ലയാളിയുടെ നോവല്‍ വായനാ സംസ്‌കാരത്തെ പുതുക്കി നിര്‍ണയിച്ച കൃതികളിലൊന്നായ ആടുജീവിതത്തിന്റെ എഴുത്തുകാരന്‍ എന്ന നിലയില്‍ ബെന്യാമിന്  സാഹിത്യലോകത്തില്‍ ഒരാമുഖത്തിന്റെ ആവശ്യമില്ല. ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള എഴുത്തുകാരിലൊരാളാണ് അദ്ദേഹം. ബെന്യാമിന്റെ ലേഖന സമാഹാരമാണ് എണ്ണത്തുള്ളികളും ഉപ്പുതരികളും. പതിനാറ് ലേഖനങ്ങളും അനുബന്ധമായി അഭിമുഖവും ചേര്‍ന്ന ഘടനയാണ് ഈ പുസ്തകത്തിനുള്ളത്. ഈ ലേഖനങ്ങളില്‍ വായനയ്ക്കായുള്ള അലച്ചിലുണ്ട്, എഴുത്തിന്റെ ആഹ്ലാദങ്ങളുണ്ട്. പ്രവാസാനുഭവങ്ങളുടെ നീറ്റലുണ്ട്. മനുഷ്യന്റേതു മാത്രമായ നിസ്സഹായതകളുണ്ട്. സ്ത്രീപക്ഷ രാഷ്ട്രീയമുണ്ട്. സിനിമയും പ്രതിരോധവും ദൈവശാസ്ത്രവുമെല്ലാം ഇഴചേര്‍ന്ന രചനയാണിത്. ഇതാ ഞാനെന്റെ എഴുത്തുകാരനെ കണ്ടെത്തിയിരിക്കുന്നു എന്നു തിരിച്ചറിഞ്ഞ വായനാനുഭവത്തെ കുറിച്ച് ബെന്യാമിന്‍ പറയുന്നുണ്ട്. നിക്കോസ് കസന്‍ദ് സാക്കീസിനെ കുറിച്ച്. ഇത് വായിക്കുന്ന ഏതൊരാളും സ്വന്തം ഹൃദയത്തില്‍ തൊട്ടന്വേഷിക്കും; എന്റെ ആള്‍ ആരെന്ന്. ചിലര്‍ മുന്നേ കണ്ടെത്തിക്കഴിഞ്ഞിരിക്കാമെങ്കിലും .

മലയാളത്തിലെ പുതു തലമുറ ഡയസ്‌പോറസാഹിത്യത്തെ കുറിച്ച് പറയുന്ന ലേഖനത്തില്‍ ജീത്ത് തയ്യില്‍, മനു എസ് പിള്ള, കനിഷ്‌ക് തരൂര്‍ എന്നിവരുടെ കൃതികളെ കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നുണ്ട്. ഇതിനെല്ലാം ഭൂമികയായി വര്‍ത്തിച്ച അരുന്ധതി റോയിയെ പരാമര്‍ശിച്ചാണത് തുടങ്ങുന്നത്. എഴുത്തുകാര്‍ക്ക് വന്നിരിക്കാന്‍ ഒരിടം. തിന്നും കുടിച്ചും ചര്‍ച്ച ചെയ്തുമൊക്കെ കഴിയാന്‍ പറ്റിയ ഒരിടം. വിദേശത്തുള്ള അത്തരം ഇടങ്ങളെ കുറിച്ച്- വലിയ എഴുത്തുകാരുടെ സ്മരണികയായി നിലകൊള്ളുന്ന റസ്റ്ററന്റുകള്‍, ബാറുകളെ കുറിച്ചൊക്കെ ബെന്യാമിന്‍ പറയുമ്പോള്‍ മലയാളിക്ക് അങ്ങനെയൊരിടം ഇല്ലാതായിപ്പോയതില്‍ നമുക്ക് തീര്‍ച്ചയായും നഷ്ടബോധം തോന്നും. മാര്‍കേസിന്റെ ലാ-കുയേവയെ കുറിച്ചാവുമ്പോള്‍ പ്രത്യേകിച്ചും.

കടല്‍ കടന്നു പോയ മാലാഖമാര്‍, പുതുക്കല്‍; വാക്കും അനുഭവവും എന്നീ കുറിപ്പുകള്‍ പ്രവാസ ജീവിത വ്യഥകളാണ് അടയാളപ്പെടുത്തുന്നത്. പുസ്തകം വായിക്കാനില്ലാതെ വലഞ്ഞ നാളുകളില്‍ അല്‍ഭുതകരമാം വിധം മനാമയിലെ തെരുവില്‍ പ്രത്യക്ഷപ്പെട്ട അല്‍ മിയാമി ബുക്ക് ഷോപ്പ് - താന്‍ ജീവിച്ചിരുന്നു എന്ന് അക്കാലത്ത് സ്വയം തോന്നിപ്പിച്ച ഇടത്തെ എത്രയോ മമതയോടെയാണ് എഴുത്തുകാരന്‍ ഓര്‍ത്തെടുക്കുന്നത്.

