ഏറ്റവുമധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഗ്രന്ഥത്തിന്റെ കര്‍ത്താവെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. വിവര്‍ത്തനം ചെയ്യപ്പെട്ട ഗ്രന്ഥം ആല്‍കെമിസ്റ്റ്. എഴുപതിലധികം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകത്തിന്റെ മൂലകൃതി പോര്‍ച്ചൂഗീസ് ഭാഷയിലാണ്. ആല്‍കെമിസ്റ്റിന്റെ മലയാളപരിഭാഷ ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റുകഴിഞ്ഞു. ഇതിനകം 21 പതിപ്പുകള്‍ പുറത്തിറങ്ങിയിരിക്കുന്നു.

സ്വപ്‌നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയബാലന്റെ കഥയാണ് നോവലിന്റെ ഇതിവൃത്തം. സ്‌പെയിനില്‍നിന്ന് ആഫ്രിക്കയിലേക്ക് കടന്ന് ഈജിപ്റ്റ് വരെ യാത്ര ചെയ്യുന്ന സാന്റിയാഗോ നിരവധി തീഷ്ണമായതും ഭയപ്പെടുത്തുന്നതുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. പ്രപഞ്ചരഹസ്യങ്ങളുടെ നിഗൂഢതകള്‍ ദാര്‍ശനികതയുടെ പിന്‍ബലം ചാര്‍ത്തി മനസ്സില്‍ തട്ടുന്ന തീരിയില്‍ അവതരിപ്പിച്ചിരിക്കുന്നതാണ് നോവലിനെ ഇത്രയേറെ ജനപ്രിയമാക്കിയത്.

വായനക്കാരുടെ ജീവിതത്തിലും മനസിലും ശുഭചിന്ത നിറയ്ക്കാന്‍ പര്യാപ്തമായ രചനാശൈലിയാണ് ആല്‍കെമിസ്റ്റിനെയും അതിലൂടെ പൗലോ കൊയ്‌ലോയെയും മുന്‍നിരയിലെത്തിച്ചത്. രമ മേനോനാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ നിര്‍വഹിച്ചത്. പൗലോ കൊയ്‌ലോയെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്തുന്ന ഡോ. കെ എം വേണുഗോപാലിന്റെ പഠനവും പുസ്തകത്തിലുണ്ട്.

05

1947 ആഗസ്റ്റ് 24. ലോകമെങ്ങും വിശുദ്ധ ബര്‍ത്തലോമിയന്‍ ദിനമാചരിക്കുന്ന അന്ന് ബ്രസീലിലെ റിയോ ഡി ജനീറിയോയില്‍ ഒരു കുഞ്ഞ് പിറന്നു. പ്രസവത്തിലെ സങ്കീര്‍ണതകള്‍ കാരണം ചവണ കൊണ്ട് ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തെടുക്കേണ്ടിവന്ന ആ കുഞ്ഞിന് ഏറെ സമയം കഴിഞ്ഞാണ് ബോധം വന്നത്. കുഞ്ഞിക്കണ്ണുകള്‍ തുറന്ന് നേരിയ ശബ്ദത്തില്‍ ചുണ്ടുപിളര്‍ത്തി കരയാന്‍ തുടങ്ങിയ അവനെ ആസ്പത്രിമുറിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ 'മരിച്ചുകൊണ്ട് ജനിച്ച കുട്ടി'യെന്നു കൊഞ്ചിച്ചുവ ിളിച്ചു. വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ ജീവിതത്തില്‍ ആദ്യമായി നേരിടേണ്ടിവന്ന വെല്ലുവിളിയായിരുന്നു ജനനവേളയിലെ ആ മരണവുമായുള്ള മുഖാമുഖം.

alchemsitആട്ടിന്‍പറ്റങ്ങളെ മേച്ചു നടക്കുമ്പോള്‍ സാന്റിയാഗൊ എന്ന ഇടയബാലന്റെ കൈപിടിച്ചു് ഒരു കുട്ടി അവനെ ഈജിപ്റ്റിലേക്കു കൂട്ടിക്കൊണ്ടു പോവുകയും പിരമിഡുകളുടെ സമീപമുള്ള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സാന്റിയാഗൊയ്ക്കുണ്ടാകുന്ന ഈ സ്വപ്നദര്‍ശനത്തിന്റെ പ്രേരണയില്‍ അവന്‍ യാത്രതിരിക്കുന്നു. ആല്‍കെമിസ്റ്റ് ആ യാത്രയുടെ കഥയാണ്. ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്ര. ഐഹികജീവിതത്തിനു ദൈവികമായ സൗരഭ്യം നല്കുന്ന വഴിയാണ് ലോകപ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടേത്. വായനക്കാരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒരു പുസ്തകം ഓരോ പതിറ്റാണ്ടിലും പിറന്നുവീഴുന്നു. ആല്‍കെമിസ്റ്റ് അത്തരമൊരു പുസ്തകമാണ്.

