വാഹനത്തെ ഉരുട്ടിക്കൊണ്ടുപോകുന്ന വെറുമൊരു വട്ടമല്ല ടയര്‍. ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടുന്ന പലതും അതില്‍ ഒളിച്ചിരിക്കുന്നത്. ടയര്‍ ശ്രദ്ധിക്കാന്‍ ഒരു പഞ്ചശീലമുണ്ട്. ആദ്യം ടയറിനെ പഠിക്കാം. ടയറിനെ അറിയാം. വാഹനത്തിന്റെ ടയറുകളില്‍ ബ്രാന്‍ഡിന്റെ പേരും മോഡലിന്റെ പേരും മാത്രമല്ല ചരിത്രം മുഴുവനുണ്ട്. 

ടയറിന്റെ വ്യാസം, ഭാരവാഹശേഷി, എത്ര വേഗം വരെ പോകാം എന്നൊക്കെ കോഡായി സൂക്ഷിച്ചിട്ടുണ്ട്. ടയറിന്റെ വശങ്ങളില്‍ 195/55R16 87V എന്നൊരു കോഡ് കണ്ടിട്ടുണ്ടാകും. ഇതാണു ടയറിന്റെ ജീവിതകഥ. നിര്‍മിച്ച മാസവും വര്‍ഷവുവരെ അതിലുണ്ട്. ടയറുകള്‍ക്കു കമ്പനി ഒരു കാലയളവ് നിര്‍ണയിച്ചിട്ടുണ്ട് അതില്‍ക്കൂടുതല്‍ പഴക്കമുള്ള ടയറുകളാണെങ്കില്‍ പണികിട്ടിയേക്കാം.

സാധാരണ ടയര്‍ ഉണ്ടാക്കിയ ഡേറ്റ് മുതല്‍ അടുത്ത അഞ്ചുമുതല്‍ ആറുവര്‍ഷം വരെയാണ് ഒരു ടയര്‍ ഏറ്റവും ആരോഗ്യത്തോടെ ഇരിക്കുന്ന കാലം. എല്ലാ ടയറിലും നിര്‍മാണ മാസം രേഖപ്പെടുത്തിയിട്ടുണ്ടാകും. അതില്‍ രേഖപ്പെടുത്തിയ നാലക്കസംഖ്യയില്‍ രണ്ടക്കങ്ങള്‍ ടയര്‍ ഉണ്ടാക്കിയ ആഴ്ചയേയും അവസാന രണ്ടക്കങ്ങള്‍ ടയര്‍ ഉണ്ടാക്കിയ വര്‍ഷത്തെയും സൂചിപ്പിക്കുന്നു. 1518 എന്നു രേഖപ്പെടുത്തിയാല്‍ 2018-ലെ പതിനഞ്ചാം ആഴ്ച നിര്‍മിച്ചതാണെന്നും മനസ്സിലാക്കാം.

പഞ്ചശീലം

ടയറുകളുടെ കാര്യത്തില്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ സുരക്ഷയെ അതു വര്‍ധിപ്പിക്കും. പോക്കറ്റ് കാലിയാകാതെയും സൂക്ഷിക്കാം.

Tyre

വായു

കൃത്യമായ അളവില്‍ ടയറിനകത്ത് എയറുണ്ടെന്ന് ആഴ്ചയിലൊരിക്കലെങ്കിലും പരിശോധിക്കണം. ടയറുകളുടെ പ്രകടനത്തിലും കാര്യക്ഷമതയിലും എയര്‍ പ്രഷറിനുള്ള പങ്ക് ചെറുതല്ല. ഈ പരിശോധനകള്‍ ടയറുകളുടെ ആയുസ്സ് കൂട്ടും. ഓരോ വാഹനങ്ങളുടേയും ടയറുകളില്‍ ആവശ്യമായ എയര്‍ പ്രഷറിനെക്കുറിച്ച് നിര്‍മാതാക്കള്‍ വാഹനത്തിലൊട്ടിച്ചിരിക്കുന്ന സ്റ്റിക്കറിലോ ഉടമകള്‍ക്കുള്ള നിര്‍ദേശങ്ങളിലോ രേഖപ്പെടുത്തിയിരിക്കും.

നൈട്രജന്‍

സാവധാനത്തിലേ ചൂടാവൂ എന്നതുകൊണ്ട് ചൂടിനനുസരിച്ച് വലുപ്പം കൂടുന്ന പ്രവണത കുറയും. ദീര്‍ഘസമയം ഓടിയാലും എയര്‍ പ്രഷറില്‍ കാര്യമായ മാറ്റം വരില്ല. വായു കണികകളെ അപേക്ഷിച്ച് നൈട്രജന്‍ കണികകള്‍ക്കു വലിപ്പം കൂടുതലാണ്. അവ സഞ്ചരിക്കുന്നതാകട്ടെ കുറഞ്ഞ വേഗതയിലുമാണ്. അതുകൊണ്ടുതന്നെ സാധാരണ വായു പുറത്തുപോകുന്നത്ര വേഗത്തില്‍ നൈട്രജന്‍ ചോരില്ല. ഇതും താരതമ്യേന ദീര്‍ഘമായി എയര്‍ പ്രഷര്‍ കൃത്യമായിരിക്കാന്‍ സഹായിക്കും.

വാഹനം

വാഹനത്തിത്തിന്റെ ചലനങ്ങളും ഇളക്കങ്ങളും ടയറിനെയും ബാധിക്കും. ബ്രേക്ക്, സസ്പെന്‍ഷന്‍ തുടങ്ങിയ ഭാഗങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ടയറിന്റെ ആയുസ്സ് കുറയും.

ബ്രേക്ക്

അമിത വേഗം, അനാവശ്യ ഇരമ്പല്‍, ബ്രേക്ക് ചവിട്ടല്‍ തുടങ്ങി നല്ല ഡ്രൈവിങ്ങിനു നിരക്കാത്ത ശീലങ്ങള്‍ ഒഴിവാക്കുക.

റിപ്പയര്‍ കിറ്റ്

പഞ്ചര്‍പോലുള്ള ഘട്ടങ്ങളില്‍ അറ്റകുറ്റപണികള്‍ക്കു നിലവാരമുള്ള റിപ്പയര്‍ കിറ്റുകള്‍ ഉപയോഗിക്കണം. പ്രത്യേകിച്ചും ട്യൂബ്ലെസ് ടയറുകളില്‍ പഞ്ചര്‍ അടയ്‌ക്കേണ്ട സാഹചര്യമൊക്കെ ഉണ്ടായാല്‍. നിലവാരമില്ലാത്ത റിപ്പയര്‍ കിറ്റുകള്‍ ഉപയോഗിച്ചാല്‍ അതു ഭാവിയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കിടയാക്കും.

Content Highlights: Vehicle Tyre, Tips To Protect Tyres, Tyre Care Tips