കല ജീവാജാലങ്ങളിലും പ്രാണനെ സുഖപ്പെടുത്തുന്ന, ജീവിച്ചിരുന്ന ഒരു ഭിഷഗ്വരനെക്കുറിച്ച് ജയമോഹന്‍ എഴുതിയ കൃതിയാണ് 'ആന ഡോക്ടര്‍'. അദ്ദേഹം ചികിത്സിച്ചിരുന്നത് ആനകളെ മാത്രമായിരുന്നില്ല, നാമെല്ലാം ഉള്‍ക്കൊള്ളുന്ന സമൂഹത്തെയായിരുന്നു. ആദര്‍ശത്തില്‍ അടിയുറച്ച് ജീവിച്ച മനുഷ്യരുടെ 12 കഥകളുള്ള ജയമോഹന്റെ അറം എന്ന സമാഹാരത്തിലെ ഒരു നോവലാണ് ആന ഡോക്ടര്‍. വായനക്കാരന്റെ ഉള്ളിലേക്ക് തുളച്ചുകയറി അവിടെ ആന്തരികസംഘര്‍ഷം സൃഷ്ടിക്കുകയാണ് ജയമോഹന്‍ തന്റെ കൃതിയിലൂടെ ചെയ്യുന്നത്. ആന ഡോക്ടര്‍ക്ക് മുമ്പ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നൂറുസിംഹാസനങ്ങള്‍ എന്ന കൃതിയും ഓരോ വായനക്കാരനെയും ആഴത്തില്‍ നൊമ്പരപ്പെടുത്തിയിരുന്നു. ആന ഡോക്ടര്‍ എന്നറിയപ്പെട്ട ഡോ. വി കൃഷ്ണമൂര്‍ത്തി ഡോക്ടര്‍ കെയുടെ (1923 - 2002) അവിശ്വസനീയമായ ജീവിതവീക്ഷണവും ചിന്തകളും ഓരോ നിറയുന്നതാണ് ഈ നോവല്‍. അത് ഓരോ വായനക്കാരനെയും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു.

നിങ്ങള്‍ എന്തിനാണ് കാട്ടിലേക്ക് വരുന്നത്? എന്ന ഡോക്ടര്‍ കെയുടെ ചോദ്യം, അക്ഷരാര്‍ത്ഥത്തില്‍ നാം എന്തിനാണ് കാട്ടിലേക്ക് ചെല്ലുന്നത് എന്ന ചിന്തയില്‍ കൊണ്ടുചെന്നെത്തിക്കുന്നു. വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവും നിറഞ്ഞവരെന്ന് ഊറ്റം കൊള്ളുന്ന മലയാളി കാട്ടിലെത്തിയാല്‍ തനി ചെറ്റകളായി മാറുന്നുവെന്ന് ഡോക്ടര്‍ നിരീക്ഷിക്കുന്നു. ഓരോ കാട്ടുമൃഗത്തെയും അവര്‍ അപമാനിക്കുന്നു. ഡോക്ടര്‍ കെ പറയുന്നുണ്ട് 'താന്‍ ഭ്രാന്തന്‍ ഫിലോസഫറാണെന്ന് തോന്നിയേക്കാം പക്ഷേ, 'I am trying to be one... ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ നിരീക്ഷണം കൃത്യമായിരുന്നു. മലയാളികള്‍ എപ്പോഴും കാടിന് ഒരു ദ്വന്ദപരികല്‍പന നല്‍കുന്നു. 

