കാര്‍, വാന്‍, ബസ്, ഓട്ടോറിക്ഷ തുടങ്ങിയ മറ്റേത് വാഹനങ്ങളെക്കാള്‍ അപകടം പിടിച്ച ഒന്നാണ് ഇരുചക്ര വാഹനങ്ങള്‍. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും രണ്ടു ചക്രം മാത്രമേ ഉള്ളുവെന്നതിനാല്‍ ബാലന്‍സ് നിലനിര്‍ത്താന്‍ വളരെ ബുദ്ധിമുട്ടാണ്, അതിനാല്‍തന്നെ അപകടമുണ്ടാകുമ്പോള്‍ തെറിച്ചുവീണ് മാരകമായ പരിക്കേല്‍ക്കാനുള്ള സാധ്യതയും വര്‍ധിക്കും. എത്ര മുതിര്‍ന്നവരാണെങ്കിലും റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കാതെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് വര്‍ധിച്ചുവരുന്ന അപകടങ്ങളിലെ പ്രധാന വില്ലന്‍. സമയലാഭം നോക്കി ചെറിയ കാര്യമാണെങ്കില്‍ പോലും അവഗണിക്കാതെ നല്ല ഡ്രൈവിങ് ശീലമാക്കിയാല്‍ ഒരു അപകടങ്ങളിലും പെടാതെ നിങ്ങള്‍ക്ക് സുഖകരമായി മുന്നേറാം.
- എല്ലാ ദിവസങ്ങളിലും വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് എപ്പോഴും ഒരു പ്രാഥമിക പരിശോധന നടത്തുന്നത് നല്ലതാണ്. പരിശോധനയില്‍ ടയറിനും ബ്രേക്കിനും പ്രഥമ പരിഗണന നല്‍കാം.
- വാഹനം ഓടിക്കുമ്പോള്‍ കാലുകള്‍ ഇന്ധന ടാങ്കിനോട് ചേര്‍ത്തുവച്ച് ആയാസ രഹിതമായ രീതിയില്‍ ഇരിക്കുക. ക്രാഷ് ഗാര്‍ഡിനു മുകളിലും പിന്നിലെ ഫൂട്ട് ഗാര്‍ഡിന് മുകളിലേക്കും കാല്‍വെച്ച് ഓടിക്കുന്ന യൂത്തന്‍മാര്‍ അപകടം ക്ഷണിച്ചുവരുത്താതിരിക്കുക.
- പോലീസിനെ പേടിച്ചാണെങ്കില്‍ പോലും ഹെല്‍മറ്റ് ധരിച്ചാല്‍ മാത്രം പോരാ, അതിന്റെ സ്ട്രാപ്പ് കൃത്യമായി മുറുക്കിയിടണം. അല്ലെങ്കില്‍ അപകടമുണ്ടാകുമ്പോള്‍ ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തെറിച്ചുപോകുമെന്ന കാര്യം മറക്കരുത്. പിന്നില്‍ ഇരിക്കുന്ന വ്യക്തിയും ഹെല്‍മറ്റ് ധരിച്ചാല്‍ വളരെ നല്ലത്. മുഖം മുഴുവനായി ആവരണം ചെയ്യുന്ന വൈസറോടുകൂടിയ ഹെല്‍മറ്റ് ഉപയോഗിക്കുന്നതാണ് ഉത്തമം.
- എപ്പോഴും 40-50 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിക്കുക. എത്ര ശ്രദ്ധിച്ചാലും ഇതിനപ്പുറമുള്ള വേഗത അപകടം ക്ഷണിച്ചുവരുത്തുമെന്ന് ബോധം എപ്പോഴും വേണം. പെട്ടെന്ന് വേഗത വര്‍ധിപ്പിക്കുന്നതും ഒഴിവാക്കുക.
- വാഹനം നിര്‍ത്തുമ്പോള്‍ ആക്‌സിലേറ്റര്‍ പൂര്‍ണമായി കുറച്ചുകൊണ്ട് രണ്ട് ബ്രേക്കുകളും ഒരേസമയം പ്രയോഗിക്കുക. സഡന്‍ ബ്രേക്ക് ഇടുമ്പോഴും രണ്ടു ബ്രേക്കും ഒന്നിച്ച് പ്രയോഗിച്ചാല്‍ തെന്നി വീഴല്‍ ഒഴിവാക്കം.
- റോഡ് അടയാളങ്ങള്‍ മാനിക്കുകയും ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യുക. ഏതെങ്കിലും ട്രാഫിക് അടയാളം അറിയില്ലെങ്കില്‍ എന്താണ് അതെന്ന് എത്രയും പെട്ടെന്ന് ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കുക. അതുമല്ലെങ്കില്‍ ഗൂഗിളിലും മറ്റും തിരഞ്ഞ് കണ്ടുപിടിച്ച് ഒരു ധാരണയുണ്ടാക്കിയാല്‍ നല്ലത്.
- നിങ്ങളുടെയും റോഡിലെ മറ്റു യാത്രക്കാരുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി വാഹനം ഓടിക്കുക. ഒരിക്കലും പിന്നിലുള്ള വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതിരിക്കരുത്. സ്പീഡ് ബ്രേക്കറില്‍ വേഗത വളരെ കുറയ്ക്കണം.
- മറ്റൊരു പാതയിലേക്ക് കടക്കുമ്പോഴും വളവ് തിരിയുമ്പോഴും കൃത്യമായ സിഗ്നല്‍ നല്‍കുക. വളവ് തിരിക്കുന്നതിനൊപ്പം ഇന്‍ഡിക്കേറ്റര്‍ ഇടുന്ന ശീലം ഒഴിവാക്കുക. തിരിക്കുന്നതിന് 10-15 സെക്കന്‍ഡ് മുന്‍പായി സിഗ്നല്‍ നല്‍കണം.
- നിങ്ങളുടെ ശരീരത്തിന് പാകമായ പ്രകാശമാര്‍ന്ന നിറത്തിലുള്ള, കാറ്റില്‍ പറക്കാത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കുക. എളുപ്പത്തില്‍ ഗിയര്‍ മാറ്റുന്നതിനും ബ്രേക്ക് പിടിക്കുന്നതിനും പാകമായ ചെരുപ്പുകള്‍ ഉപയോഗിച്ചാല്‍ നല്ലത്.
- കൃത്യമായ ഇടവേളകളില്‍ വര്‍ക്ക് ഷോപ്പിലെത്തിച്ച് റഗുലര്‍ സര്‍വ്വീസ് നടത്തണം.
Read More; വാഹനം അപകടത്തില്‍പ്പെട്ടാല്‍ ശ്രദ്ധിക്കാന്‍