"ഒരു മനുഷ്യനെന്നാല്‍ ഒരു ഗ്രന്ഥമാണ്. മനുഷ്യരൊക്കെയും ഗ്രന്ഥങ്ങളാണ്. കുറേ മനുഷ്യര്‍ ചേരുമ്പോള്‍ അതൊരു ആള്‍ക്കൂട്ടമല്ല; ഒരു ഗ്രന്ഥാലയമാണ്. ഹ്യൂമന്‍ ലൈബ്രറി."

മനുഷ്യര്‍ ഗ്രന്ഥങ്ങളാകുന്ന ഒരു ഹ്യൂമന്‍ ലൈബ്രറി എന്ന ആശയത്തെ പ്രാവര്‍ത്തികമാക്കുകയാണ് ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന മനുവും ഇഷിതയും ചേര്‍ന്ന്. അതിനായി അവര്‍ തിരഞ്ഞെടുക്കുന്നതാകട്ടെ ജോലി ഭാരം ഇറക്കി വെയ്ക്കുന്ന ഞായറാഴ്ചകളും. ഞായറാഴ്ചകളുടെ അലസത മറന്ന് ഇഷിതയും മനുവും മനുഷ്യരുടെ കഥ തേടി ഇറങ്ങുമ്പോള്‍, അവര്‍ക്ക് മുന്നില്‍ പുസ്തകങ്ങളായി മനുഷ്യര്‍ ഒന്നിന് പിന്നാലെ ഒന്നായി എത്തി. മനുഷ്യര്‍ പുസ്തകങ്ങളായി പരിണമിക്കുന്ന അസാധാരണമായ പ്രക്രിയയാണ് സി.വി. ബാലകൃഷ്ണന്റെ എന്നും ഞായറാഴ്ച ആയിരുന്നെങ്കില്‍ എന്ന നോവല്‍ ചര്‍ച്ച ചെയ്യുന്നത്. 

തെരുവ് പട്ടികള്‍ക്കൊപ്പം ജീവിക്കുന്ന കുഞ്ഞാണ്ടമ്മയായിരുന്നു ഹ്യൂമന്‍ ലൈബ്രറിയിലെ ആദ്യത്തെ പുസ്തകം. വയസ്സ് എണ്‍പത് കഴിഞ്ഞ വൃദ്ധ. നിരത്തുവക്കില്‍ തട്ടുകട നടത്തുന്ന കാക്കാമണിയുടെ കാരുണ്യത്തില്‍ വിശപ്പകറ്റുന്നവര്‍. കാക്കാമണി നല്‍കുന്ന ഇറച്ചിച്ചാര്‍ പറ്റിയ അപ്പമോ, ദോശയോ തന്റെ നായ്ക്കള്‍ക്കുകൂടി പകുത്തു നല്‍കുന്നവര്‍. ധാരാളം ആളുകളുള്ള വീട്ടില്‍ വെച്ചും വിളമ്പിയും അവര്‍ എട്ടുമക്കളെ പെറ്റ് വളര്‍ത്തി. പക്ഷേ ഭര്‍ത്താവിന്റെ മരണത്തോടെ മക്കള്‍ സ്വത്തുക്കള്‍ പങ്കുവെച്ചു. തലനാരിഴ കീറിയുള്ള പങ്കുവെയ്പ്പായിരുന്നു അത്. ഒടുവില്‍ കുഞ്ഞാണ്ടമ്മയെ മാത്രം ആര്‍ക്കും വേണ്ടിയിരുന്നില്ല. 

അതേ പൂവരശിന് കീഴെ അടുത്ത ഞായറാഴ്ച കഥ പങ്കുവെയ്ക്കാന്‍ എത്തുന്നത് കാശി വിശ്വനാഥനാണ്. ഒരു മാസം മാത്രം ആയുസ്സ് എന്ന് ഡോക്ടര്‍ വിധിയെഴുതിയയാള്‍. ചര്‍ച്ചയ്ക്കായി എത്തുമ്പോള്‍ അതില്‍ ഒരാഴ്ച പിന്നിട്ടിരുന്നു. മര്‍ച്ചന്റ് നേവിയില്‍ ദീര്‍ഘകാലം ജോലി ചെയ്ത കാശി വിശ്വനാഥിന് മഹാസമുദ്രങ്ങളും ഉള്‍ക്കടലുകളും തുറമുഖങ്ങളും പരിചിതമാണ്. നഷ്ടപ്രണയത്തിന്റെ ഒറ്റപ്പെടലില്‍ ജീവിക്കുന്ന അയാള്‍ക്ക് ജീവിതമെന്നാല്‍ സഞ്ചരിക്കുന്ന ഒരു കപ്പലാണ്. ജലബദ്ധമായ അറകളുള്ള ഒരു കപ്പലാണ് ജീവിതമെന്ന് അയാള്‍ തന്നെ പറയുന്നു. എനിക്കാരുമില്ല, ഞാന്‍ തനിച്ചാണ് എന്ന് പറഞ്ഞവസാനിപ്പിച്ച് അയാള്‍ തന്നെ കേള്‍ക്കുന്നവര്‍ക്കിടയിലേക്ക് മരിച്ചു വീഴുന്നു. 