വില: 120.00
പുസ്തകം വാങ്ങാം

ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ജീവിക്കുന്ന നോവലിസ്റ്റ് എന്ന സ്വപ്‌നതുല്യമായ പദവിയിലെത്തുന്നതുവരെ 'ദി ആല്‍ക്കെമിസ്റ്റി'ന്റെയും 'ദി പില്‍ഗ്രിമേജി'ന്റെയും എഴുത്തുകാരന് ജീവിതം മുന്നില്‍ തീര്‍ത്ത ഒട്ടേറെ പ്രതിബന്ധങ്ങളെ മറികടക്കേണ്ടിവന്നിട്ടുണ്ട്. താന്തോന്നിയായി വളര്‍ന്ന കുട്ടിക്കാലം, കൗമാരത്തില്‍ തന്നെ മൂന്നുതവണയുണ്ടായ ചിത്തരോഗാസ്പത്രിവാസം, മയക്കുമരുന്നിലും അധോലോകത്തിലും സാത്താന്‍ ആരാധനയിലൂടെയും ഉണര്‍ച്ച നേടിയ യുവത്വം, ബ്രസീലിലെ പട്ടാളഭരണകൂടം പലസമയങ്ങളിലായി സമ്മാനിച്ച ശാരീരികപീഡനം... നല്ലതൊന്നും ഓര്‍ക്കാനില്ലാത്ത എത്രയോ വര്‍ഷങ്ങളുടെ ദുരിതകാലം കടന്ന് ഒരു ദിവസം എഴുത്തിന്റെ വഴിയിലൂടെ പുനര്‍ജനി നേടുകയായിരുന്നു പൗലോ കൊയ്‌ലോ. ഇതിനിടയില്‍ പത്രപ്രവര്‍ത്തകന്‍, റോക്ക് ഗാനരചയിതാവ്, നടന്‍, നാടകകൃത്ത്, ടെലിവിഷന്‍ പ്രൊഡ്യൂസര്‍ തുടങ്ങി ഒട്ടേറെ വേഷങ്ങള്‍ കെട്ടിയാടുകയും ചെയ്തു കൊയ്‌ലോ.

റിയോ ഡി ജനീറിയോയിലെ ക്രിസ്ത്യന്‍ പാതിരിമാര്‍ നടത്തുന്ന സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ എഴുത്തുകാരനാകണമെന്നതായിരുന്നു പൗലോ കൊയ്‌ലോയുടെ മോഹം. പിതാവ് എഞ്ചിനീയറായിരുന്ന പെദ്രോ ക്വീമ കൊയ്‌ലോ ഡിസൂസ. മാതാവ് ലൈജിയ. സ്ഥിരവരുമാനമുള്ള എന്തെങ്കിലും തൊഴില്‍ നേടുന്നതിനു പകരം മകന്‍ എഴുത്തിന്റെ അനിശ്ചിതത്വം നിറഞ്ഞ വഴി തിരഞ്ഞെടുക്കുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തു. അതൊന്നും വകവെക്കാതെ എഴുത്തുകാരനാകാന്‍ തന്നെ കൊയ്‌ലോ മനസുകൊണ്ടുറപ്പിച്ചു. 'സാഹിത്യകാരനെന്നാല്‍ കണ്ണട ധരിക്കണമെന്നും മുടി ഒരിക്കലും ചീകിവെക്കരുതെന്നുമായിരുന്നു എന്റെ ധാരണ' കുട്ടിക്കാലത്തെക്കുറിച്ച് കൊയ്‌ലോ പിന്നീട് ഇങ്ങനെ എഴുതി. സ്വതവേ അന്തര്‍മുഖനായ മകന്‍ പറഞ്ഞത് അനുസരിക്കുക കൂടി ചെയ്യില്ലെന്നു കണ്ടതോടെ മാതാപിതാക്കള്‍ ഡോക്ടര്‍മാരുടെ സഹായം തേടി. അങ്ങനെ 16ാം വയസില്‍ കൊയ്‌ലോ മാനസികാരോഗ്യകേന്ദ്രത്തില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. തുടര്‍ന്ന് നാലു വര്‍ഷം താമസം അവിടെത്തന്നെ. ഇതിനിടയില്‍ മൂന്നു തവണ അവിടെനിന്നു ചാടിപ്പോയെങ്കിലും എല്ലാപ്രാവശ്യവും മാതാപിതാക്കള്‍ എവിടെനിന്നൊക്കെയോ തേടിപ്പിടിച്ച് വീണ്ടും ആസ്പത്രിയിലെത്തിച്ചു.

