ഒഡിയ നോവലിസ്റ്റും ദളിത് ആക്ടിവിസ്റ്റുമായ അഖിലനായക് എഴുതിയ നോവലായ 'ഭേദ' മലയാളത്തിൽ പ്രസിദ്ധീകരിച്ചത് മാതൃഭൂമി ബുക്സ് ആണ്. ടി പി സജീവൻ, സാഗരിക ദാസ് എന്നിവർ ചേർന്ന് ഒഡിയയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്തിരിക്കുന്ന നോവൽ വളറെ പെട്ടെന്നാണ് ചർച്ചാവിഷയമായത്. 'ഭേദ'യുടെ വായനാനുഭവം പങ്കുവെക്കുകയാണ് രാഹുൽ രാധാകൃഷ്ണൻ.

രിത്രവ്യാഖ്യാനങ്ങളെക്കാൾ വ്യാജോക്തികളാൽ സമ്പന്നമായ ചരിത്രം രേഖപ്പെടുത്തുന്ന ഒരു കാലത്ത്, ജാതിചിന്തകൾ അങ്ങേയറ്റം പ്രബലമാണ്. ജാതിവിവേചനത്തിന്റെ ആഴങ്ങളും കാണാവിതാനങ്ങളും മനസ്സിലാക്കണമെങ്കിൽ വിശേഷാധികാരമുള്ളവരുടെ സ്ഥാനവുമായി തട്ടിച്ചു നോക്കിയേ തീരൂ. സാമൂഹികശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ ജാതിയുടെ അസമവാക്യങ്ങളെ സമീപിക്കേണ്ടതുണ്ട് എന്നത് ഏറ്റവും മൗലികമായ നിലപാടാണ്. ജാതി ചോദിക്കുകയും അറിയുകയും ചെയ്യുന്ന മനുഷ്യരുടെ നിലപാടിനെ നിഷ്കളങ്കമായ ഉദ്വേഗമായി കരുതാനാവില്ല. ജാതിസമ്പ്രദായം മുന്നോട്ടുവെയ്ക്കുന്ന വൈജാത്യം അനവധി അനുഭവങ്ങളിലൂടെ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. സവർണധാരകൾ പൊതുസമൂഹത്തിൽ അധിനിവേശം നടത്താൻ ശ്രമിക്കുന്നതിന്റെ രീതികളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ സമകാലത്ത് സജീവമാണ്. ജാതി, അസമത്വത്തിന്റെ വലിയ ഒരു അടിസ്ഥാനം ആയിത്തീരുന്നതിന്റെ ചരിത്രം കൂടുതൽ കൃത്യതയോടെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു.

ജാതിയുടെ വ്യവഹാരക്രിയകളെ കുറിച്ചുള്ള കാലികമായ വിശകലനങ്ങൾ വിവേചനത്തിന്റെ രാഷ്ട്രീയത്തെ വ്യക്തമായി തുറന്നുകാണിക്കുന്നു. ഈ സന്ദർഭത്തിൽ Dalit Studies എന്ന പുസ്തകത്തിന്റെ (2016, Edited by Ramnarayan S Rawat & K Satyanarayana) ആമുഖപഠനത്തിൽ രാഷ്ട്രീയചിന്തകനായ ഗോപാൽഗുരുവിന്റെ ഒരു നിരീക്ഷണത്തെ പ്രത്യേക ശ്രദ്ധയോടെ അവലോകനം ചെയ്യുന്നുണ്ട്. കൊളോണിയൽ ഇന്ത്യയിലെ വരേണ്യഹിന്ദുവർഗത്തിനു സാമൂഹികമായ അപമാനത്തെ കുറിച്ചുള്ള ധാരണ ഉണ്ടാകുന്നത് സംബന്ധിച്ചാണ് അത്. പാശ്ചാത്യാധുനികതയുടെ ഫലമായി വന്നുചേർന്ന ലോകക്രമം ഫ്യൂഡലിസത്തിന്റെ അസ്തിത്വത്തിനു ഭീഷണിയായി ഭവിച്ചതിനു ശേഷമാണ് അവർക്കിടയിൽ അപമാനഭയം ഉടലെടുത്തതെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സഹജമായ ധാർമികബോധം വികസിച്ചത് കൊണ്ടായിരുന്നില്ല അവരിൽ ഈ ബോധ്യം രൂപപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. എങ്കിലും വരേണ്യവിഭാഗത്തിന്റെ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസരംഗത്തെ അപ്രമാദിത്വത്തിനു കോട്ടമൊന്നും തട്ടിയില്ല. എന്നാൽ സാമൂഹികമായി തൊട്ടുകൂടായ്മ അനുഭവിക്കുന്നവരുടെ അവസ്ഥ ബോധ്യപ്പെടണമെങ്കിൽ സവർണരുടെ പരിസരങ്ങളുമായി താരതമ്യം ചെയ്തുതന്നെ പഠിക്കണം. അസവർണരുടെ അനുഭവാഖ്യാനങ്ങളിൽ അവർക്ക് നേരിടേണ്ടി വന്ന അപമാനങ്ങൾ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.

