ലയാള നോവല്‍ അവസാനിക്കുന്നില്ല. പുതിയ പ്രതീക്ഷകളുടെ തിരിയേന്തുന്നു പുതിയ കുട്ടികള്‍. ഉദാഹരണങ്ങളിലൊന്ന് അമലിന്റെ ബംഗാളി കലാപം. കല്‍ഹണനും വ്യസനസമുച്ചയവും പിറന്ന തൂലികയില്‍ നിന്നെത്തുന്നു ബംഗാളി കലാപം. വരാനിരിക്കുന്ന സംഘര്‍ഷഭൂമിക. അതോ നടന്നുകഴിഞ്ഞതോ?  മലയാളിയുടെ പുരുഷോത്തമബോധത്തില്‍ നിന്ന് പിറക്കുന്ന പുച്ഛങ്ങളുടെ അഗ്രപുച്ഛങ്ങള്‍ കാണാം ഈ താളുകളില്‍. എന്നാല്‍ അതിലേറെ അമല്‍ ബോധ്യപ്പെടുത്തുന്നു. ഏതു പുതിയ അന്തസംഘര്‍ഷങ്ങളേയും ആത്മാവില്‍ ഏറ്റുവാങ്ങാന്‍ പ്രാപ്തം പുതിയ കാലം. 

ബംഗാളി എന്ന പൊതു സംജ്ഞയില്‍ നിറഞ്ഞ നിന്ദയാണ് മലയാളിക്ക് മറുനാടന്‍ തൊഴിലാളി. സര്‍വം ചെയ്യാന്‍ അവന്‍/ അവള്‍ വേണം. പാടത്ത്, പറമ്പില്‍, അലക്കു കല്ലില്‍, ഇസ്തിരിയിടാന്‍, കല്ലു വെട്ടാന്‍, മണ്ണു കുഴയ്ക്കാന്‍, കമ്പി വളയ്ക്കാന്‍, അറബാന പിടിക്കാന്‍, തടി അറുക്കാന്‍, വീടു കെട്ടാന്‍, പാചകത്തിന്, ശുചീകരണത്തിന്, തടിയനങ്ങുന്ന എല്ലാ ജോലിയും ചെയ്യാന്‍ അവര്‍ വരണം. ചുരമിറങ്ങി. മൂന്നാം ക്ലാസ് കമ്പാര്‍ട്‌മെന്റിന്റെ നാറുന്ന പൊടിയും മണ്ണും തിന്ന്.

തൊഴിലാളിസ്വത്വം മലയാളിക്ക് അപരിചിതമല്ല. അഥവാ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇതേ കാലത്ത് മലയാളി തുടങ്ങിയ പലായനത്തിന്റെ ഇങ്ങേയറ്റത്താണ് ഇപ്പോള്‍ കേരളം. കാടും കടലും കടന്ന് മലയാളി പോയി. ടെപ്പ് റൈറ്റിംഗും കമ്പ്യൂട്ടറും പഠിച്ച് സഞ്ചരിച്ചു. നഴ്‌സായി. ഡോക്ടറായി, എഞ്ചിനീയറായി. അധ്യാപകരായി. പിന്നെ ആരുമാവാതെ അലഞ്ഞു. മുകുന്ദനും കാക്കനാടനുമൊക്കെ ആ യാത്രകളില്‍ അസ്തിത്വവേദന കലര്‍ത്തി. ഇട്ടിക്കോരയിലും ദേവനായകിയിലുമൊക്കെ നോവല്‍ ഭൂഖണ്ഡങ്ങള്‍ കടന്നു.

