വരച്ചുകൊണ്ടാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി സര്‍ഗജീവിതം ആരംഭിച്ചത്. പിന്നീട് അത് വരികളിലേക്ക് മാറി. ജന്മം കാവ്യമയമായി. ജ്ഞാനപീഠ പുരസ്‌കൃതനായ മഹാകവിയുടെ ആത്മചരിത്രം വരകളും ചിത്രങ്ങളും വാക്കുകളും കലര്‍ത്തിപ്പറയുകയാണ് Akkitham A Pictorial Autobiography എന്ന പുസ്തകത്തില്‍


ഭാരതീയ ഭാഷകളില്‍ത്തന്നെ ആദ്യത്തേത് എന്ന് വിസ്മയിപ്പിക്കുന്ന അപൂര്‍വ സചിത്ര ആത്മകഥാപുസ്തകം മലയാള മഹാകവി അക്കിത്തത്തിന് അവകാശപ്പെട്ടതാകുന്നു. അക്കിത്തത്തിന്റെ പലതല സ്പര്‍ശിയായ ജീവിതത്തെ അഞ്ചുകാണ്ഡങ്ങളായി വിഭജിച്ച് കവിയുടെയും കവിതയുടെയും കഥ കേട്ടെഴുതി ഭാസ്‌കരമേനോന്‍ കൃഷ്ണകുമാര്‍ സംവിധാനംചെയ്ത 'Akkitham A Pictorial Autobiography' എന്ന പുസ്തകം കേരളീയര്‍ക്കുള്ള അക്കിത്തപ്രകാശനത്തിനപ്പുറം ഒരു മൗലിക മലയാളകവിയുടെ കാവ്യസഞ്ചാരപഥങ്ങള്‍ ലോകാന്തരങ്ങളില്‍ വായിക്കപ്പെടാനുള്ള അവസരമൊരുക്കല്‍കൂടിയാവുന്നു. ആത്മാരാമന്‍ എന്നപേരില്‍ കവിതയും കാവ്യനിരൂപണവും എഴുതുന്ന ഭാസ്‌കരമേനോന്‍ കൃഷ്ണകുമാര്‍ പതിറ്റാണ്ടുകളായി അക്കിത്തത്തെയും കവിതയെയും പ്രാര്‍ഥനാപൂര്‍വം പിന്തുടര്‍ന്നതിന്റെ സദ്ഫലമാകുന്നു ഈ ഗ്രന്ഥത്തിന്റെ അനന്യത.

ചിത്രങ്ങള്‍ വരച്ചുകൊണ്ടായിരുന്നു അക്കിത്തത്തിന്റെ സര്‍ഗാത്മകജീവിതം ആരംഭിക്കുന്നത്. ക്ഷേത്രച്ചുമരിലെ വെണ്‍മയെ അനലംകൃതമാക്കി കരിക്കട്ടകൊണ്ട് ആരോ വരച്ചിട്ട ചിത്രങ്ങളോടുള്ള പ്രതിഷേധവും പ്രതികരണവുമായിരുന്നു അക്കിത്തത്തിന്റെ ആദ്യ കവിത; എട്ടുവയസ്സില്‍ എഴുതിയത്. വരയില്‍നിന്ന് വരികളിലേക്ക് മാറിയെങ്കിലും വരയ്ക്കാത്ത ചിത്രങ്ങളെ കാവ്യദൃശ്യങ്ങളാക്കി കവിതയില്‍ ലയിപ്പിച്ച അക്കിത്തത്തിന്റെ ആത്മകഥാഖ്യാനപുസ്തകം (രേഖ) ചിത്രസമ്പന്നംകൂടിയായതില്‍ കാലത്തിന്റെ കാവ്യനീതിയുണ്ട്. ചിത്രകാരനാവേണ്ടിയിരുന്ന അച്ഛന്റെ ജീവിതപുസ്തകത്തില്‍ അച്ഛന്റെ നാള്‍വഴികള്‍ വിശ്രുത ചിത്രകാരനും ചിത്രകലാധ്യാപകനുമായ മകന്‍ അക്കിത്തം വാസുദേവന്‍ അറുപതിലധികം രേഖകളിലൂടെ വിന്യസിക്കുന്നു.