1960-കളുടെ അവസാനത്തോടെ ബോംബയിൽ ദളിതെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. അമേരിക്കയിലെ കറുത്തവർഗക്കാരുടെ സാഹിത്യം അപ്പോഴേക്കും പ്രസിദ്ധമാകുകയും അതിൽ പ്രചോദിതമായിക്കൊണ്ട് ഇവിടെയും ആ ഗണത്തിലുള്ള എഴുത്തുകൾ പ്രകാശിതമാവുകയും ചെയ്തു. അന്ന് നിലവിലുള്ള മറാത്തി സാഹിത്യത്തിന്റെ ഘടനയിലും ഉള്ളടക്കത്തിൽ നിന്നുമുള്ള വഴിമാറി സഞ്ചാരമായിരുന്നു അവ. ഇതിനു തുടർച്ചയെന്നോണം, അമേരിക്കയിലെ 'US Panthers' നെ പോലെ Black Panthers എന്ന പ്രസ്ഥാനം രൂപം കൊണ്ടു. അമേരിക്കയിൽ നിന്ന്, വാൾട്ട് വിറ്റ്മാനെ കുറിച്ചുള്ള ഗവേഷണം പൂർത്തിയാക്കി മടങ്ങിയെത്തിയ എം എൻ വാങ്കഡെ, Black Literature-നെ സംബന്ധിക്കുന്ന വിവരങ്ങൾ ഇവിടെ അവതരിപ്പിച്ചു (Ref: Dalits Past Present and Future - Anand Teltumbde). അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച ഒരു ജേണലിൽ ആണ് ഇത് പ്രസിദ്ധീകരിച്ചത്.. അറുപതുകളുടെ അവസാനം ഔറംഗബാദിലെ ഒരു കോളജിൽ വാങ്കഡെ പഠിപ്പിക്കുന്ന കാലത്താണിത് നടക്കുന്നത്. വാങ്കഡെയുടെ ശിഷ്യനായ ജനാർദ്ദൻ വാഗ്മരെ ആഫ്രോ-അമേരിക്കൻ സാഹിത്യത്തെ പറ്റി തുടർച്ചയായി എഴുതിയതും ഇക്കാലത്താണ്. വിവേചനത്തെ ചെറുക്കാനായി സവർണ/ബ്രാഹ്മണ ആധിപത്യത്തിനെതിരെ പൊരുതിയ Black Panthers താമസിയാതെ മറ്റു ഇടങ്ങളിലേക്കും വ്യാപിച്ചു. വൈകാതെ ദളിതെഴുത്തിൽ ഒരു ഉണർവ് ഉണ്ടാകുകയും പ്രസ്ഥാനം സജീവമാകുകയും ഇതിന്റെ അനുരണനങ്ങൾ പൊതുവെ എല്ലായിടത്തും ചലനങ്ങൾ സൃഷ്ടിക്കാനും തുടങ്ങി. 1973-ൽ കർണാടകയിലെ മുഖ്യധാരാസാഹിത്യത്തെ ദളിത് വിഭാഗത്തിൽ നിന്നുള്ള മന്ത്രിയായിരുന്ന ബസവലിംഗപ്പ തള്ളിപ്പറയുകയും സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഇതോടനുബന്ധിച്ച് ദളിത് സംഘർഷസമിതി ഉദയം കൊള്ളുകയാണ്. ക്രമേണ ദളിതെഴുത്തിന്റെ ദിശ കൂടുതൽ സൂക്ഷ്മമായിക്കൊണ്ടിരുന്നു. പ്രാദേശികമായ വീക്ഷണത്തിൽ എഴുതുന്ന ആഖ്യാനങ്ങളും അനുഭവങ്ങളും വ്യക്തിപരവും രാഷ്ട്രീയവുമായ മാന്യത കാക്കുന്ന വിധത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. ജാതിയുടെ പേരിൽ അഭിമുഖീകരിക്കേണ്ടി വരുന്ന തരംതാഴ്ത്തലുകളെ സംബോധന ചെയ്തുകൊണ്ടാണ് ഇവ രചിക്കപ്പെട്ടത് എന്നും കാണാം.

