കൊറോണക്കാലം മനുഷ്യരുടെ ദുരിതകാലമായി തീര്‍ന്നപ്പോള്‍ പ്രകൃതിയെ സംബന്ധിച്ചിടത്തോളം അത് അസാധാരണമാം വിധം ഒരു വീണ്ടെടുപ്പായി തീര്‍ന്നു. മനുഷ്യന്‍ വേനല്‍നിദ്രയിലാണ്ടപ്പോള്‍ പ്രകൃതി അതിന്റെ സ്വഭാവിക നിദ്ര വിട്ടുണരുകയും സ്വയം കണ്ടെത്തുകയും ചെയ്യുന്ന വേറിട്ട അനുഭവങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചു. മനുഷ്യരുടെ വിഹാരകേന്ദ്രങ്ങളിലേക്ക് മൃഗങ്ങള്‍ കാടിറങ്ങി വരുന്നതും മനുഷ്യ സാന്നിദ്ധ്യമില്ലാത്ത തീരങ്ങളിലേക്ക് മത്സ്യങ്ങള്‍ കൂട്ടമായി വരുന്നതും ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനങ്ങളുടെ അനിയന്ത്രിതമായ പുകപടലങ്ങള്‍ അപ്രത്യക്ഷമായപ്പോള്‍, വീട്ടുമുറ്റത്ത് നിന്ന് ഹിമാലയം കണ്ട ഗ്രാമീണരുടെ വിസ്മയ ദൃശ്യങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങളും പങ്കുവെച്ചു. ഇങ്ങനെ നൂറ്റാണ്ടുകളായി മനുഷ്യന്‍ സൃഷ്ടിച്ച പാരിസ്ഥിതികമായ വിധ്വംസകതകളെ ഭേദിച്ചു കൊണ്ട് പ്രകൃതി ഏറ്റവും സ്വാഭാവികമായ ഗൃഹാതുരത്വത്തെ അറിഞ്ഞനുഭവിക്കുകയാണ്. ഇങ്ങനെ ജന്തുജാലങ്ങളും കുന്നുകളും കാടുകളും പുഴകളും വയലുകളും സ്വയം കണ്ടെത്തുന്ന പൊഞ്ഞാറുകള്‍ (ഗൃഹാതുരതത്വം) തന്നെയാണ് അംബികാസുതന്‍ മാങ്ങാടിന്റെ എഴുത്തിന്റെ രാഷ്ട്രീയം. ഒരു നിലവിളി പോലെ, ഓരോ രചനയിലൂടെയും മനുഷ്യന്റെ വേരുകള്‍ മുഴുവന്‍ പ്രകൃതിയിലേക്ക് ആണ്ടിറങ്ങിയിട്ടുണ്ടെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ച എഴുത്തുകാരനാണദ്ദേഹം. മരക്കാപ്പിലെ തെയ്യങ്ങള്‍, എന്‍മകജെ എന്നീ നോവലുകളിലൂടെയും കുന്നുകള്‍ പുഴകള്‍, ആനത്താര, കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍ എന്നിങ്ങനെയുള്ള കഥാസമാഹാരങ്ങളിലൂടെയും നിരന്തരം, വരാനിരിക്കുന്ന വിപത്കാലത്തെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. ചിന്നമുണ്ടി എന്ന കഥാസമാഹാരത്തിലെ കഥകളും ഇന്നലെകളെക്കുറിച്ചോ ഇന്നിനെക്കുറിച്ചോ അല്ല; നാളെയെക്കുറിച്ചാണ് ഹൃദയം പൊട്ടുമാറുച്ചത്തില്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഇക്കോ ഫെമിനിസം നിരന്തരം പീഡനങ്ങള്‍ക്ക് വിധേയമാവുന്ന പെണ്ണിനും മണ്ണിനും ഒരേ മുഖമാണെന്ന് പറയുമ്പോള്‍ പാരിസ്ഥിതിക - ദളിത് ആഖ്യാനങ്ങള്‍ പ്രാന്തവത്കരിക്കപ്പെടുകയോ ശിഥിലമാക്കപ്പെടുകയോ ചെയ്യുന്ന പരിസ്ഥിതിക്കും ദലിതനും സവിശേഷമായ ചേര്‍ച്ചകളുണ്ടെന്ന് പ്രഖ്യാപിക്കുന്നു. പ്രകൃതിയേയും മനുഷ്യനേയും കുറിച്ചുള്ള ആകുലതകള്‍ക്ക് ഏറെക്കാലം പഴക്കമുണ്ടെങ്കിലും കേരളത്തിലെ പരിസ്ഥിതി - ദലിത് സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി തീര്‍ന്നത് 90 കള്‍ക്ക് ശേഷമാണ്. ടി.പി.സുകുമാരന്റെ 'പരിസ്ഥിതി സൗന്ദര്യ ശാസത്രം: ഒരു മുഖവുര' എന്ന കൃതി 92 ലും ജെ.ജെ പള്ളത്ത് എഡിറ്റ് ചെയ്ത 'ദളിത് വിമോചനം സമസ്യയും സമീക്ഷയും ' എന്ന കൃതി 93ലും ആണ് പുറത്തിറങ്ങിയത്. അത്രയും കാലം കേരളത്തിലെ മുഖ്യധാരാ എഴുത്തിടങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴും അതുന്നയിക്കുന്ന സൗന്ദര്യ ശാസ്ത്രാവബോധം തിരിച്ചറിയാത്ത മലയാളികള്‍ക്ക് പ്രകൃതിയും ദളിതനും നമ്മുടെ നിലനില്‍ക്കുന്ന പൊതുബോധത്തെ മുറിപ്പെടുത്തുന്നവയായി തീരുന്നത് അതോട് കൂടിയാണ്. പുതു വായനകള്‍ക്കൊപ്പം പുനര്‍വായനകളും മലയാളിയുടെ ഭാവുകത്വ പരിസരത്തെ നവീകരിച്ചു. സമകാലിക സാഹിത്യം ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തിയ ഇടങ്ങള്‍ക്കായി നാം കാതു തുറന്നു വെച്ചു. ഈയൊരു പശ്ചാത്തലത്തില്‍ നിന്നു കൊണ്ടു വേണം അംബികാസുതന്‍ മാങ്ങാടിന്റെ ചിന്നമുണ്ടി ഉള്‍പ്പെടെയുള്ള ഓരോ കഥയേയും നാം വായിച്ചെടുക്കാന്‍.

