ഇരുചക്രവാഹനങ്ങളിലും സുരക്ഷയ്ക്ക് ഇപ്പോള്‍ വളരെ പ്രധാന്യമുണ്ട്. ഡ്രം ബ്രേക്കിനോട് വിടപറഞ്ഞ് പുതിയ ഇരുചക്രവാഹനങ്ങളെല്ലാം ഡിസ്‌ക് ബ്രേക്കുകളിലേക്കും എ.ബി.എസ് ബ്രേക്കിങ് സിസ്റ്റത്തിലേക്കും മാറി കഴിഞ്ഞു. സി.സി കുറഞ്ഞ വാഹനങ്ങള്‍ പോലും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി ഡിസ്‌ക് ബ്രേക്കുകളിലാണ് ഇന്ന് വിപണിയിലെത്തുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് നിര്‍ബന്ധമാക്കുകയുമാണ്. വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിപാലനം ആവശ്യമുള്ള ഒന്നാണ് ബ്രേക്ക്. എന്നാല്‍ വളരെ പെട്ടെന്ന് ഒരു ബ്രേക്കും പണിമുടക്കാറുമില്ല. ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ തുടങ്ങി നാം ശ്രദ്ധിക്കാതായാല്‍ അത് പിന്നീട് ഗുരുതര പ്രശ്‌നമായി മാറുന്നു. ഡ്രം ബ്രേക്കിനെ അപേക്ഷിച്ച് വളരെ സുഖമമായി പരിശോധിക്കാന്‍ ഡിസ്‌ക് ബ്രേക്കാണെങ്കില്‍ സാധിക്കും.
- അകത്ത് നിന്നും പുറത്തേക്കു വരുംതോറും തുടര്‍ച്ചയായി തിളക്കം കൂടി വരുന്ന ഡിസ്‌ക്കില്‍ ചെറിയ തോതില്‍ വരകള്‍ കാണും. അത് സാധാരണമാണ്. പക്ഷെ, കയ്യില്‍ തടയത്തക്ക രീതിയില്‍ ഉള്ള വല്ല പോറലോ പാടോ ഉണ്ടെങ്കില്‍ സൂക്ഷിക്കണം. ഡിസ്‌ക് മാറേണ്ടതായി വരും.
- ഡിസ്‌ക് മാറ്റിയിടുമ്പോള്‍ രണ്ടു സൈഡും ഒരുമിച്ചു മാറ്റുന്നതാണ് എപ്പോഴും നല്ലത്.
- ബ്രേക്ക് പാഡിനും ഡിസ്‌കിനും ഇടയില്‍ സാമാന്യത്തില്‍ കൂടുതല്‍ വിടവുണ്ടെങ്കില്‍ തീര്‍ച്ചയായും പാഡ് മാറ്റണം.
- ബ്രേക്ക് ലൈനില്‍ റബ്ബറിന്റെ അംശം കാണാന്‍ കഴിയും. പക്ഷെ, മെറ്റല്‍ കൊണ്ട് ഉരഞ്ഞ പോലുള്ള വല്ല പാടും കണ്ടാല്‍ തീര്‍ച്ചയായും മെക്കാനിക്കിനെ കാണിക്കണം. ഡിസ്‌ക് വളരെ പെട്ടെന്ന് കേടുവരാന്‍ ഇതൊരു കാരണമാവും.
- ഡിസ്‌കില്‍ പൊടിപറ്റിപ്പിടിക്കാതിരിക്കാനും ശ്രദ്ധിക്കണം. പൊടിയും ചെളിയും പറ്റിപ്പിടിച്ചാല്‍ പെട്ടെന്ന് തന്നെ കഴുകിക്കളയുക.
- മഴക്കാലത്ത് കൃത്യമായ ഇടവേളകളില്‍ ഡിസ്‌ക് ബ്രേക്ക് പരിശോധിക്കുന്നത് കൂടുതല്‍ നന്നാകും.
- ബ്രേക്ക് ഫ്‌ളൂയിഡിന്റെ അളവും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം.
- ബ്രേക്ക് പിടിക്കുമ്പോള്‍ എന്തെങ്കിലും പിടുത്തമോ മറ്റോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് മെക്കാനിക്കിനെ കാണിച്ച് പ്രശ്‌നം പരിഹരിക്കുക.