സംസ്‌കൃതം, തമിഴ്, കന്നഡ, ആന്ധ്രഭാഷ എന്നിവയില്‍നിന്ന് വ്യത്യസ്തമാണ് കേരളഭാഷയെന്ന പരികല്പന സ്ഥാപിക്കാന്‍ ശ്രമിച്ചു വിജയിച്ചുവെന്നതാണ് ലീലാതിലകകാരന്റെ മഹത്വം. അക്കാലത്ത് അതൊരു ചില്ലറ കാര്യമല്ല. മണിപ്രവാളസാഹിത്യത്തിന്റെ ലാക്ഷണികഗ്രന്ഥമായ ലീലാതിലകത്തെയൊരു ചമത്ക്കാരവ്യാകരണമായി കണ്ടതുകൊണ്ടാണ് ലീലാതിലകകാരന് അക്കാര്യത്തെക്കുറിച്ചുള്ള ചില പരികല്പനകള്‍ നടത്താന്‍ കഴിഞ്ഞത്. സങ്കല്പനത്തിന്റെ അടിസ്ഥാനത്തില്‍ എഴുത്തുകാര്‍ രൂപപ്പെടുത്തിയെടുക്കുന്ന ഭാവുകത്വഭാഷയുടെ നിയമാവലിയാണ് ചമല്‍ക്കാരവ്യാകരണം.

സൗന്ദര്യബോധത്തിന്റെ യുക്തിക്കനുസരിച്ച് എഴുത്തുകാര്‍ വ്യാകരണസംവര്‍ഗങ്ങളെ പരിവര്‍ത്തനപ്പെടുത്തി നിര്‍മ്മിച്ചെടുക്കുന്ന ഭാവുകത്വഭാഷയെയാണ് ചമല്‍ക്കാരവ്യാകരണം ലക്ഷ്യം വയ്ക്കുന്നത്. മണിപ്രവാളസാഹിത്യത്തോടും കേരളഭാഷയോടും അവ അര്‍ഹിക്കുന്ന നീതി നടപ്പാക്കാന്‍ ലീലാതിലകകാരന് സാധിച്ചത് ഇക്കാര്യത്താലാണ്. സമകാലികവിജ്ഞാനബോധത്തിന്റെ അടിസ്ഥാനത്തില്‍ മണിപ്രവാളകൃതികളില്‍ പുനപ്രവേശിച്ചുകൊണ്ട് അവയ്ക്ക് സാമൂഹ്യ-കാവ്യനീതി ഉറപ്പിച്ചെടുക്കാന്‍ സാധിച്ചുവെന്നതാണ് ഡോ. ദീലീപ്കുമാര്‍ കെ. വി. കൈവരിച്ച നേട്ടം. മണിപ്രവാളസാഹിത്യഗവേഷണത്തിനുവേണ്ടി സമര്‍പ്പിതമായൊരു ജീവിതത്തിന്റെ ഉത്പന്നമാണ് അദ്ദേഹത്തിന്റെ നവീനഗ്രന്ഥമായ അകക്കാഴ്ച്ചകള്‍ മണിപ്രവാളപഠനങ്ങള്‍. ഏറെക്കുറെ  ബൃഹത്തായ ഈ ഗവേഷണകൃതി നിയോക്ലാസിക് കൃതികളുടെ വായനയ്‌ക്കൊരു നവീനരീതിശാസ്ത്രം അവതരിപ്പിക്കുന്നു.

മണിപ്രവാളത്തെയൊരു പാത്രമായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് തലക്കെട്ട് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അകവും അരികും പുറവുമുള്ള പാത്രമാണ് മണിപ്രവാളം. ഈ സമഗ്രവീക്ഷണത്തില്‍ മണിപ്രവാളത്തെ പൂര്‍വപഠനങ്ങള്‍ കണ്ടിരുന്നില്ല. ഒന്നുകില്‍ പുറം അല്ലെങ്കില്‍ അകം അതുമല്ലെങ്കില്‍ അരിക് എന്ന മട്ടിലായിരുന്നു പഠിതാക്കള്‍ മണിപ്രവാളത്തെ കണ്ടിരുന്നത്. എല്ലാം ഭാഗിക വീക്ഷണങ്ങള്‍. ഈ ഭാഗികവീക്ഷണങ്ങള്‍ മണിപ്രവാളത്തെ വരേണ്യവര്‍ഗത്തിന്റെ അധാര്‍മികസംസ്‌കാരത്തിന്റെ ആവിഷ്‌കാരമായും അവരുടെ ശുദ്ധഭാഷാകേളിയായും വിലയിരുത്തി.

