കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളവും അടച്ചിടലിലാണ്. ഈ സാഹചര്യത്തില്‍ ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും ശ്രദ്ധവേണം. ഇത് സംബന്ധിച്ച് വാഹന ഉടമകള്‍ക്ക് തന്നെ ചെയ്യാവുന്ന പൊടിക്കൈകള്‍ നിര്‍ദേശിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

വീടുകളിലും മറ്റും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനള്‍ എങ്ങനെ പരിചരിക്കണമെന്നാണ് പ്രധാനമായും നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനുപുറമെ, ലോക്ഡൗണ്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും വാഹനമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നുണ്ട്. എം.വി.ഡി. കേരളയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. 

നിര്‍ത്തിയിട്ടാലും ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം

 • 3-4 ദിവസം കൂടുമ്പോള്‍ വാഹനം കുറച്ച് സമയം സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തുന്നത്. വാഹനത്തിന്റെ എന്‍ജിന്‍ ഭാഗങ്ങള്‍ക്ക് തുരുമ്പെടുക്കാതിരിക്കാനും ലൂബ്രിക്കേഷന്‍ ഓയിലിന്റെയും കൂളന്റിന്റെയും ക്വാളിറ്റി നിലനിര്‍ത്താനും ഇതുപകരിക്കും. കൂടാതെ ബാറ്ററി കേടു വരുന്നതും തടയാം. സ്റ്റാര്‍ട്ട് ചെയ്ത് ഉടനെ ആക്‌സിലറ്റേര്‍ കൊടുക്കുന്നത് ഒഴിവാക്കണം. 
 • ബ്രേക്ക് ജാം ആകാന്‍ സാധ്യതയുള്ളതിനാല്‍ ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്ത് വെക്കണം. വാഹനം ഉരുളാതിരിക്കാന്‍ ഫസ്റ്റ് ഗിയറില്‍ ഇട്ടതിന് ശേഷം ഇഷ്ടികയൊ തടിക്കഷ്ണമോ ടയറിന്റെ താഴെ വയ്ക്കാം. 
 • ഇടക്ക് വാഹനം പൊസിഷന്‍ മാറ്റി ഇടുന്നത് ടയറിന് കേട് വരുന്നത് തടയും. പിന്നീട് വാഹനം ഉപയോഗിക്കുമ്പോള്‍ ഇത് വൈബ്രേഷനും അധിക തേയ്മാനത്തിനും കാരണമായേക്കാം. മാറ്റിയിടാന്‍ സാധിക്കാതയോ നീണ്ടകാലം ഉപയോഗിക്കാതിരിക്കുകയോ ആണെങ്കില്‍ വാഹനം ജാക്കിയില്‍ ഉയര്‍ത്തി വയ്ക്കാം.
 • ഉപയോഗിക്കാതിരിക്കുന്ന വാഹനം കഴുകി ഉണക്കി സൂക്ഷിക്കുക, പ്രത്യേകിച്ച് ഉള്‍ഭാഗം. മഴക്കാലമായതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഫംഗസ് വാഹനത്തിന് മുകളിലും സീറ്റുകളിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
 • വെയിലുള്ളപ്പോള്‍ വാഹനത്തിന്റെ ഡോര്‍ ഗ്ലാസ് ഇടക്ക് താഴ്ത്തി ഇടുന്നതും നല്ലതാണ്. പോര്‍ച്ചില്‍ സൂക്ഷിക്കുന്ന വാഹനമാണെങ്കില്‍ കാര്‍ കവര്‍ ഉപയോഗിക്കേണ്ടതില്ല.
 • എ.സിയുടെ റീ-സര്‍ക്കുലേഷന്‍ മോഡ് ഓഫ് ചെയ്ത് വെക്കാന്‍ മറക്കരുത്. 
 • ഇടക്ക് ബോണറ്റ് തുറന്ന് പരിശോധിക്കുന്നതും ബാറ്ററി ടെര്‍മിനലില്‍ പെട്രോളിയം ജെല്ലി പുരട്ടുന്നതും, എലി ഉള്‍പ്പെടെയുള്ള ജീവികള്‍ വയറുകള്‍ നശിപ്പിക്കാതിരിക്കാന്‍ ആന്റി റോഡെന്റ് സ്‌പ്രേ ഉപയോഗിക്കുന്നതും നല്ലതാണ്. ബാററ്റി ടെര്‍മിനല്‍ വയര്‍ അഴിച്ചിടുന്നതാണ് ഉചിതം. 
 • ഉപയോഗിക്കാതിരിക്കുമ്പോള്‍ വൈപ്പര്‍ ബ്ലേഡ് പൊക്കി വെക്കുന്നത് ശീലമാക്കുക.
 • കഴിയുന്നതും ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചിടുന്നത് ടാങ്കിലും ഫ്യൂവല്‍ ലൈനിലും തകരാറുകള്‍ വരുന്നതിനെ തടയും ടാങ്കിന്റെ മൂടി കാറ്റ് കടക്കാത്ത വിധം ഭദ്രമായി മൂടിയിരിക്കണം. 
 • മോട്ടോര്‍ സൈക്കിള്‍ ആണെങ്കില്‍ ഈ പറഞ്ഞ നിര്‍ദേശങ്ങള്‍ക്ക് പുറമെ, സെന്റര്‍ സ്റ്റാന്റില്‍ വയ്ക്കാന്‍ ശ്രദ്ധിക്കണം. 

വാഹനം വീണ്ടും ഉപയോഗിക്കുമ്പോള്‍

 • വാഹനത്തിന്റെ എ.സി. ഓഫ് ചെയ്തു സ്റ്റാര്‍ട്ട് ആക്കുക. സ്റ്റാര്‍ട്ട് ആക്കിയ ഉടനെ ആക്‌സിലേറ്റര്‍ പെട്ടെന്ന് അമര്‍ത്തരുത്. മൂന്ന് മിനിറ്റിന് ശേഷം ആക്‌സിലറേറ്റര്‍ പതുക്കെ കൊടുത്ത് എന്‍ജിന്‍ റൈസ് ചെയ്യുക. എ.സി. ഓണ്‍ ചെയ്തതിനുശേഷം ഡോറിന്റെ ഗ്ലാസ്സുകള്‍ താഴ്ത്തിയിടുക.
 • വാഹനം വേഗത കുറച്ച് മുന്നോട്ട് എടുത്ത് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം. 
 • ടയര്‍ പ്രഷര്‍, തേയ്മാനം എന്നിവ നിര്‍ബന്ധമായും പരിശോധിക്കണം. മഴക്കാലമായതിനാല്‍ ത്രെഡിന്റെ തേയ്മാനം അപകടമുണ്ടാക്കും.
 • ഹെഡ്‌ലൈറ്റ്, ബേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, ഹോണ്‍ എന്നിവ പരിശോധിക്കണം.

Content Highlights: Vehicle Care Tips During Covid Lockdown; MVD Kerala