അക്കിത്തത്തിന്റെ അനുജന്‍ അക്കിത്തം നാരായണന്‍ ജ്യേഷ്ഠന്റെ ഒരു കവിതയ്ക്ക് വരയുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി അക്കിത്തത്തിന്റെ മൂന്നു ഭാവങ്ങള്‍ക്ക് ചിത്രമെഴുതുന്നു. കവിയുടെ ബാല്യംമുതല്‍ ഇക്കാലംവരെയുള്ള പലമുഖങ്ങളും ശരീരഭാഷകളും അദ്ദേഹത്തിന്റെ കവിതയുടെ ഭാവക്ഷമതയുമായി ഇണങ്ങുന്നവിധം സജ്ജീകരിച്ച 93 ഛായാചിത്രങ്ങള്‍, അക്കിത്തത്തിന്റെ ജീവിതത്തെ സ്വാധീനിച്ചവരുടെ ഫോട്ടോകള്‍ തുടങ്ങി 'ചാരുചിത്രപടഭംഗിയാര്‍ന്ന്' വായനയെ അലങ്കാരപ്രധാനംകൂടിയാക്കുന്ന പുസ്തകമാണിത്. എന്‍. നാരായണഭട്ടതിരിയുടെ കലാബോധ സമ്പന്നതയാണ് ഓരോ ഉള്‍ത്താള്‍ വിന്യാസത്തിനും ശോഭപകരുന്നത്. അക്കിത്തത്തിന്റെ അതിവിശിഷ്ട കവിതയായ 'നിത്യമേഘം' അടക്കം മൂന്നുകവിതകള്‍ അയ്യപ്പപ്പണിക്കര്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും പുസ്തകത്തില്‍ ഉള്‍ക്കനമാകുന്നു. അക്കിത്തത്തിന്റെ കാവ്യപരിണാമദശാസന്ധിയിലെ മികച്ച കവിതകള്‍ മുഴുവനായോ ഭാഗികമായോ ഉള്‍പ്പൊരുളിന്റെ നാനാര്‍ഥദീക്ഷയില്‍ കാവ്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ ആത്മാരാമന്‍ വിവര്‍ത്തനംചെയ്യുന്നുണ്ട്.

വെളിച്ചം ദുഃഖമാണുണ്ണീ

തമസ്സല്ലോ സുഖപ്രദം

''Light, o young one! is sorrow.

Darkness is pleasurable.

ഒരു കണ്ണീര്‍ക്കണം മറ്റു-

ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ

ഉദിയ്ക്കയാണെന്നാത്മാവി-

ലായിരം സൗരമണ്ഡലം

ഒരു പുഞ്ചിരി ഞാന്‍ മറ്റു-

ള്ളവര്‍ക്കായ്ച്ചെലവാക്കവേ

ഹൃദയത്തിലുലാവുന്നൂ

നിത്യനിര്‍മല പൗര്‍ണമി.

