A History of Reading (Alberto Manguel) എന്ന പുസ്തകത്തിന്റെ മാതൃകയില്‍ തന്റെ പുസ്തകസഞ്ചാരങ്ങള്‍ വെളിപ്പെടുത്താന്‍ വേണ്ടി തുടങ്ങിയ എഴുത്ത്, താന്‍ തന്നെ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ സ്വാധീനവലയത്തില്‍പ്പെട്ട് എങ്ങോട്ടെല്ലാമോ തന്നെ വലിച്ചുകൊണ്ടു പോയതായി നോവലിസ്റ്റ് ആമുഖമായി പറയുന്നുണ്ട്. അജയ്ക്കൊപ്പം പുസ്തക സഞ്ചാരത്തിനായ് മാത്രം തയ്യാറായി വന്ന നമ്മളും ആ സ്വാധീന വലയിത്തില്‍പ്പെട്ടു പോകുമെന്നത് തീര്‍ച്ചയാണ്. അന്തര്‍മുഖനായ അലിയുടെ ആത്മഭാഷണങ്ങളുടെ പകര്‍ച്ചയാണീ പുസ്തകം. അയ്യായിരത്തിലധികം പുസ്തകങ്ങള്‍ തിങ്ങി നിറഞ്ഞ സൂസന്നയുടെ ഗ്രന്ഥപ്പുര കാട്ടി കൊതിപ്പിച്ച ശേഷം അലിയുടെ മനസ്സിന്റെ ഇടവഴികളിലൂടെ വായനക്കാരനെയും കൂട്ടി ചുറ്റിയടിക്കുകയാണ് നോവലിസ്റ്റ്. ഒരു തരിപോലും വിരസമല്ലാത്ത എന്നാല്‍ അത്രയൊന്നും ആകാംക്ഷയുടെ മുള്‍ത്തുമ്പു തൊടാത്ത പതിഞ്ഞ മട്ടിലുള്ള ആഖ്യാന വഴികളിലൂടെ അലിയ്‌ക്കൊപ്പം നടക്കുമ്പോള്‍, നമ്മള്‍ മറന്ന നമ്മളെ നമ്മള്‍ വീണ്ടെടുക്കും.

മിതത്വമാണ് ഈ നോവലിന്റെ മറ്റൊരു സവിശേഷത. അതിവൈകാരികതകളിലേയ്ക്ക് വഴുതിപ്പോയേക്കാവുന്ന പല സന്ദര്‍ഭങ്ങളിലും അസാമാന്യമായ മിതത്വം പാലിക്കുന്നുണ്ട് നോവലിസ്റ്റ്. കഥാപാത്രങ്ങളുടെ ബാഹുല്യം വായനയുടെ സ്വച്ഛന്ദപ്രവാഹത്തെ അലോസരപ്പെടുത്തുന്നതായി കാണാറുണ്ട് പല നോവലുകളിലും. എന്നാല്‍ സൂസന്നയിലെ ഓരോ കഥാപാത്രവും, ഒന്ന് മാത്രം മുഖം കാണിച്ചു കടന്നു പോയവര്‍ പോലും എത്ര മിഴിവോടെയാണ് നമ്മുടെയുള്ളില്‍ തെളിയുന്നത്. 

സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമേറെയുള്ള നോവലാണിത്. ഒരേയൊരു പുരുഷനോട് മാത്രമേ നോവലിസ്റ്റ് ഇത്തിരി സ്‌നേഹം കൂടുതല്‍ കാട്ടിയിട്ടുള്ളു, അത് വെള്ളത്തൂവല്‍ ചന്ദ്രനാണ്. ചന്ദ്രനെന്ന കഥാപാത്രം ശാരീരികവും മാനസികവുമായി എത്ര മാത്രം ദുര്‍ബലനാണോ അത്രമാത്രം കരുത്തോടെയാണ് അജയ് അയാളെ അവതരിപ്പിച്ചിരിക്കുന്നത്. പൊടിമൂടിയ ഗ്രന്ഥപ്പുരകള്‍ പ്രതിലോമതകളുടെ ഒളിയിടങ്ങളായേക്കുമെന്ന തിരിച്ചറിവില്‍, ഉപേക്ഷിക്കാന്‍ പറ്റാത്തതായൊന്നുമില്ലയീ ഭൂമിയില്‍ എന്ന പരമമായ അറിവിനെ സാക്ഷിനിര്‍ത്തി അക്ഷരങ്ങളില്‍ കത്തിയമര്‍ന്ന സൂസന്നയാണ് ഈ നോവലിന്റെ നെടുംതൂണ്‍. അലിയെന്ന ക്യാന്‍വാസിലൂടെ പല രൂപത്തിലും ഭാവത്തിലുമുള്ള സൂസന്നമാരുടെ ചിത്രങ്ങളാണ് അജയ് ഈ നോവല്‍ താളുകളില്‍ വരച്ചിട്ടിരിക്കുന്നത്.

