ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത പുതിയൊരു പുസ്തകമല്ല. അതുകൊണ്ട് തന്നെ ഒരു പരിചയപ്പെടുത്തല്‍ ആവശ്യവുമില്ല. ഫേസ്ബുക്കില്‍ വിപ്ലവം സൃഷ്ടിച്ച, വായനയില്‍ വിസ്‌ഫോടനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു ഈ പുസ്തകം. പിന്നെ പറയാന്‍ പോകുന്നത് കുറച്ചു ക്ഷമാപണങ്ങളാണ്. ഇത്രയും കാലം ഈ പുസ്തകം വായിക്കാതിരുന്നത് അക്ഷന്തവ്യം തന്നെ. ഇതിന്റെ ഓരോ താളിലൂടെ കടന്നുപോകുമ്പോഴും കുടുംബവ്യവസ്ഥയുടെ അടരുകളിലൂടെ ഒളിച്ചു കടത്തപ്പെടുന്ന ആണഹന്തയുടെ അംശങ്ങള്‍ എന്റെയും ഉള്ളിലുണ്ടല്ലോ എന്ന തിരിച്ചറിവില്‍ നിന്നും ഇന്ന് വരെ പരിചയപ്പെട്ട മുഴുവന്‍ സ്ത്രീകളോടും ചെയ്ത തെറ്റുകള്‍ക്ക്  മാപ്പ്.  ക്ഷമാപണങ്ങള്‍ക്ക് ക്ഷണനേരം ആയുസേ ഉണ്ടാകാറുള്ളൂ എന്ന ആക്ഷേപം കേള്‍ക്കേണ്ടി വരുമെങ്കിലും ഇത്രയെങ്കിലും പറയാതെ അത്രമേല്‍ ഉള്ളില്‍ തൊട്ട ഒന്നിനെക്കുറിച്ച് പറയാനാവില്ല. 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത'കരളുറപ്പുള്ള പെണ്ണുങ്ങളുടെ കടല്‍ മുഴക്കമുള്ള ഈ ജീവിതങ്ങളെ കടലാസിലാക്കിയത് ആര്‍.രാജശ്രീയാണ്.

കല്യാണിയും ദാക്ഷായണിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. അങ്ങനെയാണ് നമ്മളോട് ദാമ്പത്യപ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ഭര്‍ത്താവിനാല്‍ മനഃശാസ്ത്രഞ്ജന്റെ മുന്നിലെത്തിപ്പെട്ട  ഒരു സ്ത്രീ പറഞ്ഞു വെയ്ക്കുന്നത്. അവര്‍ പറയുന്ന കഥകളുടെ കൈവഴികളിലൂടെയാണ് കണ്ണൂരില്‍ തട്ടകമുറപ്പിച്ച കൊല്ലവുമായി കണക്ഷനുകളുള്ള സംഭവഗതികള്‍ വികസിക്കുന്നത്. മലയാള സാഹിത്യത്തിന് അത്രപരിചിതമല്ലാത്ത വടക്കന്‍ കേരളത്തിന്റെ ഭാഷയുടെ കല്ല് പൊട്ടിച്ചാലേ ഓര് പറയണതെല്ലാം തിരിഞ്ഞു കിട്ടൂ. പക്ഷെ ആ പറച്ചിലുകളെല്ലാം കാല-ദേശ- ഭാഷ വ്യത്യാസങ്ങളില്ലാത്ത നേരുകളാണ്. കല്യാണിക്കും ദാക്ഷായണിക്കും പുറമെ നാരായണന്‍, ചേയിക്കുട്ടി, ലക്ഷ്മണന്‍, ആണിക്കാരന്‍, കുഞ്ഞിപ്പെണ്, ചിത്രസേനന്‍, രാമചന്ദ്രന്‍, ബാലന്‍, അബൂബക്കര്‍, കൈശുമ്മ, പശുക്കള്‍, ദേവതാസങ്കല്പങ്ങള്‍, മരിച്ചു പോയവര്‍, ദേശം ഒക്കെ മുറ്റമടിക്കുന്ന ചൂല് വരയ്ക്കുന്ന ഭൂപട സമാനമായ കഥയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എ കെ ജിയും ബാബ്‌റിപ്പള്ളി പൊളിച്ചതും തെക്കിന്റെയും വടക്കിന്റെയും രാഷ്ട്രീയ ബോധ്യങ്ങളുടെ വ്യത്യാസങ്ങളും ഈ രണ്ട് പെണ്ണുങ്ങളുടെ കഥകളുടെ ഇടയില്‍ കലര്‍ന്ന് കിടക്കുന്നുണ്ട്.

നോവലിന്റെ മുഖചിത്രത്തില്‍ ഒരു ചൂലുണ്ട്. അതോണ്ട് മുറ്റമടിച്ചാണ് കല്യാണി ദേശത്തിന്റെ കഥകള്‍ വരയ്ക്കുന്നത്. ആ ചൂല് നമുക്കും ഉപയോഗിക്കാവുന്നതാണ്. കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബമെന്ന് ഈണത്തില്‍ പറഞ്ഞുറപ്പിച്ചു മനുഷ്യരുടെ, വിശിഷ്യാ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വ്യക്തിത്വത്തിനും താല്പര്യങ്ങള്‍ക്കും വിലങ്ങിടുന്ന ജീവികള്‍ക്കെതിരെ.സമൂഹം കെട്ടിപ്പടുക്കേണ്ട ബാധ്യതയുടെ ഇല്ലാച്ചുമട് പെണ്ണിന്റെ നടുമ്പോറത്ത് വെച്ചെഴുന്നെള്ളിച്ചു ആണധികാരത്തിന്റെ ആറാട്ട് നടത്തുന്നവര്‍ക്കെതിരെ .ഉള്ളിലേക്കെത്തി നോക്കുമ്പോള്‍ കണ്ടും കേട്ടും പഠിച്ച അറപ്പിക്കുന്ന ആണത്തത്തിന്റെ ആലഭാരങ്ങള്‍ കണ്ടെത്താനാവുന്നുണ്ടെങ്കില്‍ അവനവനെതിരെയും. ആദ്യം പറഞ്ഞ വാചകത്തെ ഞാന്‍ തന്നെ നിഷേധിക്കുന്നു. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത പുതിയൊരു പുസ്തകമാണ്. അതിനെ പഴയൊരു പുസ്തകമാക്കേണ്ട ബാധ്യത നമുക്കുണ്ട്. ഒരു നൂറ്റാണ്ടിനു ശേഷം ഇത് വായിക്കുന്ന ഒരു കുട്ടി ഇപ്പോഴും ഇങ്ങനെയൊക്കെ തന്നാണല്ലോ എന്ന് ചിന്തിക്കാതിരിക്കാനായി സമൂഹത്തെ മാറ്റിപ്പണിയേണ്ട ഉത്തരവാദിത്വം നമ്മെ ഏല്‍പ്പിക്കുന്ന ഒരു പുസ്തകമാണിത്. വായന എന്നാല്‍ വലുതുകളിലേക്കുള്ള വാതായനം കൂടിയാണല്ലോ. ഏറെ അഭിമാനത്തോടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കതയിലേക്ക് വായനക്കാരെ സ്വാഗതം ചെയ്യുന്നു.

Content Highlights :Akhil Krishnan reviews Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha R Rajasree