സുരക്ഷിതമെന്ന് കരുതുന്ന വീടിന്റെ അകത്തളങ്ങളില്‍ പീഡനം ഏല്‍ക്കേണ്ടിവരുന്ന ഒട്ടനവധി പെണ്‍കുഞ്ഞുങ്ങളുണ്ട്. അത്തരത്തുലുള്ളവരുടെ പ്രതിനിധിയായാണ് ഹുമൈറ എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനി ഹ്യൂമന്‍ ലൈബ്രറിയിലേയ്ക്ക് എത്തുന്നത്. ഷെറിന്‍ മാത്യു എന്ന അധ്യാപികയ്ക്ക് ഒപ്പം എത്തുന്ന അവള്‍ തന്റെ സ്വപ്‌നമില്ലാത്ത രാത്രകളെക്കുറിച്ചാണ് അവരോട് പങ്കുവെയ്ക്കുന്നത്. 

വടക്കുകിഴക്കന്‍ മേഖലയിലുള്ള ഒരു കന്യാസ്ത്രീമഠത്തില്‍ നിന്നു തന്റെ കുടുംബ വീട്ടിലെത്തുന്ന വൃദ്ധയായ കന്യാസ്ത്രീ പൗളിനോസ് മരിയ, ബെഞ്ചമിന്‍ കാസ്ത, ഭാര്യയെ നഷ്ടപ്പെട്ട ശ്രീനിവാസമൂര്‍ത്തി, സമൂഹസേവനം ചെയ്തിട്ടും വേട്ടയാടപ്പെട്ട സുദീപ് എന്ന യുവ ഡോക്ടര്‍, സഭാവസ്ത്രം ഉപേക്ഷിച്ച് സ്‌നേഹിച്ച പുരുഷനൊപ്പം ജീവിതം തിരഞ്ഞെടുത്ത വെറോണിക്ക, ഭര്‍ത്താവ് ലൈംഗിക അടിമയായി മാത്രം കാണുന്ന സാന്ദ്ര, ഇരട്ടകളായ മിറാന്‍ഡ, മെറ്റില്‍ഡ എന്നിങ്ങനെ ആ മരച്ചുവട്ടിലേയ്ക്ക് കഥകള്‍, അല്ല ജീവിതം പറയാന്‍ വീണ്ടും ഓരോരുത്തരായി എത്തി. 

ennum nhayarazhcha aayirunnenkilജീവിതത്തിന്റെ സങ്കടങ്ങളും വീര്‍പ്പുമുട്ടലുകളും ഞായറാഴ്ചകളില്‍ വന്നവര്‍ വന്നവര്‍ സ്വയം വെളിപ്പെടുത്തുകയാണ്. ജീവിതത്തില്‍ അനുഭവിച്ചവ അവര്‍ കഥകളായി തങ്ങളെ കേള്‍ക്കാനിരിക്കുന്നവര്ക്ക് മുന്നില്‍ അവതരിപ്പിച്ചു. അങ്ങനെ ജീവനുള്ള പുസ്തകങ്ങളായി അവര്‍ മാറി. അവരെ ചേര്‍ത്തു പിടിക്കാന്‍, മറുവാക്ക് പറയാന്‍, ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആളുകളുണ്ടായിരുന്നു. പരസ്പരം അറിയാത്തവര്‍ തമ്മില്‍ അവരറിയാതെ തന്നെ ഒരു ആത്മബന്ധം ഉടലെടുക്കുകയായിരുന്നു. 

വെളിപ്പെടുത്താന്‍ പറ്റാതെ വീര്‍പ്പുമുട്ടല്‍ സഹിക്കുന്ന ജീവിതങ്ങള്‍ ഒരുപാടുണ്ട് നമുക്ക് മുന്നില്‍. പങ്കുവയ്ക്കലുകളില്ലാതെ നീറി ജീവിക്കുന്നവര്‍. അത്തരത്തലുള്ള ചില ജീവിതങ്ങളുടെ ഉള്‍ക്കഥകളിലേയ്ക്കാണ് സി.വി. ബാലകൃഷ്ണന്റെ നോവല്‍ സഞ്ചരിക്കുന്നത്. ഔപചാരികതകള്‍ ഇല്ലാതെ ഒരു പൂവരശിന്‍ ചുവട്ടില്‍ എല്ലാ ഞായറാഴ്ചകളിലും അവര്‍ ഒത്തു ചേരുന്നു. ജീവിതം പറയുന്നു. പുതിയ കഥകളുമായി ഓരോരുത്തരായി എത്തുന്നു. അവര്‍ ആഗ്രഹിക്കും എന്നും ഞായറാഴ്ചയായിരുന്നെങ്കിലെന്ന്.

ആഖ്യാനത്തിലെ വ്യത്യസ്തതയാണ് എന്നും ഞായറാഴ്ച ആയിരുന്നെങ്കില്‍ എന്ന ചെറുനോവലിന്റെ വലിയ സവിശേഷതകളിലൊന്ന്. കഥകളും ഉപകഥകളുമായി കാടുകയറാതെ, പെറുക്കിയെടുക്കുവുന്ന വിധം ചില ജീവിതങ്ങളെ വായനക്കാരന് മുന്നില്‍ അവതരിപ്പിക്കുന്നു നോവല്‍. അതും നൂലില്‍ കോര്‍ത്ത മുത്തുകള്‍ പോലെ. ആ ജീവിതങ്ങളിലൂടെയുള്ള യാത്രകള്‍ രസകരമാണ്. വേറിട്ട ഒരു വായനാനുഭവവും.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Book review of C.V. Balakrishnan's Ennum Nhayarazhcha Aayirunnenkil