ഒടുവില്‍ അച്ഛനോടും അമ്മയോടും രാജിയായ പൗലോ കൊയ്‌ലോ എഴുത്തുമോഹം ഉപേക്ഷിച്ച് നിയമപഠനത്തിനു ചേര്‍ന്നു. ഒരുവര്‍ഷം തികയുന്നതിനു മുമ്പേ പഠനമുപേക്ഷിച്ച് വീണ്ടും സ്‌കൂളില്‍ നിന്നു പുറത്തുചാടി. ഹിപ്പികളോടൊപ്പം ചേര്‍ന്നുള്ള അരാജകജീവിതമായിരുന്നു പിന്നീടുള്ള കുറേ വര്‍ഷങ്ങള്‍. തെക്കേ അമേരിക്ക, വടക്കന്‍ ആഫ്രിക്ക, മെക്‌സിക്കോ, യൂറോപ്പ്, ഊരും പേരുമറിയാത്ത ഏതൊക്കെയോ സംഘങ്ങളുടെ കൂടെ ദേശങ്ങളെങ്ങുമലഞ്ഞു. മയക്കുമരുന്ന് സംസ്‌കാരം യുവാക്കള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച അറുപതുകളായിരുന്നു കാലം. ലഹരിയുടെ ചതുപ്പില്‍ ഒരു മുതലയെപോലെ മുങ്ങിക്കിടന്ന് പൗലോ കൊയ്‌ലോ ജീവിതം ആസ്വദിച്ചു, ദിവസങ്ങളും മാസങ്ങളും നീങ്ങുന്നതും ലോകം തന്നെ മാറുന്നതുമറിയാതെ.

ഒരുദിവസം എല്ലാകൂട്ടുകെട്ടുകളും ഉപേക്ഷിച്ച് പൗലോ കൊയ്‌ലോ നാട്ടിലേക്ക് മടങ്ങി. ബ്രസീലില്‍ തിരിച്ചെത്തിയശേഷം
അക്കാലത്തെ പ്രശസ്ത റോക്ക് ഗായകരായ എലിസ് റെജിന, റീത്ത ലീ, റൗള്‍ സെക്‌സാസ് എന്നിവര്‍ക്കു വേണ്ടി പാട്ടുകളെഴുതാന്‍ തുടങ്ങി. സാത്താന്‍ ആരാധനയുടെയും ഒക്കള്‍ട്ടിസത്തിന്റെയും ആരാധകനായ റൗളിനുവേണ്ടി അത്തരം ആശയങ്ങളുള്ള പാട്ടുകളായിരുന്നു കൊയ്‌ലോ എഴുതിക്കൊടുത്തത്. ഏറെ താമസിച്ചില്ല, കൊയ്‌ലോയും ഒരു സാത്താന്‍ വിശ്വാസിയായി.

തീവ്ര ഇടതുനിലപാടുകള്‍ പ്രചരിപ്പിക്കുന്ന പൗലോകൊയ്‌ലോയുടെ വരികള്‍ അപകടകരമാണെന്നു കണ്ടെത്തിയ ബ്രസീലിലെ പട്ടാള ഭരണകൂടം 1974ല്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. കസ്റ്റഡിയില്‍ കൊടിയ പീഡനങ്ങളും നേരിേടണ്ടിവന്നു. ഒരാഴ്ചയ്ക്കുശേഷം മോചിതനായ അദ്ദേഹം പത്രപ്രവര്‍ത്തനത്തിലാണ് പിന്നീട് ഭാഗ്യം പരീക്ഷിച്ചത്. അതു മടുത്തപ്പോള്‍ നടനായും നാടകസംവിധായകനായും പ്രവര്‍ത്തിച്ചു. 1974ല്‍ 'ദി മാനിഫെസ്റ്റ് ഓഫ് ക്രിഗ്ഹ' എന്ന പേരില്‍ ആദ്യപുസ്തകം എഴുതിയെങ്കിലും അതു തീരെ ശ്രദ്ധിക്കപ്പെട്ടില്ല.

ഒന്നിലും മനസുറയ്ക്കാത്ത അവസ്ഥ അലട്ടിയപ്പോള്‍ നടത്തിയ ഒരു തീര്‍ഥയാത്ര പൗലോ കൊയ്‌ലോയുടെ ജീവിതം മാറ്റിമറിച്ചു. 1986ലായിരുന്നു അത്. ബ്രസീലില്‍ നിന്ന് സ്‌പെയിനിലെ സെന്റ് ജെയിംസ് ദേവാലയം വരെ അഞ്ഞൂറു മൈല്‍ ദൂരമുള്ള കാല്‍നടയാത്ര. 'ആന്തരികശാന്തി തേടി അവനവനിലേക്കു തന്നെയുള്ള ഒരു യാത്രയായിരുന്നു അതെന്ന്' കൊയ്‌ലോ പിന്നീട് വിശേഷിപ്പിച്ചു.

