ന്നിനു പുറകെ ഒന്നായി അടുക്കിവെച്ച, വസ്തുതകള്‍ നിറച്ച കടലാസുപെട്ടികള്‍ പോലെ കൃത്യവും അനുസ്യൂതവുമായ ഘടനയല്ല അപൂര്‍ണ വിഷാദങ്ങള്‍ എന്ന ആത്മകഥാ കുറിപ്പ് പുസ്തകത്തിനുള്ളത്. A room of ones Own എന്ന ഒറ്റകൃതി കൊണ്ടു തന്നെ സാര്‍വദേശീയ, സമകാലിക പ്രസക്തിയുള്ള എഴുത്തുകാരിയായി മാറി വെര്‍ജീനിയ വുള്‍ഫ് (1882 -1941). തൊട്ടപ്പുറത്തെ ചുമരിലൊരു ദ്വാരമിട്ട് അതിലൂടെ കാണുന്ന കാഴ്ചകള്‍ പോലെ ബാല്യകൗമാര യൗവനകാലങ്ങളെ തന്റെ അറുപതാം വയസ്സില്‍ അവര്‍ ഇതള്‍ വിടര്‍ത്തി നോക്കുന്നു. വിവരണാതീതമായ അനുഭൂതികളെ അതിന്റെ പാട്ടിനു വിടുന്നു, മൂല്യമൊട്ടും കുറയാതെ തന്നെ. കഴിഞ്ഞ കാലങ്ങളുടെ രേഖാചിത്രം, ഹൈഡ് പാര്‍ക്ക് ഗേറ്റ്, ഓള്‍ഡ് ബ്ലൂംസ്ബറി, ഓര്‍മകള്‍ എന്നീ നാലധ്യായങ്ങളില്‍ വെര്‍ജീനിയ വുള്‍ഫ് എന്ന എഴുത്തുകാരി തന്നെത്തന്നെ അല്പം മാറി നിന്നു നോക്കിക്കാണുന്നു, വിലയിരുത്തുന്നു, നിഷ്‌കളങ്കമായി ആഹ്‌ളാദിക്കുകയും ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും ചെയ്യുന്നു.

കുട്ടിക്കാലത്തുതന്നെ സംഭവിച്ച ആഘാതമായ അമ്മയുടെ മരണം, അവരുടെ പില്‍ക്കാല ജീവിതത്തെ മുഴുവന്‍ പൊതിഞ്ഞു നില്‍ക്കുന്ന വിഷാദം നിറഞ്ഞൊരു മറയായി അവതരിപ്പിക്കപ്പെടുന്നുണ്ട്. അമ്മയുടെ മരണം ദുഃഖം നിറയ്ക്കുന്നു എന്നതിനേക്കാള്‍, മരണം അമ്മയെ കൂടുതല്‍ അയഥാര്‍ഥമാക്കുകയും കുടുംബത്തിലെ മറ്റു വ്യക്തികളെ കൂടുതല്‍ ശാന്തരും തിരിച്ചറിവുള്ളവരുമാക്കി മാറ്റിയെന്ന് വെര്‍ജീനിയ സാക്ഷ്യപ്പെടുത്തുന്നു. അനേകം ഗ്രന്ഥങ്ങളുടെ രചയിതാവായിരുന്നിട്ടു കൂടി ലെസ്ലി സ്റ്റീഫന്‍ എന്ന പിതാവ് എത്രമാത്രം വൈകാരിക പരാശ്രയത്തിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു വെയ്ക്കുന്നുണ്ട്. അര്‍ദ്ധ സഹോദരങ്ങളുമായുള്ള ബന്ധത്തിലെ ഊഷ്മളതയും അപ്രതീക്ഷിതമായ ലൈംഗിക സന്ദേഹങ്ങളുമെല്ലാം ഇവിടെ ചര്‍ച്ചാവിഷയമാകുന്നു.