ദളിത് സ്വത്വസംഘർഷങ്ങളുടെ മൂല്യനിർണയവും ചരിത്രവും അനാവരണം ചെയ്യുക എന്ന വിശാലലക്ഷ്യത്തെയാണ് ദളിത് സാഹിത്യം മുറുകെ പിടിക്കുന്നത്. പക്ഷെ, ദളിത് സംഘർഷചിത്രങ്ങളെ അപരിമിതമായ സാധ്യതകളിലൂടെ അവതരിപ്പിക്കുന്നത്തിൽ ദളിത് സാഹിത്യത്തിന് സാധിച്ചിട്ടുണ്ടോ എന്ന സംശയം ആനന്ദ് തെൽതുംതെ പ്രകടിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വായിച്ചെടുക്കാൻ സാധിക്കാം (Dalits Past Present and Future - Anand Teltumbde Page 26). കടന്നുവന്ന നാൾവഴികൾ മൂല്യനിർണയം ചെയ്യാൻ കഴിയുന്നതാവണം അത്തരം എഴുത്തുകളെന്നും അദ്ദേഹം പറയുന്നു. അതിലൂടെ പോരാട്ടങ്ങൾക്ക് ഊർജം പകരാനും സാധിക്കുമെന്നു തീർച്ചയാണ്.

ബ്രാഹ്മണർ ഉൾപ്പടെയുള്ള സവർണവിഭാഗത്തിന്റെ മേൽക്കോയ്മയെ എതിർക്കാനുള്ള ദളിത് വിഭാഗത്തിന്റെ ചരിത്രമാർഗം വിശകലനാർഹമാണ്. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്ന്, ജാതിരാഷ്ട്രീയത്തിന്റെ നിഴലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ വിദ്യാഭ്യാസപദ്ധതിയെക്കുറിച്ച് ഗോപാൽ ഗുരുവും മീന കന്ദസ്വാമിയും കൂടെ രചിച്ച 'A Dalit History' എന്ന പുസ്തകത്തിൽ സുവ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. മാലിന്യവുമായി ബന്ധപ്പെടുത്തിയാണ് ദളിതരെ സവർണർ നോക്കിക്കാണുന്നതെന്നും അതിനാൽ അവരെ അകറ്റി നിർത്തുകയും സാംസ്കാരികമായി ഒറ്റപ്പെടുത്തുകയും ചെയ്യുന്ന മനോഭാവമാണ് 'ശ്രേഷ്ഠ'ജാതിക്കാർ അനുവർത്തിക്കുന്നത് എന്നുമുള്ള ഈ പുസ്തകത്തിലെ ഒരു സൂചന പ്രാധാന്യമർഹിക്കുന്നു. സാമൂഹികസമത്വത്തിനായി ഒരുവശത്ത് കൃത്യമായ ചുവടുവെപ്പുകൾ നടക്കുന്നുവെങ്കിലും മറുതട്ടിൽ അവയ്ക്കെതിരെയുള്ള നീക്കങ്ങളും ചടുലമാണ്. ജാതീയമായ ആശയസംവാദത്തിലെ ഭിന്നതകൾ പ്രകടമായി തന്നെ പുറത്തു വരികയാണ്. മാത്രമല്ല, ജാതി/മത/വർഗ വിവേചനം സമൂഹത്തിൽ നിന്നും മായ്ച്ചുകളയുക എന്ന ദുഷ്കരയത്നത്തിന്റെ ക്രിയാരീതി ശ്രമകരമാണ്. ഇങ്ങനെയുള്ള വ്യത്യാസങ്ങൾ നമ്മുടെയിടയിൽ വളരെ ശക്തമായി നിലനിൽക്കുന്നുണ്ട്. ഒരുപടികൂടി കയറി വിവിധ തലങ്ങളിലുള്ള അന്തരം പ്രത്യക്ഷത്തിൽ നമ്മെ സ്പർശിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ വ്യവസ്ഥിതികൾ രൂപപ്പെടുത്തുന്ന ഘടകങ്ങൾ 'ജാതി' എന്ന സംവർഗത്തിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത് എന്നത് തള്ളിക്കളയാനാവില്ല. ജാതിഘടനയുടെ അടരുകളും അടിപ്പടവുകളും സമൂഹത്തെ സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങൾ കണ്മുന്നിലുണ്ട്. ജാതി വേർതിരിവുകൾ എങ്ങനെയെല്ലാമാണ് വ്യക്തിയധിഷ്ഠിതമായും സാമൂഹികാധിഷ്ഠിതമായും ഇടപെടലുകൾ നടത്തുവെന്നത് ശ്രദ്ധാപൂർവം അപഗ്രഥിക്കണം.

ഭേദ
പുസ്തകം ഓൺലൈനായി വാങ്ങാം

ഇത്തരം ഒരു ചുറ്റുപാടിൽ ദളിതെഴുത്തുകളുടെ ഈടുവെപ്പുകൾ പ്രസക്തമാണ്. അനുഭവവിവരണങ്ങളായും പഠനങ്ങളായും ശ്രദ്ധേയമായ ദളിത് കൃതികൾക്കൊപ്പം ശരൺകുമാർ ലിംബാളെ, ലക്ഷ്മൺ ഗെയ്ക്ക്വാദ്, പാമ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ദളിത് നോവലിസ്റ്റുകളുടെ പട്ടികയിൽ ഒഡിയയിൽ എഴുതുന്ന അഖില നായകുമുണ്ട്. ഒഡിയഭാഷയിലെ ആദ്യത്തെ ദളിത് നോവലാണ്'ഭേദ'. 2010 ലാണ് 'ഭേദ' പ്രസിദ്ധീകരിച്ചത്. ഇതിന്റെ മലയാള പരിഭാഷ 2021- ൽ മാതൃഭൂമി ബുക്സ് പുറത്തിറക്കുകയുണ്ടായി. ഒഡിയയിൽ നിന്ന് നേരിട്ട് മലയാളത്തിലേക്ക് ടി പി സജീവൻ, സാഗരിക ദാസ് എന്നിവരാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. വിവർത്തനമാണെന്ന തോന്നൽ ഉരുവപ്പെടാത്ത വിധം മൂലകൃതിയുടെ സൂക്ഷ്മഭേദത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ പരിഭാഷയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തുപറയണം. ഒഡീഷയിലെ കളഹണ്ടി എന്ന ജില്ലയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് നോവലിന്റെ പരിസരപ്രമേയം. ഭേദ എന്ന പേര് തന്നെ വിവേചനത്തിന്റെ വീർപ്പുമുട്ടൽ പേറുന്നതാണ്. ജാതിയുടെ അധികാരക്രമത്തിനെതിരെ ചെറുത്തുനിൽക്കുന്ന സമൂഹത്തിന്റെ അരികുകളിൽ ജീവിക്കുന്നവരുടെ സംഘർഷങ്ങളെയാണ് 'ഭേദ' പ്രതിനിധീകരിക്കുന്നത്. കാലുഷ്യങ്ങളുടെ നെടുംപാതയിലൂടെയുള്ള ജീവിതപഥത്തിലെ അനുഭവങ്ങളുടെ കാമ്പും കാതലും അഖില നായകിന്റെ ആഖ്യാനത്തിന്റെ ഉൾമടക്കുകളെ ആകൃതിപ്പെടുത്തുകയാണ്.

