വിപ്ലവത്തിന്റെ വസന്തം ഇന്ത്യയില്‍ വരവറിയിച്ചിരിക്കുന്നുവെന്നാണ് നക്‌സല്‍ പ്രസ്ഥാനത്തെക്കുറിച്ച് ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരീക്ഷിച്ചത്. അനീതിക്കും അസമത്വത്തിനുമെതിരെയുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ തീക്ഷ്ണവും തീവ്രവുമായ പ്രതികരണം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ വിചാരണയും വിശകലനവും അനിവാര്യമാണ്. പ്രതിഭാശാലികളായ ആയിരക്കണക്കിന് യുവാക്കളാണ് നക്‌സലിസത്തിന്റെ കാട്ടുതീയില്‍ എരിഞ്ഞുചാമ്പലായത്. ഭരണകൂടവുമായി ഏറ്റുമുട്ടി അകാലത്തില്‍ പൊലിഞ്ഞുപോയവര്‍.  ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകളായി തമ്മില്‍ തമ്മില്‍ വെട്ടിത്തീര്‍ന്നവരുടെ എണ്ണവും ചെറുതല്ല. 2004 ല്‍ ഇന്ത്യയിലെ പ്രമുഖ നക്‌സല്‍ ഗ്രൂപ്പുകള്‍ വൈരം വെടിഞ്ഞ് ഒന്നായി.

മാവോയിസ്റ്റുകളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര ഭീക്ഷണിയെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചത് ഈ പരിസരത്തിലായിരുന്നു. ചത്തിസ്ഗഡിനും ആന്ധ്രയ്ക്കുമിടയില്‍, മഹാരാഷ്ട്രയ്ക്കും ബിഹാറിനുമിടയില്‍ ഇന്ത്യയുടെ ചുവന്ന ഇടനാഴിയില്‍ മാവോയിസ്റ്റുകള്‍ സമാന്തര ഭരണകൂടം തീര്‍ത്തു. ഇറ്റാലിയന്‍ മാഫിയയെയാണ് മാവോയിസ്റ്റുകള്‍ ഓര്‍മ്മിപ്പിക്കുന്നതെന്ന നിരീക്ഷണമുണ്ട്. സമത്വവും നീതിയും പുലരുന്ന പുതിയൊരു ഇന്ത്യയ്ക്കായി പൊരുതുന്ന വിപ്ലവകാരികളാണ് മാവോയിസ്റ്റുകള്‍ എന്ന വിലയിരുത്തലുമുണ്ട്. വ്യത്യസ്തവും വിഭിന്നവുമായ അടരുകളുടെ വലയം എപ്പോഴും മാവോയിസ്റ്റുകള്‍ക്ക് മേലുണ്ട്. ഈ അടരുകളാണ് അല്‍പ ഷാ എന്ന എഴുത്തുകാരി വകഞ്ഞുമാറ്റുന്നത്. ' നൈറ്റ് മാര്‍ച്ച്: എ ജേണി ഇന്‍ടു ഇന്ത്യാസ് നക്‌സല്‍ ഹാര്‍ട്ട്‌ലാന്റ്‌സ് ' എന്ന ഗ്രന്ഥം അല്‍പ ഷാ നടത്തുന്ന ഈ അന്വേഷണമാണ്. തലച്ചോറുകൊണ്ടു മാത്രമല്ല ഹൃദയംകൊണ്ടുകൂടിയാണ് ഷാ ഈ അന്വേഷണം നടത്തുന്നതെന്നതാണ് നൈറ്റ് മാര്‍ച്ചിനെ അനന്യമാക്കുന്നത്.

ലണ്ടന്‍ സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ നരവംശ ശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറായ അല്‍പ ഷായുടെ പുസ്തകം സവിശേഷ ശ്രദ്ധ നേടുന്നത് പങ്കാളിത്ത നിരീക്ഷണത്തിലൂടെയാണ്. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹൃദയഭൂമിയായ ജാര്‍ഖണ്ടില്‍ ഷാ രണ്ടരക്കൊല്ലമുണ്ടായിരുന്നു. അവിടെ ആദിവാസികള്‍ക്കിടയില്‍ ജീവിച്ചുകൊണ്ട് മാവോയിസ്റ്റുകളുമായി നേര്‍ക്കുനേര്‍ സമ്പര്‍ക്കം പുലര്‍ത്താനായതിന്റെ ജീവസ്സുറ്റ ബാക്കിപത്രമാണ് ഷായുടെ പുസ്തകം.  2010 ല്‍ ബിഹാറിലെ കാടുകളില്‍ നിന്ന് മാവോയിസ്റ്റുകള്‍ക്കൊപ്പം ജാര്‍ഖണ്ടിലേക്ക് ഏഴ് ദിനരാത്രങ്ങള്‍ നീണ്ട അതിസാഹസികമായ യാത്ര നടത്തുന്നതിനും ഷായ്ക്കായി. ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള സഞ്ചാരമായിരുന്നു അത്. ഈ യാത്രയുടെ വിവരണമാണ് പുസ്തകത്തിന്റെ മുഖ്യ ഉള്ളടക്കം.

