' If the hidden story hides too well beneath the well-known story, it stays invisible ' 
 
അല്‍ഫ എന്‍ദിയൈ എന്ന സെനഗലീസ് പട്ടാളക്കാരന്റെ കഥ പറഞ്ഞാണ് ഡേവിഡ് ദിയോപ് എന്ന ഫ്രഞ്ചെഴുത്തുകാരന്‍ ഇത്തവണത്തെ ബുക്കര്‍ അന്തരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നത്. ഈ അംഗീകാരത്തോടെ At Night All Blood is Black എന്ന നോവല്‍ ലോകശ്രദ്ധയില്‍ എത്തിയിരിക്കുന്നു. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നോവലുകള്‍ക്കുള്ള അന്തരാഷ്ട്ര സാഹിത്യപുരസ്‌കാരമാണ് ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ്. 
 
പുരസ്‌കാരത്തിന്റെ പകുതിത്തുക വിവര്‍ത്തനം ചെയ്തവര്‍ക്കുള്ളതാണ് എന്നത് ഇതിന്റെ ഒരു പ്രധാന സവിശേഷതയാണ്. ഫ്രഞ്ചിലെഴുതിയ ദിയോപിന്റെ നോവല്‍ ഇംഗ്ലീഷിലേക്ക് മെഴിമാറ്റം നടത്തിയത് അന്ന മൊസ്‌ചോവാകിസ് എന്ന അമേരിക്കന്‍ എഴുത്തുകാരിയാണ്. ഫ്രഞ്ചുകാരിയായ അമ്മയ്ക്കും സെനഗലീസുകാരനായ അച്ഛനും ജനിച്ച ദിയോപ് ഇപ്പോള്‍ പാരിസിലെ ഒരു സര്‍വ്വകലാശാലയില്‍ സാഹിത്യ പ്രൊഫസറായി ജോലി ചെയ്യുന്നു. 1966-ല്‍ പാരിസിലാണ് ജനിച്ചതെങ്കിലും സെനഗലിലാണ് അദ്ദേഹം വളര്‍ന്നത്. 'അറ്റ് നൈറ്റ് ആള്‍ ബ്ലഡ് ഈസ് ബ്ലാക്ക് '  ദിയോപിന്റെ രണ്ടാമത്തെ നോവലാണ്. '1889, I'Attraction univrerselle' എന്ന ആദ്യനോവല്‍ ഇതുവരെ ഇംഗ്ലീഷിലേക്ക്  പരിഭാഷപ്പെടുത്തിയിട്ടില്ല. 
 
At Night All Blood is Black എന്ന നോവലിലെ കഥ നടക്കുന്നത് ഒന്നാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. ഫ്രഞ്ച് പട്ടാളത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച സെനഗല്‍ വംശജനാണ് ഇതിലെ പ്രധാന കഥാപാത്രമായ അല്‍ഫ എന്‍ദിയൈ. ഒന്നാം ലോകയുദ്ധം നടന്ന കാലത്ത് സെനഗല്‍' എന്ന ആഫ്രിക്കന്‍ രാജ്യം  ഫ്രഞ്ച് കോളണിയായിരുന്നു. കോളണി രാജ്യങ്ങളിലെ യുവാക്കളെ ധാരാളമായി അക്കാലത്ത് യുദ്ധപ്പടയാളികളായി ഉപയോഗിച്ചിരുന്നു. 
 
ഒന്നാം ലോകയുദ്ധത്തില്‍ ആദ്യനിരയില്‍ നേരിട്ടുള്ള പോരാട്ടത്തില്‍ ഇത്തരം പടയാളികളെയാണ് മുഖ്യമായും നിയോഗിച്ചത്. സഹോദരനെക്കാള്‍ അടുപ്പമുണ്ടായിരുന്ന  മദേംബാ ദിയോപ് എന്ന ചങ്ങാതിയോടൊപ്പമാണ് അല്‍ഫ എന്‍ദിയൈ യുദ്ധത്തില്‍ പങ്കെടുക്കുന്നത്. അവര്‍ ബാല്യകാലം തൊട്ട് ഒരുമിച്ച് ജീവിച്ചവരായിരുന്നു. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട എന്‍ദിയൈയെ കൂട്ടുകാരന്റെ അമ്മ ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു. അങ്ങനെ അവരുടെ ജീവിതം ഒരുമിച്ചായി. ഒരാള്‍ സ്‌കൂളില്‍ പോവുന്നെങ്കില്‍ മറ്റേയാളും പോകും. 
 
