വായനക്കാരന്റെ മനസ്സിന്റെ ഏതെങ്കിലും ഒരു കോണില്‍ കാട് കീഴ്‌പ്പെടുത്തേണ്ട ഇടമാണെന്ന ധാരണ പറ്റിക്കിടപ്പുണ്ടെങ്കില്‍ അതിനെ ചുവടോടെ ഇല്ലാതാക്കുന്ന കൃതിയാണ് ജയമോഹന്റെ ആനഡോക്ടര്‍ എന്ന നോവല്‍. 'ആനവലിപ്പത്തില്‍' നന്മ നിറഞ്ഞ ഡോക്ടര്‍ കെ എന്നറിയപ്പെടുന്ന ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയാണ് ഇതിലെ കേന്ദ്രകഥാപാത്രം. തമിഴ്‌നാട് വനംവകുപ്പിന്റെ മൃഗസംരക്ഷണ വിഭാഗത്തില്‍ ഡോക്ടറായാണ് ഇദ്ദേഹം വിരമിച്ചത്.

ആനവൈദ്യത്തില്‍ അഗ്രഗണ്യന്‍. ആയിരത്തിലേറെ ആനകള്‍ക്ക് സര്‍ജറി ചെയ്തിട്ടുള്ള, മുന്നൂറോളം ആനകളുടെ പ്രസവം നോക്കിയിട്ടുള്ള ആനഡോക്ടര്‍. ഇപ്പോള്‍ നിലവിലുള്ള ആനകളുടെ പോസ്റ്റ് മോര്‍ട്ടത്തിന് മെത്തഡോളജി തയ്യാറാക്കിയതും ഇദ്ദേഹമാണ്. മനുഷ്യന്റെ കാട്ടിലേക്കുള്ള കടന്നുകയറ്റം തടയേണ്ടതാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ആള്‍ കൂടിയാണ് ഡോക്ടര്‍ കെ. ആനകള്‍ക്കു മാത്രമായിരുന്നില്ല ഡോക്ടര്‍. കാട്ടിലെ സര്‍വജീവികളെയും സംരക്ഷിക്കാന്‍ സദാസന്നദ്ധനായിരുന്നു ഡോക്ടര്‍ കെ. പുഴു തൊട്ട് ആന വരെയുള്ള മൃഗങ്ങള്‍ക്ക് വേണ്ടിയാണ് ഡോ കെ ജീവിച്ചത് എന്നു തന്നെ പറയാം. 2002ലാണ് അദ്ദേഹം അന്തരിച്ചത്. കാടിനും അവിടുത്തെ ജീവജാലങ്ങള്‍ക്കുമൊപ്പമുള്ള ഡോക്ടര്‍ കെയുടെ ജീവിതമാണ് പുസ്തകം പറയുന്നത്.

ഭൂമി പിറന്നതുമായി താരതമ്യപ്പെടുത്തിയാല്‍ മനുഷ്യന്റെ പ്രായമെന്ത്? ഒടുവില്‍ ചില ശാസ്ത്രജ്ഞര്‍ ഗണിക്കുന്നത് ഇങ്ങനെയാണ്.  ഭൂമിയുടെ പ്രായം ഒരു ദിവസം എന്ന് കണക്കാക്കിയാല്‍ ഹോമോ സാപ്പിയന്‍സ്  നിവര്‍ന്ന് നിന്നിട്ട് കാല്‍ മണിക്കൂര്‍ ആയിട്ടില്ല! രണ്ടു കാലില്‍ നിന്ന ധാര്‍ഷ്ട്യത്തിന് പക്ഷേ സമാനതകളില്ല. ഇരുകാലിക്ക് എന്തും തട്ടിപ്പറിക്കണം. മതിവരില്ല ഒരിക്കലും. നൂറാകില്‍ സഹസ്രം വേണമെന്ന് പൂന്താനം. 