കാട് എന്നത് മഴ തരാന്‍ ഉപകരിക്കുന്ന ഒരിടം അല്ലെങ്കില്‍ കാട് എന്നത് നന്മയ്ക്ക് എതിരായ പൊരുള്‍ എന്ന തത്ത്വത്തെ നാം മുറുകെപിടിച്ചിരിക്കുന്നു. കാടുപിടിച്ചു കിടക്കുക/കാടുകയറുക/ കാടന്‍/കാടത്തം എന്നൊക്കെ നാം അധിക്ഷേപിക്കുന്ന. അവിടെ വസിക്കുന്ന ആദിമവാസികളെയാകാം കാടന്‍ എന്ന് നാം നടത്തുന്ന പദപ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നത്. നന്ദിനി സുന്ദര്‍ തന്റെ The Burning Forest Indias War in Basar എന്ന കൃതിയില്‍ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട് ഭാഗ്യവശാല്‍ 'സംസ്‌കാര സമ്പന്ന'രായ മറ്റ് ഇന്ത്യക്കാരെപോല ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളെ ഛത്തിസ്ഗഢിലെ ആദിവാസി സമൂഹം അപമാനമായി കാണാറില്ല. മിക്കവാറും സ്ത്രീകളെ ഇതിന് ശേഷമാണ് വിവാഹം കഴിച്ചത്. പക്ഷേ, നമ്മുടെ കണ്ണില്‍ ഇപ്പോഴും അവര്‍ മാറ്റമില്ലാത്ത അപരിഷ്‌കൃതരും/കാടന്മാരുമായി നിലകൊള്ളുന്നു. 

മനുഷ്യന്റെ അല്‍പത്തം കാണണമെങ്കില്‍ കാട്ടിലേക്ക് വരണമെന്ന് ഡോ. കെ പറയുന്നുണ്ട്. കാട് പലര്‍ക്കും ഒരു വിനോദയാത്രയാണ്. ഭക്ഷണപൊതികളും മദ്യവുമായി നാം അവിടെ പ്രവേശിക്കുന്നു. കുടിച്ച് കൂത്താടി ഹോണടിച്ച് ഓരോ മലമടക്കുകളിലും മാറ്റൊലി നിറയ്ക്കുന്നു. കുരങ്ങുകള്‍ക്ക് പഴത്തിനുള്ളില്‍ മുളകുപൊടി വെച്ചുനല്‍കുന്നു. മാനുകള്‍ക്ക് നേരെ കല്ലെടുത്തെറിയും ആനയെ കണ്ടാല്‍ നീട്ടി ഹോണടിച്ച്, നിലവിളിച്ചോടും. തങ്ങള്‍ ഉപേക്ഷിച്ച ബിയര്‍ കുപ്പികള്‍ കാട്ടിലെ രാജാവിന്റെ കാലുകളെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ ഇടവരുത്തുന്നു. തലയ്ക്ക് മുകളില്‍ അനുഗ്രഹം ചൊരിയുന്ന മലമുടികളെ നോക്കി പുലഭ്യം വിളിച്ചുപറയും, എന്നിട്ട് സംസ്‌കാര സമ്പന്നരെന്ന് നടിക്കും.

കേരളീയ സംസ്‌കാരത്തിന് കാടിനോട് നിരന്തരമായ ഒരു യുദ്ധമുണ്ട്. കാട് കേവലം അവന്റെ അധികാരപരിധിയില്‍ ആണെന്ന വിഡ്ഢിത്തം നാം കൊണ്ടുനടക്കുന്നു. കാട്ടുമൃഗങ്ങളോട് മനുഷ്യര്‍ നടത്തിയ ഏറ്റുമുട്ടലുകളുടെ കഥകളാണ് മുത്തശ്ശിമാരില്‍നിന്നുപോലും നാം പറഞ്ഞുകേട്ടിട്ടുള്ളത്. കുമയൂണ്‍ കുന്നുകളില്‍ കടുവകളോട് ഏറ്റുമുട്ടുന്ന സാഹസികതയും അനുഭവസാക്ഷ്യങ്ങളും അനാവരണം ചെയ്യുന്നതാണ് ജിം കോര്‍ബെറ്റിന്റെ മെന്‍ ഈസ്റ്റേഴ്‌സ് ഓഫ് കുമയൂണ്‍. നരഭോജി കടുവകളുടെ ആക്രമണത്തില്‍നിന്നും പ്രദേശവാസികളെ രക്ഷിക്കാനാണ് താന്‍ ഏറ്റമുട്ടല്‍ നടത്തിയതെന്ന് പറയപ്പെടുമ്പോഴും കാടിന്റെ ആന്തരിക സത്യങ്ങളെ കണ്ടെത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരിക്കാം. മലബാറിലെ ശിക്കാര്‍ എന്ന പേരില്‍ എം.പി ശിവദാസ മേനോന്‍ എഴുതിയതെല്ലാം മനുഷ്യന്റെ വേട്ടയുടെയും വീരസാഹസികതയുടെയും വങ്കത്തരങ്ങള്‍ മാത്രമായിരുന്നു. കാടിന്റെ സത്യസന്ധതയും ശാന്തതയും നമ്മളിലേക്ക് അല്‍പമെങ്കിലും എത്തിത്തുടങ്ങിയത് എന്‍.എ നസീറിലൂടെയായിരുന്നു.