സിയാറ്റിന്‍ മൂപ്പന്റെ പ്രഖ്യാതമായ പ്രസംഗം അവസരത്തിലും അനവസരത്തിലും നാം ഉദ്ധരിക്കാറുണ്ട്. മണ്ണില്‍ നിന്ന് വിഭിന്നമായ ഒരസ്തിത്വം മനുഷ്യനില്ലെന്ന പ്രഖ്യാപനമായിരുന്നു അത്. എന്നാല്‍ മണ്ണിനെ നിരാകരിച്ച നാഗരികതയുടെ ചരിത്രത്തിന്റെ തടവു മുറിയിലാണ് നാം. പൈനാടന്‍ വിത്തു തേടി നടക്കുന്ന കഥയിലെ ആഖ്യാതാവും തൂക്കണാം കുരുവിയെക്കുറിച്ച് ഡോക്യുമെന്ററിയെടുക്കാനെത്തുന്ന വിനായകനും കുട്ടികളുടെ പ്രോജക്ടിന് വഴികാട്ടിയായി വരുന്ന പ്രവീണും പാരിസ്ഥിതിക അവബോധത്തിന്റെ നടപ്പുശീലങ്ങള്‍ക്ക് പുറത്തു നിന്നാണ് കഥയിലേക്ക് ഇറങ്ങി വരുന്നത്. അവര്‍ക്ക് പരിസ്ഥിതി എന്നത് പ്രസംഗിക്കാനുള്ള, സ്വപ്നം കാണാനുള്ള കാല്പനിക ഇടമല്ല; പ്രവര്‍ത്തിക്കാനുള്ള, അവരുടെ തന്നെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. പൈനാടന്‍ വിത്തും തൂക്കണാം കുരുവിയും ഉള്‍പ്പെടെയുള്ള കാര്‍ഷിക സംസ്‌കാരത്തിന്റെ ഓരോ സാന്നിദ്ധ്യങ്ങളും അപ്രത്യക്ഷമാകുകയാണ്. കാര്‍ഷിക ജീവിതത്തിന്റെ ഇല്ലായ്മയില്‍ നിന്നാണ് മനുഷ്യരനുഭവിക്കുന്ന മഹാദുരന്തങ്ങളിലേക്ക് സ്വയം നടന്നടുക്കുന്നതെന്ന് കഥാകൃത്ത് ചിന്നമുണ്ടിയില്‍ പറയുന്നു. കള്‍ച്ചറും അഗ്രികള്‍ച്ചറും നാം വിശകലനം ചെയ്യാറുണ്ട്. കൃഷിക്കുമേലുള്ള അധിനിവേശമാണ് യഥാര്‍ത്ഥ സാംസ്‌കാരിക അധിനിവേശം. കൃഷി ഒരു സാംസ്‌കാരിക ജീവിതം കൂടിയായി സ്വീകരിച്ച ജനതയായിരുന്നു നാം. ഉര്‍വ്വരതാദൈവ സങ്കല്പങ്ങളും ഉത്സവങ്ങളും ആചാരങ്ങളും വിശ്വാസ പ്രമാണങ്ങളും മണ്ണില്‍ ഉറച്ച് നിന്ന ജനതയായി മലയാളിയെ മാറ്റിയിരുന്നു. കൃഷി കൈയ്യൊഴിഞ്ഞ ജനതയനുഭവിക്കുന്ന ഏറ്റവും സാധാരണമായ അവസ്ഥയാണ് മലയാളിയുടെ പ്രതിസന്ധികള്‍. മലബാറിലെ തെയ്യങ്ങളൊക്കെയും മണ്ണിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന സാംസ്‌കാരിക ചിഹ്നങ്ങളാണെന്ന് തോറ്റംപാട്ടുകള്‍ പഠിപ്പിച്ച് തരുന്നു. ചിന്നമുണ്ടിയില്‍, പൊട്ടന്‍ തെയ്യം അധീശ വ്യവസ്ഥയോട് കലഹിക്കുക മാത്രമല്ല ചെയ്യുന്നത്. നമ്മുടെ കാര്‍ഷികജീവിതത്തെ ഓര്‍മ്മിപ്പിക്കുകയുമാണ്. 'വിത്തിടാതെയും വളമിടാതെയും താനേ മുളച്ചൊരു പൈനാടന്‍ പുഞ്ച 'എന്ന് നമ്മളിലേക്ക് തുറന്നു വെച്ച കാര്‍ഷികജാലകമാണത്. പൊട്ടന്‍ തെയ്യത്തിന് നിവേദ്യമായി ഉണക്കലരിയും പുഴുങ്ങലരിയും കൊടുക്കുന്നതോര്‍ക്കുക. അംബികാസുതന്‍ മാങ്ങാടിന്റെ വിതച്ചത്, കാര്‍ത്ത്യായനിയുടെ സത്യം തുടങ്ങിയ കഥകളില്‍ കാര്‍ഷിക ദേവതയായ കുറത്തിയമ്മ എന്ന അമ്മദൈവം തന്നെ കടന്നു വരുന്നുണ്ട്. വിതച്ചത് എന്ന കഥയില്‍ കൃഷിത്തെയ്യം പടിക്ക് പുറത്താണ്. തെയ്യം കെട്ടുന്ന കോപ്പാളന്മാര്‍ എന്ന ആദിവാസി സമൂഹം, പറങ്കിമാവിന്‍ ചുവട്ടില്‍ വളപ്പില്‍ ഓച്ചാനിച്ച് നില്‍ക്കേണ്ടി വരുന്നുണ്ട്. 