സംസ്ഥാനത്തെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ദേശീയതലത്തിലെ ഏകീകൃത സംവിധാനമായ 'വാഹന്‍' സോഫ്റ്റ്വേറിലേക്ക് മാറുന്ന പദ്ധതി തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ ഒട്ടുമിക്ക ആര്‍.ടി. ഓഫീസുകളിലും ഈ സംവിധാനം ഒരുങ്ങിയതായാണ് റിപ്പോര്‍ട്ട്.
വാഹന്‍ സോഫ്റ്റ്വേറിലേക്ക് മാറുന്നതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫാന്‍സി നമ്പര്‍ ബുക്കിങ് എന്നിവയില്‍ കാതലായ മാറ്റങ്ങളാണ് വരുന്നത്. ഇത്തരം സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ.
ഇനി വാഹനവില്‍പ്പന ഇങ്ങനെ
വാഹനം വില്‍ക്കുമ്പോള്‍ ഉടമ രജിസ്ട്രേഷന്‍ രേഖകളും വാഹനം വാങ്ങുന്ന ആളുടെ ആധാര്‍ വിവരങ്ങള്‍, മൊബൈല്‍നമ്പര്‍ എന്നിവ അതത് മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.
അപേക്ഷ സ്വീകരിക്കുമ്പോള്‍ വാങ്ങുന്ന ആളുടെ മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് അയയ്ക്കും. ഈ നമ്പര്‍ കൈമാറിയാല്‍ ഓഫീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. ഒരാള്‍ അറിയാതെ അയാളുടെ പേരിലേക്ക് വാഹനരജിസ്ട്രേഷന്‍ മാറ്റുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം. പുതിയ ഉടമയ്ക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കും.
പ്രധാന മാറ്റങ്ങള്‍
- ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഇതുവരെ വാങ്ങുന്നയാള്‍ക്കായിരുന്നു ഇതിന്റെ രജിസ്ട്രേഷന്‍ ചുമതല. ഇനിമുതല്‍ രജിസ്ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്കായിരിക്കും
- വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താനുള്ള അനുമതി മാത്രമാകും ഡീലര്‍മാര്‍ക്കുണ്ടാകുക. എന്‍ജിന്‍, ഷാസി നമ്പറുകളില്‍ തെറ്റുണ്ടെങ്കില്‍ വാഹനനിര്‍മാതാവിന്റെ സഹായത്തോടെ മാത്രമേ പരിഹരിക്കാനാകൂ. ഉടമയുടെ ആധാര്‍ വിവരങ്ങളും രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തും.
- വാഹനത്തിന്റെ എന്‍ജിന്‍, ഷാസി നമ്പറുകള്‍, നിര്‍മിച്ച വര്‍ഷം, പ്ലാന്റ് തുടങ്ങിയ അടിസ്ഥാന വിവരങ്ങളെല്ലാം വാഹനനിര്‍മാതാവ് ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കണം. ഇത് പൂര്‍ത്തീകരിച്ചാലേ വാഹനം വില്‍പ്പനയ്ക്കായി
ഡീലര്‍ക്ക് കൈമാറാന്‍ കഴിയൂ - വാഹനങ്ങളുടെ ഫാന്‍സി നമ്പറിനുള്ള അപേക്ഷ ഇനി ഓണ്‍ലൈനായി സമര്‍പ്പിക്കാം. എവിടെ നിന്നും ഓണ്‍ലൈനായി ലേലത്തില്‍ പങ്കെടുക്കാം.
Content Highlights: Vahan Software; Vehicle Registration System