ജീവിതത്തിനുനേരെ നോക്കി നിര്‍ഭയം ചിരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ടകവി കുഞ്ചന്‍നമ്പ്യാര്‍ക്ക് അരങ്ങില്‍ പുനര്‍ജന്മം. ചെന്നൈയില്‍ മദ്രാസ് കേരളസമാജം അങ്കണത്തില്‍ അഖിലമലയാളി മഹിളാ അസോസിയേഷന്റെയും ചെന്നൈ നാടകക്കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ നടന്ന കാവാലം നാരായണപ്പണിക്കര്‍ സ്മാരക നാടക പുരസ്‌കാര വിതരണച്ചടങ്ങിനോടനുബന്ധിച്ചാണ് 'കുഞ്ചന്‍നമ്പ്യാര്‍ : ഒരോര്‍മക്കുറിപ്പ്' അരങ്ങിലെത്തിയത്.

കാവാലം നാരായണപ്പണിക്കരുടെ രചനയെ അവലംബിച്ചാണ് നാടകം ആവിഷ്‌കരിച്ചതെന്ന് കുഞ്ചന്‍നമ്പ്യാരായി വേദിയിലെത്തിയ ഉദയകുമാര്‍ പറഞ്ഞു. കേരളംകണ്ട ഏറ്റവും പ്രഗത്ഭകവികളുടെ മുന്‍നിരയിലുള്ള കുഞ്ചന്‍ നമ്പ്യാരുടെ ജിവിതത്തിലെ സവിശേഷ മുഹൂര്‍ത്തങ്ങള്‍ കൊരുത്തെടുത്ത് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകാവിഷ്‌കാരത്തിന്റെ സംവിധാനം നിര്‍വഹിച്ചത് കെ. ജയരാജാണ്.
 
ഓട്ടന്‍തുള്ളല്‍ എന്ന കലാരൂപത്തിന് കുഞ്ചന്‍നമ്പ്യാര്‍ രൂപംനല്‍കുന്നതും തിരുവിതാംകൂര്‍ രാജകുടുംബവുമായുള്ള നമ്പ്യാരുടെ ബന്ധവും ഒരു പൂര്‍വപ്രണയത്തിന്റെ ഓര്‍മകളില്‍ നമ്പ്യാര്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നതും പേവിഷം ബാധിച്ച് ജീവിതത്തിന് തിരശ്ശീല വീഴുന്നതും അനന്യമായ കൈയടക്കത്തോടെ അവതരിപ്പിക്കാനായി എന്നതിലാണ് ജയരാജിന്റെയും ഉദയകുമാറിന്റെയും സംരംഭം വ്യത്യസ്തമാവുന്നത്. ശോഭ ബൈജു, മണികണ്ഠന്‍, അപര്‍ണ എന്നിവരും അരങ്ങിലെത്തി.