ന്നോര്‍ത്തു നോക്കിയാല്‍ ഈ ഭൂമിയില്‍ ജീവിക്കുക എന്നതിനേക്കാള്‍  വിചിത്രവും രസകരവും നിഗൂഢവുമായ മറ്റൊരനുഭവമില്ല. അനിശ്ചിതവും അരക്ഷിതവുമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും, ഏറ്റവുമടുത്ത നിമിഷത്തില്‍ സ്വന്തംമരണമടക്കം എന്തു വേണമെങ്കിലും സംഭവിക്കാം എന്ന ബോധ്യമുണ്ടെങ്കിലും അതിനെയൊക്കെ മറികടക്കുന്ന പ്രതീക്ഷയാണ് ഈ ഭൂമിയിലെ മനുഷ്യരെ നയിക്കുന്നത്. മറ്റു മൃഗങ്ങളുമായി താരതമ്യം ചെയ്താല്‍ ഏറ്റവും നിസ്സാരന്‍. എന്നാലോ എവറസ്റ്റ് കൊടുമുടിയെ വെല്ലുന്ന ആത്മവിശ്വാസം. പലപ്പോഴും ഈ ആത്മവിശ്വാസം പ്രണയത്തില്‍ നിന്നാണുടലെടുക്കാറുള്ളത്. പ്രണയിക്കുന്നവര്‍ക്കുമുന്നില്‍ കടലും മലയും വഴിമാറും. ആ വിശ്വാസമാണ് റോസിലിയാന്റിയെയും ആനിയമ്മയെയും രക്ഷിച്ചതും .റോസിലിയാന്റിയെയും ആനിയമ്മയെയും പരിചയപ്പെടുന്നതിന് മുമ്പ് കുറച്ചൊന്നു പുറകോട്ടു നടക്കാന്‍ തയ്യാറാകണം. നമ്മള്‍  ബുദ്ധിമുട്ടേണ്ട കാര്യമില്ല, അവരുടെ കഥ പുസ്തകത്തില്‍ നിന്നും ഇറങ്ങി വരികയും, നമ്മുടെ ചൂണ്ടുവിരല്‍ കൈപ്പിടിക്കുള്ളിലൊതുക്കികൊണ്ട് പഴയൊരു കാലത്തിലേക്കും ലോകത്തിലേക്കും വഴിനടത്തുകയും ചെയ്യും. അതുകൊണ്ടാണ് ഒരു സംശയവുമില്ലാതെ എഴുത്തുകാരന്‍ ബെന്യാമിന്‍, ' വായിക്കാന്‍ കൊള്ളാവുന്ന ഒരു കഥ വേണമെങ്കില്‍ അറയ്ക്കാതെ മടിക്കാതെ ഇങ്ങോട്ട് കടന്നു വന്നോളൂ' എന്ന് അവതാരികയില്‍ സൂചിപ്പിക്കുന്നത്. ഹാസ്യവും പ്രണയവും വിരഹവും പുനഃസമാഗമവും ചേര്‍ന്ന ഒരു ഫോര്‍മുലയില്‍ സൃഷ്ടിച്ചെടുത്ത അടിമുടി സിനിമാറ്റിക്കായ ഒരു  നോവലാണ് കപ്പിത്താന്റെ ഭാര്യ.

കഥാനായകനായ തോമസുകുട്ടിയും, തോമസുകുട്ടിയുടെ പ്രേമവും തട്ടിയും തടഞ്ഞും മുന്നേറുന്നതിന് കാരണക്കാരന്‍ വൈക്കം മുഹമ്മദ് ബഷീറാണ്. 'ഭാര്‍ഗവീ നിലയ'ത്തില്‍ തുടങ്ങിയ ഒരു ചെറിയ വഴക്ക് 'പ്രേമലേഖനത്തി'ലൂടെ പൂവണിയുന്നു. വളരെ സാധാരണമായ ഒരു പ്രണയത്തെ ക്ലാസിക്കാക്കി മാറ്റുന്നതിന് എഴുത്തുകാരനെന്ന നിലയില്‍ ബിപിന്‍ചന്ദ്രന്‍  പ്രയോഗിച്ച തന്ത്രങ്ങള്‍ നിരവധിയാണ്. ഒന്നാമതായി പറയേണ്ടത് എഴുത്തുകാരനെന്ന നിലയില്‍ അദ്ദേഹം പിന്തുടര്‍ന്ന നീരീക്ഷണപാടവമാണ്. വളരെ സൂക്ഷ്മമായാണ് വര്‍ഷങ്ങള്‍ക്കു മുമ്പേ മറഞ്ഞു പോയ സിനിമാ അനൗണ്‍സ്‌മെന്റ് പരിപാടിയെ പുനരവതരിപ്പിക്കുന്നത്. ഇരുപതോളം കഥാപാത്രങ്ങളെ, അവര്‍ ഓരോരുത്തരെയും വ്യതിരിക്തമാക്കുന്ന സ്വാഭാവികചലനങ്ങളെ നേരില്‍ കാണുന്ന തരത്തില്‍ അവതരിപ്പിക്കുന്ന ദൃശ്യചാരുത തന്നെയാണ് ആഖ്യാനത്തിന്റെ ഹൈലൈറ്റ്. 