1598 ലാണ് കോളനി തേടിയിറങ്ങിയ സ്പാനിഷ് വേട്ടക്കാര്‍ ഡോഡോ പക്ഷികളെ കണ്ടത്. നിര്‍ഭയം, വിനയത്തോടെ ആരോടും അടുക്കുന്ന കിളികുലം. ഭൂമുഖത്ത് നിന്ന് ഈ പക്ഷികളെ മുഴുവന്‍ ലോകം വെല്ലാന്‍ ഇറങ്ങിയവര്‍ 64 കൊല്ലം കൊണ്ട് കൊന്നുതീര്‍ത്തു. കുയിലിനെപ്പോലെ പാടിയിരുന്ന ചിരിക്കുന്ന മൂങ്ങകള്‍, എണ്ണിയാലൊടുങ്ങാത്ത മേഘപാളികളെ പോലെ മാനം മറച്ച് ചിറകടിച്ച സഞ്ചാരിപ്രാവുകള്‍, വേഗത്തിലും ചന്തത്തിലും വലിപ്പത്തിലും ചെറുപ്പത്തിലും വിസ്മയിപ്പിച്ച്, കരയിലും കടലിലും  ആകാശത്തും സന്ദേഹങ്ങളില്ലാതെ വിഹരിച്ചവര്‍.

മനുഷ്യന്‍ ഇല്ലാതാക്കിയത് ഇങ്ങനെ അനവധി കുലങ്ങളെയാണ്. പേടി തോന്നുന്നു, വംശഹത്യയുടെ ജനിതകപാപവുമായാണ് ഓരോ മനുഷ്യക്കുഞ്ഞും പിറക്കുന്നത്. മുജ്ജന്മശത്രു മാത്രമല്ല നിലയ്ക്കാത്ത ആര്‍ത്തി കൂടിയാണ് മക്കള്‍. ലോകാവസാനം വരേക്കും പിറക്കാതെ പോകട്ടെ എന്ന കവിവാക്യത്തിന് പുതിയ മാനങ്ങളുണ്ട് കണ്ണാടിയില്‍ നോക്കുമ്പോള്‍.
കണ്ണാടി കാണാതേയും അസ്വസ്ഥമാവാം. വാകച്ചാര്‍ത്തു കഴിഞ്ഞ് ഇറങ്ങിയാല്‍ അടുക്കളയിലും തൊഴിലിടത്തിലും ബാക്കിയാവുന്നു കനലാട്ടങ്ങള്‍. അപ്പോള്‍ നിരാശ്രയമാവുന്ന മനസ്സ് പ്രാക്തനമായ അഭയങ്ങളെ അന്വേഷിക്കുന്നു. 

മരുഭൂമിയില്‍ അലയുന്നവര്‍ മന്ന തേടും. ഒരു മരുപ്പച്ചയുടെ തൂവല്‍ത്തണലെങ്കിലും വേണം ശാന്തമാവാന്‍. മനുഷ്യന്‍ കാടിനെ സ്പര്‍ശിക്കുന്നതും പച്ചപ്പിന് വേണ്ടിയുള്ള അലച്ചിലിലാണ്. ഇനി കേള്‍ക്കുക..."സത്യം പറഞ്ഞാല്‍ മനുഷ്യനാണ് ഏറ്റവും വീക്കായ മൃഗം. മറ്റ് മൃഗങ്ങള്‍ക്കൊക്കെ  വേദന സഹിക്കാനുള്ള കഴിവുണ്ട്. അവ വേദന സഹിക്കുന്നതില്‍ കാണിക്കുന്ന ഗാംഭീര്യത്തെ കണ്ടാല്‍ നമ്മള്‍  കരഞ്ഞുപോകും. ജീവന്‍ തുടിക്കുന്ന വേദന ഉണ്ടെങ്കിലും ആന കരയില്ല. കണ്ണുകള്‍ മാത്രം നന്നായി ചുരുങ്ങിയിരിക്കും. ആനയെ പറഞ്ഞ് സമ്മതിപ്പിച്ചാല്‍ മയക്കു മരുന്നു കൊടുക്കാതെ സര്‍ജറി ചെയ്യാനാകും. വേദന സഹിച്ച് അനങ്ങാതെ അങ്ങനെ നില്‍ക്കും. ആന എന്തൊരു മൃഗമാണ്. സോ ഗ്രേറ്റ്! ദൈവം നല്ല ക്രിയേറ്റീവ് മൂഡിലിരിക്കുമ്പോള്‍ ഉണ്ടാക്കിയതാവണം "തമിഴ് എഴുത്തുകാരന്‍ ജയമോഹന്റെ വരികളാണ്. ആനഡോക്ടര്‍ എന്ന നോവലില്‍ നിന്ന്. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പുസ്തകം. ഡോ വൈദ്യനാഥന്‍ കൃഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍.