ഒരു കൃതി അതത് കാലഘട്ടത്തിന്റെ ആവിഷ്‌കാരം മാത്രമല്ല ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ അവസ്ഥാഭേദങ്ങളുടെ പ്രകടനംകൂടിയാണെന്ന് കണ്ടുകൊണ്ടു മണിപ്രവാളസാഹിത്യത്തെ പഠിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഗ്രന്ഥകാരന്റെ നേട്ടം. മണിപ്രവാളകൃതികളിലെ ദേശിമയും സാമൂഹിക ഇടവും; ജനതതി സഞ്ചരിച്ചുമുന്നേറിയ പൊതുപാതകളും ദത്തമായി സ്വീകരിച്ചുകൊണ്ടു മണിപ്രവാളത്തിന്റെ ഭൂമിശാസ്ത്രസംസ്‌കാരം മനസ്സിലാക്കിയെടുക്കാന്‍ ഗ്രന്ഥകാരന് സാധിച്ചു. ഭാഷയുടെ പഴക്കം, പൂര്‍വപഠനങ്ങളുടെ സൂചന, നാണയങ്ങള്‍, ശാസനങ്ങള്‍ എന്നിവയെ ആധാരമാക്കി കാലനിര്‍ണയം നടത്തുന്ന കാര്യത്തിലും ഡോ. ദിലീപ്കുമാര്‍ വിജയിച്ചു. സാഹിത്യവിജ്ഞാനചരിത്രത്തിന്റെ വിജയമായി ഇത് അടയാളപ്പെടുത്തപ്പെടും. സാഹിത്യകൃതികളെ ജീവചരിത്രമായോ ആത്മകഥയായോ കാണുന്ന സമീപനത്തില്‍നിന്ന് വ്യതിചലിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ഇക്കാര്യം സാധിച്ചത്.

മണിപ്രവാളകവികളുടെ സാമൂഹികബോധത്തെ അടയാളപ്പെടുത്തുന്ന ഒട്ടേറെ നിഗമനങ്ങള്‍കൊണ്ട് സമ്പന്നമാണ് ദിലീപ്കുമാര്‍ കെ .വിയുടെ ഈ പുസ്തകം. ദൃഷ്ടാന്തത്തിന്- 'മധ്യകാലജീവിതത്തില്‍ അങ്ങാടികള്‍ക്കും സാമ്പത്തികവ്യവഹാരങ്ങള്‍ക്കുമുണ്ടായിരുന്ന പ്രസക്തിയെപ്പറ്റി അന്നത്തെ കവികള്‍ക്ക് നല്ല തെളിച്ചമുണ്ടായിരുന്നു'(പുറം-193). പ്രാചീനമണിപ്രവാളകൃതികളിലെ അങ്ങാടിവര്‍ണനകളെപ്പറ്റി പരാതി പറഞ്ഞിരുന്ന മുന്‍കാലഗവേഷണപഠനങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഈ ഗ്രന്ഥകാരന്റെ നിലപാട്. മറ്റൊരു ഉദാഹരണം നോക്കുക-  'പ്രാചീന-മണിപ്രവാളകൃതികളില്‍ പ്രതിപാദിക്കുന്ന വൈദ്യം, ഗണിതം, ജ്യോതിഷം, മന്ത്രവാദം എന്നിവ അക്കാലത്തെ ജ്ഞാനവ്യവസ്ഥയുടെ ആവിഷ്‌കാരമാണ്'(പുറം-239). കൂടാതെ മണിപ്രവാളം, മലയാളത്തിലെ മതസാഹിത്യത്തിന്റെ പ്രാരംഭഘട്ടത്തെ ആവിഷ്‌കരിക്കുന്നുവെന്നും  ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു(പുറം-262).

