രു കഥക്കുള്ളില്‍ നിന്ന് വായന കഴിഞ്ഞു പുറത്തു കടന്നാലാണ് അതിനെ കുറിച്ച് നാലക്ഷരം എഴുതാനോ പറയാനോ കഴിയുക. ഒരു കഥയുടെ ആകര്‍ഷണവലയത്തില്‍ നിന്ന് വല്ല വിധേനയും മുക്തമാകുമ്പോഴേക്കും അടുത്ത കഥ വന്ന് കാലില്‍ പിണയുന്നു. കഥകള്‍, ഉപകഥകള്‍, മിത്തുകള്‍, കല്‍പനകള്‍ - നാട്ടു മൊഴിയുടെ കരുത്തിലങ്ങനെ നിരക്കുന്നു.

ആര്‍. രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന നോവലിങ്ങനെയൊക്കെയാണ്. ആഖ്യാതാവ് ഒളിഞ്ഞും തെളിഞ്ഞും ചില വിലയിരുത്തലുകളും പ്രസ്താവനകളുമായി നോവലില്‍ അച്ചാലും മുച്ചാലും നടക്കുന്നുണ്ട്. എന്നിരിക്കിലും ബൗദ്ധിക ജാടകളെ അതു ചിരിയോടെ പൊളിച്ചെറിയുന്നുമുണ്ട്. 
ഉദാഹരണം: ഞാന്‍ : 'കല്യാണിയേച്ചിക്ക് ലിംഗരാഷ്ട്രീയത്തെക്കുറിച്ചും ബോഡി പൊളിറ്റിക്‌സിനെക്കുറിച്ചും അറിയാത്തതുകൊണ്ടാണ്'. ഉടന്‍ കല്യാണിയേച്ചി :  'പ്ഫ! തച്ചു പെരക്കും നിന്ന ഞാന്‍ കുരിപ്പേ' ഇങ്ങനെയാണ് നോവലിലെ കാര്യങ്ങളുടെ കിടപ്പ്. 

ജീവിച്ചിരിക്കുന്നവരുമായും മരിച്ചവരുമായും കഥ കൈകോര്‍ത്തുനടക്കുന്നു. യക്ഷിയുടെ ഇരട്ടപ്പേറെടുക്കുന്ന ദാക്ഷായണി നോവല്‍ ചരിത്രത്തിലെ തന്നെ പുതുമയാണ്. ചോന്നമ്മയുടെ നോട്ടപ്പുറത്തുനിന്ന് ഒരാള്‍ക്കും ഒന്നുമെടുക്കാന്‍ പറ്റില്ല എന്ന സത്യം എത്ര പേര്‍ക്കറിയാം.?
'പെണ്ണുങ്ങക്ക് എന്തോ നാടാ? എന്തോ വീടാ' എന്ന ആണിക്കാരന്റെ ചോദ്യം തെക്കന്‍ ജീവിതത്തിന്റെ സാംസ്‌കാരികോല്‍പന്നമാണ്. ഫര്‍ത്താവ്, ഫാര്യ, എന്റെ കുടുമ്പം, എന്റെ വസ്തു എന്നിടത്തേക്ക് നടന്നെത്താനാവാത്ത വടക്കരുടെ എതിര്‍വീര്യമാണ് ദാക്ഷായണിയുടെ ഭ്രാന്ത്. 

ചേയിക്കുട്ടിയാകട്ടെ എല്ലാ തീര്‍പ്പുകളെയും വകഞ്ഞു മാറ്റിയ പെണ്ണായി വായനക്കാരെ വിസ്മയിപ്പിക്കുന്നു. നോവലില്‍ രതിയുടെ ആവിഷ്‌കരണം കൗതുകകരമാണ്. പരസ്പരം തോല്‍പ്പിക്കാന്‍ മത്സരിക്കുന്ന കളി പോലെയാകുന്നു ചിലയിടത്ത് രതി. കുഞ്ഞിപ്പെണ്ണും ചിത്രസേനനും തമ്മിലത് ലാവണ്യാത്മകമാകുന്നു. 'ആ അരിവാളെവിടെപ്പോയെടി മരതങ്കോടി പ്പൊന്നമ്മേ ' എന്നു പാടിക്കൊണ്ട് ചിത്രസേനന്‍ കുഞ്ഞിപ്പെണ്ണിന്റെ ഉടലില്‍ നടത്തുന്ന പര്യവേക്ഷണങ്ങള്‍ സുന്ദരമാണ്.

കാര്യഗൗരവമുള്ള പശുക്കള്‍ നോവലിലുണ്ട്. മനുഷ്യരുടെ വളര്‍ത്തുമൃഗം എന്ന നിലയ്ക്ക് ജീവിതത്തെ കുറിച്ച് താത്വികമായ ചില അവലോകനങ്ങള്‍ അവര്‍ നടത്തുന്നുമുണ്ട്. കല്യാണിയത് വലിയ കാര്യമാക്കാറില്ലയെങ്കിലും. ദേശത്തിന്റെ രാഷ്ട്രീയ ജീവിതവും നോവലില്‍ എത്തി നോക്കി മാറി നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ്സു ക്ഷയിക്കുന്നുണ്ട്, കമ്മ്യൂണിസ്റ്റ് പച്ച പിടിക്കുന്നുണ്ട്. ഇതെല്ലാം കണ്‍മുന്നില്‍ കാണുന്ന കാര്യങ്ങള്‍ തന്നെയെന്ന് ദേശക്കാരെ പോലെ വായനക്കാരും തല കുലുക്കുന്നു. കഥയവസാനം കല്യാണി പറയുന്നുണ്ട്. 'നമ്മള കതയാന്ന് ബിചാരിച്ചാ നമ്മളത് അളക്കാനും ചൊരിയാനും നിക്കും. ആരാന്റതാന്ന് ബിചാരിച്ചാ സുകായിറ്റ് കേക്കാലാ.'

Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Kathaനമ്മളില്‍ നിന്ന് മാറി നിന്ന് നമ്മളെത്തന്നെ നോക്കുന്നത് അത്ര എളുപ്പമല്ല. പക്ഷേ ചിലപ്പോള്‍ അങ്ങനെ ചെയ്യേണ്ടി വരും. ജീവിതമല്ലേ. വല്യേച്ചി ഇറങ്ങിപ്പോയ കിണറിലേക്ക് തന്നെ ചേയിക്കുട്ടിയും ഇറങ്ങിപ്പോകുന്നു. സമയാസമയങ്ങളില്‍ കേറി വന്ന് ജീവിച്ചിരിക്കുന്നവരെ ചിലതോര്‍മ്മിപ്പിക്കാനായി. ഉച്ചയ്ക്കിത്തിരി മീന്‍മണവും രാത്രിയിലിത്തിരി ആണ്‍മണവും കിട്ടുന്ന നാട്ടകങ്ങള്‍ പുതിയ പെണ്‍പിറവികള്‍ കാത്തു. 'പെണ്ണെന്നാണേ പൊന്നല്ലേ? പൊന്ന് നാട്ടിന് ഈടല്ലേയെന്ന് കല്യാണി ഒടുവില്‍ തീര്‍ത്തു പറയുന്നുണ്ട്.'

നോവലിലുടനീളം നര്‍മം കലര്‍ന്ന ഭാഷയുടെ ആര്‍ജ്ജവമുണ്ട്. ചെറുപേടികളുടെ കടലുകള്‍ താണ്ടാന്‍ പെണ്ണുങ്ങളെ പ്രാപ്തരാക്കുന്നത് അവരുടെ നര്‍മം കലര്‍ന്ന ജീവിതവീക്ഷണമാണ്. പ്രാദേശിക ജീവിതത്തിന്റെ സമൃദ്ധിയാണ് ഈ നോവല്‍.ഇതില്‍ മനുഷ്യരുടെ മാത്രമല്ല സകല ജീവജാലങ്ങളുടെയും വരുംവരായ്കകളുണ്ട് .പുറംപണി കഴിഞ്ഞു  കുളിച്ചുകേറി മുടി വിതര്‍ത്തിയിട്ട് എളമ്പയ്ക്ക തൊട്ടുകൂട്ടി ഇളം കള്ളുകുടിക്കാനിരിക്കുന്ന പെണ്ണിനോളം ഉശിരത്തി മറ്റാരുണ്ട്. അവള്‍ തന്നെയാണ് - സ്‌നേഹക്കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ - എന്ന പാട്ടിനൊപ്പം സ്വപ്നത്തിനു പിറകെ നടന്നു പോയതും.

പുരുഷനും സ്ത്രീയും ചേര്‍ന്ന അനുഭവ ലോകത്തിന്റെ നേര്‍സാക്ഷ്യമായി ഈ നോവല്‍ നിലകൊള്ളുന്നു. ഫേസ്ബുക്കില്‍ എഴുതിത്തുടങ്ങിയ നാള്‍ തൊട്ട് വായനക്കാരുടെ അക്ഷമ നിറഞ്ഞ കാത്തിരിപ്പ് വിചിത്രമായ സ്വാതന്ത്ര്യത്തോടെ നോവലിനെ ആശ്‌ളേഷിക്കുന്നുണ്ട്. നോവലിന്റെ വേരു ബലം ഈ ജനപ്രീതിയ്ക്ക് ആക്കം കൂട്ടുന്നു. തിരിഞ്ഞു നോക്കരുതെന്ന് യക്ഷി പറഞ്ഞതു പോലെ കല്യാണിയുടെയും ദാക്ഷായണിയുടെയും കതയ്ക്കിനി തിരിഞ്ഞു നടത്തമില്ല. അനേകം പതിപ്പുകളിലേക്കുള്ള തുടര്‍യാത്രകളാണിനിയുള്ളത്. 

അത്രമേല്‍ നോവലിലെ പെണ്ണുങ്ങള്‍ വായനയുടെ കുറ്റിയേരത്തു വന്നിരുന്ന് കതയുടെ കെട്ടഴിച്ചു കുടഞ്ഞിടുന്നു. ഉടുപുടവ തട്ടിക്കുടഞ്ഞ്, മുടിയഴിച്ച് ഒന്നൂടെ വാരിക്കെട്ടി കതപ്പെണ്ണുങ്ങള്‍ സഞ്ചാരം തുടരുകയാണ്. കല്യാണിയുടെയും ദാക്ഷായണിയുടേയും കത ദേശങ്ങളുടെയും കൂടി കതയായി മാറുന്നത് ഇങ്ങനെയാണ് എന്നുറപ്പിക്കാവുന്നതാണ്.

'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'  ഓണ്‍ലൈനില്‍ വാങ്ങാം 

 

Content Highlights: Book review of Rajasree R's Novel Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha