'ചരിത്രകാരന്മാര്‍ എഴുതിയിരിക്കുന്നതിനേക്കാള്‍ നന്നായി ഹുമയൂണിന്റെ യഥാര്‍ഥ സ്വഭാവം മനസ്സിലാക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ ഭരണ കാലത്തെ സംഭവങ്ങളില്‍നിന്നാണ്. ആദ്യകാലങ്ങളില്‍ അച്ഛന്‍ വിട്ടു പോയ വിദഗ്ധരായ സൈനിക ഓഫീസര്‍മാരുടെയും നല്ല പരിശീലനം നേടിയ സൈന്യത്തിന്റെയും പിന്‍ബലത്തോടെ സമ്പദ്‌സമൃദ്ധമായ മാള്‍വയും ഗുജറാത്തും, പിന്നീട് ബിഹാറും ബംഗാളും കീഴടക്കുകയുണ്ടായി. പക്ഷേ, ഈ ശക്തമായ കൂട്ടുകെട്ട് നഷ്ടപ്പെട്ടതോടെ അദ്ദേഹത്തിന്റെ ശേഷിച്ച ഭരണകാലം മുഴുവന്‍ തുടര്‍ച്ചയായ തിരിച്ചടികളും കലാപങ്ങളും അരാജകത്വവുമായിരുന്നു.' -ഡബ്ല്യു. എര്‍സ്‌കിന്‍.

ബാബര്‍ മുതല്‍ ബഹദൂര്‍ഷാ സഫര്‍ വരെയുള്ള മുഗള്‍ചക്രവര്‍ത്തിമാരുടെ മൂന്നര ശതാബ്ദക്കാലത്തെ ചരിത്രമാണ് പൊതുവില്‍ മുഗള്‍സാമ്രാജ്യ ചരിത്രം എന്ന് അറിയപ്പെടുന്നത്. അതില്‍ ഒന്നാം പാനിപ്പത്ത് യുദ്ധം മുതല്‍ മൂന്നാം പാനിപ്പത്ത് യുദ്ധം വരെയുള്ള കാലഘട്ടത്തിനാണ് കൂടുതല്‍ പ്രാധാന്യം. മൂന്നാം പാനിപ്പത്ത് യുദ്ധത്തിനുശേഷം ഷാ ആലം ഇംഗ്ലീഷുകാരുടെ പെന്‍ഷന്‍കാരനായിത്തീര്‍ന്നതോടെ മുഗള്‍ഭരണത്തിന് പ്രസക്തിയില്ലാതാകുന്നു.

സാമാന്യജനങ്ങളെ സംബന്ധിച്ചിടത്തോളം ഔറംഗസീബിനോടൊപ്പം മുഗള്‍ഭരണം അവസാനിക്കുകയാണ്. അതിനു ശേഷമുള്ള ചരിത്രം ഏതാനും വാചകങ്ങളില്‍ ഒതുക്കുകയാണ് പതിവ്. ഔറംഗസീബിനു മുന്‍പ് അഞ്ച് മുഗള്‍ ചക്രവര്‍ത്തിമാരാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിനു ശേഷം ഭരിച്ച മുഗള്‍ ചക്രവര്‍ത്തിമാരുടെ എണ്ണം പതിനൊന്നാണ്. അന്തിമമുഗളന്മാര്‍ എത്രതന്നെ അപ്രാപ്തരും ദുര്‍ബലരുമായിരുന്നാലും, ആ കാലഘട്ടത്തില്‍ മറാത്തകളും സിഖുകാരും ഇംഗ്ലീഷുകാരും നേടിയ വളര്‍ച്ച മനസ്സിലാക്കണമെങ്കില്‍, ഇവരുടെ ചരിത്രവും അറിഞ്ഞേ മതിയാകു.

മൂന്നര ശതാബ്ദക്കാലം നീണ്ടുനിന്ന മഹത്തായ മുഗള്‍സാമ്രാജ്യ ചരിത്രത്തില്‍ മഹത്തായ ഒരു സാമ്രാജ്യത്തിന് അടിത്തറപാകിയ ധീരയോദ്ധാവായ ബാബറിനും അത് കെട്ടിപ്പെടുത്ത മഹാനായ ഭരണാധിപന്‍ അക്ബറിനും ഇടയില്‍ നിലകൊള്ളുന്നതുകൊണ്ടാകണം ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ശോഭ മങ്ങിപ്പോയത്. എന്നാല്‍ അദ്ദേഹം പിതാവിനെപ്പോലെ ധീരനായ ഒരു യോദ്ധാവും സ്‌നേഹസമ്പന്നനും വിനയശീലവും ശുദ്ധഹൃദയവുമുള്ള വ്യക്തിയായിരുന്നുവെന്നും അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുണ്ട്.

