എണ്‍പതുകളുടെ തുടക്കം. ആലുവ പാലസിലെ രാത്രി. കഥയും ചര്‍ച്ചയുമായി ഭരതനും ജോണ്‍പോളും. അവിടെയെത്തിയ വിദ്യാധരന്‍ മാസ്റ്ററോട് ഭരതന്റെ അപേക്ഷ-'ഹിന്ദോളം' ഒന്നു മൂളണം. മാഷ് ഹിന്ദോളം പാടാന്‍ തുടങ്ങി. ഹിന്ദോളത്തിലെ കൃതികള്‍, ഗാനങ്ങള്‍ എന്നിവ മാറിമാറി പാടി. നേരം പുലര്‍ന്നു. അപ്പോഴും ഭരതന് ഹിന്ദോളം കേള്‍ക്കണം... തൃശ്ശൂരിലെ രാമനിലയം. സാക്ഷാല്‍ പവിത്രന്‍ ഒരു സിനിമാക്കഥ പറയാന്‍ തുടങ്ങുന്നു. തുടക്കമല്ലേ, അല്പം സമയം വേണമെന്ന് പവി. ഉടനെ വിദ്യാധരന്‍ മാഷോട് പവിത്രന്‍-'മാഷെ ആ കല്പാന്ത കാലമൊന്നു പാടൂ'. മാഷ് കല്പാന്തകാലം പാടാന്‍ തുടങ്ങി. പാട്ടു കഴിഞ്ഞപ്പോള്‍ പവിയുടെ കമന്റ്- ''ഹൗ, ആ മെലഡിയില്‍ എന്റെ കഥ പോയല്ലോ''! മധ്യമാവതിയായിരുന്നു പവിത്രന്റെ പ്രിയപ്പെട്ട രാഗം. സ്വയം പാടിയും മറ്റുള്ളവരെക്കൊണ്ട് പാടിച്ചും സംഗീതത്തിന്റെ അമ്പതുവര്‍ഷം. മെലഡിയും ഗ്രാമീണ ശാലീനതയും നാടോടി ഈണങ്ങളുടെ കുളിരും ചേര്‍ന്ന ഗാനങ്ങള്‍ വിദ്യാധരന്‍ മാസ്റ്ററുടെ ഹൃദയത്തില്‍ നിറച്ചത് സ്വന്തം ഗ്രാമത്തിന്റെ അനന്തസംഗീതമാണ്. ആറാട്ടുപുഴ എന്ന ഗ്രാമത്തിലെ പുഴയെപോലെ വിദ്യാധരന്‍ മാസ്റ്ററുടെ സംഗീതം മലയാളികളുടെ മനസ്സില്‍ നിറഞ്ഞൊഴുകി. പൂരം എന്ന വാക്കു പിറന്നത് ആറാട്ടുപുഴയിലാണ്.ദേവീദേവന്മാരുടെ സംഗമഭൂമിയായ ആറാട്ടുപുഴയില്‍ താളവും ഈണവും വിളഞ്ഞ മണ്ണുണ്ട്. ആ മേളങ്ങളും ഞാറ്റുപാട്ടിന്റെ ഈണങ്ങളും, തപ്പും തുടിയും, പുള്ളുവന്‍ പാട്ടും തുയിലുണര്‍ത്തുപാട്ടും ചെറുപ്പം മുതലേ ഹൃദയത്തില്‍ കയറിവന്നു. ആദ്യ ഗുരുനാഥന്‍ കൊച്ചക്കനാശാന്‍ ഹാര്‍മോണിയവുമായി വീടുകള്‍തോറും കയറിയിറങ്ങി പാട്ടു പഠിപ്പിക്കുന്ന കാലം. ഈ ഗുരു മാസ്റ്ററുടെ മുത്തച്ഛന്‍ കൂടിയാണ്. അവിടെനിന്ന് ഇരിങ്ങാലക്കുട ഗോവിന്ദന്‍കുട്ടി പണിക്കരും, തൃശ്ശൂരിന്റെ സംഗീതഗുരു ആര്‍. വൈദ്യനാഥ ഭാഗവതരും, ശങ്കരനാരായണ ഭാഗവതരും ആ കുട്ടിയെ ക്ലാസിക്കല്‍ സംഗീതത്തിന്റെ ലോകത്തേക്ക് കൊണ്ടുപോയി. ''എത്ര മുങ്ങിയാലും മുത്തുച്ചിപ്പി കിട്ടുന്ന മഹാസമുദ്രം'' അതാണ് മാസ്റ്ററുടെ ഭാഷയില്‍ കര്‍ണാടകസംഗീതം. പിന്നീട് സിനിമയില്‍ പാടാന്‍ വേണ്ടി മദ്രാസിലേക്ക് ബന്ധുവായ ഗായകന്‍ തൃശ്ശൂര്‍ വേണുഗോപാലിനോടൊപ്പം വീട്ടില്‍നിന്ന് ഒളിച്ചോടി. ചെന്നുനിന്നത് ജി. ദേവരാജന്റെ മുമ്പില്‍. 