04

യാത്ര കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ മറ്റെല്ലാ ജോലികളുപേക്ഷിച്ച് എഴുത്തില്‍ മുഴുവന്‍ സമയം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൊയ്‌ലോ തീരുമാനമെടുത്തു. ആ വര്‍ഷം തന്നെ 'പില്‍ഗ്രിമേജ്' എന്ന പുസ്തകമെഴുതി. 1988ലാണ് 'ആല്‍ക്കെമിസ്റ്റി'ന്റെ പിറവി. നിധി തേടി യാത്ര പുറപ്പെടുന്ന സാന്റിയാഗോ എന്ന ഇടയച്ചെറുക്കന്റെ കഥയാണ് പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതപ്പെട്ട ആ നോവല്‍ പറഞ്ഞത്. സ്വന്തം ജീവിതം മാറ്റിമറിക്കാന്‍ ഒരാള്‍ സ്വയം വിചാരിച്ചാല്‍ മാത്രം മതിയെന്ന വലിയ സന്ദേശമായിരുന്നു 'ആല്‍ക്കെമിസ്റ്റ്' പറഞ്ഞുവച്ചത്. ബ്രസീലിലെ ഒരു ചെറുകിട പ്രസാധകസ്ഥാപനം പ്രസിദ്ധീകരിച്ച പുസ്തകം ആകെ 900 കോപ്പികളേ അച്ചടിച്ചുള്ളു. അതുതന്നെ വിറ്റുപോകുന്നില്ലെന്നു കണ്ടതോടെ രണ്ടാം പതിപ്പിനുള്ള സാധ്യതകളും മങ്ങി. നിരാശനാകാതെ 'ബ്രിദ' എന്ന പേരിലുള്ള അടുത്ത നോവലിന്റെ പണി തുടങ്ങി കൊയ്‌ലോ. 

ഇതിനിടയില്‍ ആരൊക്കെയോ 'ആല്‍ക്കെമിസ്റ്റ്' വായിക്കുന്നുണ്ടായിരുന്നു. വായിച്ചവര്‍ പറയുന്ന നല്ല വാക്കുകള്‍ കേട്ടു മറ്റുള്ളവരും ആ പുസ്തകം തിരഞ്ഞുപിടിച്ചു. രാജ്യങ്ങളുടെ അതിര്‍ത്തി ഭേദിച്ച്, ഭാഷകളുടെ വ്യത്യാസം മറികടന്ന് ലോകം മുഴുവന്‍ 'ആല്‍ക്കെമിസ്റ്റി'നെ വായിക്കാന്‍ തുടങ്ങിയത് വളരെപ്പെട്ടെന്നായിരുന്നു. പുസ്തകത്തിന്റെ ആറര കോടി  കോപ്പികള്‍ ഇതുവരെയായി വിറ്റഴിഞ്ഞിട്ടുണ്ട്. ലോകചരിത്രത്തില്‍ ഇത്രയികം വിറ്റഴിഞ്ഞ മറ്റൊരു പുസ്തകമില്ല. മലയാളമടക്കമുള്ള എഴുപത്തൊന്ന് ഭാഷകളിലേക്ക് പുസ്തകം മൊഴിമാറ്റം ചെയ്യപ്പെട്ടു. രചയിതാവ് ജീവിച്ചിരിക്കുമ്പോള്‍ ഏറ്റവുമധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകം എന്ന ഗിന്നസ് ബുക്ക് റെക്കോഡും ആല്‍ക്കെമിസ്റ്റ് നേടി.

ആല്‍ക്കെമിസ്റ്റിനുശേഷം രണ്ടു വര്‍ഷത്തിലൊരിക്കല്‍ കൊയ്‌ലോ നോവലുകള്‍ എഴുതിക്കൊണ്ടേയിരുന്നു.'ബൈ ദി റിവര്‍ പിയദ്ര ഐ സാറ്റ് ഡൗണ്‍ ആന്‍ഡ് വെപ്റ്റ്്', 'ദി ഫിഫ്ത്ത് മൗണ്ടന്‍', 'വെറോണിക്ക ഡിസൈഡ്‌സ് ടു ഡൈ', 'ഇലവന്‍ മിനുട്ട്‌സ്'... എഴുതുന്ന നോവലുകളെല്ലാം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചതോടെ പൗലോ കൊയ്‌ലോയ്ക്ക് താരപരിവേഷം കൈവന്നു.

