വീണ്ടുമൊരു പ്രളയകാലത്തെ അതിജീവിക്കുകയാണ് കേരളം... മഴയെക്കുറിച്ചോര്‍ത്ത് ഗൃഹാതുരത്വം പൂണ്ടൊരു സമൂഹം ഇന്ന് പക്ഷേ, അതിനെ പേടിയോടെ നോക്കുന്നു. മാനം കറുത്താല്‍ മുഖം മങ്ങുന്നവരായിരുന്നില്ല മലയാളികള്‍. പക്ഷേ, കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് കേരളത്തിന്റെ പ്രകൃതിയാകെ മാറി... പുഴകളൊക്കെയും കലിതുള്ളി ഒഴുകുന്നു... മലകളൊക്കെ ഉടഞ്ഞ് താഴേക്കുവീഴുന്നു... ആ കലിയില്‍ സര്‍വസ്വവും അമര്‍ന്നുപോകുന്നു... വിദൂരഭാവിയില്‍പ്പോലും നമ്മളെ തൊടില്ല എന്നുകരുതിയ ദുരന്തങ്ങളൊക്കെയും ഇന്നിതാ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. എന്താണിങ്ങനെ...? പ്രകൃതിയോ മനുഷ്യനോ, ആരാണിതിന് കാരണക്കാര്‍...?

അതിനുള്ള ഉത്തരം തേടുകയാണ് പത്രപ്രവര്‍ത്തകനായ വിജു ബി. തന്റെ 'ഫ്ലഡ് ആന്‍ഡ് ഫ്യൂറി' എന്ന ഇംഗ്ലീഷ് പുസ്തകത്തിലൂടെ. 'പെന്‍ഗ്വിന്‍' പുറത്തിറക്കിയ ഈ പുസ്തകം കേരളത്തിലെ മനുഷ്യരുടെ, പ്രകൃതിയോടുള്ള ചെയ്തികളെ വിചാരണയ്ക്ക് വയ്ക്കുന്നു. 2018-ല്‍ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലുമായി വ്യാപക കെടുതികള്‍ വിതച്ച പ്രളയത്തെക്കുറിച്ചാണ് ഈ പുസ്തകം. അതിന്റെ സംഹാരതാണ്ഡവത്തിന്റെ കാരണങ്ങളാണ് വിജു ഈ പുസ്തകത്തിലൂടെ അന്വേഷിക്കുന്നത്.

പശ്ചിമഘട്ട മലനിരകളെ ഒരു നൂറ്റാണ്ടായി മനുഷ്യന്‍ നോവിക്കുന്നതിന്റെ പരിണിതഫലമാണ് ഈ മഴക്കെടുതികള്‍. 'യുനെസ്‌കോ പൈതൃക പട്ടിക'യില്‍ 2012-ാം സ്ഥാനം നല്‍കിയ ഈ മലനിരകള്‍ മനുഷ്യനാല്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഹിമാലയന്‍ മലനിരകളെക്കാള്‍ പ്രായമുള്ള 'സഹ്യാദ്രി' മലനിരകള്‍ ആറ് സംസ്ഥാനങ്ങളിലായി 1600 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നു. ഈ സംസ്ഥാനങ്ങളുടെയൊക്കെ പ്രകൃതിസമ്പത്താണ്, മനുഷ്യന്റെ അത്യാര്‍ത്തിമൂലം ഇല്ലാതാവുന്നത്.

'വിനയാന്വിതമായ മലനിരകള്‍' എന്ന് പേരുള്ള സഹ്യാദ്രി പക്ഷേ, ഓരോ വര്‍ഷകാലത്തും മനുഷ്യന്‍ തന്നോട് ചെയ്യുന്നതിന് പ്രതികാരം എന്നവണ്ണം ദുരന്തങ്ങള്‍ ഒന്നൊന്നായി തിരിച്ചുനല്‍കാന്‍ തുടങ്ങിയിരിക്കുകയാണ്. പ്രളയം കേവലം ഡാം തുറന്നുവിട്ടതുകൊണ്ടുമാത്രം ഉണ്ടായ ദുരന്തമാണെന്ന് വിചാരിക്കുന്ന ഓരോരുത്തരും ഈ പുസ്തകം വായിക്കേണ്ടതാണ്. കാരണങ്ങള്‍ ഒന്നില്‍ ഒതുങ്ങുന്നില്ല... ആ അനവധിയായ കാരണങ്ങളാണ് ഈ പുസ്തകം അനാവരണം ചെയ്യുന്നത്.