'ഓടയില്‍ നിന്ന്' എന്ന സിനിമയ്ക്കുവേണ്ടി ഓ റിക്ഷാവാലാ... എന്ന പാട്ടിന് കോറസ് പാടി. ഇരുപത്തിയഞ്ചു രൂപ കിട്ടി. തുടര്‍ന്ന് 'മാനസഗുരു'വിന്റെ വക ഉപദേശം- ''നാട്ടില്‍ തിരിച്ചുപോയി പഠനം തുടരണം''. വീണ്ടും വൈദ്യനാഥ ഭാഗവതരുടെ സന്നിധിയിലേക്ക്. പഠനത്തോടൊപ്പം നാടകഗാനങ്ങള്‍ പാടാനും തുടങ്ങി. പത്തുമുന്നൂറു ഗാനങ്ങള്‍ പാടി. അറിയപ്പെടുന്ന ഗായകനായി. ഒപ്പം എം.കെ. അര്‍ജുനന്‍ മാസ്റ്ററെ കണ്ടുമുട്ടി. മാസ്റ്ററോടൊപ്പം ഒരുപാട് നാളുകള്‍ പിന്നിട്ടു. ഹാര്‍മോണിയപ്പെട്ടി തലയില്‍ ചുമന്ന് ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്ത കാലം. തലയിലെ മുടി മുഴുവന്‍ പോയി. ഒപ്പം തബലക്കാരനായ മാള അരവിന്ദനും കൂടെ കൂടി. 1976ല്‍ ശ്രീമൂലനഗരം വിജയന്‍ 'എന്റെ ഗ്രാമം' എന്ന സിനിമ എടുത്തപ്പോള്‍ സംഗീതം വിദ്യാധരന്‍ മാസ്റ്ററായിരുന്നു. നാലു പാട്ടുകള്‍ ട്യൂണ്‍ ചെയ്തു. നാലും ഹിറ്റുകള്‍. അതില്‍ 'കല്പാന്ത കാലത്തോളം' എന്ന ഗാനം വിദ്യാധരസംഗീതത്തിലെ ചുവന്നുതുടുത്ത നക്ഷത്രപ്പൊട്ടായി. ഇന്നും ആ ഗാനം റിങ് ടോണുകളില്‍ പോലും നിറഞ്ഞുനില്‍ക്കുന്നു. യാദൃച്ഛികമായാണ് ആ പാട്ടു പിറന്നത്. മധ്യമാവതിയുടെ സാധ്യത പരിശോധിച്ചപ്പോഴാണ് പാട്ടിന്റെ ആത്മാവ് കണ്ടെത്തിയത്. അമ്പിളി സംവിധാനം ചെയ്ത 'വീണപൂവി'ലെ 'നഷ്ടസ്വര്‍ഗങ്ങളെ...' എന്ന ശ്രീകുമാരന്‍തമ്പിയുടെ ഗാനം പിറന്നത് തീവണ്ടിയിലാണ്. തിരുവനന്തപുരത്തേക്ക് പോകുന്ന യാത്രയില്‍, ഗാനത്തിന്റെ ഭാവം ഏതെന്നു കൃത്യമായി മനസില്‍ പിറന്നു. എ.കെ. ലോഹിതദാസ് ആദ്യ തിരക്കഥയെഴുതിയ 'കാണാന്‍ കൊതിച്ച്' എന്ന സിനിമയ്ക്കുവേണ്ടി തൃശ്ശൂര്‍ ബിനി ടൂറിസ്റ്റ്‌ഹോമിലാണ് കമ്പോസ് ചെയ്യാനിരുന്നത്. ലോഹിയും ഗാനരചന നടത്തിയ പി. ഭാസ്‌കരന്‍ മാസ്റ്ററും ശോഭന പരമേശ്വരന്‍ നായരും സംവിധായകന്‍ സുകുവുമുണ്ട്. ഭാസ്‌കരന്‍ മാഷ് പാട്ടു കൊടുത്തപ്പോള്‍ ആദ്യം ഒന്നു മൂളിനോക്കി. പിന്നെ ഹാര്‍മോണിയത്തില്‍ ശ്രുതിയിട്ടു. പല്ലവി ഒറ്റ ശ്വാസത്തില്‍ പാടി- 'സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം, ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം'. പരമു അണ്ണന്‍ ഉടനെ പറഞ്ഞു, 'വിദ്യാധാരാ...