ഡോം എന്ന ദളിത് വിഭാഗത്തിൽ ഉൾപ്പെട്ട അഖില നായക് കളഹണ്ടിയിൽ നിന്നുള്ളയാളാണ്. ഒരു അധ്യാപകന്റെ മകനായ അഖില നായകിനെ പോലെ തന്നെ നോവലിലെ പ്രധാന കഥാപാത്രമായ ലൽട്ടു ഫിറോസ്പുർ യു പി സ്കൂളിലെ പ്രധാനാധ്യാപകനായ ദിനമാസ്റ്ററുടെ മകനാണ്. സവർണരും അസ്പൃശ്യരും തമ്മിൽ പ്രകടമായ സ്പർദ്ധയുള്ള പ്രദേശത്ത് വിവേചനം എല്ലാത്തരത്തിലും സ്പഷ്ടമാണ്. ദിനമാസ്റ്ററുടെ സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള വരിയിൽ വരെ ഇതു നിഴലിക്കുന്നുണ്ട്. സവർണസമുദായങ്ങളിലെ വിദ്യാർത്ഥികൾ ഒരു നിരയിലും ഡോം, ഘാസി എന്നീ സമുദായങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾ മറ്റൊരു നിരയിൽ ഇരുന്നുമാണ് ഭക്ഷണം കഴിക്കുന്നത്. 'മേൽ'ജാതിയുടെ സ്വീകാര്യത ചെറുപ്രായത്തിൽ തന്നെ അങ്ങനെ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുകയാണ്. കാലാകാലങ്ങളായി സമുദായം സംബോധന ചെയ്തുകൊണ്ടിരിക്കുന്ന അനീതികൾ ലൽട്ടുവിനെ പതുക്കെ അലട്ടാൻ തുടങ്ങി. ബയ എന്ന ഭ്രാന്തൻവക്കീലും ലൽട്ടുവുമായുള്ള ഉരസലുകളിലൂടെ വിശേഷാവകാശമുള്ള വർഗ്ഗവും സാധാരണക്കാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് സംജാതമാവുന്നത്. ധ്രുവങ്ങളുടെ അന്തരമുള്ള ഇരുവരുടെയും നീക്കങ്ങൾ അധികാരിയുടെയും അധ:കൃതന്റെയും വൈരുദ്ധ്യങ്ങളെ പ്രത്യക്ഷമാക്കുന്നു. സഹജ്കോൽ വനസംരക്ഷണ കമ്മിറ്റിയുടെ തലവനായ ലൽട്ടു ബയയുടെ അനധികൃതമായ മരംമുറിക്കലും മറ്റും തടയുന്നുണ്ട്. അങ്ങനെ ബയയ്ക്ക് അയാളോടുള്ള വൈരാഗ്യം വർധിക്കുകയും ചെയ്യുന്നു. ശാഖാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ബയ ഹിന്ദുത്വവികാരം വളർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിൽ പൂർണമായ വിജയം കണ്ടെത്തുന്നില്ല. ക്രിസ്ത്യാനികളായി പരിവർത്തനം നടത്താതിരിക്കാനായി ഡോമുകളെ ശാഖയിൽ പങ്കെടുപ്പിക്കാൻ അക്ഷീണം യത്നിക്കുന്ന ബയയുടെ അടവുനയം പരാജയപ്പെടുകയാണ്. ജാതികൾക്കിടയിലെ സമരത്തിന് ശാഖ കളമൊരുക്കുകയും ചെയ്യുന്നുണ്ട്. ജാതി ശുദ്ധീകരിക്കുന്ന ചടങ്ങുകളും സമുദായത്തിൽ നിന്ന് വിലക്കുകൾ ഏർപ്പെടുത്തുന്നതും ഒക്കെ സ്ഥിരം സമ്പ്രദായങ്ങളായിത്തീർന്നു. സവർണശരീരം ചിന്തേരിടുന്ന ചിന്തയും യുക്തിയും അസ്പൃശ്യർക്ക് എതിരായി കൊമ്പുകോർക്കുന്നതിന്റെ പല സന്ദർഭങ്ങൾ നോവലിലുണ്ട്.

രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു ശേഷവും സവർണരാഷ്ട്രീയം സ്ഥൂലവും സൂക്ഷ്മവുമായ കണ്ണുകളോടെ അധികാരത്തിന്റെ വാർപ്പുമാതൃകകളെ സൃഷ്ടിക്കുന്നു. കളഹണ്ടിയിലെ ചുറ്റുവട്ടങ്ങളും സമാനമാണ്. ഇപ്രകാരം യാഥാർഥ്യവുമായി ചേർന്നുനിൽക്കുന്ന ആഖ്യാനരൂപം മെനഞ്ഞെടുക്കാനാണ് അഖില നായകിന്റെ ഉദ്യമം ലക്ഷ്യംവെക്കുന്നത്. സാമൂഹികവും സാമ്പത്തികവും സാമുദായികവുമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തിന്റെ ഗന്ധമാണ് നോവലിലെ താളുകൾക്ക്. ഏതുവിധേനയും എന്തെങ്കിലും ജോലി തരപ്പെടുത്തി കുടുംബം പുലർത്തുക എന്ന ഉദ്ദേശ്യത്തെ മുൻനിർത്തി ആന്ധ്രപ്രദേശിലെ ഇഷ്ടികക്കളത്തിലേക്ക് പണിക്കുപോകുന്ന അസവർണവിഭാഗക്കാരെ കുറിച്ച് നോവലിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ പൊതുവെ വിദ്യാഭ്യാസത്തിനു വേണ്ടത്ര പരിഗണനയൊന്നും കളഹണ്ടിയിലെ അസവർണർ നൽകുന്നില്ല. അതിനുള്ള സാഹചര്യം ഇല്ല എന്ന് പറയുന്നതാവും ശരി. സ്വാഭാവികമായും പല അന്ധവിശ്വാസങ്ങളും അവരുടെയിടയിൽ വേരുറയ്ക്കുന്നുണ്ട്. ഉദാഹരണത്തിന് പശുവിന്റെ എല്ലുകൊണ്ട് തല്ലുകിട്ടിയാൽ ജാതിപോകുമെന്ന പ്രമാണം ഡോമുകൾക്കിടയിൽ നിലനിൽക്കുന്നു. സാമൂഹികമായ അകൽച്ച സമാധാനാന്തരീക്ഷത്തിനു പോറലേൽപ്പിക്കുകയും വിശ്വാസങ്ങളെ ആധാരമാക്കിയുള്ള കലഹങ്ങൾ പതിവാക്കുകയും ചെയ്യുന്ന സ്ഥിതിയാണ് കളഹണ്ടിയിലേത്.