പ്രകൃതിദുരന്തങ്ങള്‍ ഇല്ലാതാക്കുന്നത് ഈ മലനിരകളെ ആശ്രയിച്ചുമാത്രം ജീവിക്കുന്ന തനതു മനുഷ്യരെയാണ്... 'ആദിവാസി'കളുടെ ജീവിതത്തെയാണ് ഇത്തരം ദുരന്തം ആദ്യം ബാധിക്കുക. പിന്നീട്, അവര്‍ക്ക് ജീവിതം കാലങ്ങളോളം നീളുന്ന അതിജീവനത്തിന്റേതായി മാറുന്നു. അവരുടെ തനതു ജീവിതത്തെയും വിശ്വാസങ്ങളെയും സംസ്‌കാരത്തെയും വിഴുങ്ങിക്കൊണ്ടാണ് മലകളും പുഴകളുമൊക്കെ ഒലിച്ചിറങ്ങുന്നത്. അവിടന്നത് മെച്ചപ്പെട്ട ജീവിതാവസ്ഥയില്‍, പണത്തിന്റെയും ആര്‍ഭാടത്തിന്റെയും ധൂര്‍ത്തില്‍ ജീവിക്കുന്ന നമ്മളിലൊക്കെയും എത്തുന്നു എന്നും ഈ പുസ്തകം പറയുന്നു. അതിന്റെ ആഘാതം നമ്മളിലേക്ക് എത്തുമ്പോള്‍ കുറഞ്ഞാണ് വരുന്നത്. എന്നിട്ടുപോലും നമ്മള്‍ക്ക് അത് താങ്ങാന്‍ സാധിക്കുന്നില്ല. അപ്പോള്‍ എന്തായിരിക്കും മലനിരകളിലെ മനുഷ്യരുടെ അവസ്ഥ...? ഈ പുസ്തകത്തില്‍ അതിനുള്ള ഉത്തരങ്ങളും ഉണ്ട്.

Flood and Furyഎഴുത്തുകാരന്‍ 1600-ഓളം കിലോമീറ്ററുകള്‍ സഞ്ചരിച്ച്, അവിടത്തെ മനുഷ്യരോടും പരിസ്ഥിതി പ്രവര്‍ത്തകര്‍, ഗവേഷകര്‍ എന്നിവരോടും സംസാരിച്ചാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, കഴിഞ്ഞവര്‍ഷത്തെ പ്രളയം എത്രമാത്രം ആഘാതം ഉണ്ടാക്കി എന്നും അത് ഭാവിയില്‍ എങ്ങനെയൊക്കെ നമ്മളെ ബാധിക്കുമെന്നും ഉള്ള ഉള്‍ക്കാഴ്ച വായനക്കാരന് ലഭിക്കുന്നത്.

പത്ത് അധ്യായങ്ങള്‍ ഉള്ള ഈ പുസ്തകത്തിലെ ഓരോ അധ്യായത്തിലും പറയുന്നത് ഇത്തരം പ്രദേശങ്ങളുടെ കഥയാണ്. അവിടങ്ങളില്‍ പ്രളയംകൊണ്ട് ആദ്യ പ്രഹരമേറ്റ ഒരു സമൂഹത്തെ സോഷ്യല്‍ ഡോക്യുമെന്റ് ചെയ്യുന്നു. ഇടുക്കിയിലെ 'കൊളുമ്പരും ചാലക്കുടിയിലെ കാടരും പാലക്കാട്ടെ ഇരുളരും വയനാട്ടിലെ കുറിച്യരും പണിയരുമൊക്കെയാണ് അവരുടെ അതിജീവന കഥകള്‍ പറയുന്നത്... അവരുടെ അതിജീവന അനുഭവങ്ങള്‍ തീര്‍ച്ചയായും പ്രകൃതിയോടുള്ള നമ്മുടെ സമീപനങ്ങളില്‍ മാറ്റംവരുത്തും.

ഈ പ്രദേശങ്ങള്‍ നേരിടുന്ന പ്രാദേശിക വിഷയങ്ങളെ, അതിലൂടെ കേരളം നേരിടുന്ന പ്രകൃതിപരമായ പ്രതിസന്ധികളെ സമഗ്രമായി പഠിക്കാന്‍ വിജുവിന് കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അടിയന്തരമായി മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കി, അവശേഷിക്കുന്ന പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കേണ്ടതെന്നും ഈ പുസ്തകം പറഞ്ഞുതരുന്നു.

കേരളത്തില്‍ മാത്രമായി ഒതുങ്ങുന്നില്ല ഈ പുസ്തകം. കര്‍ണാടക, ഗോവ എന്നിവിടങ്ങളും മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗയിലെ ഗ്രാമങ്ങളും സന്ദര്‍ശിച്ച് നടത്തിയ ഈ പഠനം 'ക്വാറികള്‍' എത്ര വിനാശകരമായാണ് അവിടെയൊക്കെ പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നത് എന്ന് വരച്ചുകാട്ടുന്നു.

ഒരു അക്കാദമിക് പഠനത്തിന്റെ ഗൗരവമുണ്ട് ഈ പുസ്തകത്തിന്. എന്നാല്‍, ലളിതവും മനോഹരവുമായ ഭാഷയില്‍ വിജു തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചിരിക്കുന്നു. പരിസ്ഥിതിയെക്കുറിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി എഴുതുന്ന ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍, വിജുവിന്റെ അനുഭവപരിചയം ഈ പുസ്തകത്തെ കനപ്പെട്ടതാക്കുന്നു. പാതി അറിവുമായി പരിസ്ഥിതിയെയും പ്രളയത്തെയും സമീപിക്കുന്നവര്‍ക്ക് വ്യക്തമായ ഒരു ഉള്‍ക്കാഴ്ച തരുന്നതാണ് ഈ രചന.

( മാതൃഭൂമി നഗരത്തില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights:  Book review of Viju B's book Flood and Fury