aanadoctorഡോ വി കൃഷ്ണമൂര്‍ത്തിയാണ് ആനഡോക്ടര്‍. 1923  ല്‍ പഴയ മദ്രാസ് പ്രവിശ്യയില്‍ അദ്ദേഹം ജനിച്ചു. ഇന്ത്യാ ചരിത്രത്തില്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്ന വര്‍ഷമാണത്. അതേ വര്‍ഷമാണ് ആത്മാഭിമാനത്തോടെ മൂവര്‍ണക്കൊടി ഉയര്‍ത്താനുള്ള അവകാശം നേടാന്‍ സി രാജഗോപാലാചാരി മദ്രാസില്‍ നിന്ന് ജബല്‍പൂരിലേക്കും നാഗ്പുറിലേക്കും വണ്ടി കയറിയത്. നാഗ്പൂര്‍ ആയിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ മധ്യബിന്ദു.  പിന്നീട് ചരിത്രമായ കോണ്‍ഗ്രസിന്റെ നേതാക്കളെല്ലാം ദേശീയ ബിംബങ്ങളായി ഉയര്‍ന്ന കൊല്ലമാണത്. 

മിണ്ടാനാവാത്ത മനുഷ്യരുടെ അടിമത്തത്തിനെതിരേ നേതാക്കള്‍ കൊടി പൊന്തിച്ചപ്പോള്‍ മിണ്ടാപ്രാണികള്‍ക്ക് വേണ്ടി ശബ്ദിക്കാനുള്ള നിയോഗം നല്‍കി ദൈവം കൃഷ്ണമൂര്‍ത്തിയെ ഭൂമിയിലേക്ക് അയച്ചു. മുതിര്‍ന്നപ്പോള്‍ മൃഗഡോക്ടറായി ഡോ കെ. കാട്ടാനകള്‍ക്കും നാട്ടാനകള്‍ക്കും വേണ്ടി സംസാരിച്ചു. 1953 മുതലുള്ള മൂന്നു കൊല്ലക്കാലം ചെരിഞ്ഞ ആനകളെ പോസ്റ്റ് മോര്‍ട്ടം ചെയ്തു. അന്നോളം സര്‍ക്കാരും വനം വകുപ്പും കരുതിയത് ആനകളെല്ലാം സ്വാഭാവികമായി ചരമമടയുന്നു എന്നായിരുന്നു. പ്രേതപരിശോധനയില്‍ തെളിഞ്ഞത് നാടിനെ  ഞെട്ടിച്ചു. നടക്കുന്നത് ആനവേട്ടയാണ്. 

ചെരിഞ്ഞ ആനകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നിയമം വന്നത് ഇതിന് ശേഷമാണ്. നാട്ടാന പരിപാലനച്ചട്ടം വന്നത് കൃഷ്ണമൂര്‍ത്തിയുടെ സമരത്തിന്റെ ഫലമായാണ്. പിറന്ന കൊല്ലത്തിന്റെ ഉദാത്തമായ ആഢ്യത്വം കൊണ്ടാകണം.  സമരങ്ങളെല്ലാം സത്യാഗ്രഹങ്ങളേക്കാള്‍ ശബ്ദരഹിതമാക്കി കൃഷ്ണമൂര്‍ത്തി. അപ്പോഴും ലണ്ടനില്‍ നിന്നുള്ള നേച്ചര്‍ അടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്കായി എന്നും സ്ഥലം ഒഴിച്ചിട്ടു. മുതുമലയിലേയും തേക്കടിയിലേയും  വിദൂരസ്ഥമായ വിജന വന്യതകളില്‍ അദ്ദേഹം  സ്വന്തം നിയോഗം നിര്‍വഹിച്ചുകൊണ്ടേയിരുന്നു. 2002 ല്‍ ഭൂമിയില്‍ നിന്ന് മറയുന്നതു വരെ.