'മന്ദാകിനിയിലെ ചെളി മേത്തുതേച്ചാൽ ഊരിലെ പന്നി പശു ആകുമോ' എന്ന പുച്ഛത്തോടെയാണ് സവർണർ മറ്റുവിഭാഗക്കാരെ കാണുന്നത്. ഇങ്ങനെ സമൂഹത്തിലെ അനാചാരങ്ങളും ഡോമുകളോടുള്ള ഭേദചിന്തയും നിരങ്കുശം നടമാടുന്ന വേളയിൽ ലൽട്ടു ഒരു നേതാവായി ഉയരുന്ന മുഹൂർത്തമാണ് നോവലിന്റെ രാഷ്ട്രീയകൃത്യത. പഠനം വേണ്ടവണ്ണം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും അയാൾക്ക് സാമൂഹ്യസേവനങ്ങളിലൂടെ നല്ല അഭിപ്രായം സമ്പാദിക്കാൻ സാധിച്ചു. ഇതിനിടയിൽ ശാഖ പുനരുജ്ജീവിപ്പിക്കുകയും അയോദ്ധ്യക്ഷേത്ര നിർമാണത്തിനായി പണം ശേഖരിക്കുകയും ചെയ്യുന്ന ബയയുടെയും സെമിസേത്തിന്റെയും പ്രവൃത്തിയെ ലൽട്ടു സമർത്ഥമായി തടയുന്നുമുണ്ട്. 'എവിടെ നിന്നോ കരിയിലയായി പാറിവന്ന ഒരുത്തനെയാണോ നാം ആരാധിക്കേണ്ടത്' എന്ന ലൽട്ടുവിന്റെ കുന്തമുനയാർന്ന ചോദ്യംചെയ്യലിൽ ജനങ്ങൾക്ക് വെളിവുണ്ടാകുകയാണ്. മനുഷ്യർ ആരാധിക്കുന്ന ദൈവങ്ങളിലും ശ്രേണീവ്യവസ്ഥ രചിക്കുകയും ജാതിക്കനുസൃതമായി ദൈവങ്ങളുടെ വിഭജനം നിർവഹിക്കുകയും ചെയ്യുന്ന സമൂഹത്തെയാണ് നോവലിൽ വ്യക്തമാക്കുന്നത്. ഡോമുകൾക്ക് മഹാദേവന്റെ അമ്പലത്തിൽ പോകാൻ അനുമതി ലഭിച്ചിരുന്നില്ല. അവരുടെ ദേവീദേവന്മാർ 'മഹാ'ദേവനെക്കാളും 'താഴെ'യുള്ളവരാണ്. സ്ഥലപ്പേരുകളെ ഹിന്ദുത്വവൽക്കരിച്ച് വർഗീയമായ ധ്രുവീകരണത്തിനായി ഉരച്ചുനോക്കുന്നതും 'ശ്രേഷ്ഠ'തയിലേക്ക് എത്തിച്ചേരാനുള്ള മതാധിഷ്ഠിതസമൂഹത്തിന്റെ വ്യഗ്രതയെയാണ് കുറിക്കുന്നത്. ഫിറോസ്പൂർ എന്ന സ്ഥലപ്പേരിനെ ശ്രീറാംപൂർ എന്ന് മാറ്റാൻ അധ്വാനിക്കുന്നവരോട് ലൽട്ടുവിന്റെ പ്രതിഷേധവും ഇതിനോട് കൂട്ടിവായിക്കണം. അലഹാബാദിനെ പ്രയാഗ് രാജ് ആക്കിയതുപോലെയും ഫൈസാബാദിലെ ജില്ലയെ അയോദ്ധ്യ ആക്കിയത് പോലെയുമുള്ള ഹിന്ദുത്വരാഷ്ട്രീയത്തിന്റെ തന്ത്രമായിരുന്നു ഇതും എന്നത് ഗൗരവമർഹിക്കുന്ന വിഷയമാണ്. ചുരുക്കത്തിൽ ലൽട്ടു ഒരു പ്രതിനിധി മാത്രമാണ്; അയാളെ ഉന്മൂലനം ചെയ്യേണ്ടത് വ്യവസ്ഥയുടെ ആത്യന്തികമായ ഉന്നവും. ബാങ്ക് ലോണെടുത്ത് അയാൾ ആരംഭിച്ച പുസ്തകശാല, വെറി പൂണ്ട ശത്രുക്കൾ തീവെച്ചുനശിപ്പിക്കുകയാണ്. അങ്ങനെ ജാതിയും അധികാരവും തമ്മിലുള്ള വെറുപ്പിന്റെ അധ്യായം തുടർന്നു കൊണ്ടേയിരിക്കുന്നു.