Diopഒരാള്‍ പട്ടാളത്തില്‍ ചേരുന്നെങ്കില്‍ മറ്റേയാളും ചേരും. അങ്ങനെ  ഇരുപതു വയസ്സോടടുപ്പിച്ച് ഇരുവരും ഫ്രാന്‍സിനു വേണ്ടി ജര്‍മ്മനിക്കെതിരേ യുദ്ധക്കളത്തിലെത്തുകയാണ്. യുദ്ധഭൂമിയില്‍വെച്ച് ദിയോപിന് മാരകമായ പരിക്കേല്‍ക്കുന്നു. ഏറ്റുമുട്ടലില്‍ കുടല്‍ പുറത്തുവന്ന്  മരണാസന്നനായ ദിയോപ്  കടുത്ത വേദനയോടെ കൂട്ടുകാരന്റെ അടുത്തെത്തുന്നു. 
 
കഴുത്തറുത്ത് തന്റെ ജീവനെടുത്തു തരണമെന്നും ഈ വേദനയില്‍നിന്നു രക്ഷപ്പെടുത്തണമെന്നും സുഹൃത്തിനോട് അയാള്‍ കേണപേക്ഷിക്കുന്നു. 'ദൈവത്തെയോര്‍ത്ത്, നമ്മുടെ ആചാര്യനെയോര്‍ത്ത്, നീ എന്റെ സഹോദരനാണെങ്കില്‍, ഞാന്‍ നിന്നെപ്പറ്റി കരുതുന്നത് സത്യമാണെങ്കില്‍, അല്‍ഫാ, നീയെന്റെ കഴുത്തറുത്തുതരിക. ഞാന്‍ നിന്നോട് അപേക്ഷിക്കുകയാണ്... എന്റെ കഴുത്തറുക്കുക!'
 
ജീവനു തുല്യം സ്‌നേഹിക്കുന്ന ചങ്ങാതിയുടെ ഈ അപേക്ഷ അല്‍ഫ എന്‍ദിയൈയെ വിഷമവൃത്തത്തിലാക്കുന്നു. ജിവിതത്തില്‍ ആദ്യമായ് അയാള്‍ സുഹൃത്തിന്റെ ആവശ്യത്തിനു മുന്നില്‍ നിസ്സഹായനാവുകയാണ്. ചങ്ങാതിയുടെ ജീവനെടുക്കാന്‍ അയാള്‍ക്ക് മനസ്സു വരുന്നില്ല. മനുഷ്യവംശത്തിന്റെ നീതിബോധം തന്നെ അതില്‍നിന്ന് പിന്തിരിപ്പിച്ചു എന്നയാള്‍ തിരിച്ചറിയുന്നു. 
 
ആരാണ് ദിയോപിനെ കൊന്നത് എന്ന ചോദ്യത്തിനുത്തരമാവാന്‍ അവന്‍ സ്വയം തയ്യാറായിരുന്നില്ല. അതുകൊണ്ട് രാവിലെ തൊട്ട് വൈകുന്നേരം വരെ കീറിമുറിക്കപ്പെട്ട വയറുമായി, വേദന കടിച്ചുപിടിച്ച് തന്റെ ചങ്ങാതി തന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് മരണത്തിനായി കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ ദിയോപ് മരണത്തിനു കീഴടങ്ങുന്നു. ഈ സംഭവത്തോടെയാണ് നോവല്‍ തുടങ്ങുന്നത്. 
 
അല്‍ഫ എന്‍ദിയൈയുടെ ജീവിതത്തില്‍ ഇതൊരു വലിയ അഘാതമായിത്തീരുന്നു. ആത്മമിത്രമായ ദിയോപിന്റെ അകാലത്തിലുള്ള ദാരുണമരണം അയാളെ ആകെ ഉലച്ചുകളഞ്ഞു. ദയാവധത്തിനായുള്ള സുഹൃത്തിന്റെ അപേക്ഷ സ്വയം നിരസിച്ചതും അയാളുടെ സ്വസ്ഥത ഇല്ലാതാക്കി. താന്‍ സ്വാര്‍ത്ഥനായോ എന്ന തോന്നല്‍ അയാളെ അലട്ടി. 
 
യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ആ ചെറുപ്പക്കാരന്‍ തിരിച്ചറിയുകയായിരുന്നു. അയാളിലെ യോദ്ധാവ് പ്രതികാരാഗ്‌നി കൊണ്ട് വിറളി പിടിച്ചു. തന്റെ ചങ്ങാതി അനുഭവിച്ച വേദനകള്‍ ശത്രുക്കള്‍ക്കും ഉണ്ടാവണമെന്ന് അയാള്‍ ശഠിച്ചു. ശത്രുക്കളെ അതേ രീതിയില്‍ അല്‍ഫ കൊന്നൊടുക്കുന്നു. ഒരു ഒറ്റയാന്റെ വിളയാട്ടമാണ് പിന്നീടദ്ദേഹം യുദ്ധഭൂമിയില്‍ നടത്തിയത്. 
 
വലിയ താമസം കൂടാതെ പലപല പുതിയ തിരിച്ചറിവുകളും അയാള്‍ക്കുണ്ടാവുന്നു. അസ്വസ്ഥത അയാളെ മാനസികവിഭ്രാന്തിയിലെത്തിക്കുന്നു. ഇങ്ങനെ മാറിയ എന്‍ദിയൈയുടെ പിന്നീടുള്ള ജീവിതമാണ് ഈ ചെറുനോവലിന്റെ പ്രമേയം. വ്യക്തിയെന്ന നിലയിലെ അയാളുടെ സ്വത്വം അയാളെ അപ്രതീക്ഷിത പ്രതിസന്ധികളില്‍ കൊണ്ടുചെന്നെത്തിക്കുന്നു. അ
 
യാള്‍ ഫ്രഞ്ചു സൈന്യത്തിനു വേണ്ടി പൊരുതുന്ന സെനഗലുകാരനാണ്. ഫ്രഞ്ചു പൗരനല്ല. എത്ര വലിയ യോദ്ധാവായാലും ആ ഐഡന്റിറ്റി അയാളുടെ മുന്നിലെ വെല്ലുവിളിയാണ്. ഇവിടെ നോവല്‍ വ്യക്തിഗത തലത്തില്‍നിന്ന് ഉയരുന്നു. അല്‍ഫ എന്ന ആഫ്രിക്കന്‍ വംശജന്‍ ജനിച്ച ജീവിതസാഹചര്യങ്ങളും സംസ്‌കാരവും അവയുണ്ടാക്കുന്ന മനോഭാവങ്ങളും നോവലിസ്റ്റ് ചിത്രീകരിക്കുന്നു. അയാളെ പൂര്‍ത്തിയാക്കുന്ന മിത്തുകളും ആത്മീയബോധവും പലേടത്തും കടന്നുവരുന്നുണ്ട്. 
 
എതിരാളികളെ വാശിയോടെ  കൊന്നൊടുക്കി അവരുടെ മുറിച്ചെടുത്ത കൈകളുമായി വിശ്രമ ട്രെഞ്ചിലെത്തുന്ന അയാളെ സഹയോദ്ധാക്കള്‍ ആദ്യമൊക്കെ ആദരവോടെ കണ്ടെങ്കിലും വൈകാതെ അത് ഭയവും അവിശ്വാസവും കലര്‍ന്ന അകല്‍ച്ചയിലേക്ക് നീങ്ങുന്നു. സൈനിക ക്യാപ്റ്റന്‍ അയാളെ യുദ്ധരംഗത്തുനിന്നു നീക്കംചെയ്യുകയും ഒരു മാനസിക ചികാത്സാലയത്തിലേക്ക് അയക്കുകയും ചെയ്യുന്നു. 
 
ഇതിനിടയില്‍ ക്യാപ്റ്റന്റെ മനുഷ്യത്വരഹിത മനോഭാവത്തെയും നോവലിസ്റ്റ് തുറന്നുകാട്ടുന്നുണ്ട്. തന്നേക്കാള്‍ ക്രൂരനാണ് ക്യാപ്റ്റനെന്ന് ആല്‍ഫയ്ക്ക് തോന്നിപ്പോകുന്നു. ആരാണ് ഫ്രഞ്ചുകാരന്‍ എന്ന ചോദ്യം അല്‍ഫയുടെ മനസ്സില്‍ നിറയുന്നു. നമുക്ക് മുന്നില്‍ ചരിത്രം വഴിതുറക്കുന്നു. ഇന്നലെകളുടെ നീതിബോധത്തെ നമ്മള്‍ തൊട്ടറിയുന്നു. 
 