മനുഷ്യന്‍ ദൈവത്തിന്റെ കൈത്തെറ്റാണ്. എല്ലാം വേണ്ടതില്‍ കൂടുതല്‍ നിറച്ച അനാവശ്യമായ സൃഷ്ടി. യേശുക്രിസ്തു പറഞ്ഞ സുവിശേഷത്തില്‍ പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ ഹോസെ സാരാമാഗു വിവരിക്കുന്നുണ്ട് ഒരു കൂടിക്കാഴ്ച. മുള്‍ക്കാടിന്റെ മുറിവേറ്റ് നഗ്‌നനായി മരുഭൂമിയില്‍ ജീസസ്. തച്ചന്റെ മകന്‍ ചോദിക്കുന്നു. "എനിക്ക്  നീ വിധിച്ചിട്ടുള്ളത് എന്ത്. ഞാന്‍ സ്ഥാപിക്കുന്ന സാമ്രാജ്യത്തിന്റെ ശിഷ്ടമെന്ത്?"

ദൈവം പറയുന്നു. "നിന്റെ പേരില്‍ നടക്കും, യുദ്ധങ്ങളും കലാപങ്ങളും ഹത്യകളും ഇന്‍ക്വസിഷനുകളും. ചോരകളുടെ കടലില്‍ ഞാനെന്റെ രാജ്യം പണിയും." 
അമ്പരക്കുന്നു കര്‍ത്താവ്. അദ്ദേഹം സാത്താന്റെ സഹായം തേടുന്നു. "പിശാശേ , ദൈവത്തില്‍നിന്ന് എന്നെ വഴി തെറ്റിക്കാന്‍ എന്നും നിന്നവനല്ലേ നീ. ഇപ്പോള്‍ എന്തുകൊണ്ട് എന്നെ സഹായിക്കുന്നില്ല?"
സാത്താന്‍ മുഖം തിരിക്കുന്നു. "നീ ദൈവരാജ്യം വളര്‍ത്തേണ്ടത് ദൈവത്തേക്കാള്‍ എന്റെ ആവശ്യമാണ്.എന്തെന്നാല്‍ ദൈവരാജ്യം വളരുന്തോറും ചെകുത്താന്റെ അതിരുകളും വികസിക്കും". മരുഭൂമിയില്‍ അന്തം വിട്ടു നില്‍ക്കുന്നു ഇന്നും ദൈവപുത്രന്മാര്‍. അന്നേരം കൈത്തെറ്റിന് പരിഹാരക്രിയ ചെയ്യുകയാണ് ദൈവം.

അങ്ങനെ മനുഷ്യന്റെ കാരുണ്യരാഹിത്യത്തിന് മരുന്നായി വിരുന്നെത്തിയ മാലാഖയായിരുന്നു ഡോ കെ. അതിനാലാണ് അദ്ദേഹം കണിശമായി  വ്യവച്ഛേദിച്ചത്. "മനുഷ്യന്‍ ഒരു വിഢ്ഢിത്തം കൊണ്ട് ഒരു ദൈവത്തേയും സ്വര്‍ഗത്തേയും ഉണ്ടാക്കിവച്ചിട്ടുണ്ടല്ലോ. അവിടെ നായയ്ക്കും പൂച്ചയ്ക്കുമൊന്നും സ്ഥാനമില്ല."ജയമോഹന്‍ പറയുന്നു. തന്റേത് നോവലല്ല, പുരാണമാണ്. പുരാണത്തിന് പുരാനവം എന്നും അര്‍ത്ഥം. നവനീതത്തിന്റെ രുചിയും നവോന്മേഷവും പകരുന്നത്.