പ്രസാധകനും എഴുത്തുകാരനും തമ്മിലനുവര്‍ത്തിക്കേണ്ട സൗഹൃദത്തെ കുറിച്ച് ബെന്യാമിന്റെ നിലപാടുകള്‍ - 'എന്റെ പ്രസാധകന്‍മാര്‍' എന്ന ലേഖനത്തിലുണ്ട്. ഞാന്‍ എന്തുകൊണ്ട് ഫെമിനിസ്റ്റ് അല്ല (ആണ് )? എന്ന ലേഖനം ഫെമിനിസം എന്ന ഏറെ തെറ്റിദ്ധരിക്കപ്പെട്ട ചിന്താധാരയെ കുറിച്ചാണ്. കുട്ടികളെ ചെറുതിലേ തുല്യതാബോധത്തോടെ വളര്‍ത്തിയെടുക്കുക എന്നത് പരിഹാരമാര്‍ഗങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തില്‍. താന്‍ ഇതുവരെ ജീവിച്ചു വന്ന ജീവിതക്രമത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍ പുരുഷനെ സഹായിക്കുന്ന ഒരു പുസ്തകത്തെപ്പറ്റി ലേഖനത്തില്‍ പറയുന്നു അത് എത്രയും പ്രിയപ്പെട്ടവള്‍ക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ എന്ന പേരില്‍ ഇപ്പോള്‍ മലയാളത്തിലത് ലഭിക്കുന്നുണ്ട് എന്നോര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

Benyamin
പുസ്തകം വാങ്ങാം

ഭൂതകാലം വെള്ളത്തില്‍ വീണ എണ്ണത്തുള്ളികളെപ്പോലെ ബോധമാകെ വ്യാപിക്കുന്നു എന്ന ഹെൻ​റി ജെയിംസിന്റെ വാചകത്തില്‍ തുടങ്ങുന്നു ദേശത്തിന്റെ ഓര്‍മ്മ അടയാളങ്ങള്‍. പത്തനംതിട്ടയിലെ കുട്ടിക്കാലാനുഭവങ്ങള്‍, ക്രിസ്തീയ ജീവിതം, പിന്നീടുണ്ടായ വര്‍ഷങ്ങള്‍ നീണ്ട പ്രവാസം ഒക്കെ ഇതില്‍ കടന്നു വരുന്നുണ്ട്. ഭൂതകാലം ഉപ്പുതരികള്‍ പോലെ ബോധമണ്ഡലത്തില്‍ അലിഞ്ഞു ചേരുക കൂടി ചെയ്യുന്നുണ്ട് എന്ന തിരിച്ചറിവിലാണ് എഴുത്തുകാരന്‍ ഒടുവിലെത്തുന്നത്. മാന്തളിരിലെ വെള്ളപ്പൊക്കം കേരളത്തെയൊന്നാകെ ബാധിച്ച പ്രളയത്തിന്റെ നേര്‍ക്കാഴ്ചയാണ്. മേഘങ്ങളെ തൊടുന്ന ഒട്ടകയാത്രകള്‍ വി.മുസഫര്‍ അഹമ്മദിന്റെ camels in the sky യെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. പരിഭാഷ എന്നത് സഹ രചന തന്നെയാണെന്ന ജാസ്മിന്‍ ഡെയ്‌സിന്റെ പരിഭാഷക ഷഹനാസ് ഹബീബിന്റെ വാക്കുകള്‍ ഓര്‍മിക്കുന്നുണ്ട്. പെണ്‍ശരീരത്തിന്റെ ഉടമ ആരാണ് എന്ന ചോദ്യത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍ തിരിച്ചറിയുന്നുണ്ട് വാസന്തി എന്ന സിനിമയെന്ന് ജൂറി അംഗങ്ങളിലൊരാളായി സിനിമ ആസ്വദിച്ച ബെന്യാമിന്‍ സാക്ഷ്യപ്പെടുത്തുന്നു. ആദ്യത്തെ പുസ്തകം -അതിന്റെ പുറകിലെ വേവും ചൂടുമാണ് യുത്തനേസിയയിലേക്കുള്ള വഴി. ബെന്യാമിനുമായി ഡോ.കെ.ബി ശെല്‍വമണി നടത്തുന്ന അഭിമുഖം പുസ്തത്തിന്റെ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. അതില്‍ എഴുത്തും വായനയും ജീവിതവും ഇവയുടെ രാഷ്ടീയവുമെല്ലാം കടന്നുവരുന്നുണ്ട്.

സുഗമമായി വായിക്കാവുന്ന ഭാഷയാണ് ഈ ലേഖനങ്ങളുടെ പ്രധാന സവിശേഷത. എത്ര ഗഹനമായ കാര്യമവതരിപ്പിക്കുമ്പോഴും വായനക്കാരെ കൂടി പങ്കാളിയാക്കുന്ന, അവരെ കൂടി കരുതുന്ന കഥന മികവ് ഈ പുസ്തകത്തെ മികച്ചതാക്കുന്നുണ്ട്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Benyamin New Malayalam Book Review Mathrubhumi Books