'സംഗീത ജ്ഞാനമു ഭക്തിവിനാ
സന്‍മാര്‍ഗമു ഗലദേ മനസാ'


ജൂണ്‍ 21- ലോകസംഗീതദിനം. 1976-ല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തില്‍ എവിടെയും ആര്‍ക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയല്‍ കോയന്റെ ഈ ആശയം അമേരിക്കയില്‍ യാഥാര്‍ത്ഥ്യമായില്ല. എന്നാല്‍ ആറുവര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാന്‍സില്‍ ഈ ആശയം നടപ്പാക്കി. അങ്ങനെ 1982 മുതല്‍ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങള്‍ അവരുടേതായ രീതിയില്‍ സംഗീതദിനം ആഘോഷിക്കുന്നു.

ഇന്ന് ലോകമെമ്പാടും സംഗീത പ്രേമികള്‍ സംഗീതദിനം കൊണ്ടാടുമ്പോള്‍ നമ്മളോര്‍ക്കേണ്ടത് ത്യാഗരാജസ്വാമികള്‍ 'ധന്യാസി'യില്‍ ചിട്ടപ്പെടുത്തിയ ഈ തെലുങ്കു കൃതിയാണ്. സംഗീതത്തെക്കുറിച്ചുള്ള അറിവ് പൂര്‍ണതയിലെത്തുന്നത് മനസ്സ് അതിനെ ഭക്തിയോടെ ആരാധിക്കുമ്പോഴാണ്. ഭക്തിയും സംഗീതവും ഒന്നിച്ചു ചേരുന്ന അനുഭൂതി. അത് നമ്മെ വേറൊരു ലോകത്തെത്തിക്കും- അവാച്യമായ ഒരു സംഗീതലോകത്ത്. അര്‍പണബോധത്തോടെ അര്‍ഥം ഉള്‍ക്കൊണ്ട് പാടുമ്പോഴാണ് സംഗീതം പൂര്‍ണമാകുന്നത്. ത്യാഗരാജ സംഗീതമായാലും ദീക്ഷിതര്‍ കൃതിയായാലും പോപ് സംഗീതമായാലും ഘരാനകളായാലും ഗസലുകളായാലും എന്തും മനസ്സിനെ ആനന്ദിപ്പിക്കുന്നവയാവണം.

സംഗീതത്തിന് ഭാഷയില്ല. മാനസികമായ എല്ലാ വേദനകളും വിഷമങ്ങളും അകറ്റാന്‍ സംഗീതത്തിനു കഴിയുന്നു. പിരിമുറുക്കങ്ങളെ അലിയിച്ച് മനസ്സിന് കുളിരേകാന്‍ സംഗീതം കാരണമാകുന്നു. ഒരു പുസ്തകം വായിക്കുമ്പോഴോ സിനിമ കാണുമ്പോഴോ ഉണ്ടാകുന്ന സുഖമല്ല, സംഗീതത്തിലൂടെ നമുക്ക് കിട്ടുന്നത്.

ഈ സുഖം പറഞ്ഞറിയിക്കാന്‍ പ്രയാസംതന്നെ. പാട്ടു പാടുന്ന ആളും ആസ്വദിക്കുന്നയാളും രണ്ടുതരം സുഖം അനുഭവിക്കുന്നു. ഒരു ജനതയുടെ സംസ്‌കാരത്തെ മെനെഞ്ഞടുക്കുന്നതില്‍ സംഗീതത്തിന് വലിയൊരു സ്ഥാനമുണ്ട്. സ്വാര്‍ഥ താത്പര്യങ്ങളാല്‍ സ്വയം വലയുന്ന മനുഷ്യന്‍ ഇന്ന് എന്തൊക്കെയോ ചെയ്തു കൂട്ടുന്നു.

സ്വന്തം നാശത്തിലേക്ക് നയിക്കുന്ന അവന്റെ ചെയ്തികളെ ഒരളവുവരെ നിയന്ത്രിക്കാന്‍ ഒരു പക്ഷേ, മ്യൂസിക് തെറാപ്പിപോലുള്ള ചികിത്സാ രീതികള്‍ക്ക് കഴിയും. രോഗങ്ങള്‍മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഇത് ഉപകാരമായിമാറുന്ന എത്രയോ അനുഭവങ്ങള്‍ നമുക്കിടയിലുണ്ട്. വഴിതെറ്റുന്ന മനുഷ്യരെ നേര്‍വഴിയിലേക്ക് കൊണ്ടുവരാനും ഏകാഗ്രതയിലൂടെ, നിര്‍മലഹൃദയമുള്ളവരാക്കി മാറ്റാനുമുള്ള സംഗീതത്തിന്റെ സിദ്ധികളെ നാം തിരിച്ചറിയണം.
ഉദാത്തമായ സംഗീതത്തിലൂടെ നാം ഈശ്വര ദര്‍ശനം നേടുന്നു. ഭക്തിസാന്ദ്രമായ ഒരു കൃതി അര്‍ഥമറിഞ്ഞു പാടുമ്പോള്‍ നാം ആ ശക്തിചൈതന്യം നേരിട്ടറിയുന്നു.

സംഗീതം ഏതു തരമാകട്ടെ, ഹിന്ദുസ്ഥാനി, കര്‍ണാടിക്, ഖവാലി, നാടന്‍ പാട്ടുകള്‍, സിനിമാപാട്ടുകള്‍... ഏതും. എന്നാല്‍ ഏതിനും ഒരു മറുവശവുമുണ്ട്. നല്ല സംഗീതമാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത്. അര്‍ഥവത്തായ വരികളും അതിനനുസരിച്ച ശുദ്ധമായ ഈണങ്ങളുമാവുമ്പോള്‍ നല്ല സംഗീതമുണ്ടാകുന്നു. ഉപകരണ സംഗീതങ്ങളിലും ഈ വേര്‍തിരിവ് നമുക്ക് കാണാം. നല്ല സംഗീതമാണ് മനസ്സിനും സുഖം തരിക. നാളെയുടെ പൂമൊട്ടുകളായ കുട്ടികള്‍ അറിയേണ്ടതും ഇതുതന്നെ. ഈ സംഗീത ദിനത്തില്‍ മനസ്സിന് സുഖമേകുന്ന സംഗീതത്തെ നമുക്ക് വരവേല്‍ക്കാം.