ടിഞ്ഞാറ് വിളക്കണയുമ്പോള്‍ കാവുകളില്‍ നാട്ടുവെളിച്ചത്തിന്റെ നെയ്ത്തിരി തെളിയും. അതിനുമുന്നില്‍ കണ്ണടച്ച് കൈകൂപ്പിനിന്ന് വിളിച്ചാല്‍ അനുഗ്രഹം ചൊരിയാന്‍ ദൈവരൂപമണിഞ്ഞ ആ പൂമ്പാറ്റകള്‍ പറന്നിറങ്ങിവരും. ചെമ്പകവും തെച്ചിയും പൂത്തുനില്‍ക്കും. ചൂട്ടുകറ്റകളുടെ ചുവന്ന വെളിച്ചം തെളിയും. ചെണ്ടപ്പുറത്ത് കോലുവീഴും. മണികള്‍ കിലുങ്ങും. അനുഗ്രഹത്തിന്റെയും കരുതലിന്റെയും മഞ്ഞള്‍പ്രസാദം തിരുനെറ്റിയിലും ഉള്ളംകൈയിലും പൂശി അവര്‍ മടങ്ങും. 

എടവപ്പാതി വരെ നീളുന്ന തെയ്യക്കാലത്തിന്റെ ചിലമ്പൊലിക്ക് കാതോര്‍ക്കാമിനി. തെയ്യക്കാവുകളില്‍ തെളിഞ്ഞുകത്തുന്ന തിരിയാണ് നാട്ടുജീവിതത്തിന് വെളിച്ചം നല്‍കുന്നത്. ആ തനിമയാണ് തെയ്യത്തിന്റെ ഭംഗിയും പവിത്രതയും. വെള്ളം ചേര്‍ക്കാത്ത വിശ്വാസമാണ് കാവുകളുടെ ജീവന്‍. ഉടുക്കുന്ന തുകിലിനും കുടിക്കുന്ന കഞ്ഞിക്കും ഊനംകൂടാതീട്ട് തക്കവണ്ണം കാത്തുപോന്നിട്ടുണ്ടല്ലോ ഈശ്വരന്‍. മഞ്ഞള്‍പ്രസാദം ഉള്ളംകൈയില്‍ വെച്ച് അനുഗ്രഹിക്കുന്ന തെയ്യങ്ങളുടെ മൊഴി. മറ്റെന്തിനെക്കാളും ഭക്തര്‍ കേള്‍ക്കാന്‍ കൊതിക്കുന്നതാണിത്.

വിളിപ്പുറത്തെത്തി അനുഗ്രഹം ചൊരിയുന്ന ദൈവമാണ് വിശ്വാസികള്‍ക്കിന്നും തെയ്യങ്ങള്‍. സങ്കടങ്ങളും വേദനകളും സന്തോഷങ്ങളും കണ്‍കണ്ട ദൈവത്തോടവര്‍ പങ്കുവെക്കുന്നു. കണ്ണീര്‍ കഴുകി കറകളഞ്ഞ മനസ്സുമായാണ് ഓരോ കാവില്‍ നിന്നും വിശ്വാസികള്‍ മടങ്ങുന്നത്. ഉള്ളംകൈയിലെ മഞ്ഞള്‍പ്പൊടിക്കൊപ്പം ഉള്ളില്‍ വീണ്ടും കാണാമെന്ന ഉറച്ച വിശ്വാസവും മുറുക്കിപ്പിടിച്ചൊരു കാവിറക്കം.

ചന്ദ്രഗിരിപ്പുഴയുടെയും കോരപ്പുഴയുടെയും ഇടയിലുള്ള പഴയ കോലത്തുനാട്ടിലെ ജനങ്ങള്‍ക്കിടയില്‍ കളിയാട്ടം പോലെ ഇഴുകിച്ചേര്‍ന്ന മറ്റൊരു ആരാധനോത്സവമില്ല. കോലത്തിരി രാജാവിന്റെ നിര്‍ദേശപ്രകാരം ഒറ്റരാത്രികൊണ്ട് ഒന്ന് കുറവ് നാല്പത് തെയ്യങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കിയ കരിവെള്ളൂര്‍ മണക്കാടന്‍ ഗുരിക്കളുടെ ഓര്‍മകള്‍ ഇനി കാവുകളില്‍ നിറഞ്ഞാടും. അരയുടുപ്പും ഓലക്കാതും തിരുമുടിയും ചേര്‍ന്ന അണിയലങ്ങള്‍ കാവുകളുടെ കുളിരിടങ്ങളില്‍ തിളങ്ങും. കൊടിയിലയും ദീപവും വാങ്ങി തെയ്യക്കാരന്‍ ദിക്ക് വന്ദിച്ച് തോറ്റംതുടങ്ങും. വരവിളിയും പൊലിച്ചുപാട്ടും ഉറച്ചിലും. അതുകഴിഞ്ഞ് കാവിനും നാടിനും ഐശ്വര്യം ചൊരിഞ്ഞുള്ള പൊലിപ്പാട്ട്. 

