ന്ത്യയിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളാണ് അമിതാവ് ഘോഷ്. 1986-ൽ പ്രസിദ്ധീകരിച്ച ആദ്യ നോവലിന്‌ മുമ്പ് അദ്ദേഹം ഓക്സ്ഫഡിൽ ഡോക്ടറേറ്റ് നേടി. 2008-ൽ ‘മാൻ ബുക്കർ പ്രൈസ്’ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഒരു നോവലാണ് ഇന്ത്യൻ നോവലിസ്റ്റായ അമിതാവ് ഘോഷിന്റെ ‘സീ ഓഫ് ഓഫ് പോപ്പീസ്. ഐബിസ്  ത്രയത്തിന്റെ ആദ്യത്തെ പുസ്തകം കൂടിയാണിത്. നാല് വർഷങ്ങൾക്ക് ശേഷമിറക്കിയ പുസ്തകമായ ‘റിവർ ഓഫ് സ്മോക്ക്,’ 'ഫ്‌ലഡ് ഓഫ് ഫയര്‍' എന്നിവയാണ് ഐബിസ് ത്രയത്തിലെ മറ്റുരണ്ടുനോവലുകള്‍.

പുണ്യനദിയായ ഗംഗയുടെ തീരത്തും കൊൽക്കത്തയിലും നടക്കുന്ന, ആദ്യ ‘കറുപ്പ് യുദ്ധ’ത്തിന്‌ (മയക്കുമരുന്നാണ് കറുപ്പ്) മുമ്പുള്ള കഥയാണ് ‘സീ ഓഫ് പോപ്പീസ്’. ഈജിപ്തിലെ നാഗരികതയുടെ ജീവനാംശമായ നൈൽ നദിയുമായാണ് ഗംഗയെ എഴുത്തുകാരൻ താരതമ്യം ചെയ്യുന്നത്. വയലിൽ നിന്ന് വളർന്നുവരുന്ന കറുത്ത ‘കറുപ്പ്’ വിത്തുകൾ, അവരുടെ ഭാവിയെക്കുറിച്ച്‌ യാതൊരു നിശ്ചയവുമില്ലാതെ ഒഴുകുന്ന ഒരു കടലായി താരതമ്യം ചെയ്യപ്പെടുന്നു. ഗ്രാമത്തിലെ സാധാരണ സ്ത്രീയായ ദീദി, അമേരിക്കൻ നാവികനായ റീഡ്, ഇന്ത്യൻ ജമീന്ദാർ നീൽ രത്തൻ ഹാൾഡർ, ഓപ്പിയം വ്യാപാരിയായ ബെഞ്ചമിൻ ബേൺഹാം എന്നിവരാണ് കഥയിലെ സുപ്രധാന കഥാപാത്രങ്ങൾ. സംഭാഷണങ്ങൾ ഇല്ലാത്ത ‘ഐബിസ്’  എന്ന കപ്പലാണ് കേന്ദ്ര കഥാപാത്രം എന്നു തോന്നും വിധമാണ് അമിതാവ് അത് ചിത്രീകരിച്ചിരിക്കുന്നത്.

സസ്പെൻസും നർമവും കൊണ്ട് സമ്പന്നമായ ഈ നോവൽ കഴിഞ്ഞ കാലയളവിലെ ചരിത്രപരമായ ഒരു ഗവേഷണം നടത്തുകയാണ് ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പരിണിതഫലമായി ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും വളരെ ശ്രദ്ധാപൂർവം, കഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ എഴുതിച്ചേർത്തിട്ടുണ്ട്. 

ഇതിൽ ഇല്ലാത്തതെന്ത് എന്നു  ചോദിക്കാൻ ഇടവരുത്താതെ ഒാപ്പിയം കച്ചവടത്തെ ചുറ്റിപ്പറ്റി പ്രേമബന്ധങ്ങൾ, ഗ്രാമത്തിലെ അതിക്രമങ്ങൾ, വഞ്ചന, യാത്രകൾ, എന്നിവയെല്ലാം നാടൻ ഭാഷയിൽ എഴുതിയ കഥാകാരൻ പ്രശംസ അർഹിക്കുന്നു. ഒരു നല്ല സിനിമ കാണുന്ന അതേ രീതിയിൽ, രസച്ചരട് ഒട്ടും പൊട്ടാതെയാണ് അമിതാവ് ഈ നോവൽ എഴുതിയിരിക്കുന്നത്. നോവലിലേക്ക് വായിച്ചു കയറുമ്പോൾത്തന്നെ ഇന്ത്യയുടെ സുഗന്ധവും ഭാഷയും കൊണ്ട് നമ്മെ പൊതിയുന്നു അമിതാവ്. ഓരോ കഥാപാത്രത്തിനും വ്യത്യസ്ത സംഭാഷണ രീതി (ഇംഗ്ലീഷ്, ഭോജ്പൂരി, ഹിന്ദുസ്ഥാനി, ലസ്‌കരി) കൊടുത്ത്, അവരെ വേറിട്ട് നിർത്തുമ്പോൾ ഇദ്ദേഹത്തിന്‌ ഇത്ര വൈവിധ്യമാർന്ന ഭാഷകൾ എവിടന്ന് കിട്ടി എന്ന് നമ്മൾ അത്ഭുതം കൂറിപ്പോകുമെന്നുറപ്പ്. 