ഞാന്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചുവെങ്കില്‍ അതെന്റെ മാത്രം തീരുമാനമാണ്. അതിന്റെ ഭവിഷ്യത്തുകള്‍ നേരിടാനും ഞാന്‍ തയ്യാറാണ് എന്ന നയം നിരൂപകരോട് പുലര്‍ത്തിയ തന്റേടിയായ എഴുത്തുകാരിയെ ഈ കുറിപ്പുകളില്‍നിന്ന് വീണ്ടെടുക്കാവുന്നതാണ്. അനേകം വിരുന്നുകള്‍, ചായ സല്‍ക്കാരങ്ങള്‍, നൃത്തവേളകള്‍ അതിലുപരി ഇതിനെല്ലാം കാരണക്കാരായ മനുഷ്യര്‍ അവരുമായുള്ള തന്റെ പാരസ്പര്യങ്ങള്‍ ഇവ എല്ലാം എഴുത്തുകാരി എന്ന നിലയിലും സമ്മാന്യയായ വ്യക്തി എന്ന നിലയിലും ഓര്‍മകളില്‍ ഉടനീളം ചിതറിക്കിടക്കുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പ്രിയപ്പെട്ടവരുടെ മരണമുളവാക്കിയ ആന്തരിക ശൂന്യതയില്‍ അവരുഴറുന്നുണ്ട്. ഇനിയൊന്നും പഴയപോലെയാവില്ലെന്ന് സ്വയം ആശ്വസിപ്പിക്കുന്നുമുണ്ട്.

അപൂര്‍ണ വിഷാദങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിഷാദത്തിന്റെ മഞ്ഞുമറയെ തുളച്ചുകടന്ന് വെളിച്ചം ചിതറിക്കുന്ന ചില ദര്‍ശനങ്ങള്‍ വെര്‍ജീനിയയുടെ അപൂര്‍ണ വിഷാദങ്ങളെ വിലപിടിപ്പുള്ളതാക്കുന്നു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയില്‍ സ്ത്രൈണതയുടെ നന്മകള്‍ മനോഹരമായി വിളക്കിച്ചേര്‍ക്കുന്ന കാഴ്ചകള്‍ പരമ്പരയായി കടന്നു വരുന്നു. അമ്മയില്‍നിന്ന് സ്റ്റെല്ലയിലേക്ക് വനേസ്സയിലേക്കും വെര്‍ജീനിയയിലേക്കും. അതുകൊണ്ടുതന്നെ വ്യക്തിത്വമെന്നത് ഒരനുക്രമപരിണാമമാണ്, നിര്‍മിതിയാണെന്ന് നമ്മള്‍ ഒന്നുകൂടി തീര്‍ച്ചപ്പെടുത്തുന്നു.

ഇത്തരം അതിവൈകാരികതയുടെ വേലിയേറ്റങ്ങളെ അപൂര്‍ണ വിഷാദങ്ങള്‍ മൊഴിമാറ്റം നടത്തിയ സോണിയ റഫീക്ക് സംവേദനക്ഷമതയോടെ ഏറ്റുവാങ്ങുകയും അതേ തീവ്രതയോടെ വായനക്കാര്‍ക്ക് കൈമാറുകയും ചെയ്യുന്നു. ഈ പുസ്തകം നമ്മെ വെര്‍ജീനിയന്‍ കാലത്തെത്തിക്കുകതന്നെ ചെയ്യും. അരക്ഷിതമായ ആത്മാവോടെ തന്നോടു തന്നെ സംവദിച്ച ഒരെഴുത്തുകാരിയോടൊപ്പം നാം തീവ്ര വ്യഥകള്‍ക്കും അനിശ്ചിത ചിന്തകള്‍ക്കും കാവലാളാകുമെന്നുറപ്പ്. അങ്ങനെ ഓരോരുത്തരും സ്വയം മാറിനിന്ന് അവരവരെ നോക്കുകയും ദീര്‍ഘനിശ്വാസമുതിര്‍ക്കുകയും ചെയ്യുമ്പോള്‍ ആത്മകഥാപരമായ കുറിപ്പുകളുടെ വായന എന്നത് ജീവിതത്തെയാകെ മാറ്റിപ്പണിയുന്നതായി, ഒന്നുകൂടി തെളിച്ചമുള്ളതാക്കുന്നതായി വായനക്കാര്‍ തിരിച്ചറിയുന്നു. അപൂര്‍ണ വിഷാദങ്ങള്‍ എന്ന ഓര്‍മക്കുറിപ്പു പുസ്തകം അങ്ങനെ ചിതറലുകള്‍ ചേര്‍ത്തെടുത്ത വലിയ ഒരുമയുടെ പുസ്തകമാകുന്നു .