ആന ഡോക്ടര്‍ പറയുന്നുണ്ട് ' നഗരത്തില്‍നിന്നും വിട്ടുപോരുമ്പോള്‍ അവിടത്തെ വീടും സുഖസൗകര്യങ്ങളുമാണ് ഓര്‍മ്മയിലെങ്കില്‍ ഒരിയ്ക്കലും നിങ്ങള്‍ ഇങ്ങോട്ടേക്ക് വരേണ്ടതില്ല, കാട് നിങ്ങള്‍ക്ക് നരകമായിരിക്കും. പക്ഷേ, നിങ്ങള്‍ കാടിനെ അറിയാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ മറ്റെല്ലാം നിങ്ങള്‍ക്ക് നരകമായി മാറും.' അപ്പോള്‍ കാട് നിങ്ങളെ വേട്ടയാടിത്തുടങ്ങും. ഉപേക്ഷിക്കപ്പെട്ട ബിയര്‍ കുപ്പിയുടെ മുക്കാല്‍ ഭാഗവും ആനയുടെ കാലിലൂടെ തുളച്ചുകയറിയപ്പോഴും ഡോക്ടര്‍ മയക്കുമെടി വെക്കാതെ ആനയെ ശസ്ത്രക്രിയ ചെയ്യുന്നു, ഒരു ചെന്നായ്ക്കൂട്ടം ഡോക്ടറുടെ ജീപ്പ് വളയുന്നു അയാള്‍ക്കായി കാത്തുനില്‍ക്കുന്നു. അവരുടെ നേതാവിനെ ഡോക്ടഡര്‍ ചികിത്സിക്കുന്നു. ചെന്നായ്ക്കള്‍ ക്രൂരന്മാരാണെന്ന ശരാശരി ബോധത്തെ അറത്തുകളയുന്നു ഈ പ്രവൃത്തി. 

Buy Booksഡോക്ടര്‍ കൃഷ്ണമൂര്‍ത്തി മരിച്ച് 15 വര്‍ഷം പിന്നിടുമ്പോഴാണ് മലയാളത്തില്‍ ഇങ്ങനെയൊരു പുസ്തകം ഇറങ്ങുന്നത്. ഈ ചെറുനോവല്‍ ഒരു ആത്മീയ സങ്കല്‍പമാണ് മുന്നോട്ടുവെക്കുന്നത്. കാട് ഒരുവലിയ സര്‍വകലാശാലയാകുന്നു. അതിലെ രാജാവാണ് ആന. എന്നാല്‍ ആ രാജാവിനെ ഇന്ന് അലങ്കാര വസ്തുവാക്കി മാറ്റിയിരിക്കുന്നു. അഹങ്കാര പ്രകടനത്തിനും മൃഗശാലയിലെ വിനോദ വസ്തുവും ആയിരിക്കുന്നു. ചിലപ്പോള്‍ ദൈവത്തിന്റെ കള്ളസ്വരൂപമായും പ്രത്യക്ഷപ്പെടാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. 'ആനയെക്കുറിച്ച് ഡോക്ടര്‍ നിരീക്ഷിക്കുന്നുണ്ട് ആനയുടെ വീട് കാടാണ്, ഒട്ടും ചേരാത്ത സ്ഥലം ക്ഷേത്രം. അതിന്റെ നേത്രങ്ങളില്‍ ഏപ്പോഴും പച്ചയും വെള്ളയും കാണണം. ചുറ്റിലും ഇലകളുടെ ഗന്ധമുണ്ടാകണം.