ഇംഗ്ലണ്ടിനും ചൈനയ്ക്കും ഇടയിൽ, ‘കറുപ്പി’നായുള്ള യുദ്ധം നടക്കുന്നതിനിടയിൽ പെടുന്ന കുറച്ചു ജീവിതങ്ങളുടെ, ‘ഐബിസ്’ എന്ന കപ്പലിലെത്തിപ്പെടുന്നതു വരെയുള്ള കഥ പറയുകയാണ് അമിതാവ് തന്റെ നോവലിലൂടെ. കൊൽക്കത്തയിൽ നിന്നും പുറപ്പെട്ട് മൗറീഷ്യസ് വരെ എത്തുന്ന ഐബിസിന്റെ കഥ കൂടിയാണ് ഈ നോവൽ എന്നോ, ഐബിസിനെ ചുറ്റിപ്പറ്റി, കറുപ്പിനാൽ ബന്ധിക്കപ്പെട്ട കഥയും കഥാപാത്രങ്ങളുമാണ് ഇതിൽ എന്നു പറയുകയോ ചെയ്യാം.ഇന്ത്യൻ ചരിത്രത്തെ ഇംഗ്ലണ്ടുമായി നേരിട്ട് ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു കാലഘട്ടത്തിലൂടെയാണ് അമിതാവ് നമ്മെ നടത്തിക്കൊണ്ടു പോകുന്നത്. ധാന്യങ്ങളുടെയും പച്ചക്കറികളുടെയും കൃഷി നിർത്തി കറുപ്പ് കൃഷി ചെയ്യാൻ നിർബന്ധിതരായ ഒരു ജനവിഭാഗത്തെ കാണാൻ കഴിയുന്നുണ്ട് നമുക്കിതിൽ. 

കറുപ്പ് ഫാക്ടറിയിലേക്ക്  ആവശ്യമായ വസ്തുക്കൾ വളർത്തിയെടുക്കുന്ന ഒരു സാധാരണ ഗ്രാമീണ സ്ത്രീയാണ് ദീദി. സന്തോഷകരമല്ലാത്ത വിവാഹജീവിതം നയിക്കുന്ന അവർ, തന്റെ മകളുടെ ഭാവി നന്നാകണമെന്ന് ആരെയും പോലെ ചിന്തിക്കുന്നു. അവരുടെ കാഴ്ചപ്പാടിലൂടെയുള്ള കഥപറച്ചിൽ ഏറെ രസാവഹമാണ്. വിവാഹത്തിന്റെ ആദ്യരാത്രിയിൽ ഭർതൃവീട്ടുകാരുടെ സമ്മതത്തോടെ പീഡിപ്പിക്കപ്പെടുന്ന ദീദിക്ക്, യുദ്ധത്തിൽ പരിക്കേറ്റ, കറുപ്പിനടിമയായ തന്റെ ഭർത്താവിനെ സ്നേഹിക്കാൻ സാധിക്കുന്നുമില്ല. അയാളുടെ മരണശേഷം ‘സതി’ അനുഷ്ഠിക്കാൻ നിർബന്ധിതയായ അവർ, കീഴ്ജാതിക്കാരനായ കൗലയോടൊപ്പം ജീവനുവേണ്ടി ഒളിച്ചോടുന്നു. 

കറുപ്പ് കച്ചവടക്കാരനാകാൻ ലക്ഷ്യമിടുന്ന റീഡ് ആണ് ഐബിസ് കപ്പലിലെ നാവികനും ഇന്ത്യയിലേക്കുള്ള പ്രയാണം പൂർത്തിയാക്കിയ ഒരേയൊരാളും. കറുപ്പ് കച്ചവടത്തിൽ നഷ്ടം നേരിടുകയും ബേൺഹാമിന്റെയും  കൂട്ടാളികളുടെയും ചതിവിൽ ഏഴു വർഷം മൗറീഷ്യസിൽ തൊഴിലാളിയായി ശിക്ഷ ലഭിക്കുകയും ചെയ്ത നീൽ എന്ന ജമീന്ദാർ ആണ് ഐബിസിലെ മറ്റൊരു യാത്രികൻ.