പൗലോ കൊയ്‌ലോയുടെ മുപ്പത് പുസ്തകങ്ങള്‍ ഇതുവരെയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ 'ദി പില്‍ഗ്രിമേജ്', 'ദി വാല്‍കൈറീസ്', 'അലിഫ്' എന്നി ആത്മകഥാപരമായ രചനകളാണ്. ബാക്കിയുള്ളവയില്‍ ഭൂരിഭാഗവും സ്വന്തം ജീവിതാനുഭവങ്ങളില്‍ അധിഷ്ഠിതമായ നോവലുകള്‍. 'മക്തൂബ്', 'ദി മാന്വല്‍ ഓഫ് ദി വാരിയര്‍ ഓഫ് ലൈറ്റ്' എന്നിവ പല കാലങ്ങളിലായി കൊയ്‌ലോ എഴുതിയ ലേഖനങ്ങളുടെ സമാഹരങ്ങളാണ്. 150 രാജ്യങ്ങളിലായി കൊയ്‌ലോയുടെ പുസ്തകങ്ങളുടെ പത്തു കോടി കോപ്പികളെങ്കിലും വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതിന്റെ രണ്ടിരട്ടിയോളം വരും പുസ്തകങ്ങളുടെ വ്യാജപകര്‍പ്പുകളുടെ വില്‍പന. 

ലോകത്തെ ഏതു പുസ്തകത്തെരുവില്‍ ചെന്നാലും പൗലോകൊയ്‌ലോ നോവലുകളുടെ വ്യാജപകര്‍പ്പുകള്‍ യഥേഷ്ടം ലഭിക്കും. പൗലോ കൊയ്‌ലോ തന്നെ വ്യാജപകര്‍പ്പുകളെ പ്രോത്സാഹിപ്പിക്കാറുണ്ട് എന്നതാണ് രസകരമായ വസ്തുത. പുതിയ പുസ്തകങ്ങള്‍ ഇറങ്ങുമ്പോള്‍ അതിന്റെ 'പൈറേറ്റഡ് എഡിഷന്‍' വിപണിയിലെത്തുന്നത് ഒറിജിനലിന്റെ വില്‍പനയെ സഹായിക്കുമെന്ന് കൊയ്‌ലോ വാദിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് റഷ്യന്‍ ഭാഷയില്‍ തന്റെ നോവലുകള്‍ക്കുള്ള വന്‍സ്വീകാര്യതയാണ്. കൊയ്‌ലോയുടെ പുസ്തകങ്ങള്‍ റഷ്യയില്‍ ഇറങ്ങുന്നതിനുമുമ്പ് തന്നെ വ്യാജപകര്‍പ്പുകള്‍ റഷ്യന്‍സൈറ്റുകളില്‍ ലഭ്യമായിരുന്നു. ഒറിജിനല്‍ പുസ്തകം ഇറങ്ങിയപ്പോള്‍ ആരും വായിക്കാനുണ്ടായിരുന്നില്ല. ആദ്യമാസം മൂവായിരം കോപ്പികള്‍ മാത്രമേ അവിടെ വിറ്റുപോയുള്ളൂ. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ വില്‍പന കുത്തനെ കൂടി. ഒരു വര്‍ഷം കൊണ്ട് പത്തുലക്ഷം പുസ്തകങ്ങള്‍ റഷ്യയില്‍ ചെലവായി. ഇതിനുകാരണം 'പൈറേറ്റഡ് എഡിഷന്‍' സമ്മാനിച്ച സ്വീകാര്യതയാണെന്ന് കൊയ്‌ലോ പറയുന്നു. 

വ്യാജപകര്‍പ്പുകള്‍ യഥാര്‍ഥപുസ്തകത്തിനുളള പരസ്യമാണെന്നും പുസ്തകം നല്ലതാണെങ്കില്‍ ആളുകള്‍ ഒറിജിനല്‍ തന്നെ തേടിവരുമെന്നുമാണ് കൊയ്‌ലോയുടെ നിലപാട്. വ്യാജന്‍മാരെ പ്രോത്സാഹിപ്പിക്കുന്ന ഈ നയത്തെച്ചൊല്ലി പല വന്‍കിടപ്രസാധകരും പൗലോ കൊയ്‌ലൊയോടു കലഹിച്ചിട്ടുണ്ട്. സ്വന്തം പുസ്തകങ്ങളുടെ വ്യാജപകര്‍പ്പുകള്‍ 'പൈററ്റ്‌സ് ബേ' എന്ന സൈറ്റിലൂടെ സൗജന്യമായി വിതരണം ചെയ്തുകൊണ്ട് കൊയ്‌ലോ ഇവര്‍ക്ക് മറുപടി നല്‍കി. പല പുസ്തകങ്ങളും ഓണ്‍ലൈനിലൂടെ ആദ്യം പ്രകാശനം ചെയ്യാനും ധൈര്യം കാട്ടി.