'കണ്ട ആദിവാസ്യേളെല്ലാം അടിച്ച് നെരത്താണ് വേണ്ട് ' എന്ന് ലവന്റെ അച്ഛന്‍ പറയുന്നുണ്ട്. കാര്‍ഷിക ജീവിതം നയിക്കുമ്പോഴും കൃഷിയെ അംഗീകരിക്കാത്ത ഇങ്ങനെയുള്ള ദ്വന്ദ്വവ്യക്തിത്വങ്ങളെ അംബികാസുതന്‍ മാങ്ങാടിന്റെ കഥകളില്‍ കാണാം. 

കുറത്തിയമ്മയുടെ അനുഷ്ഠാനങ്ങളൊക്കെയും കാര്‍ഷിക വൃത്തി തന്നെയാണ്. വിത്തു വിതച്ച്, ഞാറ് നട്ട്, നെല്ല് കൊയ്ത്, മെതിച്ച്, ഉലക്ക കൊണ്ട് നെല്ല് കുത്തി, മുറം കൊണ്ട് ചേറുന്ന തെയ്യമാണത്. കഥയിലെ അമ്മമ്മ തറവാട്ടു മുറ്റത്തേക്ക് കുറത്തിയമ്മ തെയ്യത്തെ വിളിച്ചു കയറ്റുന്നത് ആചാരലംഘനമായി തീരുന്നുണ്ട്. കൃഷിയും കാര്‍ഷിക വ്യവസ്ഥയും ജീവിതത്തോട് ചേര്‍ന്നു നില്‍ക്കേണ്ടതുണ്ടെന്ന് കഥാകൃത്ത് പ്രഖ്യാപിക്കുന്നു. ഇതേ കുറത്തിയമ്മ,  'കാര്‍ത്ത്യായനിയുടെ സത്യ'ത്തില്‍ ചോദിക്കുന്നുണ്ട്. 'അല്ലെങ്കില് നമ്മളെന്തിനാ ഇങ്ങനെ അന്യനാട്ടീന്ന് അരിവാങ്ങ്ന്ന്? നമ്മളെ നെല്‍കൃഷി ബാക്കിണ്ടായിരുന്നെങ്കില് ഈ സ്ഥിതിഗതി ഉണ്ടാവില്ലാര്ന്നു.' നടന്നിറ്റും നടന്നിറ്റും തീരാത്ത, മഞ്ഞക്കടല് പോലെ പരപരാന്ന് കെടക്ക്ന്ന നെല്ല് കാര്‍ത്ത്യായനിയുടെ സ്വപ്നം പോലെ വായനക്കാരിലും നിറയുന്നുണ്ട്. എന്നാല്‍ അത് സ്വപ്നം മാത്രമാവുകയും പല നിറമുള്ള അരിമണി നിറഞ്ഞ പ്ലാസ്റ്റിക് പായ്ക്കറ്റുകള്‍ യാഥാര്‍ത്ഥ്യമായി പല്ലിളിച്ചു കാണിക്കുകയും ചെയ്യുന്നു. 'വല്യമൂല്യത്തി'മാരുടെ വംശം കുറ്റിയറ്റ് പോവുകയും  കൃഷിയുടെ ഇല്ലായ്മയോടെ കുറത്തിയമ്മ അപ്രസക്തമാകുകയും ചെയ്യുന്നു. കാര്‍ഷിക ജീവിതം നല്‍കിയ അമ്മദൈവത്തോട് കാര്‍ത്ത്യായനി നടത്തുന്ന സങ്കടം നിറഞ്ഞ സംവാദങ്ങള്‍ അവനവനോടുള്ള ആധിയും വ്യഥയും തന്നെയായി മാറുന്നു. അധിനിവേശത്തിന്റെ രൂപങ്ങള്‍ ചിന്നമുണ്ടിയിലെത്തുമ്പോള്‍, മനുഷ്യന്‍ മാത്രമല്ല സകല ജീവജാലങ്ങളുമായി മാറുന്നു. തിലോപ്പിയും ഗപ്പിയും ആഫ്രിക്കന്‍ ഒച്ചും കുളവാഴയും അക്കേഷ്യയും ചെഞ്ചെ വിയന്‍ ആമയും നമ്മുടെ ഇടങ്ങളെ കടന്നാക്രമിക്കുന്നു. 'വിഷവൈദ്യം ' എന്ന കഥയിലെ സായിപ്പിനെ പോലെ. ഭാഷ, വൈദ്യം, സംസ്‌കാരം എന്നിങ്ങനെ സ്വത്വത്തെ വിഴുങ്ങി കൊണ്ട് സായ്പ് വേട്ടച്ചേകോന്‍ തെയ്യത്തെ പോലും തന്റേതാക്കി മാറ്റുന്നുണ്ട്. നമ്മുടെ നിസ്സംഗതയ്ക്ക് മീതെ മനുഷ്യനും ജന്തുവും അവരുടെ സംസ്‌കാരങ്ങളുടെ വേരുകള്‍ ആഴ്ത്തും എന്നതില്‍ സംശയമേതുമില്ല.