അങ്ങനെ മാനസിക ചികിത്സാലയത്തിലിരുന്ന് നടത്തുന്ന ആലോചനകളും ഓര്‍മ്മകളുമാണ് നോവലിന്റെ രണ്ടാം ഭാഗം. അയാളുടെ മനസ്സിലേതുപോലൊരു അസ്വസ്ഥത ആ ഭാഗത്തെ നോവലിന്റെ പ്രമേയത്തിലും നോവലിസ്റ്റ് കൊണ്ടുവരുന്നുണ്ട്. അവിടംതൊട്ട് നോവലിന്റെ രചനാരീതി ദുരൂഹവും വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് വഴിയൊരുക്കുന്നതുമായിത്തീരുന്നു. അതാണ് ഈ രചനയെ വേറിട്ടുനിര്‍ത്തുന്നത്. 
 
ഇതിലൂടെ ആഖ്യാനത്തിന്റെ പുതിയൊരു ശീലം നോവലിസ്റ്റ് നിര്‍മ്മിച്ചെടുക്കുകയാണ്. രണ്ടു ചങ്ങാതിമാര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം കാണിച്ചു തരുന്നതിനിടയില്‍ അവര്‍ രണ്ടാളാണോ അതോ ഒരാള്‍ തന്നെയാണോ എന്ന സംശയത്തിനു പോലും ഇട നല്‍കുന്നു. (നോവലിന്റെ ആദ്യഭാഗത്ത്) മരിച്ചുപോയ ദിയോപിന്റെ ആത്മഗതത്തോടെയാണ് നോവല്‍ അവസാനിക്കുന്നത്. അയാള്‍ ദൈവനാമത്തില്‍ സത്യം ചെയ്യുന്നതിങ്ങനെയാണ് - 'ഞങ്ങളെക്കുറിച്ച് ഞാന്‍ ആലോചിക്കുമ്പോഴൊക്കെ അവന്‍ ഞാനും ഞാന്‍ അവനുമാണ്.' 
 
അന്യരോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങളെപ്പറ്റിയുള്ള അന്വേഷണമായും ഞാനീ നോവലിനെ വായിച്ചെടുക്കുന്നു. ആരാണ് അന്യര്‍? സുഹൃത്ത്. അമ്മ. കാമുകി. സഹയോദ്ധാക്കള്‍. ശത്രുക്കള്‍. അങ്ങനെയെത്രയെത്ര പേര്‍!  യാദൃശ്ചികമായി നമ്മളില്‍ സ്‌നേഹമായെത്തുന്ന പലതരം ബന്ധങ്ങള്‍. ഇതിന്റെയൊക്കെ അര്‍ത്ഥതലങ്ങള്‍ നമ്മള്‍ സ്വയം കണ്ടെത്തേണ്ടതുണ്ട്. അവിടെ നമ്മള്‍ ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം. ആ അവസ്ഥകളെ ചോദ്യംചെയ്യുക കൂടിയാണ് ഈ നോവല്‍. 
 
മനുഷ്യാവസ്ഥയുടെ അര്‍ത്ഥരാഹിത്യത്തെ ചരിത്രത്തിലെ രക്തക്കറ പുരണ്ട ഒരു കാലത്തിന്റെ പശ്ചാത്തലത്തില്‍, വിചിത്രമായതും കാലഹരണപ്പെട്ടതുമായ ചില സാമൂഹ്യബന്ധങ്ങളുടെ പിന്‍ബലത്തില്‍ നോക്കിക്കാണുക കൂടിയാണ് നോവലിസ്റ്റ്. അതിനയാള്‍ ഉപയോഗിച്ച ഭാഷ ഏറെ സവിശേഷതയുള്ളതാണ്. അല്‍ഫയുടെ ആത്മഗതങ്ങളില്‍ അനുഭവങ്ങള്‍ അതിരുകളില്ലാതെ, അതിതീവ്രമായി കടന്നുവരികയാണ്. ചുരുങ്ങിയ വാക്കുകളിലൂടെ വലിയൊരു അനുഭവമണ്ഡലം വരച്ചിടുകയാണ് നോവലിസ്റ്റ്. 
 
കവിതയുടെ തലത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ഭാഷ, പ്രമേയം നിലകൊള്ളുന്ന കാലത്തേയും അതുള്‍ക്കൊള്ളുന്ന സംസ്‌കാരത്തെയും സ്വാംശീകരിച്ചു വായനക്കാരെ വിസ്മയിപ്പിക്കുന്നു. ഇംഗ്ലീഷ് പരിഭാഷയിലൂടെ ഈ ഫ്രഞ്ച് നോവലിനെ ആസ്വദിക്കുമ്പോഴും ഇതൊക്കെ കൃത്യതയോടെ തിരിച്ചറിയാന്‍ കഴിയുന്നു എന്നതിലാണ് ആ പരിഭാഷയുടെ മികവ്. 
 