നിലത്തെഴുത്ത് ആശാട്ടിമാരുടെ കാലം തൊട്ടേ മലയാളി പഠിപ്പിച്ചിട്ടുണ്ട് മഹാന്മാരുടെ കഥകള്‍. ആ ജീവിതങ്ങള്‍ നിരാശയെ ഉന്മൂലനം ചെയ്യാന്‍ സഹായിക്കും. അങ്ങനെ ഓര്‍ത്താല്‍,  ഡോ കെയെ അറിഞ്ഞാല്‍, ആനവൈദ്യനെ വായിച്ചാല്‍, പ്രശാന്തി തേടി കാട് തൊടേണ്ട. എന്തെന്നാല്‍ തൊട്ടപ്പോഴൊക്കെ നമ്മള്‍ കാടിനെ നശിപ്പിച്ചിട്ടേയുള്ളൂ.. എന്‍എ നസീറിന്റ വ്രണം പൂത്ത ചന്തം എന്ന കൃതിയില്‍ നിന്ന്.. ഭാരതപ്പുഴയില്‍ കുളിപ്പിക്കാന്‍ കിടത്തിയ ഒരാനയെ പറ്റിയാണ് കാടിന്റെ മനസ്സറിയുന്ന ഫോട്ടോഗ്രാഫര്‍ എഴുതുന്നത്.

"ആനയെ പുഴയിലേക്ക് ചെരിച്ചു കിടത്തുമ്പോള്‍ മുറിവില്‍ നിന്നും പഴുപ്പും രക്തവും ചാടുകയായിരുന്നു. അപ്പോഴാണ് വലതുകാലിലെ വലിയ രണ്ട് മുറിവുകള്‍ കണ്ടത്. അത് വാക്കത്തി പോലുള്ള ആയുധം കൊണ്ട് വെട്ടേല്‍പിക്കുന്നതാണ്. ഒരു മുറിവിലെ പഴുപ്പെല്ലാം നഖത്തിനടിയിലേക്ക് പടര്‍ന്നു കഴിഞ്ഞിരിക്കുന്നു. എന്തുമാത്രം വേദനസഹിച്ചായിരിക്കാം ആന അവിടം വരെ എത്തിയതു തന്നെ. തന്റെ ജീവിതം നരകതുല്യമാക്കിയവര്‍ക്ക് മുന്നില്‍ നിസ്സഹായനായി നില്‍ക്കേണ്ടി വരിക.. ഒന്നു കുതറആന്‍ ശ്രമിച്ചാല്‍ മുറിവിലെ പഴുപ്പില്‍ ചെറുവി കൊണ്ടൊന്നു തൊട്ടാല്‍ മതി ആ വലിയ ശരീരം ചുരുണ്ടുകൂടാന്‍.."

ഡോ കെ ഒരു ഭ്രാന്തന്‍ ഫിലോസഫര്‍ എന്ന് സ്വയം വിശേഷിപ്പിച്ച ആളാണ്. അദ്ദേഹം  ആനക്കൂട്ടത്തിലേക്ക് ചെന്ന് ആനയെ ചികിത്സിച്ച കഥ വിവരിക്കുന്നുണ്ട് ജയമോഹന്‍. ഡോ കെ പറയുന്നു. "ആനയ്ക്ക് മനുഷ്യനെ മലയാളിയാണെന്ന് പോലും തിരിച്ചറിയാനാവും. ഒരുപക്ഷേ ഇടതുപക്ഷമാണോ എന്നു പോലും"കാട്ടില്‍ ചോലയ്ക്ക് അരികിലിരുന്നു കൊണ്ട് ഡോ കെ ഒരു സര്‍ജറി നടത്തുന്നുണ്ട്. പഴുപ്പും ചലവും കളഞ്ഞ് മനുഷ്യന്റെ കൈത്തണ്ട വലിപ്പമുള്ള ഒരു പൊട്ടിയ മദ്യക്കുപ്പി അതിന്റെ കാലില്‍ നിന്ന് പുറത്തെടുക്കുന്നുണ്ട്. ആനക്കൂട്ടം ആനന്ദത്തോടെ ഏകാശ്രയമായ ഡോക്ടറെ സ്‌നേഹിക്കുന്നുണ്ട് .അപ്പോഴും നുരയുന്ന പുഴുക്കളെ നോക്കി ഡോക്ടര്‍ പറയുന്നു. "മക്കള്‍ക്ക് തിന്നാന്‍ ആനയെത്തന്നെ വേണം അല്ലേ"

