നിരത്തുകളില്‍ പതിവായി നേര്‍രേഖയില്‍ അടയാളപ്പെടുത്താറുള്ള വരകള്‍ അടുത്തിടെ ചില റോഡുകളില്‍ വളഞ്ഞുപുളഞ്ഞ രീതിയിലേക്ക് മാറിയപ്പോള്‍ അതുകണ്ട പലര്‍ക്കും സംഭവം എന്താണെന്ന് പിടികിട്ടിയിരുന്നില്ല. സോഷ്യല്‍ മീഡികളില്‍ ഇത്തരം വളഞ്ഞുപുളഞ്ഞ (സിഗ് സാഗ്) ലൈനുകളുടെ ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഒടുവില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരവുമായി എന്തിനാണ് നിരത്തുകളിലെ ഈ സിഗ് സാഗ് ലൈനുകളെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ് കേരള പോലീസ്.

സിഗ് സാഗ് ലൈനുകളിട്ട റോഡുകളില്‍ ഡ്രൈവര്‍മാര്‍ ഒരുകാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ, നിര്‍ത്തുവാനോ, ഓവര്‍ടേക്ക് ചെയ്യാനോ പാടില്ല. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരം വരകള്‍ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്‌കൂളുകളുടെ മുന്നിലുമാണ് ഇത്തരം വരകള്‍ അടയാളപ്പെടുത്തുന്നത്. ഇന്ത്യന്‍ റേഡ് കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകള്‍ വരച്ചിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് വ്യക്തമാക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിരത്തുകളിലെ സിഗ് സാഗ് ലൈനുകള്‍ എന്തിനാണ്?
അടുത്തിടെ കേരളത്തിലെ ചില റോഡുകളില്‍ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചു പലരും സംശയം ചോദിച്ചിരുന്നു.

റോഡുകളില്‍ അടയാളപ്പെടുത്തുന്ന വരകള്‍ വളഞ്ഞുപുളഞ്ഞ രീതിയില്‍ (സിഗ് സാഗ് ലൈനുകള്‍) കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവര്‍മാര്‍ ഒരുകാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ നിര്‍ത്തുവാനോ, ഓവര്‍ടേക്ക് ചെയ്യാനോ പാടില്ല. കാല്‍നടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകള്‍ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്‌കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകള്‍ അടയാളപ്പെടുത്തുന്നത്. ഇവിടെ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറില്‍ 30 കിലോമീറ്ററാണ്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകള്‍ വരയ്ക്കുന്നത്. 

Content Highlights; zig zag lines, kerala police