പല പുത്തന്‍ ആശയങ്ങളും മുന്നോട്ടുവെയ്ക്കുന്ന  ഈ ഗ്രന്ഥത്തില്‍  ശദ്ധേയമായ പരികല്പനയാണ് 'മൊഴിമറയല്‍'. വിവര്‍ത്തനരൂപത്തിലല്ലാതെ മൂലപാഠത്തില്‍നിന്ന് ലക്ഷ്യപാഠത്തിലേക്ക് ആശയങ്ങള്‍ കടന്നുവരുന്നതിനെയാണ് 'മൊഴിമറയല്‍' എന്നു വിശേഷിപ്പിക്കുന്നത്. വിവര്‍ത്തനരൂപത്തിലല്ലാതെ സംസ്‌കൃതമൂലത്തില്‍നിന്നൊരാശയം ഭാഷാകൃതിയില്‍ ധാരാളം കടന്നുവന്നതിനെ അടിസ്ഥാനമാക്കിയാണ് ഗ്രന്ഥകാരന്‍ ഈ പരികല്പന രൂപപ്പെടുത്തുന്നത്. ലക്ഷ്യഭാഷയുടെ സാമൂഹിക-പാരിസ്ഥിതിക-സാംസ്‌കാരിക അന്തരീക്ഷത്തില്‍ അനുഭവപ്പെടാത്ത കാര്യങ്ങള്‍ മൂലഭാഷയില്‍നിന്ന് സ്വീകരിക്കുകയാണ് മൊഴിമറയല്‍ ചെയ്യുന്നത്. അതായത്, അന്യഭാഷാസൂചിതങ്ങളെ ലക്ഷ്യഭാഷാസൂചകങ്ങള്‍ ഉപയോഗിച്ചു പ്രതിപാദിക്കുന്ന രീതിയാണ് മൊഴിമറയല്‍. കേരളത്തിലെ കാലാവസ്ഥയുമായി ബന്ധമില്ലാത്ത ശരത്തും ഹേമന്തവുമാണ് ചെറുശ്ശേരിയുടെ ഗാഥയില്‍ കാണുന്നത്; ഇവ സംസ്‌കൃതകാവ്യപരിചയംവഴി ആര്‍ജിച്ച സങ്കല്പനങ്ങളാണ്. അവ വളരെ സ്വാഭാവികമെന്ന നിലയില്‍ സ്വകൃതിയില്‍ എടുത്തുപയോഗിക്കുകയാണ് ചെറുശ്ശേരി. അപ്രകാരം ഈ കവി മൊഴിമറയല്‍ ഉപജീവിക്കുന്നു.

ചുരുക്കത്തില്‍ പുറത്തുനിന്ന് അകത്തേക്ക് നോക്കിയപ്പോള്‍ കണ്ട അകപ്പൊരുളുകളുടെ കാഴ്ചകള്‍ അനുവാചകര്‍ക്കായി തുറന്നുവെച്ചിരിക്കുകയാണ്   ഈ കൃതി. ഇതുവരെ കാണാത്ത പലതും കാണാനും കണ്ടതില്‍ത്തന്നെ പുതുമ ദര്‍ശിക്കാനും കഴിയും. ചേതോഹരമായൊരു ഭാഷയില്‍ ഒരു സഞ്ചാരിയുടെ വിവരണമിടുക്കോടെ മടുപ്പിക്കാത്ത തരത്തിലാണ് ഈ ഗവേഷണകൃതിയുടെ അവതരണം; അതും വേറിട്ടൊരു നോട്ടപ്പാടിലൂടെ.

(മദ്രാസ് സര്‍വകലാശാല മലയാള വിഭാഗത്തിന്റെ മേധാവിയാണ് ലേഖകൻ)

Content Highlights: Akakkazhchakal Manipravala Padanangal Book Review By P.M. Gireesh