ഒരു പുഴുവിന്റെ പോലും സന്തോഷം അനുഭവിക്കാന്‍ അര്‍ഹതയില്ലാത്ത മര്‍ത്യജന്മത്തിന്റെ നിസ്സാരത്വത്തെ ഇത്രമേല്‍ പുച്ഛിക്കാന്‍ ഈരേഴുപതിനാലു ലോകങ്ങളും കണ്ടൊരാള്‍ക്കേ സാധ്യമാകൂ. മനുഷ്യന്റെ കേവലമായ അഹന്തയ്ക്ക് മേല്‍ നിര്‍വികാരം കത്തി ഇറക്കുന്നു ഈ സര്‍ജന്‍. ഡോ കെ ബൈറന്‍ പ്രഭുവിന്റെ ആരാധകന്‍. അദ്ദേഹം എപ്പോഴും ചൊല്ലുന്നത് നായയുടെ ശവകുടീരത്തിലെ വരികള്‍. 
ലോര്‍ഡ് ബൈറന്‍ പറയുന്നുണ്ട്, പട്ടിയുടെ ഉടമയെ പറ്റി
"അറിയുന്നവര്‍ നിന്നെ അന്നേരം വിട്ടകലും 
നിന്റെ പ്രണയം കാമം
നിന്റെ സൗഹൃദം ചതി
പ്രകൃത്യാ ക്രൂരന്‍.."
ഡോ കെ ചെന്നായ്ക്കളെ ചികിത്സിക്കുന്നതും കാണാം ആനഡോക്ടറില്‍. 

പുഴു തൊട്ട് ആന വരെയുള്ള മൃഗങ്ങള്‍ക്ക് വേണ്ടിയാണ് ഡോ കെ ജീവിച്ചത്. അല്ല അങ്ങനെ പറയുന്നത് തെറ്റാണ്. പുഴ തൊട്ട് ആന വരെയുള്ള മൃഗങ്ങളിലൊന്നായി മാത്രമാണ് അദ്ദേഹം ജീവിച്ചത്. ഈ ഭൂമിയില്‍ ഏറ്റവുമധികം സംഗീതം കേട്ടിരിക്കണം ഡോ കെ. എന്തെന്നാല്‍ ത്രസിക്കുന്ന ജീവനിലെല്ലാം അദ്ദേഹം ആനന്ദം അറിഞ്ഞു. തന്റെ അറിവിനെ സഹജീവിയുടെ വേദനകളെ ഇല്ലാതാക്കാനുള്ള വിനയമായി അദ്ദേഹം പരിവര്‍ത്തിപ്പിച്ചു. വിഷാദത്തിന്റെ കൊക്കൂണുകളിലേക്ക് വിരമിക്കാതെ അവസാന ശ്വാസം വരെ ഡോ കെ അന്യജീവനുതകി സ്വജീവിതം  ധന്യമാക്കി. കേരളത്തില്‍ നിന്ന് പോര്‍ച്ചുഗീസുകാര്‍ കപ്പല്‍ കയറ്റി കൊണ്ടുപോയി യൂറോപ്പിലെ രാജാക്കന്മാര്‍ക്കിടയില്‍ സമ്മാനമായി കൈമാറി വഴി നടന്ന് ചത്തുവീണ ഒരാന ചരിത്രത്തിലുണ്ട്.ഇന്നും നാട്ടില്‍ ചെരിഞ്ഞു കൊണ്ടേയിരിക്കുന്നു ഇന്നും ആനകള്‍ പിറന്നനാട്ടില്‍. മനസ്സില്‍ കാടുള്ള ഒരു മൃഗവും മെരുങ്ങില്ലെന്ന് കവി സച്ചിദാനന്ദന്‍. നന്ദി ജയമോഹന്‍, ആനഡോക്ടറെ പരിചയപ്പെടുത്തിയതിന്. കഥ കാലാതിവര്‍ത്തിയാണെന്ന് ഒരിക്കല്‍കൂടി കാണിച്ചു തന്നതിന്.