വിരസതയും അനിശ്ചിതത്വവും നിറഞ്ഞ വരണ്ട കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്ന് ജീവന്റെ പച്ചത്തുരുത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ടൈം മെഷീനാണ് അയ്മനം ജോണിന്റെ 'കണ്ടല്‍ക്കടവ് പ്രണയകാലം'. കണ്ടല്‍ക്കടവ് ഫെറിയിലൂടെ പുഴ കടക്കുമ്പോഴേക്കും, മണല്‍ സമുദ്രത്തിലാഴ്ന്നു പോകുന്ന അസ്തമയസൂര്യന്റെ ശോഭകണ്ടുറങ്ങി നേരം വെളുക്കുമ്പോഴേക്കും നമ്മുടെ ആലപ്പുഴ പട്ടണത്തെ അനുസ്മരിപ്പിക്കുന്ന കനകപുരയിലെത്താം, അവിടെ നിന്നും മലയേറി സുബ്രമുഹ്ണ്യഹില്ലിന്റെ പ്രകൃതിരമണീയതയില്‍ മുഴുകിനില്‍ക്കാം.

പക്ഷിസങ്കേതങ്ങളിലെ കിളികളെ കണ്ടു മയങ്ങി, മാണിച്ചന്റെ വീട്ടില്‍ ഉണ്ണാ തുറങ്ങി വിക്രോളിയിലെ ഇരുണ്ട നിറമുള്ള മുറിയിലെത്താം. അങ്ങനെ ഒട്ടനവധിയിടങ്ങളുടെ ഓജസ്സും, അനേകരുടെ സാമീപ്യവും നേരിട്ടെന്ന തു പോലെയാസ്വദിക്കാന്‍ കണ്ടല്‍ക്കടവ് പ്രണയകാലം അവസരമൊരുക്കുന്നു. പലതരം ജീവിതങ്ങളുടെ യാഥാര്‍ഥ്യങ്ങളും പ്രകൃതിയുടെ നൈതികതയും ഓര്‍മപ്പെടുത്തുന്ന ഒരു ഡസന്‍ കഥകള്‍.

aymanam john
അയ്മനം ജോൺ

കഥകള്‍ വായിക്കാന്‍ മാത്രമുള്ളതല്ല, കാണാനും കേള്‍ക്കാനും കൂടി വേണ്ടതാണ് എന്നുറപ്പിക്കുന ആഖ്യാന തന്ത്രമാണ് പതിവുപോലെ ഈ പുസ്തകത്തിലും അയ്മനം ജോണ്‍ പിന്തുടരുന്നത്. നിറങ്ങളെയും കേള്‍വിയെയും അനുഭവിപ്പിക്കുന്നതിലുള്ള  വാക്കൊരുക്കത്തിന്റെ പാടവത്തിലൂടെ, ജൈവികതയുടെ പ്രസരിപ്പിലേക്കാണ് കഥകള്‍ നമ്മെ കൈപിടിച്ചു നടത്തുന്നത്.  കഥകളിലെ കാലം ഭൂതത്തിനും വര്‍ത്തമാനത്തിനുമിടയില്‍ ഒളിച്ചുകളി നടത്തുന്നുണ്ട്. കാലം പിന്നോട്ട് പോകുമ്പോള്‍, സ്വാഭാവികമായും വിടവുണ്ടാകുന്ന  തലമുറഭേദമുള്ള  ആസ്വാദനക്ഷമതയെ വരുതിയില്‍ നിര്‍ത്താനുള്ള വശീകരണ മന്ത്രങ്ങള്‍ ആവാഹിച്ച കൊച്ചു കൊച്ചുകൗതുകച്ചെപ്പുകള്‍ ഓരോ കഥകളിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

ഒരു മീന്‍ പിടിത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍ എന്ന കഥ, 'മീന്‍പിടിത്തമാണ് ലോകത്തിലെ ഏറ്റവും രസകരമായ നേരമ്പോക്ക് ' എന്നു വിശ്വസിച്ചിരുന്ന ഒരു കൗമാരക്കാരന്റെ കഥയാണ്. ലിംഗഭേദം കൊണ്ടു മാത്രം  മീന്‍പിടുത്തത്തിന്റെ കൗതുകം ഇന്നുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു മധ്യവയസ്‌കയ്ക്കും മീന്‍പിടിക്കാനായി മാത്രം തോടുകളൊന്നും അവശേഷിക്കാത്ത കാലത്ത് പെട്ടു പോയ ഒരു കൗമാരക്കാനും ആസ്വദിക്കാവുന്ന വിധത്തില്‍ വാക്കുകള്‍ കൊണ്ട് ചിത്രം മെനഞ്ഞ് ' ദാ ഇപ്പോള്‍ നമ്മുടെ ചൂണ്ടയില്‍ മീന്‍ കൊത്തും ' എന്ന പ്രതീതിയാണ് ഉറപ്പു വരുത്തുന്നുണ്ട് കഥാകൃത്ത്.