കല്‍മണ്ഡപങ്ങളില്‍ ആനയെ നാം തളച്ചിടുന്നു, മുകളില്‍ ആകാശമില്ലെങ്കില്‍ ആന തളരും. അതിന് രോഗങ്ങള്‍ ഉണ്ടാകും. പക്ഷേ കാടും ആനയും ഒന്നും ഞങ്ങള്‍ക്കറിയില്ലെന്ന് എഴുത്തുകാരന്‍ പറഞ്ഞുവെക്കുന്നു. തങ്ങള്‍ പഠിച്ചത് ഡേല്‍ കോര്‍ണിഗിയെയും കോപ് മേയറുടെയും ചിന്തകളാണ്. പഠിക്കുക, ജയിക്കുക, നല്ല ജോലിക്ക് കയറി ഇരിക്കുക, ലോണ്‍ വാങ്ങി കാറും വീടും വാങ്ങുക. എന്റെ കുടുംബവും അധ്യാപകരുമൊക്കെ ഞങ്ങള്‍ക്ക് തന്ന സ്വപ്‌നം ഇത്രമാത്രം. ഐ.ടി മേഖലയിലും മറ്റ് ഏത് കോച്ചിങ് സെന്‌ററുകളില്‍ എത്തുമ്പോഴും നമ്മെ തേടി ഡേല്‍ കോര്‍ണഗി എത്തിയിട്ടുണ്ടാകും. മനക്ലേശം അവസാനിപ്പിക്കുക, ജീവിതം ആസ്വദിക്കുക എന്നീ ആപ്തവാക്യം നമ്മളെ ആഗീരണം ചെയ്യുന്നു. പിന്നെ എങ്ങനെ ഞങ്ങള്‍ക്ക് കാടിനെയും അതിലെ രാജാവിനെയും അറിയാന്‍ കഴിയും.

ഒരു വ്യക്തി/മൃഗം  എത്രത്തോളം വേദന സഹിക്കുന്നു എന്നതിലാണ് അതിന്റെ രാജകീയത്വം വിളബരം ചെയ്യുന്നത്. എത്രത്തോളമാണ് ആനകള്‍ വേദനസഹിക്കുന്നത്. മനുഷ്യന്‍ ഉപേക്ഷിച്ച ബിയര്‍ കുപ്പി തുളച്ചുകയറമ്പോള്‍ ആ രാജാവ് എത്രത്തോളം വേദനതിന്നിരിക്കണം. ആ പഴുപ്പും ചലവും നിറഞ്ഞ കാല്‍ പൊന്തിച്ചുപിടിച്ച് അവ കിടക്കുന്നു. ജീവന്‍ തുടിക്കുന്ന വേദനയുണ്ടെങ്കില്‍ അവ കരയില്ല കണ്ണുകള്‍ മാത്രം നന്നായി ചുരുങ്ങും. അവന്റെ രാജകീയത്വത്തെ അതാണ് അടയാളപ്പെടുത്തുന്നത്. എന്നാല്‍ മനുഷ്യനോ? ഡോ. കെ നോവലില്‍ പറയുന്നുണ്ട് സത്യം പറഞ്ഞാല്‍ മനുഷ്യനാണ് ഏറ്റവും വീക്കായ മൃഗം. മനുഷ്യന്റെ കാല്‍പാദത്തില്‍ ഒരു ചെറിയ കുപ്പിച്ചില്ല് തറച്ചാല്‍ എന്താകും സ്ഥിതി!.
 