03

നാലു തവണ വിവാഹിതനായിട്ടുണ്ട് പൗലോ കൊയ്‌ലോ. വിഖ്യാത ബ്രസീലിയന്‍ ചിത്രകാരി ക്രിസ്റ്റീന ഒയിറ്റീഷ്യയാണ് നിലവിലുള്ള ഭാര്യ. മുപ്പതുവര്‍ഷമായി ഇരുവരും ഒന്നിച്ചുകഴിയാന്‍ തുടങ്ങിയിട്ട്. അരാജകവാദിയായിരുന്ന തന്റെ എല്ലാ ഭ്രാന്തുകള്‍ക്കും കൂട്ടുനില്‍ക്കുകയും എഴുത്തിന്റെ വഴിയിലേക്ക് തിരിച്ചുവിടുകയും ചെയ്ത നല്ല കൂട്ടുകാരി എന്നാണ് കൊയ്‌ലോ ഭാര്യയെ വിശേഷിപ്പിക്കുന്നത്. വര്‍ഷത്തില്‍ ആറു മാസം വീതം സ്വിറ്റ്‌സര്‍ലന്‍ഡിലും ബ്രസീലിലുമായാണ് ഈ ദമ്പതികള്‍ ജീവിക്കുന്നത്. ഇപ്പോള്‍ റോമന്‍ കത്തോലിക്ക വിശ്വാസിയായ കൊയ്‌ലോ കുര്‍ബാനകള്‍ക്ക് മുടങ്ങാതെ പോകാറുണ്ടെന്ന് ഭാര്യ സാക്ഷ്യപ്പെടുത്തുന്നു. 1996ല്‍ ആരംഭിച്ച പൗലോ കൊയ്‌ലോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനവും ഇരുവരും കൂടിയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. ദാരിദ്ര്യത്തില്‍ കഴിയുന്ന വൃദ്ധര്‍ക്ക് സാമ്പത്തികസഹായവും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും ചെയ്തുകൊടുക്കുക എന്നതാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം. പുസ്തകങ്ങളില്‍ നിന്നുള്ള റോയല്‍റ്റി വരുമാനത്തിന്റെ നല്ലൊരു ഭാഗവും കൊയ്‌ലോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെ പ്രത്യേക താത്പര്യം പരിഗണിച്ച് പൗലോ കൊയ്‌ലോയ്ക്ക് 2007ലെ യു.എന്‍. മെസഞ്ചര്‍ ഓഫ് പീസ് ബഹുമതി നല്‍കി ഐക്യരാഷ്ട്രസഭ ആദരിച്ചിരുന്നു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ക്രിസ്റ്റല്‍ അവാര്‍ഡ്, ഫ്രഞ്ച് സര്‍ക്കാറിന്റെ 'നൈറ്റ് ഓഫ് ദി ലീജിയന്‍ ഓഫ് ഹോണര്‍' എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.

മൂല്യങ്ങള്‍ നിറഞ്ഞുനില്ക്കുന്നവയും ജീവിതത്തെ പുതിയ കാഴ്ചപ്പാടോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നവയുമാണ് പൗലോ കൊയ്‌ലോയുടെ കൃതികള്‍. ക്രിസ്തീയ മൂല്യബോധവും കാഴ്ചപ്പാടുകളുമൊക്കെ അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ചിട്ടുണ്ട്. ആധുനിക കാലത്ത് വിശ്വാസത്തെയും മൂല്യങ്ങളെയുമൊക്കെ തള്ളിപ്പറയുന്നതാണ് പേരെടുക്കാനുള്ള എളുപ്പമാര്‍ഗമെന്ന് പലരും ചിന്തിക്കുന്ന കാലത്താണ് അതിന് വിരുദ്ധമായൊരു വഴി അദ്ദേഹം സ്വീകരിക്കുന്നത്. ആത്മീയതയും തത്വജ്ഞാനവും കൊണ്ടു പൊതിഞ്ഞ 'സെല്‍ഫ് ഹെല്‍പ്' പുസ്തകങ്ങളാണ് പൗലോ കൊയ്‌ലോയുടെ നോവലുകളെന്ന് വിമര്‍ശിക്കുന്നവരുണ്ട്. ജീവിതവിജയത്തിനു സഹായിക്കുന്ന സെല്‍ഫ് ഹെല്‍പ് ശ്രേണിയിലുള്ള കൊയ്‌ലോയുടെ നോവലുകളെ സാഹിത്യസൃഷ്ടിയായി കണക്കാക്കരുതെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