അജാനൂര്‍ മുതല്‍ മരക്കാപ്പുവരെ നീളുന്ന കാഞ്ഞങ്ങാടിന്റെ നീരൊഴുക്ക് ചാലായ പൈനാടന്‍ ചാല്‍ കൃഷിയെ വിസ്മരിച്ചുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. പൈനാടന്‍ നെല്ല് ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു.' പതറാതെ നിന്ന പുലയനെ പോലെ ഒരു വിത്ത്' എന്നാണ് കഥാകൃത്ത് പറയുന്നത്. പൈനാടന്‍ വിത്ത് അധിനിവേശങ്ങള്‍ക്കെതിരെയുള്ള പ്രകൃതിയുടെ ചെറുത്തു നില്പ് കൂടിയാണ്. അതിന്റെ ഇല്ലായ്മയാണ് കഥയില്‍ ഭീതിദമായ നിലവിളിയായി മാറുന്നത്. വിനായകന്‍ പകര്‍ത്താനെത്തുന്ന തൂക്കണാം കുരുവിയാകട്ടെ ഒരു ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്ന പക്ഷിയാണ്. കൂരിയാറ്റ എന്നും ആറ്റക്കുരുവി എന്നും ഏള എന്നും വ്യത്യസ്ത പ്രാദേശിക നാമങ്ങളുള്ള ഈ പക്ഷി കേരളീയ ഗ്രാമീണതയുടെ സജീവ ചിഹ്നമായിരുന്നു. നെല്ലോലകള്‍ വളര്‍ന്ന് കഴിയുമ്പോള്‍ തെങ്ങോലകളില്‍ കൂടൊരുക്കുന്ന ഇവയുടെ ആഹാരം പുല്‍ വിത്താണെങ്കിലും കുഞ്ഞുങ്ങള്‍ക്ക് കീടങ്ങളെയാണ് തിന്നാല്‍ കൊടുക്കുന്നത്. നെല്‍വയലിലെ കീടനിയന്ത്രണം കൂടി നടത്തുന്ന ഈ പക്ഷി വയല്‍ ഇല്ലാതാവുന്നതോടെ പൂര്‍ണമായും അപ്രത്യക്ഷമാവും. പാരിസ്ഥിതികമായ കണ്ണ് തുറന്ന് വെച്ച ഒരെഴുത്തുകാരന് മാത്രമേ, അതിസൂക്ഷ്മമായി, നമ്മുടെ ഇടയില്‍ നാം കാണാതെ പോവുന്ന വിസ്തൃതമായ ജന്തു - സസ്യജീവജാലങ്ങളെ കണ്ടെടുക്കാന്‍ കഴിയുകയുള്ളൂ. 'മണ്ഡൂ കോപനിഷ'ത്തില്‍ തവളകളെയും 'രണ്ട് മത്സ്യങ്ങളി'ല്‍ മത്സ്യങ്ങളെയും കഥാകൃത്ത് ചിത്രീകരിക്കുന്നുണ്ട്. മണ്ഡൂകോപനിഷത്തില്‍ മരത്തവളമനുഷ്യ സ്പര്‍ശനത്തിന് കാത്തുനിന്ന്, അവന്‍ സൃഷ്ടിക്കുന്ന അറപ്പിക്കുന്ന വിസര്‍ജ്ജനത്തിന്റെ ഇരുട്ടിലേക്ക് ആണ്ടു പോവുകയാണ് ചെയ്യുന്നത്. ചിന്നമുണ്ടിയിലാവട്ടെ ആശ്വാസ തുരുത്തിന് വേണ്ടി കാത്തുനിന്ന് ഒടുവില്‍ ഉറക്കത്തിലാണ്ട്, ഇരുട്ടില്‍ ദഹിച്ചു പോകുന്നു. മനുഷ്യ സ്പര്‍ശമാഗ്രഹിച്ച്, അടുത്തടുത്ത് വന്ന് സ്വയം ദഹിച്ചു പോകുന്ന പ്രകൃതിയുടെ പ്രതീകമാണ് ചിന്നമുണ്ടി. മറ്റൊരര്‍ത്ഥത്തില്‍ ഈ കഥ ചിന്നമുണ്ടിയുടേയോ വിനായകന്റെയോ പൈനാടന്‍ ചാലിന്റെയോ കഥ എന്നതിനപ്പുറത്ത് നമ്മുടെ തന്നെ ആത്മകഥയായി മാറുന്നു.