As I shed a teardrop for others

There arise within me a thousand suns

As I expend a smile for others

shines within me a full moon,

eternal and serene

കാവ്യജീവിതം രൂപപ്പെട്ട പരിസരപശ്ചാത്തലത്തില്‍ നിന്നുതുടങ്ങി നമ്പൂതിരി നവോത്ഥാനയത്‌നങ്ങളില്‍ പങ്കാളിയായി സാമൂഹികപരിഷ്‌കരണവാദിയായി മാറുന്ന, വ്യക്തിജീവിതവും സമാന്തരമായ കാവ്യജീവിതവും, ആകാശവാണിയിലെ ഉദ്യോഗകാലം, കവിതയ്ക്ക് ലഭിച്ച നിരൂപകരുടെയും വായനക്കാരുടെയും സ്വീകാര്യത, ജീവിതാദര്‍ശങ്ങളും ദര്‍ശനങ്ങളും... എന്നിങ്ങനെ ബൃഹത്തായ ജീവിതഘട്ടങ്ങളെ ക്രോഡീകരിക്കുകയാണ് അക്കിത്തം. 'അഹം' സ്വയം കെടുത്തിയുള്ള വിനയാന്വിതഭാഷണം. ഹിംസാത്മക കമ്യൂണിസത്തിനെതിരേയുള്ള അക്കിത്തത്തിന്റെ നിലപാടുകള്‍കൊണ്ടുകൂടി ശ്രദ്ധേയവും വിമര്‍ശനാത്മകവുമായ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തെക്കുറിച്ച് കവി തുറന്നുസംസാരിക്കുന്നുണ്ട്. അക്കിത്തത്തിന്റെ വ്യക്തി-കാവ്യസത്തകളെ ഒരൊറ്റ നൂല്‍ത്തുടര്‍ച്ചപോലെ ആത്മകഥാകാരന്‍ കോര്‍ത്തും ചേര്‍ത്തും വെക്കുന്നു. Poetry and Renaissance എന്ന പുസ്തകത്തില്‍ എം. ഗോവിന്ദന്‍, കുമാരനാശാന്‍ പിന്നിട്ട സാമൂഹിക നവോത്ഥാന കാവ്യചരിത്ര സന്ദര്‍ഭങ്ങളിലൂടെ കവിയെ പഠിച്ചവിധത്തെ വിദൂരമായെങ്കിലും ഈ പുസ്തകം ഓര്‍മിപ്പിക്കുന്നുണ്ട്.

ഇംഗ്ലീഷ് മാത്രം വായിച്ചുശീലിക്കുന്ന നവ മലയാളിയുവത്വത്തിനിടയിലേക്ക്, ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ പാര്‍ക്കുന്ന മലയാളിസമൂഹത്തിലേക്ക്, മലയാളത്തിലെ വരിഷ്ഠകവിയെ പ്രതിഷ്ഠിക്കാനുള്ള യത്‌നംകൂടിയാണ് ഈ പുസ്തകരചന. കേരളീയവും മലയാളീയവുമായ സാംസ്‌കാരികധാരയിലൂന്നി കവിതകളെഴുതി മായാമുദ്ര പതിപ്പിച്ച ഒരു കവിയുടെ കാവ്യദര്‍ശനവും ജീവിതസിദ്ധാന്തങ്ങളും കവിതകള്‍തന്നെയും ആഗോളതലത്തില്‍ വായിക്കപ്പെടാനുള്ള സാഹചര്യംകൂടിയാണ് ഭാസ്‌കരമേനോന്‍ കൃഷ്ണകുമാര്‍ ഒരുക്കുന്നത്.

ന്യൂഡല്‍ഹിയിലെ രൂപ പബ്ലിക്കേഷന്‍സ് ഇന്ത്യയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. 2020 സെപ്റ്റംബര്‍ 24-ന് ജ്ഞാനപീഠപുരസ്‌കാരം ഏറ്റുവാങ്ങിയ അതേനിമിഷം സ്വജീവിതത്തിന്റെ സചിത്രാഖ്യാനമാര്‍ന്ന അടയാളപുസ്തകവും കൈയിലെത്താന്‍ സൗഭാഗ്യവാനായ ഏക എഴുത്തുകാരനും അക്കിത്തമാകുന്നു. കവിയാകണമെന്ന് മോഹിക്കാതിരിക്കലാണ് കവി അനുഷ്ഠിക്കേണ്ട അടിസ്ഥാന കാവ്യാദര്‍ശമെന്ന് എഴുതിയതിലെ സത്യസന്ധതയ്ക്കുള്ള അംഗീകാരം കൂടിയാവുന്നു അക്കിത്തത്തിന് കൈവന്ന ഈ അസുലഭആഖ്യാനപുസ്തകം.

Content Highlights: Akkitham A Pictorial Autobiography Book Review