ന്റെ വാഹനത്തിന് ഇന്‍ഷുറന്‍സുണ്ടല്ലോ, അപ്പോള്‍ പിന്നെ ഏത് അപകടത്തിനും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാലോ എന്ന ധാരണ നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ പൂര്‍ണമായും അങ്ങനെയൊരു ധാരണയുമായി ഇരിക്കേണ്ട. പല നിബന്ധനകളും കൃത്യമായി പാലിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം തുക നല്‍കുകയുള്ളു. ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ പാലിക്കേണ്ട ചില നിബന്ധനകള്‍ ഫെയ്​സ്ബുക്ക് പോസ്റ്റ് വഴി ഓര്‍മിപ്പിക്കുകയാണ് കേരള പോലീസ്. 

കേരള പോലീസിന്റെ ഫെയ്​സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം... 

വാഹനാപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് 
പരിരക്ഷ ലഭിക്കാന്‍ നിബന്ധനകള്‍ പാലിക്കണം.

കുട്ടികള്‍ക്കോ, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവര്‍ക്കോ നിങ്ങള്‍ വാഹനമോടിക്കാന്‍ നല്‍കാറുണ്ടോ? ഓര്‍ക്കുക! ഇങ്ങനെ നല്‍കുന്ന വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിക്കും. ഫലമോ വാഹനത്തിന്റെ ഉടമ ഭീമമായ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. 
മദ്യപിച്ചു വാഹനമോടിച്ചാലും അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാര്‍ വാഹനത്തില്‍ സഞ്ചരിച്ചാലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല..വാഹനാപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം.

താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിക്കുകയില്ല.

 • മദ്യപിച്ചു വാഹനമോടിച്ചാല്‍
 • ഡ്രൈവര്‍ക്ക് ലൈസന്‍സോ, ബാഡ്ജോ (വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന LMV ഒഴികെയുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക്) ഇല്ലാതിരുന്നാല്‍
 • മനപ്പൂര്‍വം ഉണ്ടാക്കുന്ന അപകടങ്ങള്‍ (willful act)
 • വാഹനത്തിനു അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരോ ഭാരമോ ഉണ്ടായിരുന്നാല്‍
 • ടാക്‌സ് അടച്ചിട്ടില്ലാത്ത വാഹനമാണെങ്കില്‍ . കുടിശിക അടച്ചാല്‍ മാത്രമേ ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടൂ.
 • മതിയായ പെര്‍മിറ്റ് കൂടാതെയുള്ള വാണിജ്യ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ .
 • വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മതിയായ പെര്‍മിറ്റ് ഇല്ലാതിരിക്കുകയോ പുതുക്കുകയോ ചെയ്തില്ലെങ്കില്‍
 • വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാതെ ഇരുന്നാല്‍
 • ടാക്‌സി , കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ പോളിസിയില്‍ പറയുന്ന സ്ഥലപരിധിക്കു പുറത്തുവച്ചു അപകടത്തില്‍പ്പെട്ടാല്‍
 • അപകടത്തിലുള്‍പ്പെട്ട വാഹനം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കാതെ സ്വന്തം ചെലവില്‍ റിപ്പയര്‍ ചെയ്തതിനു ശേഷം ക്ലെയിമിന് അപേക്ഷിച്ചാല്‍.
 • അപകടം കമ്പനിയെ അറിയിച്ച ശേഷം റിപ്പയര്‍ ചെയ്യാതെ വ്യാജബില്ലുകള്‍ നല്‍കിയാല്‍..
 • സ്വകാര്യവാഹനമായി രജിസ്റ്റര്‍ ചെയ്ത വാഹനം ടാക്‌സിയായി ഉപയോഗിച്ചാല്‍
 • വാഹനം മറ്റൊരാള്‍ക്ക് വിറ്റാല്‍ രജിസ്‌ട്രേഷന്‍ മാറ്റിയ തീയതി മുതല്‍ 14 ദിവസത്തിനകം പോളിസിയില്‍ പുതിയ ഉടമയുടെ പേരു മാറ്റിയില്ലെങ്കില്‍

kerala Police

Content Highlights; Vehicle Insurance terms and conditions