'രണ്ടു മത്സ്യങ്ങള്‍ ' എന്ന കഥയില്‍ മത്സ്യം, മനുഷ്യരെയാണോ കൂടുതല്‍ പേടിക്കേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഒടുവില്‍, പ്രകൃതിക്ക് പറ്റിയ തെറ്റാണ് മനുഷ്യന്‍ എന്ന് തിരിച്ചറിയുന്നു. ചിന്നമുണ്ടിയില്‍ വിനായകന്‍ പറയുന്നുണ്ട്- 'സത്യത്തില്‍ എനിക്ക് മനുഷ്യരെ മാത്രമേ പേടിയുള്ളൂ.' രാജവെമ്പാലകളുടെ കൂടെ സഹവസിച്ച്, ഡോക്യുമെന്ററിയെടുത്ത വിനായകന്, അവ തന്റെ തന്നെ ഭാഗമാണ്. 'കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍ ' എന്ന കഥയില്‍ രാജവെമ്പാലയുമായി പ്രണയത്തിലായി കാട് കയറി പോകുന്ന ഒരു പെണ്‍കുട്ടിയുണ്ട്. മനുഷ്യരില്‍ നിന്ന് വ്യത്യസ്തരായി, ഏറ്റവും ഭീതിദരായി കണക്കാക്കുന്ന ജന്തുജാലങ്ങള്‍ക്ക് പോലും ജീവിതത്തിന്റെ ഭാഷയറിയാം. മനുഷ്യര്‍ക്കറിയാത്ത അറിവനുഭവങ്ങളുടെ അപൂര്‍വ്വ ഭാഷ. എന്നാല്‍ മനുഷ്യന്റെ പ്രഖ്യാപിത ശത്രു മനുഷ്യന്‍ തന്നെയായി മാറുന്നതിന്റെ രാഷ്ടീയമാണ് എന്‍മകജെ എന്ന നോവലില്‍ അംബികാസുതന്‍ മാങ്ങാട് വിളിച്ചു പറയുന്നത്. പ്രകൃതിക്കു മേല്‍ സര്‍വ്വ ശക്തിയുമെടുത്ത് പ്രഹരിച്ച മനുഷ്യരില്‍, ഏറ്റവും നിസ്സഹായരായവരെ ആദ്യം പിടികൂടുന്ന ജീവിത ദുരന്തത്തിന്റെ ആഖ്യാനമാണ് എന്‍മകജെ. കൊടും വരള്‍ച്ചയില്‍ നിന്നും പ്രളയത്തില്‍ നിന്നും ഒന്നും പഠിക്കാത്ത മനുഷ്യന് ഇനിയും തിരിച്ചറിയാത്ത ഭാഷയാണ് പ്രകൃതിയുടേത്. എന്നാല്‍ മനുഷ്യനെ ഭയക്കുന്ന വിനായകന്‍ പ്രകൃതിയുടെ താളവും സ്വരവും ഗന്ധവും തിരിച്ചറിയുന്നു. പാമ്പുകളുടേതും പറവകളുടേതും ഭാഷ മനസ്സിലാക്കാന്‍, ഇന്ദ്രിയങ്ങള്‍ തുറന്നു വെക്കാന്‍ വിനായകന് സാധിക്കുന്നു. മണ്ണിന്റെ ഗന്ധവും അയാളറിയുന്നു. മനുഷ്യജന്തു, പ്രകൃതിയുടെ താളം തകര്‍ക്കുന്നതിനാല്‍ അതിന്റെ അവിഭാജ്യ ഘടകമേയല്ല. എന്നാല്‍ വിനായകന്‍ പ്രകൃതിയായി തന്നെ നിലയുറപ്പിക്കുന്നു. ദലിതനും പ്രകൃതിയും ഒന്നു തന്നെ. വിനായകന്റെ അന്ത്യം കഥാകൃത്ത് അവതരിപ്പിക്കുന്നത് നോക്കുക.
