കരിപ്പൂര്‍ വിമാനദുരന്തത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേട്ട വാക്കുകളിലൊന്നാണ് ഹൈഡ്രോ പ്ലെയിനിങ് അല്ലെങ്കില്‍ അക്വാ പ്ലെയിനിങ് എന്നത്. ഇതേ പ്രതിഭാസം നമ്മുടെ നിരത്തുകളിലും നടക്കാറുണ്ട്. മഴക്കാലത്ത് നിരത്തുകളില്‍ അപകടമുണ്ടാക്കുന്ന പ്രതിഭാസമാണ് അക്വാ പ്ലെയിനിങ് അഥവാ, ജലപാളി പ്രവര്‍ത്തനം. ഇത് എന്താണെന്ന് അറിയാം.
എന്താണ് ഹൈഡ്രോ പ്ലേനിങ്ങ്
വെള്ളം കെട്ടി നില്‍ക്കുന്ന റോഡിലൂടെ അമിത വേഗതത്തില്‍ പോകുമ്പോള്‍ ടയറിന്റെയും റോഡിന്റെയും ഇടയില്‍ ജലപാളി രൂപപ്പെടുകയും, ഇതേതുടര്‍ന്ന് ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്യുന്ന അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോ പ്ലെയിനിങ് അല്ലെങ്കില്‍ അക്വാ പ്ലെയിനിങ്. ഇത് എങ്ങനെ ഉണ്ടാകുന്നു എന്ന് നോക്കാം.
വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പും ബ്രേക്കിങ്ങും നിയന്ത്രണമെല്ലാം യന്ത്രത്തിന്റെ പ്രവര്‍ത്തനം മൂലമാണെങ്കിലും വാഹനത്തിന് ചലനമേകുന്നത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണത്തിന്റെ ഫലമായാണ്. വെള്ളം കെട്ടി നില്‍ക്കുന്ന റോഡില്‍ വേഗത്തില്‍ വാഹനമോടിക്കുമ്പോള്‍ ടയറിന്റെ പമ്പിങ്ങ് ആക്ഷന്‍ മൂലം ടയറിലെ താഴ്ഭാഗത്തായി ഒരു പാളി രൂപപ്പെടും.
സാധാരണ ഗതിയില്‍ റോഡിലെ ജലം ടയറിലെ ത്രെഡുകളില്‍ നല്‍കിയിട്ടുള്ള ചാലുകളിലൂടെ പമ്പുചെയ്ത് കളഞ്ഞ് ടയറും റോഡും തമ്മിലുള്ള കോണ്ടാക്ട് നിലനിര്‍ത്തും. എന്നാല്‍, ടയറിന്റെ വേഗത കൂടുമ്പോള്‍ പമ്പുചെയ്യുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ഈ വെള്ളം ടയറിന്റെയും റോഡിന്റെയും ഇടയില്‍ നില്‍ക്കുകയും ചെയ്യും ഇതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും.
റോഡും ടയറുമായുള്ള സമ്പര്‍ക്കം വേര്‍പെടുന്നതോട് കൂടെ ബ്രേക്കിങ്ങിന്റെയും ആക്‌സിലറേറ്ററിന്റെയും സ്റ്റിയറിങ്ങിന്റെയും പ്രവര്‍ത്തനം നിയന്ത്രണാതീതമാകുകയും, വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്യുന്നതിലൂടെയാണ് വാഹനം തെന്നി മറിയാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തലുകള്‍.
വാഹനത്തിന്റെ വേഗത വര്‍ധിക്കുന്നത് ഹൈഡ്രോ പ്ലെയിനിങ്ങിന്റെ സാധ്യതയും ഉയര്‍ത്തിയേക്കും. ടയറിന്റെ തേയ്മാനം മൂലം സ്പില്‍വേയുടെ കട്ടി കുറയുന്നതോടെ പമ്പിങ്ങ് കപ്പാസിറ്റിയും കുറയും. ഇത് ഹൈഡ്രോ പ്ലെയിനിങ്ങിന് കാരണമായേക്കും. ത്രെഡിന്റെ ഡിസൈനും, വാഹനത്തിന്റെ തൂക്കം കൂടുന്നതുമനുസരിച്ച് ഹൈഡ്രോ പ്ലെയിനിങ്ങില്‍ മാറ്റങ്ങള്‍ സംഭവിക്കാം.
ഹൈഡ്രോ പ്ലെയിനിങ്ങിന്റെ കാരണങ്ങള്‍
- വേഗത- വാഹനത്തിന്റെ വേഗതയാണ് ഏറ്റവും പ്രധാന കാരണം.
ത്രെഡ് ഡിസൈന്‍- ചില ത്രെഡ് ഡിസൈന്‍ ഹൈഡ്രോ പ്ലെയിനിങിന് കാരണമാകും. - ടയര്‍ സൈസ്- സര്‍ഫസ് ഏരിയ കൂടുന്നത് ഹൈഡ്രോ പ്ലേനിംഗ് കുറക്കും
- എയര്‍ പ്രഷര്‍- ഓവര്‍ ഇന്‍ഫ്‌ളേഷന്‍ അക്വാപ്ലേനിംഗിന് സാദ്ധ്യത കൂട്ടും.
- ജലപാളിയുടെ കനം
- വാഹനത്തിന്റെ ഭാരം - ഭാരം കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലെയിനിങ് കുറയും.
- റോഡ് പ്രതലത്തിന്റെ സ്വഭാവം- മിനുസവും ഓയിലിന്റെ സാന്നിധ്യവും പ്ലെയിനിങ് വര്‍ദ്ധിപ്പിക്കും..
നിയന്ത്രണം നഷ്ടമായാല്‍
ഹൈഡ്രോ പ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രം നഷ്ടപ്പെടുമെന്ന് തോന്നിയാല്‍ ആക്‌സിലറേറ്ററില്‍ നിന്ന് ആദ്യം കാല്‍ മാറ്റേണ്ടതാണ്. വെപ്രാളം മൂലം സഡന്‍ ബ്രേക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനൊപ്പം സ്റ്റിയറിങ്ങിന്റെ പ്രവര്‍ത്തനവും നിയന്ത്രണത്തിലാക്കണം.
ഹൈഡ്രോ പ്ലെയ്നിങ് തടയാന്‍
ഹൈഡ്രോ പ്ലെയിനിങ് തടയാന്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് വെള്ളം കെട്ടിനില്‍ക്കുന്ന റോഡിലൂടെ വേഗത നിയന്ത്രിച്ച് പോകുകയെന്നതാണ്. ഇതിനൊപ്പം, തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് ഒഴിവാക്കുകന്നതും ഹൈഡ്രോ പ്ലെയിനിങ്ങിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ശരിയായി ഇന്‍ഫ്‌ളേറ്റ് ചെയ്യുകയും നനഞ്ഞ റോഡുകളില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഒഴിവാക്കുകയും വേണം.
Content Highlights: What Is Hydro Planning Or Acqua Planning In vehicle