രു കവിതാ സമാഹാരം പരിചയപ്പെടുത്താനുള്ള കരളുറപ്പ് കാണിക്കുകയാണ്. കയ്യീന്ന് പോയാ പഴയ വി.ഡി. രാജപ്പന്റെ കഥാപ്രസംഗങ്ങളിലെപ്പോലെ കല്ലെടുത്ത് വീക്കല്ലേ നാട്ടാരെ എന്നൊരു മുന്‍കൂര്‍ ജാമ്യാപേക്ഷ ആദ്യമേ സമര്‍പ്പിക്കുന്നു. കഥകളെക്കുറിച്ചും നോവലുകളെക്കുറിച്ചും പറയുന്നതിലും വ്യക്തിപരമായി ശ്രമകരമായ ഒന്നാണ് കവിതകളെക്കുറിച്ചു സംസാരിക്കല്‍. ചെറിയ കവിതകളാണെങ്കില്‍ പറയുകയും വേണ്ട. എന്നിട്ടും അങ്ങനെയൊരു സാഹസത്തിന് മുതിരേണ്ടി വരുന്നത് 127 കുഞ്ഞു കവിതകളിലൂടെ ബാലചന്ദ്രന്‍ ചുള്ളിക്കാട് കെട്ടിപ്പൊക്കിയിരിക്കുന്ന ഓര്‍മ്മകളുടെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും ചിന്തകളുടെയും കാടകം പോലെ വന്യവും കാട്ടരുവി പോലെ കുളിര്‍പ്പിക്കുന്നതുമായ ഈ കവിതാ സമാഹാരത്തിന്റെ കരുത്തിനോടുള്ള കറയറ്റ ആരാധന ഒന്ന് കൊണ്ട് മാത്രമാണ്. മാതൃഭൂമി ബുക്ക്‌സ് പബ്ലിഷ് ചെയ്ത അലകള്‍ എന്ന പുസ്തകമാണ് എന്റെ കയ്യിലുള്ളത്.

ഇങ്ങനെയൊരു പുസ്തകം വെളിച്ചത്തിലേക്ക് വരുന്നതിനു മുന്‍പ് തന്നെ ഇതില്‍ ചില കവിതകളെങ്കിലും സോഷ്യല്‍ മീഡിയയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.ചുള്ളിക്കാടിന്റെ മനസ്സില്‍ വിരിയുന്ന കുഞ്ഞു വരികളെ മനോഹരമായ പോസ്റ്ററുകളാക്കി ഓണ്‍ലൈനില്‍ ഒഴുക്കി വിട്ടിരുന്നത് അഷ്റഫ് മലയാളി എന്ന അനുഗൃഹീത കലാകാരനായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് നമ്മോട് വിടപറഞ്ഞ അഷ്റഫ് മലയാളിക്ക് ആദരഞ്ജലികളര്‍പ്പിച്ചു കൊണ്ട് അലകളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

സമരസപ്പെടാത്തൊരു സമരകാലത്തിന്റെ ചെറുപ്പം മുറ്റി നില്‍ക്കുന്നോരോര്‍മ്മയാണ് മലയാളിക്കെന്നും ചുള്ളിക്കാട്. അദ്ദേഹം തന്നെ പിന്നിലുപേക്ഷിച്ച അരാജക ജീവിതത്തിന്റെയും അലച്ചിലുകളുടെയും കിരീടം പില്‍ക്കാലത്തും തലമുറകളെ മോഹിപ്പിച്ചിരുന്നു.ആ ഭൂതകാലത്തിന്റെ വഴികളില്‍നിന്നെല്ലാം ജീവിതത്തിന്റെ കയ്പ്പും മധുരവും അറിഞ്ഞൊരു പച്ചമനുഷ്യന്റെ മുന്‍വിധികളില്ലാത്ത പക്ഷം പിടിക്കേണ്ട ബാധ്യതകളില്ലാത്ത സത്യം പറയാന്‍ ഭയക്കേണ്ടാത്ത വാക്കുകളുടെ വിരുന്നാണ് ഇതിലെ ഓരോ കവിതയും. കുന്നിമണിയുടെ രക്തച്ചുവപ്പും കലര്‍ന്ന കറുപ്പും കുഴിച്ചു മൂടപ്പെട്ട ബാല്യത്തിന്റെ സുന്ദരമായ ഓര്‍മ്മകളാകുന്നതും പണ്ട് പാതിവഴിയില്‍ പിരിഞ്ഞ പ്രണയത്തെ  പാതിരായ്ത്തീവണ്ടിയില്‍ കാണേണ്ടി വരുന്നതും ഏകപക്ഷീയമായ പ്രണയമോഹങ്ങള്‍ അവളറിയുന്നുണ്ടാവുമോ എന്ന ആശങ്കയുമൊക്കെ മോഹിപ്പിക്കുന്ന കവിതകളാണ്.

കുത്തിയും കത്തിച്ചും പ്രണയത്തില്‍ നിന്നിറങ്ങിപ്പോകുന്നവരുടെ കാലത്തിന് ഒരു പക്ഷെ, ദഹിക്കാന്‍ സാധ്യതയില്ലാത്ത കാല്പനികതകളുമാണ്. ഏറെയൊന്നും പറയുന്നില്ല. ഏറെയൊന്നും നേരമെടുക്കാതെ വായിച്ചു തീര്‍ക്കാവുന്നതും ഏറെ നേരം മനസ്സില്‍

Alakal
പുസ്തകം വാങ്ങാം

നില്‍ക്കുന്നതുമായ നൂറിലേറെ കവിതകളുടെ ഈ സമാഹാരത്തിലേക്ക് ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ആദ്യ കവിതാസമാഹാരമായ  'പതിനെട്ടു കവിതകള്‍'ക്ക് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആമുഖക്കുറിപ്പില്‍ പറഞ്ഞ പോലെ അറിഞ്ഞതില്‍പ്പാതി പറയാതെ പോയി പറഞ്ഞതില്‍പ്പാതി പതിരായും പോയി പകുതി ഹൃത്തിനാല്‍പ്പൊറുക്കുമ്പോള്‍ നിങ്ങള്‍ പകുതി ഹൃത്തിനാല്‍ വെറുത്തു കൊള്ളുക...

Content Highlights : akhil krishnan reviews the poetry collection alakal by chullikkad