'കുളവാഴകളുടെ സമൃദ്ധമായ പച്ചപ്പില്‍ കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു. കൈകള്‍ രണ്ടും തൊഴുന്നത് പോലെ നീണ്ടു കിടന്നിരുന്നു. 'പച്ചപ്പിലേക്ക്,പ്രകൃതിയിലേക്ക് ഒരു മടക്കയാത്ര തന്നെയാണ് വിനായകന്റെ ഇല്ലാതാവല്‍.  

ഇന്ത്യയിലെ ആയിത്തം, അടിമത്തത്തേക്കാള്‍ ക്രൂരമാണെനും ദുസ്സഹമാണെന്നും ഡോ.ബി.ആര്‍ അംബേദ്കര്‍ പറഞ്ഞിട്ട് കാലമേറെയായി. 'ആത്മകഥയില്‍ നിന്ന് ചില ഏടുകള്‍ ' എന്ന അദ്ദേഹത്തിന്റെ കൃതി മുതല്‍ അദ്ദേഹം തയ്യാറാക്കിയ ഭരണഘടന വരെ വിസ്മരിക്കാന്‍ ശ്രമിക്കുന്ന ഒരു ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. ഹിന്ദുത്വം അതിന്റെ മനുഷ്യ വിരുദ്ധത മുഴുവന്‍ പുറത്തെടുത്ത് സ്വയം വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച വിനായകന്മാരെ നമുക്കറിയാം. ''ദേഹമാസകലം മുറിവേറ്റ് ഓടയിലെ മലിനജലത്തില്‍ കിടന്ന് ' രക്ഷപ്പെടുന്നുണ്ട് വിനായകന്‍. നിര്‍ഭയയെ ഇല്ലാതാക്കിയ ക്രിമിനലുകള്‍ക്ക് വധശിക്ഷയൊരുക്കിയപ്പോള്‍, ആഹ്ലാദം അണപൊട്ടിയൊഴുകിയ പൊതുസമൂഹവും മാധ്യമങ്ങളും നമ്മുടെ മുമ്പിലുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിരന്തരം വധശിക്ഷയ്ക്ക് വിധേയമാവുന്ന നിര്‍ഭയമാരും വിനായകന്‍മാരുമുണ്ട്. അവരൊക്കെയും ജനിച്ചത് ദളിത് സമൂഹത്തിലാണ് എന്നതിനാല്‍ നീതിയെക്കുറിച്ചും നിയമ വ്യവസ്ഥയെക്കുറിച്ചും നാം ഉദ്ഘോഷിക്കാറില്ല. ആര്‍ട്ടിക്കിള്‍ 15, പരിയേറും പെരുമാള്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമകള്‍ സമകാലിക ജീവിതത്തിന്റെ പരിച്ഛേദങ്ങളാണ്. ജനപ്രിയ സിനിമയുടെ വര്‍ണ കാഴ്ചകള്‍ക്കകത്ത് നാം ഒളിപ്പിച്ചുവെച്ച ചില ജീവിതങ്ങളാണവ. 'ഇത് സിനിമാക്കഥ പോലുണ്ടല്ലോ ' എന്ന് കഥയില്‍ ചോദിക്കുന്നുണ്ട്. 'ഇമ്മാതിരി കഥകള്‍ സിനിമാക്കാര്‍ക്കും വേണ്ടാതായില്ലേ'എന്ന്  മറുപടിയും പറയുന്നുണ്ട്. കഥയെ നിസ്സാരമാക്കുന്ന ജീവിതമാണ് നമ്മുടെ മുമ്പിലുള്ളത്. കൊറോണക്കാലത്ത്, ജാതിതിരിച്ച്, മതംതിരിച്ച് കോവിഡ് വാര്‍ഡുകള്‍ തയ്യാറാക്കപ്പെടുന്ന ഉത്തരേന്ത്യന്‍ ജീവിതത്തെ കാണാതിരിന്നു കൂട. ദുരഭിമാനക്കൊലകളില്‍ നിന്നും ജാതി സമവാക്യങ്ങളില്‍ നിന്നും മുക്തമാവാത്ത കേരളീയ പരിസരവും സൂക്ഷ്മമായി നോക്കിയാല്‍ ചിന്ന മുണ്ടിയില്‍ കാണാം. മരണാസന്നരായി കിടക്കുമ്പോഴും നമുക്ക് വലിച്ചെറിയാന്‍ സാധിക്കാത്ത മൂത്ത കാരണവരുടെ ദുരഭിമാനത്തിന്റെ പട്ടുകോണകമാണ് നമ്മുടെ ജീവിതം. അവിടെ വിനായകന്മാരുടെ ഇല്ലായ്മകള്‍ നമ്മെ അലട്ടുകയേ ഇല്ല എന്ന് കഥാകൃത്ത് പറയുന്നു.