നക്‌സല്‍ പ്രസ്ഥാനത്തെ ഇത്രയും ഹൃദയാര്‍ദ്രമായി വിശകലനം ചെയ്യുന്ന മറ്റൊരു ഗ്രന്ഥമുണ്ടാവില്ലെന്നാണ് പൊളിറ്റിക്കല്‍ ഇക്കോണമിയെക്കുറിച്ച് ആഴത്തില്‍ എഴുതുന്ന പ്രൊഫസര്‍ ജയതി ഘോഷ് അഭിപ്രായപ്പെട്ടത്. കാലഹരണപ്പെട്ട ഒരു വിശ്വാസ പ്രമാണത്തിന്റെ പേരില്‍ കലാപം നടത്തുന്ന ഭീകരരാണോ മാവോയിസ്റ്റുകള്‍? അതോ ഭരണകൂട ഭീകരതയ്‌ക്കെതിരേ മറ്റു വഴിയൊന്നുമില്ലാതെ ആയുധമേന്താന്‍ നിര്‍ബന്ധിതരായ ആദര്‍ശശാലികളോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് അല്‍പ ഷാ തേടുന്നതെന്നാണ് ദ ഗാര്‍ഡിയനില്‍ എഴുതിയ നിരൂപണത്തില്‍ ജൂലിയ ലോവല്‍ ചൂണ്ടിക്കാട്ടിയത്. നക്‌സലുകളെക്കുറിച്ച് ഇത്രയും പിടിച്ചിരുത്തുന്ന മറ്റൊരു വിവരണം താന്‍ ഇതുവരെ വായിച്ചിട്ടില്ലെന്ന് എഴുത്തുകാരി മീന കന്ദസാമി പറയുന്നു.

ജീവിതവും സിദ്ധാന്തവും ഒരുപോലെ സമ്മേളിക്കുന്ന ഇടമാണ് നൈറ്റ് മാര്‍ച്ച്. ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ സ്വീകാര്യത നേടിയതെങ്ങിനെയാണെന്ന കൃത്യമായ നിരീക്ഷണങ്ങള്‍ ഷാ നടത്തുന്നുണ്ട്. മാനവികതയുടെ വിശാലവും ആഴമാര്‍ന്നതുമായ പരിസരത്തില്‍ നിന്നുകൊണ്ടാണ് ഷാ നക്‌സലുകളുടെ വ്യവഹാരങ്ങള്‍ പരിശോധിക്കുന്നത്.

naxal

വിചാരണയും വിശകലനവും
 
ചാരുകസേരയില്‍ ഇരുന്നുകൊണ്ടുള്ള വെടിവട്ടമല്ല ഷായുടെ പുസ്തകം. ആമുഖത്തില്‍ ഷാ എഴുതുന്നു  '' വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ ലോകം മാറ്റിമറിക്കാന്‍ ഒന്നിച്ച് ചേര്‍ന്ന് ആയുധമെടുക്കുന്നതെന്തുകൊണ്ടാണെന്നു മാത്രമല്ല നൈറ്റ് മാര്‍ച്ച് കാട്ടിത്തരുന്നത്. ലക്ഷ്യം നേടുന്നതിനായി ഇവര്‍ തമ്മിലടിക്കുന്നത് എന്തുകൊണ്ടാണെന്നും നൈറ്റ് മാര്‍ച്ച് അന്വേഷിക്കുന്നുണ്ട്. വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള ധ്യാനമാണത്.

കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകത്തിനായി വിപ്ലവത്തിന്റെ പാത തിരഞ്ഞെടുത്ത സ്വപ്നാടകരുടെയും പരിഷ്‌കരണവാദികളുടെയും അടിസ്ഥാനപരമായ ധര്‍മ്മസങ്കടങ്ങള്‍ അത് അനാവരണം ചെയ്യുന്നുണ്ട്. ഒട്ടേറെ ത്യാഗങ്ങളില്‍ തീര്‍ത്ത അടിത്തറയായിട്ടും മാനുഷികമായ ദൗര്‍ബല്യങ്ങളില്‍ അത് തകര്‍ന്നുപോവുന്നതെങ്ങിനെയാണെന്നും നൈറ്റ് മാര്‍ച്ച് വെളിപ്പെടുത്തുന്നു. സാമ്പത്തിക വളര്‍ച്ച, വര്‍ധിക്കുന്ന അസമത്വം, നഷ്ടപ്പെടല്‍, സംഘര്‍ഷം ... സമകാലിക ഇന്ത്യ നേരിടുന്ന പ്രതിസന്ധികളുമായുള്ള നേര്‍ക്കാഴ്ചയാണത്.''

നൈറോബിയിലേക്ക് കുടിയേറിയ ഗുജറാത്തികളായിരുന്നു അല്‍പയുടെ മുത്തശ്ശനും മുത്തശ്ശിയും. അല്‍പയുടെ പിതാവ് ഡോക്ടറായിരുന്നു. സതീര്‍ത്ഥ്യരും സഹഗുജറാത്തികളും ബിസിനസ്സിലേക്ക് തിരിഞ്ഞപ്പോള്‍ അല്‍പയുടെ പിതാവ് വൈദ്യ സേവനത്തില്‍ തന്നെ തുടര്‍ന്നു. പണമുണ്ടാക്കുകയല്ല ജീവിതത്തിന്റെ അവസാന വാക്ക് എന്നാണ് പിതാവ് അല്‍പയെ പഠിപ്പിച്ചത്. യാത്ര പോവുമ്പോള്‍  കഴിയുന്നത്ര പേര്‍ക്ക് കാറില്‍ ഇടം കൊടുക്കണമെന്നും സഹവര്‍ത്ഥിത്വത്തിന്റെ അര്‍ത്ഥം മറ്റുള്ളവരെ കൂടെക്കൂട്ടുന്നതാണെന്നും വിശ്വസിച്ചിരുന്ന പിതാവാണ് തന്നില്‍ മാനവികതയുടെ വിത്തുകള്‍ പാകിയതെന്ന് അല്‍പ പറയുന്നു.

ലോക ബാങ്കിലെ ജോലി വേണ്ടെന്നുവെച്ച് ഗവേഷണത്തിലേക്ക് മടങ്ങിയപ്പോള്‍ ആദിവാസികളുടെ ജീവിതം നേരിട്ട് മനസ്സിലാക്കണമെന്ന ചിന്തയുദിച്ചതും ഇതേ വീക്ഷണം കൊണ്ടായിരുന്നു. വൈദ്യുതിയില്ലാത്ത, പൈപ്പു വെള്ളമില്ലാത്ത ആദിവാസി കുടിലുകളില്‍ രണ്ടരക്കൊല്ലം താമസിക്കാന്‍ അല്‍പയെ പ്രാപ്തയാക്കിയതും ഇതേ കാഴ്ചപ്പാടാണ്.

വൈരുദ്ധ്യങ്ങളുടെ ലോകം

ആദര്‍ശാത്മക ലോകം സ്വപ്നം കണ്ടാണ് ഇന്ത്യയിലെ ഇടത്തരം-ഉപരിവര്‍ഗ സമൂഹങ്ങളില്‍ നിന്ന് ചെറുപ്പക്കാര്‍ നക്‌സല്‍ പ്രസ്ഥാനങ്ങളിലേക്കെത്തിയത്. ഇവരാണ് പിന്നീട് നക്‌സല്‍ ഗ്രൂപ്പുകളെ നയിച്ചത്. ത്യാഗനിര്‍ഭരമാണ് ഇവരുടെ ഇവരുടെ ജീവിതമെന്നതില്‍ സംശയമില്ലെന്ന് ഷാ എഴുതുന്നുണ്ട്. ആദിവാസികളില്‍ പലരും പക്ഷേ, നക്‌സല്‍ കൂടാരത്തിലേക്കെത്തുന്നത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കുപുറത്താണ്. കൊഹ്ലി എന്ന 16 കാരന്‍ ആദിവാസി ബാലന്‍ നക്‌സലുകളെത്തേടിയെത്തിയത് വീട്ടില്‍ പിതാവുമായി വഴക്കുണ്ടായതിനെത്തുടര്‍ന്നാണ്. ഒരു ഗ്‌ളാസ് പാല് കൈയില്‍ നിന്നും നിലത്തുവീണതിന് കൊഹ്ലിയെ പിതാവ് മര്‍ദ്ധിച്ചു. ദേഷ്യവും സങ്കടവും നിമിത്തം കൊഹ്ലി നക്‌സല്‍പാളയത്തിലെത്തി നക്‌സലൈറ്റായി. ഇത്തരം വൈരുദ്ധ്യങ്ങള്‍ അല്‍പ ഷാ തന്റെ പുസ്തകത്തില്‍ സൂക്ഷ്മമായി വരച്ചുകാട്ടുന്നുണ്ട്.

