രസ്യരംഗത്ത് പ്രവര്‍ത്തിക്കുകയും തന്റെ കുറുങ്കവിതകളുമായി സമകാലീന മലയാള സാഹിത്യപരിസരത്തേക്ക് ധൈര്യപൂര്‍വ്വം കടന്നുവരികയും ചെയ്ത ആര്‍. അജിത്കുമാറിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ബിരിയാണി തിന്നുന്ന ബലിക്കാക്കകള്‍. അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കവിതകളുടെ സമാഹാരമാണ് പുസ്തകം. 

വാവുബലി ദിനത്തില്‍ എഴുതുകയും വിവാദമാകുകയും ചെയ്ത ഒരു പോസ്റ്റില്‍ നിന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം വന്നത്. മതമൗലിക വാദികളോടുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് ഈ പേര് സ്വീകരിച്ചതെന്ന് ആമുഖത്തില്‍ അജിത് കുമാര്‍ പറയുന്നു. കാലം എത്രമാറിപ്പോയെന്ന് ആ കവിതയോടുള്ള അസഹിഷ്ണുത നമ്മോട് വിളിച്ചു പറയുന്നു. 

സമാഹാരത്തില്‍ നിന്നും ചിലവരികള്‍ എടുത്തെഴുതട്ടെ:

"വാരിയെല്ലുകള്‍ 
കൊണ്ട് തീര്‍ത്ത
നെഞ്ചുകൂടിനുള്ളില്‍
തടവിലാണ് ഹൃദയങ്ങള്‍"

"ഷര്‍ട്ടിന്റെ തെറ്റിയിട്ട 
ബട്ടണ്‍ പോലെയാണ്
ജാതകച്ചേര്‍ച്ച മാത്രം നോക്കി
നടത്തുന്ന കല്യാണങ്ങള്‍"

"ചുണ്ടുകൊണ്ട്
എന്റെ ഹൃദയത്തില്‍ 
നീ കുത്തിയ
മായാത്ത പച്ച"

"ഗര്‍ഭപാത്രത്തില്‍
പത്തുമാസവും 
ഹൃദയത്തില്‍
ഒരായുഷ്‌കാലവും 
കി​ടക്കുന്ന കുഞ്ഞുങ്ങളാണ്
അമ്മയ്ക്ക് നമ്മള്‍"

ഈ വരികളിലെല്ലാം അസാധാരണമായ ഒരു സൗന്ദര്യം കാണാം. തീര്‍ത്തും ലളിതമായി വായനക്കാരോട് സംവദിക്കുന്ന ചിലത്. പക്ഷേ അവയുടെ അര്‍ത്ഥ തലങ്ങള്‍ക്ക് വലിപ്പം ഏറെയാണ്. അത് തുറന്നിടുന്നത് ചര്‍ച്ചകള്‍ക്കുള്ള അതിവിശാലമായ സാധ്യതയാണ്. അത് കൊണ്ട് തന്നെയാവണം ആര്‍. അജിത്കുമാറിന്റെ കവിതകള്‍ ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെടുന്നതും.

വാവുബലി ദിനത്തില്‍ എഴുതുകയും വിവാദമാകുകയും ചെയ്ത അജിത്കുമാറിന്റെ കവിത തന്നെ ഉദാഹരണമായി എടുക്കാം. 

"ബലിച്ചോറ് മടുത്തു
ബിരിയാണിയാണേല്‍
 
വരാമെന്ന് ബലിക്കാക്ക"

മനുഷ്യജീവിതത്തിന്റെ വിവിധങ്ങളായ വശങ്ങളിലൂടെ സഞ്ചരിച്ച് കുറിക്ക് കൊള്ളുന്ന വിമര്‍ശനങ്ങള്‍ തന്റെ കുറുങ്കവിതകളില്‍ നിറയ്ക്കുന്നു അജിത് കുമാര്‍. അവയില്‍ പലതും രാഷ്ട്രീയമായി കരുത്താര്‍ന്നവയുമാണ്. അവ മുന്നോട്ട് വെയ്ക്കുന്നതാകട്ടെ ഒട്ടും ലളിതമല്ലാത്ത വിഷയങ്ങളുമാണ്.

"ഒരിക്കല്‍ 
അറബികള്‍ നമ്മുടെ നാട്ടില്‍
പണിക്കു വരും,
പാറമടയില്‍ പണിയെടുക്കുന്ന
ഒരറബിയെക്കുറിച്ച് 
പാറജീവിതം
എന്ന പുസ്തകം എഴുതപ്പെടും"


"നമുക്ക് രണ്ട് 
വിഡ്ഢി ദിനങ്ങളാണുള്ളത്
ഒന്ന്, മറ്റുള്ളവരെ വിഡ്ഢികളാക്കുന്ന
ഏപ്രില്‍ ഒന്ന്
രണ്ട്, സ്വയം വിഡ്ഢികളാകുന്ന
ഇലക്ഷന്റെ അന്ന്"

വരികളിലൊക്കെ കരുത്താര്‍ന്ന ആശയങ്ങള്‍ കുടിയിരിക്കുന്നുണ്ട്. വിഷയത്തോട് അജിത്കുമാര്‍ പുലര്‍ത്തുന്ന സമീപനം തന്നെയാണ് ആ കവിതകളെ വേറിട്ടതാക്കി മാറ്റുന്നത്. ഗൗരവകരമായ വിഷയത്തെ പോലും ചുരുങ്ങിയ വാക്കുകളില്‍ അതിന്റെ ഗൗരവം ഒട്ടും കുറയാതെ അദ്ദേഹം വായനക്കാരന് മുന്നില്‍ എത്തിച്ചിരിക്കുന്നു. 

Content Highlights: Book Review of  Biriyani Thinnunna Balikkakkakal written by Ajith Kumar R