ആന ഡോക്ടര്‍ എന്ന ഡോക്ടര്‍ കൃഷ്ണമൂര്‍ത്തി എന്നൊരാള്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നോ എന്ന് നാം അദ്ഭുതപ്പെട്ടേക്കാം. അല്ലെങ്കില്‍ പ്രകൃതിയുമായി ഇത്രയേറെ അടുപ്പം പുലര്‍ത്താന്‍ ഇനിയൊരാള്‍ക്ക് സാധിച്ചേക്കില്ല. മുതുമലയിലും തേക്കടിയിലും ടോപ് സ്ലിപ്പിലുമായി അദ്ദേഹം ആനകള്‍ക്കായി ജീവിച്ചു. ഈ ലോകത്തെ തന്നെ ചികിത്സിച്ചു. പക്ഷേ അറിയാന്‍ നാം ഒത്തിരി വൈകിപ്പോയി. വന്യമൃഗങ്ങള്‍ക്കായി പോസ്റ്റുമോര്‍ട്ടം വേണമെന്ന് വാദിച്ചതും വിജയം നേടിയതും ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയായിരുന്നു. 1953 മുതല്‍ 3 വര്‍ഷകാലയളവില്‍ 18 ആനകളുടെ ജഡം പരിശോധിച്ചതില്‍ 12 ആനകള്‍ മനുഷ്യരാല്‍ കൊല്ലപ്പെട്ടതാണെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് തിന്ന് മരിച്ചവ, കുപ്പിച്ചില്ല് തറച്ച് മരിച്ചവ, വേട്ടയാടി കൊല്ലപ്പെട്ടവ അങ്ങനെ നീണ്ടുനീണ്ടുപോകുന്നു ആ കണക്കുകള്‍. 

തന്റെ ജീവിതത്തിലുടനീളം മനുഷ്യരുടെ കൈയേറ്റത്തെ പുറം ലോകത്ത് എത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചുപോന്നു. പ്രബന്ധങ്ങള്‍ എഴുതി, അധികാര വൃന്ദങ്ങളുടെ വാതിലുകളില്‍ മുട്ടി, പക്ഷേ പലപ്പോഴും ഫലം ഉണ്ടായില്ല. 2002ല്‍ ഡോക്ടര്‍ കെ മരിക്കുമ്പോള്‍ ഏതാനും ചില പത്രങ്ങളില്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത അച്ചടിച്ചുവന്നത്. കേവലം ഒരു ആന ഡോക്ടറായി അദ്ദേഹം മാറി. എന്നാല്‍ ജയമോഹന്റെ ഈ കൃതി വായിച്ചുതീരുമ്പോഴേക്കും ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയെ നാം അടുത്തറിഞ്ഞു കഴിഞ്ഞിരിക്കും. ഈ പുസ്തകം ഓരോ വായനയിലും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. 

സമൂഹം എന്ന് പറയുന്നത് ഒരുവന്‍ എന്തൊക്കെ നേടി/വെട്ടിപ്പിടിച്ചു എന്നതല്ല എന്തൊക്കെ നഷ്ടപ്പെടുത്തി/ വിട്ടുകൊടുത്തു എന്ന സന്ദേശമാണ് നമുക്ക് ഇതിലൂടെ ലഭിക്കുക. മുഴുവന്‍ മൂല്യങ്ങളെയും നഷ്ടപ്പെടുത്തി മുഴുവന്‍ വിശ്വസങ്ങളെയും നഷ്ടപ്പെടുത്തി, ശരാശരി ചിന്താശേഷി മാത്രമായി ചുരുങ്ങുന്ന തലമുറയ്ക്കും അവരെ അത് പഠിപ്പിച്ച രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഈ സമൂഹത്തിന്റെയും നേരെയുമാണ് ആന ഡോക്ടര്‍ എന്ന പുസ്തകം വിരല്‍ച്ചൂണ്ടുന്നു. മനുഷ്യന്‍ മാത്രമാണ് കേമന്‍, അവന്‍ ദൈവത്തെയും സ്വര്‍ഗത്തെയും നിര്‍മ്മിച്ചു. അതില്‍ മൃഗങ്ങള്‍ക്ക് സ്ഥാനമില്ലത്രെ. 'ആ ചെന്നായ് കൂട്ടം താങ്കളെ മനസ്സിലാക്കിയെന്ന' കഥാകാരന്റെ ആത്മഗതത്തിന് ലോര്‍ഡ് ബൈറന്റെ ഒരു നായയുടെ ശവകുടീരത്തിലെ വരികള്‍ ഉദ്ധരിച്ചായിരുന്നു, ഡോക്ടറുടെ മറുപടി.
when some proud son of man,
return to earth 
unknown to glory but...
upheld by birth