നോ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ ഡ്രൈവര്‍ ഉണ്ടെങ്കില്‍ അതിന് പിഴ ഈടാക്കാന്‍ സാധിക്കുമോ...? ഒട്ടു മിക്ക ഡ്രൈവര്‍മാര്‍ക്കുമുള്ള സംശയമാണിത്. പിഴ ഈടാക്കും എന്ന് തന്നെയാണ് ഇതിനുത്തരം. ഡ്രൈവര്‍ സീറ്റില്‍ ഉണ്ടെങ്കിലും ഇത്തരം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളിടത്ത് വാഹനം നിര്‍ത്തിയിടുള്ളത് കുറ്റകരമാണ്.
പാര്‍ക്കിങ്ങില്‍ പിഴ അടയ്‌ക്കേണ്ടി വരുമ്പോള്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാന്‍ നിയമപരമായതും അല്ലാത്തതുമായ പാര്‍ക്കിങ്ങ് അറിയേണ്ടതുണ്ട്. വാഹനം എങ്ങനെ ഓടിക്കണം എന്നത് പോലെ തന്നെ പ്രധാനമാണ് വാഹനം എങ്ങനെ പാര്‍ക്ക് ചെയ്യണമെന്ന തിരിച്ചറിവും. പൊതുസ്ഥലവും നിരത്തും പാര്‍ക്കിങ്ങിനുള്ളതല്ല.
എന്താണ് പാര്‍ക്കിങ്ങ്...?
യാത്രക്കാരെയോ മറ്റ് സാധന സാമഗ്രികളോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങള്‍ക്ക് ഒരു വാഹനം നിശ്ചലാവസ്ഥയില്‍ കാത്ത് കിടക്കുന്നതിനും മൂന്ന് മിനിറ്റില്‍ കൂടുതല്‍ സമയം വാഹനം നിര്‍ത്തിയിടുന്നതും പാര്‍ക്കിങ്ങ് ആയാണ് കണക്കാക്കുന്നത്.
എവിടെയാണ് പാര്‍ക്കിങ്ങ് നിരോധിച്ചിരിക്കുന്നത്...?
- റോഡിന്റെ വീതി കുറഞ്ഞതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ ഭാഗത്ത്.
- കൊടും വളവിലും വളവിന് സമീപങ്ങളിലും.
- ആക്‌സിലറേഷന്‍ ലൈനില്‍, ഡീസിലറേഷന്‍ ലൈന്‍.
- റെയില്‍വേ ക്രോസിങ്ങ്.
- ബസ് സ്‌റ്റോപ്പ്, ആശുപത്രി, സ്‌കൂള്‍ എന്നിവയുടെ പ്രവേശന കവാടത്തില്‍.
- പെഡസ്ട്രിയന്‍ ക്രോസിങ്ങിലും അതിന് മുന്‍പുള്ള അഞ്ച് മീറ്ററിലും.
- ട്രാഫിക് ലൈറ്റ്, സ്റ്റോപ്പ് സൈന്‍ എന്നിവയുടെ അഞ്ച് മീറ്ററിനുള്ളില്‍, ഡൈവറിന് സിഗ്നല്‍ മറയ്ക്കുന്ന രീതിയില്‍ നിര്‍ത്തുന്നത്.
- ബസ് സ്റ്റാന്റുകളില്‍ ബസുകള്‍ അല്ലാത്ത വാഹനങ്ങള്‍.
- റോഡരികില്‍ വരച്ചിട്ടുള്ള മഞ്ഞ ബോക്‌സില്‍/ റോഡരികിലെ മഞ്ഞ വരയില്‍.
- നോ സ്‌റ്റോപ്പിങ്ങ്/ നോ പാര്‍ക്കിങ്ങ് സൈന്‍ ബോര്‍ഡ് ഉള്ള സ്ഥലങ്ങളില്‍.
- വേഗത 50 കിലോ മീറ്ററോ അതില്‍ അതികമോ നിശ്ചയിച്ചിട്ടുള്ള മെയിന്‍ റോഡിലും റോഡിന്റെ ഭാഗങ്ങളിലും.
- ഫുട്ട്പാത്ത്, സൈക്കിള്‍ ട്രാക്ക്, പെഡസ്ട്രിയന്‍ ക്രോസിങ്ങ്.
- പാര്‍ക്കിങ്ങ് ഏരിയയിലേക്കുള്ള വഴി തടസപ്പെടുത്തുന്ന രീതിയില്‍.
- തുരങ്കത്തില്‍/ ബസ് ലൈനില്‍.
- ഒരു വസ്തുവിന്റെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും.
- പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനത്തിന് എതിരായി.
- മറ്റ് വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രീതിയില്‍.
- വികലാംഗര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് മറ്റ് വാഹന പാര്‍ക്കിങ്ങ്.
Content Highlights: Vehicle Parking In Public Place, No Parking, What Is Parking