മനയോലയും ചായില്യവും അരിച്ചാന്തും കരിമഷിയും ചേര്‍ന്ന് ദൈവങ്ങളുടെ മുഖത്ത് ഭാവങ്ങള്‍ വരച്ചുവെക്കും. ചുവന്ന പട്ടുകെട്ടിയ കോലക്കാരന്റെ നെറ്റിയിലെ വെള്ളിത്തലപ്പാളിയില്‍ ഗുരുക്കള്‍ അനുഗ്രഹം ചൊരിയാനെത്തും. കാല്‍ച്ചിലമ്പിന്റെ ഉള്ളില്‍ കിലുങ്ങുന്നതെന്താണ്. അണിയറയിലെ അത്ഭുതങ്ങളിലേക്ക് എത്തിനോക്കാന്‍ കൊതിക്കുന്ന കുഞ്ഞുമനസ്സ് വീണ്ടും തുടിക്കുന്നു. കണ്ണാടിയില്‍ കാണുന്ന രൂപം ആത്മാവിലേക്ക് ആവാഹിച്ച് ദൈവം ഇതാ മുന്നില്‍. പിന്നെ കാവില്‍ ഞാനും ദൈവവും മാത്രം. കാവ് ദേവലോകം. കണ്ണിലും കാതിലും മറ്റൊന്നുമില്ല. കുളിരും വെയിലുമില്ല. നീലേശ്വരം കക്കാട്ട് കോവിലകത്ത് ഉമ്മച്ചി തെയ്യം ഇറങ്ങും. ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ക്കോട്ടയില്‍ മുക്രി പോക്കര്‍ എത്തും. കുമ്പള ആരിക്കാടിയില്‍ ആലിചാമുണ്ഡിയും മഞ്ചേശ്വരം ഉദ്യാവറിലെ ബപ്പിരിയന്‍ വരും. നീയും ഞാനും ഒന്നെന്ന് വിളിച്ചുപറഞ്ഞ് അനുഷ്ഠാനകലയില്‍ മതമൈത്രിയാടും. 

ഓരോ തെയ്യത്തിന്റെ പിറവിയിലും ഓരോ കഥയുണ്ട്. നാട് മനസ്സില്‍ താലോലിച്ചുറക്കുന്ന വീരകഥകള്‍. അതറിഞ്ഞു വേണം തെയ്യം കാണാന്‍. അല്ലെങ്കിലത് കഥയറിയാത്ത ആട്ടം കാണല്‍ മാത്രമാകും. എടവപ്പാതിവരെ ഇനി തെയ്യക്കഥകളുടെ കെട്ടഴിയുന്ന രാവുകളാണ്. കാലത്തിന്റെ മഹാപ്രളയം കടന്ന് ഇപ്പോഴും പൊട്ടന്‍ ഉറക്കെ ചോദിച്ചുകൊണ്ടിരിക്കുകയാണ്:

നിങ്കളെക്കൊത്ത്യാലും ചോരേല്ലേ ചൊവ്വറേ?
നാങ്കളെക്കൊത്ത്യാലും ചോരേല്ലേ ചൊവ്വറ്?
പിന്നന്തേ ചൊവ്വറ് കുലം പിശക്ന്ന്?
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്?
പെരിയോന്റെ കോയിക്കലെല്ലാരും എത്തുമ്പം
അവിടേക്ക് നീങ്കളും -
നാങ്കളുമൊപ്പമല്ലേ...?

'തെയ്യം കഥകള്‍' ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights : Theyyam,theyyam season, kathivanoor veeran, north malabar