ഇതുമതി'. ആര്‍. സുകുമാരന്‍ നായരുടെ 'പാദമുദ്ര'യിലെ 'അമ്പലമില്ലാത്ത...' എന്ന പാട്ട് കമ്പോസ് ചെയ്തപ്പോള്‍ ഓച്ചിറ പരബ്രഹ്മമൂര്‍ത്തിയെക്കുറിച്ചുള്ള ഗ്രാമീണസങ്കല്പം മനസില്‍ കയറിവന്നു. ആ പാട്ടിന് ഭജനയുടെ ഹൃദയം നല്‍കി. കവിതയ്ക്കും ശ്ലോകങ്ങള്‍ക്കും പ്രത്യേകമായ ഭാവാവിഷ്‌ക്കാരം നടത്താനാണ് വിദ്യാധരന്‍ മാസ്റ്റര്‍ ശ്രമിക്കുക. എം.ജി. ശശിയുടെ 'അടയാളങ്ങള്‍'ക്ക് ഇടപ്പിള്ളിയുടെ 'മണിനാദത്തിലെ' വരികള്‍ ഉപയോഗിച്ചപ്പോള്‍, മരണത്തിന്റെ ശൈത്യവും കവിതയുടെ താളവും ചോര്‍ന്നുപോകാത്തവിധം സംഗീതത്തെ ഒതുക്കിനിര്‍ത്തി. ഭഗവദ്ഗീതാ ശ്ലോകങ്ങള്‍ക്കും ശ്രീനാരായണഗുരുവിന്റെയും ആശാന്റെയും കവിതകള്‍ക്കും ഇതേ ട്രീറ്റ്‌മെന്റ് തന്നെയാണ് നല്‍കിയത്. മലയാളത്തിലെ എല്ലാ ഗായകരും മാസ്റ്റര്‍ക്കുവേണ്ടി പാടിയിട്ടുണ്ട്. എല്ലാ കവികളും മാസ്റ്റര്‍ക്കുവേണ്ടി എഴുതി. ദക്ഷിണാമൂര്‍ത്തി സ്വാമിയെക്കൊണ്ടും ബാലമുരളീകൃഷ്ണയെക്കൊണ്ടും പാടിച്ചു. കവികളില്‍ മുല്ലനേഴിയുമായി ഒരാത്മബന്ധം തന്നെയുണ്ടായിരുന്നു. അതില്‍നിന്നു വിരിഞ്ഞ ഗാനങ്ങളും ഗ്രാമീണഗാനങ്ങളും മാത്രം മുന്നൂറിലേറെവരും. പഞ്ചാരിമേളം, പാണ്ടിമേളം, കൊയ്ത്തുപാട്ടുകള്‍, വള്ളംകളിപ്പാട്ടുകള്‍, ചക്രംചവിട്ടുപാട്ടുകള്‍, തേക്കുപാട്ടുകള്‍, പുള്ളുവന്‍പാട്ടുകള്‍, തുയിലുണര്‍ത്തുപാട്ടുകള്‍ എന്നിവയുടെ വശ്യമായ ഈണം പാട്ടിലേയ്ക്കും കൊണ്ടുവന്നു. 'വീണപൂവി'ലെ ഗണപതിയും ശിവനും എന്ന പുള്ളുവന്‍ പാട്ടില്‍ യേശുദാസിന്റെ അനുനാസികം കൂടിയ ശബ്ദമാണ് ഉപയോഗിച്ചത്. ടി.വി. ചന്ദ്രന്റെ 'കഥാവശേഷനി'ല്‍ പി. ജയചന്ദ്രനുമായി ചേര്‍ന്ന് കണ്ണുനട്ടു കാത്തിരുന്നിട്ടും... എന്ന ഗാനം ആലപിച്ചപ്പോള്‍ ഗ്രാമീണതയുടെ ആത്മഭാവം കൊണ്ടുവരാന്‍ ശ്രമിച്ചു. മലയാള ചലച്ചിത്രഗാനശാഖയില്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഒരു തുടര്‍ച്ചയാണ്. ദേവരാജനും ബാബുരാജും രാഘവന്‍ മാഷും ദക്ഷിണാമൂര്‍ത്തിയും അര്‍ജുനന്‍ മാസ്റ്ററും അവതരിപ്പിച്ച സംഗീതത്തിന്റെ തുടര്‍ച്ച. അവരെക്കുറിച്ചു പറയുമ്പോള്‍ വിദ്യാധരന്‍ മാസ്റ്റര്‍ അറിയാതെ വാചാലനാകും. ദേവരാജസംഗീതത്തില്‍ ലാളിത്യവും മെലഡിയും കഥാസന്ദര്‍ഭവും എന്തിന് കാലാവസ്ഥയും ഭൂപ്രകൃതിയുമൊക്കെയുണ്ടാകും. എന്നാല്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടേത് രാഗപദ്ധതിയിലുറച്ച ഗാനങ്ങളാണ്. സ്വാമിയുടെ 'പൊന്‍വെയില്‍ മണിക്കച്ച'യാണ് വിദ്യാധരന്‍ മാസ്റ്റര്‍ക്ക് കൂടുതല്‍ പ്രിയം. ഹിന്ദുസ്ഥാനിയുടെ മെലഡിയാണ് ബാബുരാജിന്റെ സംഗീതം. അതിനൊരു ആഴമുണ്ട്. രാഘവന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ കേരളീയതയില്‍ നീന്തിത്തുടിക്കുന്നു. നാടകത്തില്‍ നിന്നും സിനിമയില്‍ വന്നപ്പോള്‍ അര്‍ജുനന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ക്ക് കൂടുതല്‍ മിഴിവുവന്നു. ചിദംബരനാഥിന്റെ ഗാനങ്ങളും മാസ്റ്റര്‍ക്ക് പ്രിയംകരമാണ്. ഗാനങ്ങളില്‍ നിന്ന് മെലഡി നഷ്ടപ്പെടുന്നതിന്റെ ദുഃഖം മാസ്റ്റര്‍ക്കുണ്ട്. അതൊരു താല്‍ക്കാലിക പ്രതിഭാസമാണെന്നു തോന്നുന്നുണ്ട്. സംഗീതത്തിന്റെ ചാക്രികഗമനത്തിനിടയില്‍, പതിന്മടങ്ങു ശക്തിയോടെ, ഒരു തിരയടിക്കുന്നതുപോലെ മെലഡിയും തിരിച്ചുവരും-വിദ്യാധരന്‍ എന്ന സംഗീതജ്ഞന്‍ പ്രവചിക്കുന്നു. വിദ്യാധരന്‍ മാസ്റ്ററെ ആദരിക്കുന്ന 'കല്പാന്തകാലത്തോളം' മാര്‍ച്ച് രണ്ട് ശനിയാഴ്ച തൃശ്ശൂര്‍ സംഗീതനാടക അക്കാദമി മുരളി ഓപ്പണ്‍ തിയ്യറ്ററില്‍ വൈകീട്ട് 5ന് നടക്കും. സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍, യൂസഫലി കേച്ചേരി, സൂര്യ കൃഷ്ണമൂര്‍ത്തി, എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍, മേയര്‍ ഐ.പി. പോള്‍, കലാമണ്ഡലം ക്ഷേമാവതി, മാടമ്പ്, കെ.പി.എ.സി. ലളിത, ജോണ്‍ പോള്‍, ജയരാജ്, വി.കെ. ശ്രീരാമന്‍, പ്രിയനന്ദനന്‍ എന്നിവര്‍ ഭരതന്‍ സ്മൃതിവേദിയുടെ സംഗീതസന്ധ്യയില്‍ പങ്കെടുക്കുന്നു. വിദ്യാധരസംഗീതത്തിന്റെ ടോപ്പ് 10 1. കല്പാന്തകാലത്തോളം (എന്റെ ഗ്രാമം) ശ്രീമൂലനഗരം വിജയന്‍-യേശുദാസ് 2. നഷ്ടസ്വര്‍ഗങ്ങളെ (വീണപൂവ്വ്) ശ്രീകുമാരന്‍തമ്പി-യേശുദാസ് 3. ചന്ദനം മണക്കുന്ന (അച്ചുവേട്ടന്റെ വീട്) എസ്. രമേശന്‍ നായര്‍- യേശുദാസ് 4. പാടുവാനായ് വന്നു നിന്റെ (എഴുതാപ്പുറങ്ങള്‍) ഒ.എന്‍.വി.-യേശുദാസ് 5. അമ്പലമില്ലാതെ (പാദമുദ്ര) കുടപ്പനക്കുന്ന് ഹരി-യേശുദാസ് 6. സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം (കാണാന്‍ കൊതിച്ച്) പി. ഭാസ്‌കരന്‍-യേശുദാസ് 7. താലോലം പൈതല്‍ താലോലം (എഴുതാപ്പുറങ്ങള്‍) ഒ.എന്‍.വി.- കെ.എസ്. ചിത്ര 8. പുഞ്ചവയല്‍ ചിറയുറയ്ക്കണ തോറ്റംപാട്ട് (ഗ്രാമീണഗാനങ്ങള്‍) മുല്ലനേഴി-യേശുദാസ് 9. നിലാവേ വാ (എല്ലാം സ്വാമിക്കായ്) എസ്. രമേശന്‍ നായര്‍-യേശുദാസ് 10. അമാവാസി നാളില്‍ -യൂസഫലി കേച്ചേരി-യേശുദാസ്