രണ്ടാമതായി, ഇത് പ്രായഭേദമില്ലാത്ത 'മനുഷ്യന്റെ ' കഥയാക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിട്ടുണ്ട്. 'എഴുപത്തെട്ടാം വയസ്സിലും ചുഴീം മലരീം കാറ്റും കോളുമൊള്ള കടലിന്റെ തെരപ്പൊറത്തൂടെ അരിക്കാശ് തേടിപ്പോകുന്ന ഒരു മനുഷ്യനെ കണ്ടപ്പോള്‍ ജീവിതമെന്നു പറയുന്നതൊരു ഭയങ്കര സംഗതി തന്നാണെന്നവന് തോന്നി. ഒട്ടും പ്രതീക്ഷിക്കാതെ വരുന്ന എത്ര വളവു തിരിവുകളാ ഓരോരുത്തരുടേം മുന്നിലുള്ള വഴീലൊക്കെ പാത്തും പതുങ്ങീമിരിക്കുന്നതെന്നൊക്കെ ഓര്‍ത്ത് തന്നത്താനൊരു തത്ത്വചിന്തകനായി തോമസുകുട്ടി. 'ഈ വാചകങ്ങളാണ് നോവലിന്റെ ദാര്‍ശനികതലത്തെ നിര്‍ണ്ണയിക്കുന്നത്. 

സ്ത്രീ പ്രാധാന്യമുളള എഴുത്ത് എന്നോ കരുത്തരായ സ്ത്രീകഥാപാത്രങ്ങളുള്ള നോവല്‍ എന്നോ കപ്പിത്താന്റെ ഭാര്യയെ വായിക്കാം. നല്ല വായനക്കാരനാണെന്ന തോമസുകുട്ടിയുടെ അഹന്തയെ കാലില്‍ പിടിച്ച് ചുഴറ്റിയെറിഞ്ഞ ആനിയമ്മയുടെ താന്‍പോരിമയാണ് തോമസുകുട്ടിയെ വീഴ്ത്തിയതെങ്കില്‍, പേടിച്ചാലൊളിക്കാന്‍ കാടില്ലെന്നു കരുതുന്ന, തന്റെ തലേക്കേറി നിരങ്ങാന്‍ ആരെയും സമ്മതിക്കാത്ത റോസിലിയാന്റിയെന്നെ കപ്പിത്താന്റെ ഭാര്യയാണ് തന്റെ സ്ഥൈര്യത്തിന് മുന്നില്‍ വായനക്കാരെ വീഴ്ത്തുന്നത് 'അല്ലേലും വെവരവും വകതിരിവും ജീവിതത്തെപ്പറ്റി അല്പം കാഴ്ചപ്പാടുമൊക്കെയുള്ള പെണ്ണുങ്ങളെ അംഗീകരിക്കാന്‍ ഒരു മണോം ഗൊണോം ഇല്ലാത്ത സൈസ് ആള്‍ക്കാര്‍ക്കൊക്കെ വല്യ പാടാ' ന്ന് എഴുത്തുകാരന്‍ തന്നെ ഒരു കുത്ത് നമുക്കിട്ട് തരുന്നുണ്ട്. 

bipin
പുസ്തകം വാങ്ങാം

രാജാവിന്റെ മകന്‍ മുതല്‍ ടൈറ്റാനിക് വരെ, ബഷീര്‍ മുതല്‍ ഡെറക് വാല്‍ക്കോട്ട് വരെ ലോകസാഹിത്യവും ലോകസിനിമയും 102 പേജുള്ള തോമസുകുട്ടി - ആനിയമ്മ പ്രണയവൃത്താന്തത്തില്‍ ഒട്ടും മുഴച്ചു നില്‍ക്കാതെ അലിയിച്ചെടുക്കുന്ന സംവിധാനമികവും എഴുത്തുകാരനുണ്ട്. വെള്ളിത്തിരയിലെന്ന പോലെ ദൃശ്യങ്ങളെ മനസ്സിലേക്ക് പതിപ്പിച്ചു പതിപ്പിച്ചു കടന്നു പോകുന്നതിനിടക്ക് ഒരു ചെറിയ സംഘട്ടനവും കൊലപാതകവും ജയില്‍ ജീവിതവും കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തിരിക്കുന്നു. തോമസുകുട്ടി ഒരു പച്ചമനുഷ്യനാണെന്ന് തെളിയിക്കുന്ന സന്ദര്‍ഭങ്ങളിലൂടെയാണ് വിസത്തട്ടിപ്പ്, കിഡ്‌നിത്തട്ടിപ്പ്, അന്യരാജ്യത്ത് അന്യായമായി തടവിലാക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥ, ലൈംഗിക ചൂഷണങ്ങള്‍, ചാരക്കേസ്, നേതൃമാറ്റം, പാര്‍ട്ടിമാറ്റം എന്നിങ്ങനെ നിരവധി ബാഹ്യമായ കാരണങ്ങള്‍ ഒരു സാധാരണക്കാരന്റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതെങ്ങിനെയെന്ന് മനസ്സിലാകുന്നത്. സ്‌നേഹം മാത്രമാണ് പ്രപഞ്ചത്തിലെ ഏറ്റവും പരമമായ സത്യമെന്ന് വീണ്ടും വായനക്കാരെ ബോധ്യപ്പെടുത്തുന്ന ഒരു പുതിയ ശുഭാപ്തിവിശ്വാസത്തിന്റെ പേരാണ് ബിപിന്‍ ചന്ദ്രന്റെ കപ്പിത്താന്റെ ഭാര്യ.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Bipin chandran New Malayalam novel mathrubhumi Books Book Review