ടെന്നീസില്‍ ശോഭനമായ ചരിത്രമാണ് ഇന്ത്യയ്ക്ക് പറയാനുള്ളത്. എന്നും തലയെടുപ്പോടെ നില്‍ക്കാവുന്ന ചരിത്രം. പങ്കെടുത്ത ആദ്യ ഡേവിസ് കപ്പില്‍ (1921) തന്നെ സെമിയിലെത്തിയ ടീം. അതു കരുത്തരായ ഫ്രാന്‍സിനെ തോല്‍പ്പിച്ചായിരുന്നു ആ സെമി ഫൈനല്‍ പ്രവേശനം.  മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യന്‍ പുരുഷ ഡബ്ള്‍സ് ടീം ക്വാര്‍ട്ടര്‍ വരെയെത്തി. അതിനും ഇരുപതോളം വര്‍ഷങ്ങള്‍ക്കു മുമ്പേ ബി. നെഹ്റുവും തുടര്‍ന്ന് സര്‍ദാര്‍ നിഹാല്‍ സിങ്ങും വിംബിള്‍ഡണില്‍ കളിച്ചു. പക്ഷേ ഇന്നത്തെ എത്ര ടെന്നീസ് പ്രേമികള്‍ക്ക് അറിയാം ഇത്തരം വിവരങ്ങള്‍. 'അഡ്വാന്റേജ് ഇന്ത്യ- ദ സ്റ്റോറി ഓഫ് ഇന്ത്യന്‍ ടെന്നീസ്' എന്ന പുസ്തകത്തിലൂടെ ഇന്ത്യന്‍ ടെന്നീസിന്റെ അറിയപ്പെടാത്ത ചരിത്രം മാത്രമല്ല ഇതുവരെയുള്ള ചരിത്രം രേഖപ്പെടുത്തുകയാണ് അനിന്ദ്യ ദത്ത. ഇന്ത്യന്‍ വനിതാ ടെന്നീസിന്റെയും ഡബ്ള്‍സിന്റെയും ഇതുവരെയുള്ള  തിളക്കമാര്‍ന്ന ചരിത്രവും പുസ്തകത്തിലുണ്ട്. വെസ്റ്റ്ലാന്‍ഡ് സ്പോര്‍ട്, വെസ്റ്റ്ലാന്‍ഡ് പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. 

മറ്റു പല കായിക വിനോദങ്ങളിലെന്ന പോലെ ടെന്നീസും ഇന്ത്യയിലെത്തിക്കുന്നത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോസ്ഥര്‍ ടെന്നീസിലെ മിന്നും താരങ്ങളായി. തുടര്‍ന്ന് ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ബ്രിട്ടീഷുകാരും അവര്‍ക്കൊപ്പം ഇന്ത്യക്കാരും പിന്നീട് മുന്‍ നിരയിലേക്കെത്തുന്നു. അമൃത് രാജ് സഹോദരങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യക്ക് ടെന്നീസ് ലോകത്ത് മേല്‍വിലാസമുണ്ടാക്കിയ ഫൈസി സഹോദരന്‍മാര്‍ (ഡോ.ഹസന്‍ അലി ഫൈസി, ഡോ.ആര്‍തര്‍ അലി ഫൈസി) ക്രിക്കറ്റിലും ടെന്നീസിലും ഒരു പോലെ ഇന്ത്യയ്ക്കായി തിളങ്ങിയ കോട്ട രാമസ്വാമി, ടെന്നീസടക്കം ഏഴ് കായിക ഇനങ്ങളില്‍ തിളങ്ങിയ എസ്.എം.റെയിന്‍ബോ ഹാഡി, ഇന്ത്യന്‍ ടെന്നീസിലെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ മുഹമ്മദ് സ്ലീം, ഇന്ത്യക്കു വേണ്ടി തിളങ്ങിയ സിഡ്നി ജേക്കബ് തുടങ്ങിയവരുടെ അറിയപ്പെടാത്ത ചരിത്രം അനിന്ദ്യ ദത്ത തുറന്നു കാട്ടുകയാണ് ' അഡ്വാന്റേജ് ഇന്ത്യ'യിലുടെ.