സൂസന്ന, അമുദ, ലക്ഷ്മി, ഫാത്തിമ, ജല, ഭാനുമതി. ഇവരാണ് നോവലിലെ മുഖ്യ സ്ത്രീ കഥാപാത്രങ്ങള്‍. ഇവരുടെയെല്ലാം അടിസ്ഥാന ഭാവം സ്ഥൈര്യം ആണ്. അംഗനമാരുടെ സാഹിത്യ ലക്ഷണമായിരുന്ന ചാപല്യമൊക്കെ പഴങ്കഥയായിരിക്കുന്നു. സൈക്കിള്‍ ചവിട്ടി നടക്കുന്ന പെണ്‍കുട്ടികളുടെ ഉല്ലാസവും ആത്മവിശ്വാസവും ചോര്‍ന്നു പോകുന്നത് അവരെ 'ഉത്തരവാദിത്വപ്പെട്ട' പുരുഷന്മാര്‍ എന്നേയ്ക്കുമായി സൈക്കിളില്‍ നിന്നിറക്കി വിടുമ്പോഴാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അജയ്ക്കും അങ്ങനെ തോന്നിയത് കൊണ്ടാവണം മുതിര്‍ന്ന സ്ത്രീകളായിട്ടും ആത്മവിശ്വാസത്തിന്റെ സൈക്കിളില്‍ സൂസന്നയെയും, അമുദയെയും, ലക്ഷ്മിയെയും അദ്ദേഹം കൈപിടിച്ചു കയറ്റിയിരുത്തിയത്. സ്വയം പര്യാപ്തയായ തന്റേടിയായ ജലയെ, ദുര്‍ബലനും പേടിത്തൊണ്ടനും ജിപ്‌സിയുമായ വെള്ളത്തൂവല്‍ ചന്ദ്രന് മുന്നില്‍ അജയ് സമര്‍പ്പിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിന്റെ എല്ലാ ആണ്‍ ബോധ്യങ്ങളെയും വെല്ലുവിളിച്ചുകൊണ്ടു തന്നെയാണ്. ഫാത്തിമയുടെ ഔദാര്യത്തില്‍ തന്റെ ലൈംഗിക തൃഷണ ശമിപ്പിക്കുന്ന കാഴ്ചയില്ലാത്ത കൃഷ്ണന്റെ അവതാരോദ്ദേശ്യവും മറ്റൊന്നല്ല.

അലിയെ കുഴിയില്‍ നിന്നും എടുത്ത് കയറ്റുന്ന സരസ. പ്രകൃതിയ്ക്കും പുസ്തകങ്ങള്‍ക്കുമിടയില്‍ സ്വന്തം ലോകം കെട്ടിപ്പടുക്കുന്ന സൂസന്ന. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ട്രെയ്നറായ ഫാത്തിമ. അച്ഛന്റെ ക്രൂരവിനോദങ്ങളെ എഴുതിത്തോല്‍പ്പിക്കുന്ന ഭാനുമതി. പ്രാര്‍ത്ഥനയ്ക്ക് മേല്‍ കാരുണ്യം നിറച്ച മേരിയമ്മ. നാടകത്തെയും സംഗീതത്തെയും സ്‌നേഹിച്ച ഇഖ്ബാലിന്റെ സര്‍ഗ്ഗശക്തി സബീന. ആണിനോട് അങ്ങോട്ട് സൗഹൃദം ചോദിച്ചു വാങ്ങാന്‍ കൂസാതിരുന്ന അമുദ. തന്റെ കുറവുകളെ നെരൂദ കൊണ്ട് നിറച്ച് അഭിയെ സ്വന്തമാക്കിയ ലക്ഷ്മി. കരുത്തരായ ഒരു പിടി സ്ത്രീ കഥാപാത്രങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു നോവല്‍പുരയാണിത്.

രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങളുണ്ട്. പെണ്‍കുട്ടിയില്‍ നിന്ന് പെണ്ണിലേക്കുള്ള ദുഷ്‌ക്കരമായ കടമ്പ കടക്കാനാവാതെ മരണത്തിലേക്ക് തട്ടി വീണവള്‍, ജിന്‍സി. 'മൈ ബ്രെയിന്‍ ഈസ് മൈ എനിമി' എന്നെഴുതി വച്ച്, സ്വന്തം അപാര്‍ട്‌മെന്റിന്റെ ഉയരത്തില്‍ തന്റെ മരണദൂരം കൃത്യമായളന്നു ചാടിയ ജര്‍മന്‍കാരി മെലീന. അമുദയും സൂസന്നയും നോവലില്‍ തുടങ്ങിയവസാനിക്കുന്നു. കൃഷ്ണന് നല്‍കിയ വേണുവിലൂടെ ആരാണ് തന്നെ കണ്ടെത്തുക, അവര്‍ക്കു വേണ്ടി കാത്തിരിക്കാന്‍ തന്റെ സൈക്കിളുപേക്ഷിച്ചു കാലത്തിന്റെ മറ്റേ അറ്റത്തേക്ക് കള്ളച്ചിരിയോടെ അമുദ നടന്നു പോയപ്പോള്‍; തന്നെ താനാക്കിയ ഗ്രന്ഥപ്പുരയോടൊപ്പം സൂസന്ന നെഞ്ചെരിഞ്ഞു ചേര്‍ന്നു.

വര്‍ക്കിച്ചേട്ടനും ​ഗ്രേസിച്ചേച്ചിയും, സണ്ണിച്ചേട്ടനും കാമുകിയും, അക്ബറും ജിന്‍സിയും, ഇഖ്ബാലും സബീനയും, കാര്‍മേഘവും പവിഴവും, അഖിലനും മുത്തുമണിയും, ജലയും ചന്ദ്രനും, അഭിയും ലക്ഷ്മിയും, അലിയും അമുദയും, സൂസന്നയും ജോസഫും. പുരുഷന് സ്ത്രീയേക്കാള്‍ ഉയരം, കരുത്ത്, പഠിപ്പ്, പത്രാസ് എന്നിത്യാദി ഗുണങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന സമൂഹത്തെ വിനയപൂര്‍വ്വം വെല്ലുവിളിച്ചു അജയ് സമര്‍പ്പിക്കുന്ന ഇണകളാണിവര്‍. ഫാത്തിമയും-അമുദയും, അഭിയും-അലിയും ഒരു പടികൂടി കടന്ന് നില്‍ക്കുന്നു.

ഭയത്താല്‍ കാലിടറിയ അലിയ്ക്ക്, ലൂയി കരോളിന്റെ ആലീസസ് അഡ്വെഞ്ചര്‍ഴ്‌സ് ഇന്‍ വണ്ടര്‍ലാന്‍ഡും അന്നാ അഹ്മത്തോവയുടെ കവിതകളും ഒരുമിച്ചു കൊടുക്കുന്നുണ്ട് സൂസന്ന. ''യൂ ആര്‍ നതിങ് ബട്ട് എ പാക്ക് ഓഫ് കാര്‍ഡ്സ്'' എന്ന് ഇരകള്‍ അധികാരികളെ നോക്കി പറയുന്ന ഒരു ദിവസം; ആലീസിനെയും അഹമത്തോവയെയും ബന്ധിപ്പിക്കുന്ന ചരടാണെന്നു അവരെ രണ്ടു പേരെയും വായിച്ചവര്‍ക്കെളുപ്പം മനസ്സിലാവും. ഗെയ്ഥെയുടെ കവിതകളും നീത്ഷെയുടെ സരതുഷ്ട്രയും ചന്ദ്രന് വായിക്കാന്‍ നല്‍കുന്നുണ്ട് മെലീന. വായന ഒരു പരിധിവരെയെങ്കിലും പൂര്‍ണമാകുന്നതും, വായനയ്ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ ഉരുവപ്പെടുന്നതും കൂട്ടിവായനകളിലൂടെയാണെന്ന് ഇത്രമേല്‍ ഭംഗിയായി ഒരാള്‍ക്ക് നോവലിലൂടെ എങ്ങനെ പറയാന്‍ കഴിയും.

സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന് പറയുന്നുണ്ടെങ്കിലും അത് സൂസന്നയുടെ അച്ഛന്‍ തണ്ടിയേക്കന്റെ വായനായാത്രകളുടെ ശേഷിപ്പുകളുടെ കൂമ്പാരമായിരുന്നു. നീലകണ്ഠന്‍ പരമാര എന്ന ഡിറ്റക്ടീവ് നോവലിസ്റ്റിന്റെ വിഷാദത്തിന്റെ ശരീരശാസ്ത്രം എന്ന അപൂര്‍ണ്ണകൃതിയുടെ നിഗൂഡതയ്ക്കു പിറകെയാണ് അലിയും അഭിയും തണ്ടിയേക്കനിലേക്കും പിന്നീട് സൂസന്നയിലേക്കും എത്തിപ്പെടുന്നത്. Robert Burton ³sd The Anatomy of Melancholy എന്ന പുസ്തകത്തെ അധികരിച്ചാണ് പരമാര, വിഷാദത്തിന്റെ ശരീരഘടന; ദി സ്റ്റോറി ഓഫ് എ മര്‍ഡര്‍ എഴുതാനാരംഭിച്ചത്. എഴുത്തുകാരന്മാരെയും കലാകാരന്മാരെയും ബാധിക്കുന്ന ആത്മരതി, അഹന്ത, മൂഢപ്രശസ്തി എന്ന മൂന്നു രോഗാവസ്ഥകളെപ്പറ്റി ബര്‍ട്ടന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. സ്വന്തം എഴുത്തിനെപ്പറ്റി അധികം മേനിനടിക്കുന്നവരുടെ സൃഷ്ടികള്‍ കളിപ്പാട്ടങ്ങളാണെന്നും കലണ്ടര്‍ പോലെ അവകള്‍ കാലഹരണപ്പെട്ടുപോകും എന്ന് അജയ് പറയുന്നതല്ല, സാക്ഷാല്‍ റോബര്‍ട്ട് ബര്‍ട്ടന്‍ പറയുന്നതാണ്.

susannayude granthappura
പുസ്തകം വാങ്ങാം

ഈ നോവലിലെ മറ്റൊരു സുപ്രധാന കഥാപാത്രമാണ് പ്രകൃതി. പ്രകൃതിയെന്നാല്‍ പച്ചയും പൂക്കളും കായ്കളും അരുവിയും കുരുവിയും അണ്ണാറക്കണ്ണനും മാത്രമല്ലെന്നും, ഇണങ്ങിയും പിണങ്ങിയും കൊണ്ടും കൊടുത്തും നിരന്തരം പ്രകൃതിയിലിടപെടുന്ന, മറ്റേതു ജീവിയെക്കാളും പ്രകൃതിയുടെ ഉള്ളറിയുന്ന മനുഷ്യന്‍ കൂടിയാണെന്നും സൂസന്നയിലൂടെ നോവലിസ്റ്റ് പറഞ്ഞു വയ്ക്കുന്നുണ്ട്. മനുഷ്യനില്ലാത്ത പ്രകൃതി വായിക്കപ്പെടാത്ത പുസ്തകം പോലെ നിശ്ചേതനമായിരിക്കും. അതെ, പുസ്തകങ്ങള്‍ക്കിടയില്‍ പടര്‍ന്നു കയറിയ വള്ളികളായിരുന്നില്ല സൂസന്നയുടെ പ്രകൃതി, വള്ളിപ്പടര്‍പ്പില്‍ അടുക്കി വച്ച പുസ്തകങ്ങളായിരുന്നു. 'ഈനോവല്‍, ഇതിനേക്കാള്‍ മികച്ച നോവലുകള്‍ക്കും, ഈ കഥാപാത്രങ്ങള്‍, ഇവരേക്കാള്‍ ഉജ്വലരായ മനുഷ്യര്‍ക്കും നല്‍കുന്ന സ്‌നേഹമായെടുക്കുക' എന്ന ആമുഖക്കുറിപ്പ് വെറും ഭംഗി വാക്കല്ല എന്ന് നോവല്‍ വായിച്ചു തീരുമ്പോള്‍ നമുക്ക് ബോധ്യപ്പെടും.

സൂസന്നയുടെ വായന തുറന്നിട്ടിരിക്കുന്നത് വിശാലമായൊരു വായനാപ്രപഞ്ചത്തിലേക്കാണ്. നല്ല പുസ്തകങ്ങളുടെ വായന അവസാന താളില്‍ ഒടുങ്ങുകയല്ല, ഉയിര്‍ക്കുകയാണ് എന്നതിന് തെളിവായിതാ... സൂസന്നയുടെ ഗ്രന്ഥപ്പുര.

സൂസന്നയുടെ ഗ്രന്ഥപ്പുര ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Ajay P Mangattu Malayalam Novel book review Mathrubhumi Books