ചിന്നമുണ്ടിയിലെ വിനായകന്റെ പേരും രൂപവും ആദിദ്രാവിഡമായ ശൈവ രൂപത്തിന്റെ പകര്‍പ്പാണ്. 'ഗജാനനം എന്ന കഥയില്‍ ഗണപതിയാണെന്നറിയാതെ ഗണപതിയെ സൃഷ്ടിക്കുന്ന ഒരുണ്ണിയെ അംബികാസുതന്‍ മാങ്ങാട് കാണിച്ചു തരുന്നുണ്ട്. അവിടെ ഗണപതി മണ്ണിലേക്കുള്ള യാത്രയാണ് നടത്തുന്നത്. ഈ കഥയില്‍ വിനായകന്‍ മണ്ണില്‍ ഒടുങ്ങുന്നവനും. പരശുരാമനാല്‍ കൊമ്പ് ഛേദിക്കപ്പെട്ട ഗണപതിയെ പോലെ, സവര്‍ണ സംസ്‌കാരത്തിന്റെ മഴു കൊണ്ട് ഹൃദയം ഛേദിക്കപ്പെട്ടവനാണ് കഥയിലെ വിനായകന്‍. പേരു കൊണ്ട് മാത്രം വിനായകനായവന്‍, അല്ലെങ്കില്‍ യഥാര്‍ത്ഥ പേര് മറക്കപ്പെട്ടവന്‍ നിസ്സഹായനായ വിനായകന്റെ മുന്നില്‍ രക്ഷകനായ പിതൃസങ്കല്പമായ ശിവന്‍, ദൈവം നിസ്സഹയനായി മാറുന്നു. പൊട്ടന്‍ തെയ്യവും ശിവപുരാവൃത്തവും ഇവിടെ ചേര്‍ത്തു വായിക്കാം. പൊട്ടന്‍ തെയ്യത്തിന്റെ പുരാവൃത്തത്തില്‍ വര്‍ത്തമാന കാലത്തിന്റെ ആകുലതകളോടുള്ള പടപുറപ്പാടാണ്. ചിന്നമുണ്ടിയില്‍ മാത്രമല്ല, അംബികാസുതന്‍ മാങ്ങാടിന്റെ നിരവധി രചനകളില്‍ തെയ്യവും തോറ്റംപാട്ടും പുതിയ ചുവടുകളും പാട്ടുകളും തീര്‍ക്കുന്നുണ്ട്. പൊട്ടിയമ്മ ത്തെയ്യം, വിതച്ചത്, വിഷവൈദ്യം കാര്‍ത്ത്യായനിയുടെ സത്യം , തോക്ക് തുടങ്ങിയ കഥകളിലൊക്കെയും തെയ്യം നിറയുകയും ഉറയുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ നോവലുകളിലും ഇത് കാണാം. മരക്കാപ്പിലെ തെയ്യം എന്ന നോവല്‍ ശീര്‍ഷകം തന്നെ പ്രതിരോധം തീര്‍ക്കുന്നുണ്ട്. പൊട്ടന്‍ തെയ്യം സൃഷ്ടിക്കുന്ന മറ്റൊരു പ്രതിരോധമാണ് കഥ. പൈനാടന്‍ ചാലിലെവിടെയോ ആയിരിക്കാം പുലയന്റെ പാദങ്ങളില്‍ പണ്ട് ആചാര്യന്‍ കുമ്പിട്ടത് എന്ന് കഥയില്‍ പറയുന്നുണ്ട്. മനീക്ഷാ പഞ്ചകത്തിലും ജാതിക്കുമ്മിയിലും നാം അറിഞ്ഞ ശങ്കരാചാര്യ ചണ്ഡാല സംവാദം കഥയില്‍ അസാധാരണമായ അതിജീവനഗാഥയായി മാറുന്നു. എന്നാല്‍ മിത്തുകളില്‍ ഉണര്‍ന്നെഴുന്നേറ്റ് വന്ന ദലിതല്‍ വര്‍ത്തമാന കാലത്ത് എല്ലാ ആചാര്യന്മാരുടെ മുമ്പിലും 'തൊഴുന്നതു പോലെ ' കിടക്കുകയാണ് ജാതി സമവാക്യങ്ങള്‍ തെറ്റിച്ച ഇന്നലെകളിലെ പൊട്ടന്‍ തെയ്യത്തില്‍ നിന്ന് ഭീതിദമായ വര്‍ത്തമാന കാല സന്ദര്‍ഭത്തില്‍ ജാതി വിനയകന് മരണമായി തീരുന്നു. ജാതിക്കും മതത്തിനും ദൈവത്തിനു മുമ്പില്‍ പരാജയപ്പെട്ടവനാണ് വിനായകന്‍. 'ദലിതന്റെ ജീവിതം ഇങ്ങനെ ഉണര്‍ത്തി പാടിയ പാട്ട് വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല അല്ലേ?' എന്ന് പൊട്ടന്‍ തെയ്യ തോറ്റം കേട്ട വിനായകന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ പരാജിതന്റെ അവസാന പാട്ടായി വിനായകന്‍ വയലിന്റെ സംഗീതം കേട്ട് ഒടുങ്ങുന്നു.