കൊൽക്കത്തയിലേക്ക് കഥ നീളുമ്പോൾ നമുക്ക് അനാഥയായ, ഫ്രഞ്ചുകാരിയായ പോളെറ്റെയെ കണ്ടുമുട്ടാം. കറുപ്പ് വ്യാപാരത്തിൽ പ്രധാനിയായ  ബേൺഹാമിന്റെ സംരക്ഷണത്തിലാണ് അവൾ  വളരുന്നത്. ജോധു എന്ന ഇന്ത്യൻ കുട്ടിയെ തന്റെ സഹോദരനായി കാണുന്ന പോളെറ്റ്, അവനെ ഒരിക്കൽ രക്ഷിച്ച റീഡിനെ, ബർമന്റെ സത്‌കാര വിരുന്നിൽ വെച്ചു കണ്ടുമുട്ടുന്നു.

അവനിൽ അനുരക്തയാവുന്ന പോളെറ്റ്, രക്ഷനേടാനെന്നോണം റീഡിനോടൊപ്പം ഐബിസിലെത്തുന്നു. ഇങ്ങനെ ഓരോ കഥയും ചേരുന്നത് ഐബിസിന്റെ തട്ടിൽ വെച്ചാകുമ്പോൾ ഇവരെയെല്ലാം ഒരുമിപ്പിക്കുന്നത് ‘അനാഥത്വം’ എന്ന സത്യമാണ്. അത് തെല്ലും ഒാർമിപ്പിക്കാതെ, അവർ പരസ്പരം അഭയം കണ്ടെത്തുന്നു. ഐബിസ് എന്ന ‘കഥാപാത്രം’ ആദ്യം എഴുത്തുകാരനിൽ രൂപപ്പെട്ടുവെന്നും, പിന്നീട് മറ്റു കഥാപാത്രങ്ങളെ ആ കപ്പലിനു വേണ്ടി സൃഷ്ടിച്ചുവെന്നും നമുക്ക് തോന്നിയേക്കാം... അത്രപോൽ ജീവനുണ്ടെന്ന് തോന്നും ആ കപ്പലിന്. ദീദിക്കും കൗലയ്ക്കും സംരക്ഷകനായും റീഡിനെ സംബന്ധിച്ചിടത്തോളം സ്വപ്നങ്ങളുടെ കാവൽക്കാരനായും ജോധുവിന്‌ തന്റെ ജീവൻ സംരക്ഷിച്ചവനായും ഒക്കെ മാറുന്നത് അതുകൊണ്ടാണ്. 

ഈ നോവൽ വെറുതെ ഭാവനയിൽ വിരിഞ്ഞ കഥയും കഥാപാത്രങ്ങളും സന്ദർഭങ്ങളും മാത്രമല്ലെന്നും നല്ല ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും വായിക്കുമ്പോൾ മനസ്സിലാകും. കറുപ്പ് ഫാക്ടറിയിലെ വിവിധ കെട്ടിടങ്ങളും അവയുടെ പ്രവർത്തനങ്ങളും തൊഴിലാളികളുടെ ജോലിയും കൃത്യമായി വിശദീകരിക്കുന്നത് ദീദിയുടെ കണ്ണിലൂടെയാണ്.  ഐബിസിലേക്ക് എത്തുമ്പോൾ, അവിടെ പദവി, അധികാരം, ആജ്ഞകൾ പുറപ്പെടുവിക്കുന്ന രീതി, ഇവയെല്ലാം കൃത്യമായി വിശകലനം ചെയ്താണ് എഴുതിച്ചേർത്തിരിക്കുന്നത്.  1830-കളിലെ ജീവിതവും, ജീവിത രീതികളും ഒരു ചിത്രത്തിലെന്നോണം നിറപ്പകിട്ടോടെ വരച്ചിട്ടുണ്ട് അമിതാവ് ഘോഷ്. അഞ്ഞൂറ് പേജുകളോളം വായിച്ചു കഴിയുമ്പോഴേക്കും നമ്മളും കറുപ്പിനാലെന്ന പോലെ അമിതാവിന്റെ വാക്കുകൾക്കും ഇതിലെ കഥാപാത്രങ്ങൾക്കും അടിമപ്പെടും എന്നുറപ്പാണ്.