തനിക്കെതിരെ ഗൂഢാലോചന ചെയ്തവരെ ഏറ്റവും കൂടുതല്‍ നേരമെടുത്ത് കൊല്ലുന്നതില്‍ സംതൃപ്തി നേടിയ വ്യക്തിയാണ് ജഹാംഗീര്‍ എന്ന് എല്‍ഫിന്‍സ്റ്റന്‍ പറയുന്നുണ്ടെങ്കിലും ആ രാജാവ് തന്റെ വന്ദ്യനായ പിതാവ് അക്ബറിന്റെ മതസഹിഷ്ണുതാനയം കോട്ടമില്ലാതെ പിന്‍തുടരുകയും സുന്ദരകലകളെ ലാളനം ചെയ്യുകയും ചെയ്തു. - സുകുമാര്‍ അഴീക്കോട്
ബാബര്‍ മുതല്‍ ബഹദൂര്‍ഷാ സഫര്‍ വരെയുള്ള മുഗള്‍ചക്രവര്‍ത്തിമാരുടെ മൂന്നര ശതാബ്ദക്കാലത്തെ ചരിത്രമാണ് പൊതുവില്‍ മുഗള്‍സാമ്രാജ്യ ചരിത്രം എന്ന് അറിയപ്പെടുന്നത്. അതില്‍ ഒന്നാം പാനിപ്പത്ത് യുദ്ധം മുതല്‍ മൂന്നാം പാനിപ്പത്ത് യുദ്ധം വരെയുള്ള കാലഘട്ടത്തിനാണ് കൂടുതല്‍ പ്രാധാന്യം. മൂന്നാം പാനിപ്പത്ത് യുദ്ധത്തിനുശേഷം ഷാ ആലം ഇംഗ്ലീഷുകാരുടെ പെന്‍ഷന്‍കാരനായിത്തീര്‍ന്നതോടെ മുഗള്‍ഭരണത്തിന് പ്രസക്തിയില്ലാതാകുന്നു.
സാമാന്യജനങ്ങളെ സംബന്ധിച്ചിടത്തോളം ഔറംഗസീബിനോടൊപ്പം മുഗള്‍ഭരണം അവസാനിക്കുകയാണ്. അതിനു ശേഷമുള്ള ചരിത്രം ഏതാനും വാചകങ്ങളില്‍ ഒതുക്കുകയാണ് പതിവ്. ഔറംഗസീബിനു മുന്‍പ് അഞ്ച് മുഗള്‍ ചക്രവര്‍ത്തിമാരാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിനു ശേഷം ഭരിച്ച മുഗള്‍ ചക്രവര്‍ത്തിമാരുടെ എണ്ണം പതിനൊന്നാണ്. അന്തിമമുഗളന്മാര്‍ എത്രതന്നെ അപ്രാപ്തരും ദുര്‍ബലരുമായിരുന്നാലും, ആ കാലഘട്ടത്തില്‍ മറാത്തകളും സിഖുകാരും ഇംഗ്ലീഷുകാരും നേടിയ വളര്‍ച്ച മനസ്സിലാക്കണമെങ്കില്‍, ഇവരുടെ ചരിത്രവും അറിഞ്ഞേ മതിയാകു.
മൂന്നര ശതാബ്ദക്കാലം നീണ്ടുനിന്ന മഹത്തായ മുഗള്‍സാമ്രാജ്യത്തെക്കുറിച്ച് സമഗ്രമായൊരു ചരിത്രഗ്രന്ഥം ഇന്നുവരെ മലയാളത്തില്‍ രചിക്കപ്പെട്ടിട്ടില്ല. നമ്മുടെ സര്‍വകലാശാലകളിലെ അധ്യയനമാധ്യമം ഇംഗ്ലീഷായതുകൊണ്ടായിരിക്കാം മലയാളത്തില്‍ ചരിത്രസാഹിത്യശാഖയ്ക്കു വേണ്ടത്ര പ്രോത്സാഹനം കിട്ടാതെപോയത്. മുഗള്‍ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന എട്ട് പുസ്തകങ്ങളാണ് കെ.പി. ബാലചന്ദ്രന്‍ മലയാളത്തിന് സമ്മാനിച്ചത്. ആറ് മുഗള്‍ ചക്രവര്‍ത്തിമാരുടെ പേരില്‍ ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍, ഓറംഗസീബ് എന്നീ ഗ്രന്ഥങ്ങളും മുഗള്‍ സാമ്രാജ്യത്തിന്റെ അന്ത്യം, മുഗള്‍ ഭരണം എന്നീ പുസ്തകങ്ങളും ചേരുന്നതാണിത്. ഇതില്‍ ഉള്‍പ്പെടുന്നതാണ് ജഹാംഗീര്‍ എന്ന പുസ്തകം.
സലീമിന്റെ ബാല്യകാലം, നൂര്‍ജഹാന്റെ ഉയര്‍ച്ച, പട്‌നയിലെ കുഴപ്പങ്ങള്‍, ഷാജഹാന്റെ കലാപം, മഹാബത്ഖാന്റെ കലാപം, ചക്രവര്‍ത്തിയുടെ അന്ത്യം എന്നിവയെല്ലാം പുസ്തകത്തില്‍ വിശദമായി വിവരിക്കുന്നു. ചക്രവര്‍ത്തിയുടെ അന്ത്യം, ഇംഗ്ലീഷുകാരുമായുള്ള ബന്ധം, ജഹാംഗീറിന്റെ ഭരണകാലം, ജഹാംഗീര്‍ ഒരു വിലയിരുത്തല്‍ തുടങ്ങിയ വിഷയങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ചരിത്രവിദ്യാര്‍ഥികള്‍ക്കും ചരിത്രപ്രേമികള്‍ക്കും പ്രയോജനപ്രദമായ വിധത്തില്‍ അക്ബറിന്റെ പിന്‍ഗാമിയായി മുഗള്‍ സിംഹാസനത്തിലേറിയ ജഹാംഗീറിന്റെ ജീവചരിത്രം വിവരിക്കുകയാണ് പുസ്തകം. ലളിതമായ മലയാളഭാഷയില്‍ പരമാവധി ചരിത്രവസ്തുതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ചരിത്രനോവല്‍പോലുള്ള ശൈലിയില്‍ പുസ്തകം വായിച്ച് പോകാം. സാധാരണക്കാര്‍ക്കും ചരിത്രവിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ് പുസ്തകം.
'ജഹാംഗീര്‍' ഓണ്‍ലൈനില്‍ വാങ്ങാം
Content Highlights: Biography of Jahangir in malayalam by K.P.Balachandran