൾ 19 ാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ തുടങ്ങുന്നുണ്ട്. വിവേകാനന്ദൻ, ദയാനന്ദ സരസ്വതി, തിലകൻ, ഒടുവിൽ ഗാന്ധി എന്നിവർ ഈ സമീപനത്തെ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലേക്ക് ഗാന്ധി കടന്നുവരുന്നതോടെ സംന്യാസി എന്ന പ്രതിരൂപം ജനജീവിതത്തിലേക്ക് വീണ്ടും കടന്നു വന്നു എന്നത് ഗ്രന്ഥകർത്താവിന്റെ ശ്രദ്ധേയമായ നിരീക്ഷണമാണ്. അദ്ദേഹത്തിന് മഠം (കോൺഗ്രസ്സ്) ഉണ്ടായിരുന്നുവെങ്കിലും സ്വന്തമായി അവകാശപ്പെടാൻ പൂർവ പരമ്പര ഇല്ലായിരുന്നുവെന്നു മാത്രം. ഇതാണ് വ്യത്യാസം. ഗാന്ധി ഹിന്ദുക്കളെ ഇന്ത്യക്കാരാക്കി എന്ന് ആശിസ് നന്ദി എഴുതിയത് (ദി ഇന്റിമേറ്റ് എനിമി, അതിൽ ദി സൈക്കോളജി ഓഫ് കൊളോനിയലിസം) ഓർക്കാവുന്നതാണ്.

വിശ്വാസം, പുസ്തകക്കൂട്ടം (canon), പ്രയോഗം, സ്വത്വം എന്നിവയൊക്കെ പൊതുവായുള്ള ഒരു ഹിന്ദുമതത്തിന്റെ യഥാർത്ഥമായ തുടക്കത്തിന് ഇപ്പോൾ നമ്മൾ സാക്ഷികളായിക്കൊണ്ടിരിക്കുന്നു എന്ന് ദേവദേവൻ പറയുന്നതിനോട് തർക്കിക്കാവുന്നതാണ്. ലോകത്തിലെ ആറിലൊന്ന് വരുന്ന ഒരു മതസമൂഹത്തിന്റെ മതചരിത്രത്തിലെ പ്രധാനപ്പെട്ട സന്ദർഭമാണിത്. നാനാതരത്തിലുള്ള വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളും ഇതിഹാസങ്ങളും കൊണ്ടുനടക്കുന്ന ഒരാത്മീയ പ്രഭവത്തെ ഏകോപിപ്പിച്ചുകൊണ്ട് പൊതുവായുള്ള ഒരു ലക്ഷ്യത്തിലേക്ക് നയിക്കുന്ന കാഴ്ചയ്ക്ക് നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. അതേസമയം ധാർമികമായി തെറ്റായ ഇടങ്ങളിൽ നിന്നാണ് ഈ സഞ്ചാരം തുടങ്ങിയിട്ടുള്ളത് എന്നത് വലിയ ദുരന്തമാണെന്ന്, ആർ എസ് എസ് ഈ പദ്ധതിയിൽ വഹിക്കുന്ന പങ്ക് ചൂണ്ടാക്കാട്ടി അദ്ദേഹം വേദനപ്പെടുകയും ചെയ്യുന്നു. ജാതികൾക്ക് സമൂഹത്തിൽ ഇപ്പോഴുമുള്ള പ്രാബല്യത്തെ അവഗണിക്കുകയും ഒരു രാഷ്ട്രീയ സംഘടനക്ക് മതജീവിതത്തിൽ ലഭ്യമായ സ്ഥാനത്തിന് കവിഞ്ഞ വിലയിടുകയും ചെയ്യുന്നത് ഈ ആലോചനയുടെ ബലഹീനതയാണ് എന്നേ തൽക്കാലം പറയാനുള്ളൂ.

ഹിന്ദു മതം മാത്രമല്ല, മറ്റു ലോകമതങ്ങളും സംഘർഷങ്ങൾ അനുഭവിക്കുന്നു എന്നത് വളരെ വ്യക്തമാണ്. ഇസ്ലാം ആന്തരികമായ സംഘർഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തു മതത്തിന് ലൗകിക - രാഷ്ട്രീയ കാര്യങ്ങളിൽ മുമ്പുണ്ടായിരുന്ന ഭരണാധികാരം ഇപ്പോഴില്ല. മാത്രമല്ല,പുരോഹിതന്മാരുടെ ലൈംഗികമായ ദുർനടപ്പുകൾ അതിനെ വളരെയധികം അലോസരപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഹിന്ദുമതത്തെക്കുറിച്ചൊ ഇന്ത്യൻ ഇതിഹാസങ്ങളെക്കുറിച്ചൊ പുസ്തകമെഴുതാൻ ഒരുമ്പെടുന്ന എല്ലാവർക്കും ഒരു കടമ്പ കടക്കേണ്ടതുണ്ട്. സ്വതേ സ്വീകരിക്കപ്പെടുന്ന ആഖ്യാനങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ അത് ഹിന്ദുമത വിരുദ്ധമെന്ന ആക്ഷേപത്തിന് ശരവ്യമാകാം. വെൻഡി ഡോണിഗറുടെ 'ദി ഹിന്ദൂസ്: ആൻ ഓൾട്ടർനേറ്റീവ് ഹിസ്റ്ററി''ക്കെതിരെ ഒരു വിഭാഗം ആളുകളിൽ നിന്നുണ്ടായ പ്രതിഷേധം ഓർക്കുക. നേരെ മറിച്ച് മതത്തെയൊ ഇതിഹാസങ്ങളെയൊ ചർച്ച ചെയ്യാൻ ഒരുമ്പെടുകയാണെങ്കിൽ അത് ഹിന്ദുത്വ ശക്തികളെ തുണക്കുന്നതാണ് എന്ന ആക്ഷേപവും ഉയരാം. മഹാഭാരതത്തെക്കുറിച്ചൊ രാമായണത്തെക്കുറിച്ചൊ എഴുതുന്നവർ ഈ പ്രശ്നം നേരിടുന്നുണ്ട്. മനു ദേവദേവനെ ഈ ആശങ്ക തീണ്ടിയിട്ടില്ല. രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ മറുവശത്താണ് അദ്ദേഹത്തിന്റെ നില്പ് എന്ന് വായനക്കാർക്ക് വ്യക്തമാകും. രണ്ടു പക്ഷത്തിനും അദ്ദേഹത്തെ അവകാശപ്പെടുക പ്രയാസമാണ്. മതത്തെക്കുറിച്ചും അതിന്റെ പൂർവ ചരിത്രത്തെക്കുറിച്ചും, ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ അറിവ് സമ്പാദിച്ചു കൊണ്ട്, ശ്രദ്ധയോടെ പഠിക്കാനാഗ്രഹിക്കുന്ന യുവപണ്ഡിതരെ ഈ പുസ്തകം പ്രചോദിപ്പിക്കും എന്നു തന്നെയാണ് ഈ ലേഖകന്റെ വിശ്വാസം.

വാഴ്സ/ ബെർലിൻ എന്നിവിടങ്ങളിലെ ഡെഗ്രുയ്റ്റർ (de gruyter) ഓപ്പൺ ലിമിറ്റഡ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. ഈ വഴിക്ക് പണം മുടക്കാതെയാണ് പുസ്തകം ലഭ്യമായത്.

Content Highlights: Book Review On A Prehistory of Hinduism By CP Vijayakrishnan