ന്ത്യന്‍ സമൂഹത്തില്‍ പശുവെന്നാല്‍ വെറുമൊരു നാല്‍ക്കാലി മൃഗമല്ല... അത് ഹിന്ദുമതത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയും ആരാധനാപാരമ്പര്യത്തിന്റെ ചിഹ്നമാണ്... മതചിഹ്നം മാത്രമല്ല, രാഷ്ട്രീയ പ്രാധാന്യമുള്ള ജീവികൂടിയാണിപ്പോള്‍ പശു. പശുവിനെച്ചൊല്ലി ഈ രാജ്യത്ത് നടമാടിയ കലാപങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും കഥ പറഞ്ഞാല്‍ത്തീരില്ല. പൂച്ചയും നായയും ആടും പോത്തും പോലെ വീടുകളിലെ വളര്‍ത്തുമൃഗമായ പശുവിന് മാത്രം എങ്ങനെയാണ് 'വിശുദ്ധപട്ടം' ലഭിച്ചത്...? അതിന്റെ വേരുകള്‍ തേടിപ്പോകുമ്പോഴാണ് ഇന്ത്യന്‍ സമൂഹത്തിലെ 'തൊട്ടുകൂടാത്തവര്‍' എന്നൊരു വര്‍ഗത്തിന്റെ പിറവിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുക.

ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ബഹുവിഷയ പണ്ഡിതനും ഭരണഘടനാ ശില്പിയുമായ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇതേക്കുറിച്ച് ആഴത്തില്‍ പഠിച്ച വ്യക്തിയാണ്. 1948-ല്‍ അദ്ദേഹം പുറത്തിറക്കിയ 'അണ്‍ടച്ചബിള്‍സ്' എന്ന പുസ്തകത്തില്‍ ഇന്ത്യയിലെ അയിത്തമനോഭാവത്തിന്റെ ഉത്പത്തിയെക്കുറിച്ച് വിവരിക്കുന്നു. അയിത്തത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പശുമാംസത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും അതില്‍നിന്നുണ്ടായ വിവേചനവുമാണെന്ന് അംബേദ്കര്‍ അന്ന് പറഞ്ഞുവച്ചു.

ഇപ്പോഴിതാ 'അണ്‍ടച്ചബിള്‍സ്' എന്ന ബൃഹത് ഗ്രന്ഥത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട ലേഖനങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ട് അംബേദ്കറിന്റെ പേരില്‍ത്തന്നെ പുതിയൊരു പുസ്തകമിറങ്ങിയിരിക്കുന്നു. 'ബീഫ്, ബ്രാഹ്മിണ്‍സ്, ആന്‍ഡ് ബ്രോക്കണ്‍ മെന്‍' എന്ന പുസ്തകത്തിന്റെ പ്രസാധകര്‍ 'നവയാന പബ്ലിഷിങ് കമ്പനി'യാണ്. നവയാനയുടെ സ്ഥാപകരിലൊരാളായ എസ്. ആനന്ദും ബുക്ക് എഡിറ്റര്‍ അലക്‌സ് ജോര്‍ജും ചേര്‍ന്നാണ് പുസ്തകത്തിന് വേണ്ട ലേഖനങ്ങള്‍ തിരഞ്ഞെടുത്ത് അവതരിപ്പിച്ചത്. 

Beef, Brahmins, and Broken Menഇന്ത്യ എന്ന മഹാരാജ്യത്ത് 'തൊട്ടുകൂടായ്മ' എന്ന നാറുന്ന സാമൂഹികക്രമം എങ്ങനെ തുടങ്ങി എന്ന് വിശദമായി പറഞ്ഞുതരുന്നുണ്ട് അംബേദ്കര്‍ ഈ പുസ്തകത്തില്‍. നാലാം നൂറ്റാണ്ടില്‍ ഹിന്ദുസമൂഹത്താല്‍ ബഹിഷ്‌കരിക്കപ്പെട്ട ബുദ്ധമതക്കാരുടെ പിന്‍മുറക്കാരാണ് ഇന്നത്തെ ദളിതരെന്ന് തെളിവുകള്‍ സഹിതം എഴുത്തുകാരന്‍ സ്ഥാപിക്കുന്നു. വേദകാലത്ത് ഗോക്കളെ ബലിയര്‍പ്പിക്കുകയും അതിന്റെ മാംസം കഴിക്കുന്നവരുമായിരുന്നു ബ്രാഹ്മണര്‍. പിന്നീടവര്‍ ബുദ്ധമതക്കാരുടെ അഹിംസയും സസ്യാഹാരവും കടംകൊണ്ടശേഷം പശുമാംസം കഴിച്ചിരുന്ന ബുദ്ധമതക്കാരെ പ്രത്യേക വിഭാഗമാക്കി മുദ്രകുത്തി അകറ്റിനിര്‍ത്തി. 

ഇങ്ങനെ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്തപ്പെട്ട ബുദ്ധമതക്കാര്‍ ജീവിക്കാനായി പല ഹീനമായ തൊഴിലുകളിലും ഏര്‍പ്പെട്ടു. അതോടെ അവര്‍ പൊതുസമൂഹത്തില്‍നിന്ന് ബഹിഷ്‌കൃതരായി. തന്റെ വാദങ്ങള്‍ ശരിയെന്ന് സ്ഥാപിക്കാന്‍ പുരാതനമായ ബ്രാഹ്മണിക് സാഹിത്യകൃതികളില്‍ നിന്നുതന്നെ തെളിവുകള്‍ നിരത്തുന്നു അംബേദ്കര്‍. പശുവിന്റെ പേരില്‍ ഇന്നും ഇന്ത്യയില്‍ അനുദിനം അരങ്ങേറുന്ന ദളിത്-മുസ്ലിം അക്രമങ്ങള്‍ക്ക് പിന്നില്‍ ഇത്തരമൊരു വലിയ ചരിത്രമുണ്ടെന്നും പുസ്തകത്തിലൂടെ മനസ്സിലാക്കാനാവും. 

രാഷ്ട്രീയചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ ഷെപ്പേഡ് ആണ് 'ബീഫ്, ബ്രാഹ്മിണ്‍സ് ആന്‍ഡ് ബ്രോക്കണ്‍ മെന്‍' എന്ന പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. ബീഫ് കഴിക്കാനുള്ള അവകാശം സമത്വത്തിനുള്ള അവകാശമാണെന്നും അത് ജീവിക്കാനുള്ള അവകാശം കൂടിയാണെന്നും കാഞ്ച ഐലയ്യ അവതാരികയില്‍ പറയുന്നു.

Content Highlights: Beef, Brahmins, and Broken Men: An Annotated Critical Selection from The Untouchables by B. R. Ambedkar