ആദിവാസികള്‍ വാസ്തവത്തില്‍  ഇന്ത്യയിലെ ഇതര സമൂഹങ്ങളേക്കാള്‍ ലിംഗനീതിയും സമത്വവും പുലര്‍ത്തുന്നവരാണ്. വീട്ടിലെ ജോലികള്‍ ചെയ്യാന്‍ ആദിവാസി പുരുഷന്മാര്‍ക്ക് മടിയില്ല. ആദിവാസി സ്ത്രീകള്‍ പുറത്തുപോയി പണിയെടുക്കുന്നവരാണ്. പുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് മദ്യപിക്കുന്നു, ഒന്നിച്ച് ഉല്ലസിക്കുന്നു. ഈ ഇടങ്ങളിലേക്ക് നക്‌സലുകള്‍ കടന്നുവരുമ്പോള്‍ പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ ചില സ്വഭാവസവിശേഷതകളുടെ കടന്നുകയറ്റം കൂടി സംഭവിക്കുന്നുണ്ടെന്ന് ഷാ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ആദിവാസികളെ മനുഷ്യരായി സമഭാവനയോടെ കാണാന്‍ നക്‌സലുകള്‍ തയ്യാറാവുന്നുണ്ടെന്നത് കാണാതിരിക്കരുതെന്നും ഷാ പറയുന്നു. നക്‌സലുകളുടെ ഈ സമീപനമാണ് നക്‌സല്‍ കൂടാരങ്ങള്‍ മറ്റൊരു വീടായി കാണാന്‍ ആദിവാസികളെ പ്രേരിപ്പിക്കുന്നത്.'' കുടുംബം വിട്ടൊരു കുടുംബമാണത്.'' മറ്റെന്തൊക്കെ പോരായ്മകളുണ്ടെങ്കിലും നക്‌സലുകള്‍ ചൂഷണവും അനീതിയും അതിരിടുന്ന ഒരു ലോകക്രമത്തിന് ബദല്‍ ദര്‍ശനം മുന്നോട്ടുവെയ്ക്കുന്നുണ്ടെന്ന് ഷാ എഴുതുന്നു. '' ഒരുപക്ഷേ, നക്‌സലൈറ്റുകളുടെ ഏറ്റവും വലിയ സ്വാധീനം അവര്‍ ഒരു ജനാധിപത്യവത്കരണ ശക്തിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നതാകണം. പ്രയോഗത്തില്‍ ഒരു പാട് പാളിച്ചകളുണ്ടാവാം.

പക്ഷേ, നക്‌സലുകളില്ലായിരുവെങ്കില്‍ ചത്തിസ്ഗഡിലെയും ജാര്‍ഖണ്ടിലെയും ബിഹാറിലെയും ആന്ധ്രയിലെയുമൊക്കെ ആദിവാസികള്‍ എന്നേ വന്‍ കോര്‍പറേറ്റുകളുടെ അത്യാര്‍ത്തികള്‍ക്കിരയായി ഒടുങ്ങുമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം അല്‍പ ഷായുടെ പുസ്തകം നമുക്ക് മുന്നില്‍ തുറന്നിടുന്നുണ്ട്. മാവോയിസ്റ്റുകള്‍ എന്താണെന്നും ആരാണെന്നും ഇന്ത്യയിലെ ആദിവാസി സമൂഹവും നക്‌സലുകളുമായുള്ള ബന്ധം എന്തുകൊണ്ടാണെന്നും അറിയണമെന്നുള്ളവര്‍ക്ക് ഷായുടെ പുസ്തകം ഒരിക്കലും അവഗണിക്കാനാവില്ല.

Content Highlights: Alpa Sha Nightmarch Book Review Naxal