അപ്പോഴും കടന്നു വന്നു കൊണ്ടിരുന്നു അയല്‍ക്കാര്‍. അന്യ സംസ്ഥാനങ്ങളില്‍ നിന്ന്. കഴിഞ്ഞ തലമുറകളുടെ വിയര്‍പ്പിന്റെ വിലയുണ്ട് ചാരുകസേരയില്‍ അമര്‍ന്നവര്‍ക്ക് ഇടയിലേക്ക്. കൂലിക്കുറവില്‍. ബംഗാളികള്‍. അവരെ നിന്ദിച്ചും അവഗണിച്ചും കാണാതേയും മലയാളി നടന്നു. അവരും തൊഴിലാളികളെന്ന് തൊഴിലാളി പാര്‍ടികള്‍ അറിഞ്ഞില്ല. ആ സഖാക്കള്‍ വെറും ബംഗാളികളായി. അവിടെ ഭദ്രാലോകിന്റെ ചുവപ്പില്ല. ഹിന്ദുക്കള്‍ക്ക് അവര്‍ ഹിന്ദുക്കളായില്ല, മുസ്ലീങ്ങള്‍ക്ക് അവര്‍ മുസ്ലീങ്ങളും. ആ മുഴുവന്‍ അന്യസംസ്ഥാനക്കാരും ചേരുന്ന വലിയ സമൂഹമാണ് അമലിന്റെ ബംഗാളി.

പശ്ചിമ ബംഗാളില്‍ സിലിഗുഡിക്കടുത്ത് ഒതളബാഡി എന്ന ഗ്രാമമുണ്ട്. പ്രാചീനമായ ആല്‍ത്തറ. ചെറിയ ക്ഷേത്രം. വയല്‍. പറമ്പ്. ഓടിട്ട വീടുകള്‍. മുറ്റത്ത് അമരപ്പന്തലുകള്‍. കയ്പവല്ലരികള്‍. വലിച്ചു കെട്ടിയ കയറയകള്‍. അതില്‍ തൂക്കിയിട്ട കവുങ്ങിന്‍പട്ടകള്‍. എല്ലാം ഉള്ള നാട്. കാണാം, അവിടെ വീട്ടു ചുവരുകളില്‍, കണ്ണൂരിലേയും മുക്കത്തേയും സഹകരണ സംഘങ്ങളുടെ കലണ്ടറുകള്‍. നക്‌സലൈറ്റ് ഐതിഹ്യങ്ങള്‍ ഉറങ്ങിക്കിടക്കുന്ന നക്‌സല്‍ബാരിയില്‍ നിന്ന് അധികദൂരമില്ല ഒതളബാഡിയിലേക്ക്. അവിടെ മിക്കവാറും പേര്‍ നിങ്ങളോട് മലയാളത്തില്‍ സംസാരിക്കും. അവിടെ നിന്നുള്ള മുവായിരത്തോളം പേര്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ പണിക്കാരായുണ്ട്. മൂന്നരപ്പതിറ്റാണ്ട് ഭരിച്ച സിപിഎമ്മിന് കഴിഞ്ഞതിലും വേഗത്തില്‍ ബംഗാളി ആദ്യമായി വെളിയിടവിസര്‍ജനം നിര്‍ത്തിയത് ഇവിടെയാണ്. ഇപ്പോള്‍ മോദി നിര്‍മ്മിച്ചതിനേക്കാള്‍ നല്ല ഒറ്റയാള്‍ കക്കൂസു വന്നു. കേരളം അന്യനാടുകളില്‍ സ്വര്‍ഗമാവുന്നത് അങ്ങനെയൊക്കയാണ്.

എന്നാല്‍ ആ തൊഴിലാളികളോ? ആശങ്കകള്‍ക്കും സന്ദേഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇടയില്‍ നമുക്കിടയില്‍. അന്യസംസ്ഥാന തൊഴിലാളിയ്ക്ക് മനുഷ്യാവകാശങ്ങളോ? അത്ര വലുതായൊന്നും അംഗീകരിച്ചിട്ടില്ല മലയാളി. ഏതു കേസിലും അവന്‍ എളുപ്പത്തില്‍ പ്രതി. ഉടമയില്ലാത്തവന്‍. നിരാലംബന്‍.അമലിന്റെ അനാറുള്‍ ഇസ്ലാം വരുന്നത് അസമില്‍ നിന്നാണ്. ബ്രഹ്മപുത്രാ കുന്നുകളില്‍ നിന്ന്. നിരന്തരം കവിതകള്‍ എഴുതുന്നവന്‍. അക്രമത്തില്‍ ഉലയ്ക്കപ്പെട്ട മനസ്സുണ്ടവന്. കൊല്‍ക്കൊത്തയിലെ അനാഥരായ സഹോദരങ്ങളില്‍ നിന്നും അവന്‍ അകലേക്ക് തിരിക്കുന്നു. കേരളത്തിലേക്ക്. അവന് കിട്ടുന്ന ആദ്യ സുഹൃത്ത് മൃഗാങ്കയാണ്. ഏകചക്രയില്‍ നിന്ന് വരുന്നവന്‍. കമ്മ്യൂണിസ്റ്റ്. തൊഴിലാളിത്തം ഉറച്ച് അവന്‍ കേരളത്തിലേക്ക്. 