''എഴുതുക എന്നതുമാത്രമാണ് എന്റെ ജോലി. അതു നല്ലതോ ചീത്തയോ എന്നു തീരുമാനിക്കേണ്ടത് വായനക്കാരുടെ ഇഷ്ടം. സാഹിത്യരചന ഒരു ഗര്‍ഭിണിയുടെ അവസ്ഥയുമായിട്ടാണ് ഞാന്‍ തുലനം ചെയ്യുന്നത്. ഒരു പുതിയ സൃഷ്്ടിക്കായി രണ്ടുപേരും കാത്തിരിക്കുന്നു. പ്രചോദനത്തിനുവേണ്ടി എനിക്ക് ജീവിതവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട്'' തന്റെ എഴുത്തിനെക്കുറിച്ച് പൗലോകൊയ്‌ലോ വിശദീകരിക്കുന്നതിങ്ങനെ. കൊയ്‌ലോയുടെ പുതിയ സൃഷ്ടിക്കായി ഗര്‍ഭസ്ഥ ശിശുവിനെ കാണാന്‍ കാത്തിരിക്കുന്ന പിതാവിന്റെ വികാരത്തോടെ ലോകം മുഴുവന്‍ വായനക്കാര്‍ കാത്തിരിക്കാനുള്ള കാരണവും ഈ വ്യത്യസ്ത സമീപനം തന്നെ.

02

ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം വായിക്കപ്പെടുകയും ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. ഗൂഗിളില്‍ കൂടുതല്‍ പേര്‍ തിരയുന്ന സാഹിത്യകാരന്‍ എന്ന ബഹുമതിയും കൊയ്‌ലോ സ്വന്തം. മുഴുവന്‍ സമയവും ഇന്റര്‍നെറ്റിന് അടിമയാണ് താനെന്ന് പൗലോ കൊയ്‌ലോ തന്നെ സമ്മതിച്ച കാര്യമാണ്. ട്വിറ്ററിലും മൈസ്‌പേസിലും ഫേസ്ബുക്കിലുമൊക്കെ സദാസജീവമായ കൊയ്‌ലോ ബ്ലോഗെഴുത്തിനും സമയം കണ്ടെത്തുന്നു. ഫേസ്ബുക്കിലെ പൗലോ കൊയ്‌ലോയുടെ പേജിന് അറുപതുലക്ഷം ആരാധകരുണ്ട്. 24 ലക്ഷം പേര്‍ കൊയ്‌ലോയെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്. പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ കഴിഞ്ഞാല്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള സെലിബ്രിറ്റിയായി കൊയ്‌ലോയെ ഫോര്‍ബ്‌സ് മാസിക തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആഴ്ചയില്‍ രണ്ടുതവണ വീതം അദ്ദേഹം ബ്ലോഗ് അപ്‌ഡേറ്റ് ചെയ്യാറുമുണ്ട്. പിറ്റേ ദിവസം ട്വിറ്ററിലും ഫേസ്ബുക്കിലും എന്തെഴുതണമെന്ന് ആലോചിച്ചുകൊണ്ടാണ് ഓരോ രാത്രിയും ഉറങ്ങാന്‍ കിടക്കാറെന്ന് കൊയ്‌ലോ പറയുന്നു.