പരിഭാഷയെപ്പറ്റിയുള്ള ചില മൗലികചിന്തകള്‍ നോവലിനകത്തും ഇടം നേടിയിട്ടുണ്ട് എന്ന ആകസ്മികത നമ്മള്‍ കാണാതിരുന്നു കൂടാ. നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന ആശയത്തിന്റെ ശക്തി ചോര്‍ന്നു പോകുമോ എന്ന ഭയത്താല്‍ മലയാളത്തിലേക്കാക്കാന്‍ മുതിരുന്നില്ല. നോവലില്‍ ഉള്ളതുപോലെ ഇംഗ്ലീഷില്‍ വായിക്കാം: 'To translate is never simple. To translate is to betray at the borders, it's to cheat, it's to trade one sentence for another. To translate is one of the only human activities in which one is required to lie about the details to convey the truth at large... '
 
മനുഷ്യാനുഭവങ്ങളെ വാക്കുകളിലൂടെ ഭാഷയിലേക്ക്  പരിഭാഷപ്പെടുത്തുന്നതാണ് സാഹിത്യം എന്ന വലിയ സത്യത്തെക്കൂടി ഇവിടെ സ്മരിക്കേണ്ടതുണ്ട്. ഡേവിഡ് ദിയോപ് എന്ന നോവലിസ്റ്റ് കാണിച്ചുതരുന്ന  അനുഭവങ്ങളെ അറിയുന്നതോടൊപ്പം ഈ കൃതിയുടെ അന്തര്‍ധാരയായി വര്‍ത്തിച്ച സാമൂഹ്യധാരകളും  എന്നിലെ വായനക്കാരനെ അസ്വസ്ഥനാക്കുന്നുണ്ട്. അവയെ പ്രത്യക്ഷമല്ലാതെ വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവെക്കുന്നതില്‍ നോവലിസ്റ്റ് കാണിച്ച മിടുക്ക് എന്നെ വിസ്മയിപ്പിക്കുന്നു. ഒരുപാട് പുനരന്വേഷണങ്ങള്‍ക്ക് അതെന്നെ പ്രേരിപ്പിക്കുന്നു. 
 
ഒരു നൂറ്റാണ്ടിന്റെ തിരിച്ചറിവുകള്‍ക്കു ശേഷം പുതിയ കാലത്തിലിരുന്നു കൊണ്ട് ഒരാള്‍ ഒന്നാം ലോകയുദ്ധത്തിന്റെ വേദനകളെ അടയാളപ്പെടുത്തുകയാണ്. അവിടെ വായനക്കാരനായ ഞാന്‍ അന്തംവിട്ടു നില്‍ക്കുകയാണ്. എനിക്കവിടെ എന്തെല്ലാമോ പൂരിപ്പിക്കേണ്ടതുണ്ട് എന്നൊരു തോന്നല്‍. അതായത് നോവലിന്റെ അവസാനപുറം വായനയെ അനിയന്ത്രിതമായി തുറന്നുവിടുകയാണ്, അവസാനിപ്പിക്കുകയല്ല. 
 
വാക്കുകളാല്‍ പരിധികള്‍ നിശ്ചയിക്കാത്ത ആഖ്യാനമാണ് പുതിയ പ്രതിഭകള്‍ നിര്‍മ്മിക്കുന്നത്. ആധുനിക നോവല്‍ ഏറ്റെടുത്ത വെല്ലുവിളി കൂടിയാണിത്. വായനക്കാരന്‍ എഴുത്തുകാരേക്കാളും ജാഗരൂഗരാവേണ്ടി വന്നിരിക്കുന്നു. എഴുത്തിനേക്കാള്‍ പ്രധാനമാണ് പുതിയകാല സാഹിത്യം  ആവശ്യപ്പെടുന്ന സൂക്ഷ്മവായന. എത്രപേര്‍ക്ക് കഴിയുമെന്നത് മറ്റൊരു കാര്യം. തുറന്ന നോവലാണ് എന്നതുകൊണ്ട് ഇതിന്റെ വലുപ്പം നിശ്ചയിക്കുക അസാദ്ധ്യം. അതുകൊണ്ടു തന്നെ അതിന്റെ ഓരോ വായനക്കാരന്റെ വായനയും വ്യത്യസ്തമാണ്. 
 
Content Highlights: At Night AII Blood is BIack by David Diop- Book review