ഥാകാരന്റെ തന്റെ വാക്കുകളില്‍ ചില കഥകളെന്നാല്‍ അനുഭവങ്ങളുടെ സാക്ഷ്യപത്രമാണ്. രഞ്ജിത്ത് വാസുദേവന്റെ 'നിഷ്‌കളങ്കന്‍' എന്ന കഥാസമാഹാരവും മറ്റൊന്നല്ല. ലേഖകന്റെ ബാല്യകാലമുള്‍പ്പടെയുളള ഓര്‍മകളിലേക്കുളള ഒരു തിരിഞ്ഞുനടത്തമാണ്. മനസ്സില്‍ തട്ടിയ ചില അനുഭവങ്ങള്‍ അക്ഷരങ്ങളായി പേനത്തുമ്പിലൂടെ പകര്‍ന്നാട്ടം നടത്തിയപ്പോള്‍ രൂപംകൊണ്ട കഥകള്‍..മനുഷ്യബന്ധങ്ങളെ കുറിച്ച് ഇത്രമേല്‍ സരളമായി വികാരത്തള്ളിച്ചയില്ലാതെ കഥാകാരന്‍ പറഞ്ഞുവെക്കുന്നു. കഥാപരിസരം വായനക്കാരിനിലെത്തിക്കാനുളള ചിത്രസമാനമായ വര്‍ണനകള്‍ അതിന് മിഴിവേകുന്നു. 

സാമൂഹികമാധ്യമങ്ങളുടെ അതിപ്രസരം വ്യക്തിബന്ധങ്ങളെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തുന്നതാണ് 'നിരര്‍ത്ഥകമായ സമ്മാനങ്ങള്‍' എന്ന കഥ. വിവാഹവാര്‍ഷികത്തിന് വൈഫൈ ഇല്ലാത്ത ഒരിടത്ത് ഭര്‍ത്താവിനൊപ്പം അല്പസമയം ചെലവഴിക്കാന്‍ തീരുമാനിച്ച കൃഷ്ണ ഓര്‍മപ്പെടുത്തുന്നത് നാം തിരക്കുകളില്‍ അഭിരമിക്കുമ്പോഴും വീട്ടകങ്ങളില്‍ ജീവിതം ജീവിച്ചുതീര്‍ക്കുന്ന ചില സ്ത്രീജന്മങ്ങളെയാണ്. 

പ്രവാസജീവിതത്തില്‍ നിന്നുളള ഒട്ടേറെ ഏടുകള്‍ നിഷ്‌കളങ്കനില്‍ കഥയായി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഒരു പ്രവാസിയുടെ പുട്ടും കടലയും പപ്പടവുമെന്ന ലക്ഷ്വറിയും (വെളുത്തകുപ്പായമിട്ട സുന്ദരി) ജീവിതം വെട്ടിപ്പിടിക്കുമെന്ന മോഹത്തില്‍ കടല്‍ കടന്നെത്തി സര്‍വസ്വവും നഷ്ടപ്പെടുന്ന, ആ പരാജയത്തില്‍ തളരാന്‍ കൂട്ടാക്കാതെ വീണ്ടും ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുന്ന പ്രവാസികളുടെ അതിജീവനത്തിന്റെ നേരനുഭവങ്ങളുമെല്ലാം(കടപ്പാടുകളുടെ നൊമ്പരം)നൊമ്പരത്തോടെ മാത്രമേ വായിച്ചുതീര്‍ക്കാനാവൂ..

ഏതൊരുപ്രവാസിയിലും കാണുന്ന ഗൃഹാതുരതയും രഞ്ജിത്തിന്റെ ഓരോ കഥയിലും വ്യക്തം. കഥാകാരന്റെ കുട്ടിക്കാലത്തേക്കുളള തിരിച്ചുപോക്കാണ് 'സൗഹൃദം തലമുറകളിലൂടെ ഒരോര്‍മ കുറിപ്പ്.' 
തന്നെ സ്വാധീനിച്ച അമ്മയുടെ അച്ഛനെ കുറിച്ചുളള ഓര്‍മകള്‍ക്കൊപ്പം കുട്ടിക്കാലത്തിന്റെ ഓര്‍മകളും കഥയില്‍ചിറകുവിടര്‍ത്തുന്നു. ശീമക്കൊന്നകള്‍ അതിരുതീര്‍ക്കുന്ന റോഡരികുകളും പാടങ്ങളും മഴക്കാലത്ത് തവളയും ചീവിടുമെല്ലാം ചേര്‍ന്നൊരുക്കുന്ന താളാത്മകമായ സംഗീതവുമെല്ലാം കഥാകാരന്‍ വര്‍ണിക്കുമ്പോള്‍ കഥാകാരനൊപ്പം വായനക്കാരനും താന്താങ്ങളുടെ ഗ്രാമത്തിലേക്ക് ഒരു വളളിട്രൗസറിട്ട്  സൈക്കിള്‍ ടയറുരുട്ടി ഒരു ചെറുയാത്ര നടത്തിയേക്കാം. 

അവതാരികയില്‍ പി.സുരേന്ദ്രന്‍ പറയുന്നത് പോലെ നിഷ്‌കളങ്കന്‍ എന്ന കഥാസമാഹാരം ഭാവാത്മക റിയലിസത്തിന്റെ ഉദാഹരണം തന്നെയാണ്, തന്റെ ഓര്‍മകളെ ഒരു നൂലില്‍ കോര്‍ത്ത് രഞ്ജിത്ത് വായനക്കാരന് സമ്മാനിക്കുന്നു. കൈരളി ബുക്‌സാണ് പ്രസാധകര്‍.