എഴുത്ത് ആരംഭിക്കുന്നതിന് പൗലോ കൊയ്‌ലോയ്ക്ക് തന്റേതു മാത്രമായ ചില രീതികളുണ്ട്. ഒരു നോവല്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നീട് അനാദിയായ വിശ്രമകാലമാണ്. ഇതിനിടയില്‍ എപ്പോഴെങ്കിലും ഒരു വെളുത്ത തൂവല്‍ കാണുകയാണെങ്കില്‍ പിറ്റേ ദിവസം തൊട്ട് പുതിയ നോവലിന്റെ എഴുത്ത് തുടങ്ങും. ''ഇന്ന് ഞാനൊരു വെള്ളത്തൂവല്‍ കാണുകയാണെങ്കില്‍, പുതിയൊരു പുസ്തകം എഴുതണമെന്ന് ദൈവം എന്നോടാവശ്യപ്പെടുന്നതിന്റെ സൂചനയാണത്. അടുത്തദിവസം ഞാന്‍ എഴുത്തുമുറിയില്‍ പ്രവേശിക്കണമെന്ന ദൈവഹിതത്തിന്റെ തെളിവാണാ തൂവല്‍'' വിചിത്രമായ ഈ സ്വഭാവത്തെ പൗലോ കൊയ്‌ലോ ഇങ്ങനെ വിശദീകരിക്കുന്നു. ഒരു കടയുടെ ജനല്‍പ്പടിയില്‍ വെള്ളത്തൂവല്‍ കിടക്കുന്നതു കണ്ടതിന്റെ പിറ്റേദിവസമാണ് അദ്ദേഹം 'ദി പില്‍ഗ്രിമേജ്' എഴുതിത്തുടങ്ങിയത്. പിന്നീടിതുവരെ ഓരോ പുസ്തകത്തിന്റെ പിറവിക്കു പിന്നിലും ഒരു തൂവലിന്റെ പ്രത്യക്ഷപ്പെടലുണ്ട്. യാദൃശ്ചികമെന്ന് കരുതി ഉപേക്ഷിക്കുന്നതിനുപകരം ദൈവ ഇടപെടലെന്നു വിശ്വസിച്ച് ഓരോ തവണയും കൊയ്‌ലോ ആ തുവലിനെ നെഞ്ചോട് ചേര്‍ത്തു. ''എല്ലാ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ജനുവരി മാസമാകുമ്പോള്‍ എനിക്ക് ഒരു വെളുത്ത തൂവല്‍ കണി കാണണം. എന്നാല്‍ അല്ലാത്തപ്പോഴും വെളുത്ത തൂവല്‍ എന്റെ കണ്ണില്‍ പെടാറുണ്ട്. പക്ഷേ ജനവരി മാസത്തില്‍ കാണുന്ന കണിക്കാണ് പ്രത്യേകത കല്‍പിക്കാറുള്ളത്. കത്തുകളിലൂടെ വായനക്കാരില്‍ നിന്ന് ധാരാളം വെളുത്ത തൂവലുകള്‍ ഇപ്പോള്‍ എന്നെ തേടിവരാറുണ്ട്. പക്ഷേ കണി കാണാനുള്ളത് ഞാന്‍ സ്വയം കണ്ടെത്തുക തന്നെ വേണം. ഒരു നോവല്‍ എഴുതിക്കഴിഞ്ഞാല്‍ ഒരു വെളുത്ത തൂവലിനുവേണ്ടി ഞാന്‍ കാത്തിരിപ്പും തുടങ്ങും''കൊയ്‌ലോയുടെ വാക്കുകള്‍.

പൗലോ കൊയ്‌ലോയുടെ രചനകള്‍

1974 ദി മാനിഫെസ്റ്റ് ഓഫ് ക്രിഗ്ഹ
1974 തിയേറ്റര്‍ ഫോര്‍ എജ്യുക്കേഷന്‍
1982 ഹെല്‍ ആര്‍ക്കൈവ്‌സ്
1986 പ്രാക്ടിക്കല്‍ മാന്വല്‍ ഓഫ് വാംപയിറസം
1987 ദി പില്‍ഗ്രിമേജ്
1988 ദി ആല്‍ക്കെമിസ്റ്റ്
1990 ബ്രിദ
1991 ദി ഗ്രേറ്റസ്റ്റ് ഗിഫ്റ്റ്
1992 ദി വാല്‍കൈറീസ്
1992 മക്തൂബ്
1994 ബൈ ദി റിവര്‍ പിയദ്ര ഐ സാറ്റ്
ഡൗണ്‍ ആന്‍ഡ് വെപ്റ്റ്
1996 ദി ഫിഫ്ത്ത് മൗണ്ടന്‍
1996 ലൗ ലെറ്റേഴ്‌സ് ഫ്രം എ പ്രൊഫറ്റ്
1997 ദി മാന്വല്‍ ഓഫ് ദി വാരിയര്‍ ഓഫ് ലൈറ്റ്
1997 വെറോണിക്ക ഡിസൈഡ്‌സ് ടു ഡൈ
1998 എസന്‍ഷ്യല്‍ വേഡ്‌സ്
2000 ദി ഡെവിള്‍ ആന്‍ഡ് മിസ് പ്രിം
2001 ഫാദേഴ്‌സ്, സണ്‍സ് ആന്‍ഡ് ഗ്രാന്‍ഡ്‌സണ്‍സ്
2003 ഇലവന്‍ മിനുട്ട്‌സ്
2004 ആന്‍ഡ് ഓണ്‍ ദി സെവന്‍ത്ത് ഡേ
2004 ദി ജീനി ആന്‍ഡ് ദി റോസസ്
2004 ജേണീസ്
2005 ദി സാഹിര്‍
2005 റിവൈവ്ഡ് പാത്ത്‌സ്
2006 ലൈക്ക് ദി ഫ്‌ളോയിങ് റിവര്‍
2006 ദി വിച്ച് ഓഫ് പോര്‍ട്ടൊബെല്ലോ
2007 ലൈഫ്: സെലക്ടഡ് ക്വൊേട്ടഷന്‍സ്
2008 ദി വിന്നര്‍ സ്റ്റാന്‍ഡ്‌സ് എലോണ്‍
2010 അലിഫ്
2012 അക്രയിലെ മാനുസ്‌ക്രിപ്റ്റുകള്‍
2014 അഡല്‍റ്റ്‌റി