സവർണജാതിയിലുള്ളവരുടെ അസഹിഷ്ണുത ദളിതരെ സാമൂഹികമായി നിരന്തരം താഴ്ത്തിക്കെട്ടലുകൾക്ക് വിധേയമാക്കുകയാണെന്ന ഗോപാൽ ഗുരുവിന്റെ ('For Dalit History Is Not Past But Present' എന്ന ലേഖനം) അഭിപ്രായം 'ഭേദ'യുമായി ചേർത്തുവായിക്കണം. പീഡിപ്പിക്കുന്നവരുടെ അസഹിഷ്ണുതയും തങ്ങൾ അനുഭവിക്കുന്ന അസ്വാതന്ത്ര്യവും നിത്യമായ സംഘർഷമാണ് ദളിതർക്ക് കൊടുക്കുന്നതെന്ന വാദഗതിയും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അസ്വാതന്ത്ര്യത്തിനും അസഹിഷ്ണുതയ്ക്കും ഇടയിലെ വൈരുധ്യത്തിലൂടെ സഹിഷ്ണുതയുടെ 'ഉദ്ദേശ്യശുദ്ധി'യെ ചോദ്യം ചെയ്യാനാവും എന്നാണു അദ്ദേഹം ആലോചിക്കുന്നത്. ഇതേ അംശത്തിന്റെ പ്രതിഫലനങ്ങൾ 'ഭേദ'യിൽ കാണാം. കീഴാളവർഗ്ഗത്തിന്റെ ജ്ഞാനനിർമിതി പ്രായോഗികമായി ആവിഷ്കരിക്കുന്ന നോവലിസ്റ്റ് അനുഭവങ്ങളുടെ ആഴങ്ങളെയും വിവേചനങ്ങളുടെ അസഹനീയമായ അപമാനത്തെയും യഥാതഥമായി അവതരിപ്പിക്കുന്നു. എന്തുകൊണ്ട് ചരിത്രത്തിലെ നിയാമകമായ മാറ്റത്തിന്റെ ഗുണഫലം കൃത്യമായ കാലത്ത് അർഹതപ്പെട്ടവർക്ക് ലഭിക്കുന്നില്ല എന്ന ചോദ്യം അവശേഷിപ്പിച്ചേ 'ഭേദ'യുടെ വായന അവസാനിപ്പിക്കാൻ പറ്റൂ. നവീകരിക്കാനുള്ള വിഭവശേഷിയും പരിതഃസ്ഥിതിയും എങ്ങനെയാണ് അവർക്ക് സ്വായത്തമാക്കുക എന്ന വിചാരവും ഇതിനു പിന്നാലെ ഉണ്ടാകുന്നു എന്ന് വരുമ്പോഴാണ് 'ഭേദ', അതിന്റെ ലക്ഷ്യം ഭേദിക്കുന്നത്. ഡോമുകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദം കൊടുക്കാതിരിക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയുടെ നഗ്നമായ ലംഘനമാണ്. ജനാധിപത്യജീവിതത്തിന്റെ ഉടമ്പടികൾ ജീർണിക്കുകയും ഭരണാധികാരികൾക്ക് അന്ധത ബാധിക്കുകയും ചെയ്യുന്നത് ഗതകാലസ്മരണ മാത്രമല്ലല്ലോ എന്ന് ഓരോരുത്തരെയും ചിന്തിക്കാൻ നോവലിന്റെ വായന പ്രേരിപ്പിക്കുന്നു. ജാതിയുടെ മേൽക്കോയ്മായും ജാതിബോധത്തിന്റെ മേൽക്കൈയും തകർത്തെറിയുന്ന ഒരു കാലത്തെ പറ്റിയുള്ള പ്രത്യാശയാണ് 'ഭേദ'. കീഴാളകാഴ്ചകളെ ബോധപൂർവം അദൃശ്യമാക്കുന്ന രാഷ്ട്രീയധാരയ്ക്കെതിരെ രൂപപ്പെടുന്ന നവവ്യവസ്ഥയുടെ സാഹിത്യപ്രതീകമാണ് അഖില നായകിന്റെ ആഖ്യാനം.

പുസ്തകം ഓൺലൈനായി വാങ്ങാം

Content Highlights : Book Review by Rahul Radhakrishnan Novel Bheda written by Akhila Nayak Translated by T P Sajeevan and Sagarikgadas published by Mathrubhumi Books