അംബികാസുതന്‍ മാങ്ങാടിന്റെ നിരവധി രചനകളില്‍ അധിനിവേശത്തിന്റെ പിടി മുറുക്കം നാം അനുഭവിച്ചിട്ടുണ്ട്. 'മരക്കാപ്പിലെ തെയ്യങ്ങള്‍ ' എന്ന നോവല്‍ അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്പാണ്. ചിന്നമുണ്ടിയില്‍ കിടിലന്‍ പ്ലോട്ട് ചുളുവിലക്ക് വാങ്ങിക്കാനെത്തുന്ന സുഗുണന്‍ നമുക്ക് ചുറ്റുമുള്ളവരോ അതല്ലെങ്കില്‍ നമ്മള്‍ തന്നെയോ ആണ്. പഞ്ചുരുളിയില്‍ വൃക്ക വില്ലനക്ക്വെച്ച മനുഷ്യരും വായില്ലാക്കുന്നിലപ്പനില്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ക്കു മുമ്പില്‍  വീണു കിടക്കുന്നയാളും കടല്‍ ക്കാഴ്ചകളില്‍ പോലീസ് സ്റ്റേഷനില്‍ എത്തുന്നവരും ദൈവത്തിന്റെ നാട്ടില്‍ മരിച്ചു കടക്കുന്നവളും അധിനിവേശത്തില്‍ ഒടുങ്ങി തീരുന്ന നിസ്സഹായ ജന്മങ്ങളാണ്. ഇരുട്ട് വ്യാപിച്ചു വരുന്നത് അംബികാസുതന്‍ മാങ്ങാടിന്റെ മിക്കവാറും രചനകളിലുണ്ട്. എന്നാല്‍ പ്രത്യാശയുടെ ഇത്തിരി വെട്ടമില്ലാതെ ചിന്നമുണ്ടിയില്‍ ഇരുട്ടു മാത്രം നിറയുകയാണ്. ജീവിതം നമുക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന, രക്ഷപ്പെടാന്‍ സാധ്യമാവാത്ത ഇരുട്ട്. ആ ഇരുട്ടിനു മുമ്പേ വിനായകന്‍ പൈനാടന്‍ വിത്തായി പുനര്‍ജനിക്കുന്നുണ്ട്. പൂജാദികാര്യങ്ങള്‍ക്ക് നിഷിദ്ധമായ, പുലയന്‍ കാത്തു രക്ഷിച്ച നെല്ല് വീണ്ടും കിളിര്‍ത്തു വരുന്നുണ്ട്. എത്രമേല്‍ ഇല്ലാതാക്കിയാലും ഉയര്‍ത്തെഴുന്നേറ്റ് വരുന്ന മനുഷ്യന്റെയും പ്രകൃതിയുടേയും പുതുനാമ്പ് . എന്നാല്‍ കഥാന്ത്യത്തില്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത ഒരു ലോകമാണ് ചിന്ന മുണ്ടിക്കും കഥാകൃത്തിനും മുമ്പില്‍ ഇരുട്ടായി വന്ന് വിഴുങ്ങുന്നത്.

book
പുസ്തകം വാങ്ങാം

മണ്ണിനും മനുഷ്യനും വേണ്ടിയുള്ള ജാഗ്രതയാണ് ചിന്നമുണ്ടി. പാരിസ്ഥിതികമായ ഉത്കണ്ഠയല്ല, രാഷ്ട്രീയമായ ഉണര്‍വാണ് കഥ ഉന്നയിക്കുന്നത്. മുസുമീനിനെ പോലെ മനുഷ്യന്റെ ഒളിയിടങ്ങളും സുരക്ഷിതമല്ലാതായി ക്കഴിഞ്ഞിരിക്കുന്നു. സമകാലിക ജീവിതം നമ്മെ അത് പഠിപ്പിക്കുന്നുണ്ട്. വേനല്‍ നിദ്രയില്‍ നിന്ന് ഞെട്ടി ഉണര്‍ന്നില്ലായെങ്കില്‍ അവസാനത്തെ തരിമണ്ണും നമ്മുടെ ശവപ്പെട്ടിക്ക് മേല്‍ പതിക്കും. നമ്മുടെ നിദ്ര മരണം തന്നെയാവും. വേനല്‍ നിദ്രയിലെ മുസു മീനിനെ പോലെ ഉണര്‍വിലേക്കാണോ മരണത്തിലേക്കാണോ നാം നടന്നടുക്കുന്നതെന്ന് ഉറക്കെ ചോദിക്കാന്‍ ശബ്ദം ഇനിയും ബാക്കിയുണ്ടോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. ചിന്ന മുണ്ടിയോടൊപ്പം ഇരുട്ടില്‍ കരിക്കട്ട പോലെ കറുത്തില്ലാതായി പോവുന്നത് നമ്മളെല്ലാവരും കൂടിയാണല്ലോ...

അംബികാസുതന്‍ മാങ്ങാടിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Ambikasuthan Mangad Malayalam Book Review Mathrubhumi Books