മീന്‍പിടിത്തവും അപ്പാപ്പന്റെ മരണവുമായി പിന്നോട്ടുപാഞ്ഞ കാലത്തെ 'തിന്നാനല്ലാതെ തന്നെ സ്വവര്‍ഗത്തെ കൂട്ടത്തോടെ കൊന്നുകളയുന്നതിലും വംശീയതയുടെ പേരില്‍ കൊല്ലാക്കൊല ചെയ്യുന്നതിലുമൊക്കെ ആനന്ദം കണ്ടെത്തുന്ന ജീവിവര്‍ഗവും മനുഷ്യനൊന്നു മാത്രമാണല്ലോ' എന്നെഴുതി വര്‍ത്തമാനകാലത്തില്‍ വലവീശിപ്പിടിക്കുന്ന എഴുത്തധികാരകൗശലമാണ് ഈ പന്ത്രണ്ടുകഥകളുടെയും സവിശേഷത.  

പലകഥകളില്‍ ആഖ്യാതാവ് നേരിട്ടും ചിലയിടങ്ങളില്‍ ഒളിഞ്ഞിരുന്നും ഇടപെടലുകള്‍ നടത്തുന്നു. ഒരു വിധം എല്ലാ കഥകളിലും പക്ഷികളുടെ കൂവല്‍ താളം പിടിക്കുന്നുണ്ട്. 'മരുഭൂമി മോക്ഷയാത്ര'യിലെ കലഹിക്കുന്ന പക്ഷികളും, 'പട്ടുനൂല്‍പ്പുഴുക്കളുടെ  മനസ്സി'ലെ റൂമിന് മുകളില്‍ കൂടുകൂട്ടിയ പ്രാവുകളും, 'പക്ഷിസങ്കേത'ത്തില്‍ മഴക്കാലത്ത് ഇലകളുടെ മറവില്‍ ചിറകൊതുക്കി ഇരിക്കുന്ന പക്ഷികളും, മാണിച്ചന്റെ സ്വസ്ഥത നശിപ്പിക്കുന്ന 'അമേരിക്കന്‍ കാലന്‍കോഴി 'യിലെ കാലന്‍കോഴിയും, ബുദ്ധഹൃദയമുള്ള പക്ഷിയും, ഒരു പരമരഹസ്യപക്ഷിക്കഥയിലെ അപൂര്‍വ്വയിനം പക്ഷിയുമെല്ലാം അതില്‍ ചിലത് മാത്രം.  

ആഖ്യാനത്തില്‍ അയ്മനം ഏറ്റവും സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന ടൂള്‍ ഫാന്റസിയാണ്, ഫാന്റസിയുടെ വിവിധ ഘടകങ്ങളെ ജീവിതവുമായി ചേര്‍ത്തുവെച്ചുകൊണ്ട് മാനവികതയിലൂന്നിയ ദര്‍ശനങ്ങളെ  കഥാകൃത്ത് സശ്രദ്ധം അവതരിപ്പിക്കുന്നു. നമ്മള്‍ കണ്ടില്ലെന്ന് നടിച്ച ജീവിതങ്ങള്‍, മനപ്പൂര്‍വ്വം മറന്ന ചോദ്യങ്ങള്‍, മൗനം ഭജിച്ച സന്ദര്‍ഭങ്ങള്‍, അടുക്കിപ്പിടിച്ച കരച്ചിലുകള്‍, ഒളിപ്പിച്ചു വെച്ച ചിരികള്‍ ഇതെല്ലാമാണ് അയ്മനത്തിന്റെ കഥകള്‍.

എല്ലാ കഥകളും യാത്രകളാണ്. ചിലയിടങ്ങളില്‍ മുന്നോട്ടിനി വഴിയില്ലാത്തവണ്ണം യാത്ര അവസാനിപ്പിക്കേണ്ടി വന്നവരേയും കാണാം. ഈ യാത്രകളില്‍ നടവരമ്പുകളിലൂടെ പോയിരുന്ന വഴിയാത്രക്കാര്‍ മുതല്‍ പലായനം ചെയ്യേണ്ടി വരുന്ന റോഹിംഗ്യകള വരെ കണ്ടെത്താമെന്നുള്ളതാണ് കഥാകാരന്‍ കാലത്തെ അമ്മാനമാടുന്നവനാണ് എന്ന തോന്നലുണ്ടാക്കുന്നത്. 'ജീവിതത്തിനൊരു നിറമുണ്ട്.

kandal
പുസ്തകം വാങ്ങാം

അത് ഓരോരുത്തരും ഓരോന്നായിട്ടായിരിക്കും കാണുക. ഒരാള്‍ തന്നെ പല നേരങ്ങളില്‍ പലകാലങ്ങളില്‍ അതു പലതായി കണ്ടെന്നും വരാം' 'ജീവിതത്തിന്റെ നിറങ്ങള്‍ ' എന്ന കഥയിലെ ആദ്യ വാചകങ്ങളാണിത്. ഇവ സൂചിപ്പിക്കുന്നത് പോലെ  വായനക്കാര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോരോ അനുഭവങ്ങളാണ് ഈ കഥകള്‍ സമ്മാനിക്കുന്നത്.

വായനയില്‍ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്ന ജീവിതത്തിന്റെ കാതല്‍ വായനക്കു ശേഷം ശൂന്യതയിലേക്കു വഴിമാറും. അത് നിസ്സാരമായ ഒരു പരിണാമമല്ല 'Form is emptiness, emptiness is form' എന്ന ബുദ്ധസൂത്രം പോലെ ഈ ലോകത്തിന്റെ സാരാംശം മുഴുവന്‍ ശൂന്യതയിലാണെന്നു ബോധ്യപ്പെടുത്തുന്ന അനുഭവം.

കണ്ടല്‍ക്കടവ് പ്രണയകാലം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Aymanam John Malayalam Book Review Mathrubhumi Books