സാനിയ മിര്‍സ ഇന്ന് ഇന്ത്യന്‍ ടെന്നീസിന്റെ പതാക വാഹകയായി തിളങ്ങുമ്പോള്‍ കരുത്തുറ്റ ഒരു പാരമ്പര്യത്തിന്റെ ഇങ്ങേക്കണ്ണിയാണ് അവരെന്ന് അനിന്ദ്യ ദത്ത വിവരിക്കുന്നു. സ്വന്തന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രിയാണ് രാജ്കുമാരി അമൃത് കൗര്‍. ആരോഗ്യ രംഗത്തും കായിക രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പിലാക്കിയ ആ രാജകുടുംബാഗം ഒരുകാലത്ത് ഇന്ത്യയിലെ മുന്‍നിര ടെന്നീസ് താരമായിരുന്നു. 1910-കളില്‍ ഇന്ത്യന്‍ ടെന്നീസിനെ അടക്കി വാണ താരം. 1954-ല്‍ ഇന്ത്യന്‍ ലോണ്‍ ടെന്നീസ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അവര്‍ നടപ്പിലാക്കിയ പദ്ധതിയാണ് (രാജ്കുമാരി അമൃത് കൗര്‍ കോച്ചിങ് സ്‌കീം) ഇന്ത്യന്‍ കായിക രംഗത്തിന്റെ പ്രത്യേകിച്ച് ടെന്നീസിന്റെ തലവരമാറ്റി. 1955- മുതല്‍ 1975 വരെയുളള കാലം ഇന്ത്യന്‍ ടെന്നീസിന്റെ സുവര്‍ണ കാലഘട്ടമായി മാറി. പ്രമുഖരായവിദേശ ടെന്നീസ് താരങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ വന്നു. അവരുമായുള്ള മത്സര പരിചയത്തിലൂടെ  ഇന്ത്യന്‍ താരങ്ങളുടെ നിലവാരമയുര്‍ന്നു. പ്രേംജിത് ലാല്‍, ജയദീപ് മുഖര്‍ജി തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ടെന്നീസിന്റെ പതാക വാഹകരായി. ഇത്തരം അറിവുകളാണ് 'അഡ്വാന്റേജ് ഇന്ത്യ' വായനക്കാര്‍ക്കായി നല്‍കുന്നത്.

ഡേവിസ് കപ്പില്‍ ഇന്ത്യക്ക് തിളക്കമാര്‍ന്നൊരു ചരിത്രമുണ്ട്. രാജ്യത്തിനായി മത്സരിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ട വീര്യം വേറൊരു തലത്തിലേക്കുയരും.  മൂന്നു തവണ ഇന്ത്യ ഡേവിസ് കപ്പിന്റെ ഫൈനലിലെത്തി. ഫ്രാന്‍സും ഓസ്ട്രേലിയയുമൊക്കെയുള്‍പ്പെടെയുള്ള കരുത്തരെ അട്ടിമറിച്ച ചരിത്രമുണ്ട് ഇന്ത്യക്ക്.  അത്തരം ത്രസിപ്പിക്കുന്ന ചരിത്രങ്ങളും ദത്ത വരച്ചു കാട്ടുന്നു. ജയ് ദീപ് മുഖര്‍ജി, രാംനാഥന്‍ കൃഷ്ണന്‍ , രമേശ് കൃഷ്ണന്‍, അമൃത് രാജ് സഹോദരന്‍മാര്‍ തുടങ്ങി പോയകാല താരങ്ങള്‍ മുതല്‍ ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ തുടങ്ങിയവരുമായി നേരിട്ടു സംസാരിച്ചും ബന്ധപ്പെട്ടുമാണ് അനിന്ദ്യ ദത്ത പുസ്തകം രചിച്ചിരിക്കുന്നത്. ഇവരുടെ കരിയറിനെക്കുറിച്ചും വിശദമായി പുസ്തകത്തിലുണ്ട്. വിശദമായ ഗവേഷണങ്ങളുടെ കരുത്തും പുസ്തകത്തിനുണ്ട്.

ഇന്ത്യന്‍ ടെന്നീസിന്റെ ഇതുവരെയുള്ള ചരിത്രം സമഗ്രമായി രേഖപ്പെടുത്തുന്നതിനൊപ്പം ഭാവിയേക്കുറിച്ചും പുസ്തകത്തിലുണ്ട്. ടെന്നീസ് പ്രേമികള്‍ക്ക് മാത്രമല്ല കായിക പ്രേമികള്‍ക്കെല്ലാം മുതല്‍ക്കൂട്ടാകുന്ന പുസ്തകമാണ് സ്പോര്‍ട്സ് എഴുത്തുകാരനും ബാങ്കറുമായ അനിന്ദ്യ ദത്തയുടെ രചനയില്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയുടെ മഹത്തായ കായിക പാരമ്പര്യത്തെക്കുറിച്ച് അഭിമാനത്തോടെ വായിക്കാവുന്ന പുസ്തകം.

Content Highlights: Advantage India the story of Indian tennis Book Review