bengali kalaapamസ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളം ഏറ്റുമുട്ടുന്നു പിന്നീടെന്നും. അനാറുളിന്റെ കവിതകള്‍ വേരറ്റതാണ്. അത് വായനക്കാരെ പോലും പ്രതീക്ഷിക്കുന്നില്ല. ചില വിത്തുകള്‍ പാറപ്പുറത്ത്. ചിലത് വയലില്‍. ചിലത് ഓടയില്‍. ചിലത് അലസമലയാളിയെ അലോസരപ്പെടുത്ത് വീട്ടുമുറ്റത്ത്. കവിതയാണ് അനാറുള്‍.പട്ടിണിയും ദാരിദ്ര്യവും ആനന്ദവും സങ്കടവും നിറഞ്ഞ് അനാറുള്‍. കേരളത്തിന്റെ സങ്കീര്‍ണ സമൂഹത്തിന്റെ അടരുകളില്‍ അവന്‍ വീണ്ടും വീണ്ടും വലിച്ചെറിയപ്പെടുന്നു. അമേരിക്കന്‍ അതിരുകളെച്ചൊല്ലി വേവലാതിപ്പെടുന്ന മലയാളി സ്വന്തം വേലികള്‍ മതിലാക്കിമാറ്റുന്നത് അവന്‍ അറിയുന്നു. തിരിച്ചോടാന്‍ അവന്‍ ചുവടുവയ്ക്കുന്നു. അന്നേരം പിറന്ന അസമിലും അവന്‍ അനാര്യന്‍. ബഹിഷ്‌കൃതന്‍. പൗരത്വത്തിന്റെ കേവലാവസ്ഥകളില്‍ അതിന്റെ സ്വത്വം മാറിക്കൊണ്ടേയിരിക്കുന്നു. 

മലയാളിയുടെ പപ്പടക്കുമിളകളെ കുത്തിപ്പൊട്ടിക്കുന്നു വീണ്ടും അമല്‍. ഫേസ്ബുക്കിന്റേയും ട്രോളിന്റേയും സാധ്യതകള്‍ നോവലില്‍ കാണാം. ഗ്രാഫിക്‌സ് നോവല്‍ രചിച്ച അമലിന് മാത്രം കഴിയുന്നത്ര ഇഴചേര്‍ത്തുകൊണ്ട്. അസമിലെ പൗരത്വ രജിസ്റ്ററിനെ വിമര്‍ശിക്കുന്ന മലയാളിയുടെ കാപട്യം കാണിച്ചു തരുന്നു നോവലിസ്റ്റ്.  പുതിയ കാല എഴുത്ത് തെല്ലും പതറുന്നില്ല. പുതിയ വെല്ലുവിളികള്‍ക്കു മുന്നില്‍. സമകാലികരില്‍ നിന്നെല്ലാം വിറകൂരിയെടുത്ത് ജ്വലിപ്പിക്കുന്നു സ്വന്തം രചന അമല്‍. ബംഗാളി കലാപം പുതിയ എഴുത്തിന്റെ നിവര്‍ന്നുനില്‍പാണ്.

ബംഗാളി കലാപം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Book Review Amal Pirappancode's bengali kalaapam.