ചക്രവര്‍ത്തിയോട് സഹോദരന്മാര്‍ കടുത്ത വഞ്ചന കാട്ടിയെങ്കിലും അദ്ദേഹം അവര്‍ക്ക് പലകുറി മാപ്പ് നല്‍കി. ഒരു രാജാവെന്ന നിലയില്‍ അദ്ദേഹം പരാജയമായിരുന്നു. ഭാഗ്യവാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേരിന്റെ അര്‍ത്ഥമെങ്കിലും അദ്ദേഹം അത്ര ഭാഗ്യവാനായിരുന്നില്ല. ലൈബ്രറിയില്‍ നിന്ന് താഴോട്ട് ഇറങ്ങവേ കോണിയില്‍ കാല്‍വഴുതി വീണാണ് അദ്ദേഹം മരിച്ചത്. 

മുഗള്‍ സാമ്രാജ്യത്തിന് അടിത്തറയിട്ട ബാബറിനു ശേഷം, ചക്രവര്‍ത്തിയായി അധികാരമേറ്റ ഹുമയൂണിന്റെ കുട്ടിക്കാലവും ഗുജറാത്ത് സുല്‍ത്താന്‍ ബഹദൂര്‍ഷായുമായുള്ള യുദ്ധവും കാനൂജില്‍ വെച്ച് ഷേര്‍ഖാനുമായുള്ള ഏറ്റുമുട്ടലും നഷ്ടമായ ഹിന്ദുസ്ഥാന്‍ പേര്‍ഷ്യക്കാരുടെ സഹായത്താല്‍ തിരിച്ചുപിടിക്കുന്നതും സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് കെ.പി. ബാലചന്ദ്രന്‍ എഴുതിയ ഹുമയൂണ്‍. 

ഒപ്പം ചരിത്രകാരന്മാരായ ലെയിന്‍ പൂള്‍, മല്ലെസണ്‍, ഡോ. ഈശ്വരി പ്രസാദ് തുടങ്ങിയവരുടെ ഹുമയൂണിനെക്കുറിച്ചുള്ള വിലയിരുത്തലും പുസത്കത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചരിത്രപ്രേമികള്‍ക്കും ചരിത്രവിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദമായ വിധത്തില്‍ ഹുമയൂണിന്റെ ജീവചരിത്രം വിവരിക്കുന്ന പുസ്തകം.

മഹത്തായ മുഗള്‍സാമ്രാജ്യത്തെക്കുറിച്ച് സമഗ്രമായൊരു ചരിത്രഗ്രന്ഥം ഇന്നുവരെ മലയാളത്തില്‍ രചിക്കപ്പെട്ടിട്ടില്ല. നമ്മുടെ സര്‍വകലാശാലകളിലെ അധ്യയനമാധ്യമം ഇംഗ്ലീഷായതുകൊണ്ടായിരിക്കാം മലയാളത്തില്‍ ചരിത്രസാഹിത്യശാഖയ്ക്കു വേണ്ടത്ര പ്രോത്സാഹനം കിട്ടാതെപോയത്. മുഗള്‍ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന എട്ട് പുസ്തകങ്ങളാണ് കെ.പി. ബാലചന്ദ്രന്‍ മലയാളത്തിന് സമ്മാനിച്ചത്. ആറ് മുഗള്‍ ചക്രവര്‍ത്തിമാരുടെ പേരില്‍ ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍, ഓറംഗസീബ് എന്നീ ഗ്രന്ഥങ്ങളും മുഗള്‍ സാമ്രാജ്യത്തിന്റെ അന്ത്യം, മുഗള്‍ ഭരണം എന്നീ പുസ്തകങ്ങളും ചേരുന്നതാണിത്. ഇതില്‍ ഉള്‍പ്പെടുന്നതാണ് ഹുമയൂണ്‍ എന്ന ഗ്രന്ഥം.


ഹുമയൂണ്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Biography of humayun in malayalam by K.P. Balachandran, malayalam book review