തീ പോലുള്ള ചൂടാണ് ഇപ്പോള്‍ത്തന്നെ. ഇനി മാസങ്ങളെടുക്കും മഴ വരാന്‍. ചുട്ടുപഴുത്തു കിടക്കുന്ന റോഡും തിരക്കുമെല്ലാമാകുമ്പോള്‍ എ.സി.യില്ലാത്ത കാര്‍ യാത്ര ആലോചിക്കാനേ വയ്യ. ചുട്ടുപഴുത്ത ഇരുമ്പുകൂടിനുള്ളില്‍ ഇരിക്കുന്നതു പോലെയാണ് എ.സി.യില്ലാത്ത കാര്‍ യാത്രകള്‍. എ.സി.യില്ലാത്ത വാഹനങ്ങള്‍ ഇപ്പോള്‍ അധികമില്ല. ലോറികള്‍ വരെ ഇപ്പോള്‍ എ.സി.യായിക്കഴിഞ്ഞു. എന്നാല്‍, ഇക്കാലത്ത് കാര്യമായി എ.സി. ശ്രദ്ധിച്ചില്ലെങ്കില്‍ അത് ശരീരത്തിനും വാഹനത്തിനും ഒരുപോലെ ദുരിതമാകും.

വെയിലത്ത് നിര്‍ത്തിയിട്ട വാഹനം സ്റ്റാര്‍ട്ട് ചെയ്താല്‍ ആദ്യംതന്നെ എ.സി. മാക്സിമത്തില്‍ ഇടുന്നതു നന്നല്ല. എ.സി. ഇടും മുമ്പ് വാഹനത്തിന്റെ നാല് ചില്ലുകളും താഴ്ത്തിയാല്‍ ചൂടുവായു പുറത്തേക്കു പോകും. അതിനുശേഷം കുറച്ചുസമയം കഴിഞ്ഞുമാത്രം എ.സി. ഓണാക്കുക. നിങ്ങളുടെ എ.സി.യുടെ ജോലിഭാരം കുറയുകയും കാര്യക്ഷമത വര്‍ധിക്കുകയും ചെയ്യും. വാഹനത്തില്‍ പ്രവേശിച്ചാല്‍ ഉടന്‍ റീ സര്‍ക്കുലേഷന്‍ മോഡിലിടരുത്. പുറത്തെ ചൂടിനെക്കാള്‍ കൂടുതലായിരിക്കും വാഹനത്തിനകത്തെ ചൂട്.

അതുകൊണ്ടുതന്നെ, പുറത്തുനിന്നുള്ള വായു എടുക്കുന്ന മോഡ് ഓണ്‍ ചെയ്ത് കുറച്ചു നേരത്തിനു ശേഷം മാത്രമേ റീ സര്‍ക്കുലേഷന്‍ മോഡ് ഇടാവൂ. ചൂട് കുറവുള്ള സമയങ്ങളില്‍ അതായത്, അതിരാവിലെ മിക്ക ആളുകളും എ.സി. ഉപയോഗിക്കാറില്ല. കഴിവതും എ.സി.യിട്ടുതന്നെ ഓടിക്കാന്‍ ശ്രമിക്കുക. ഇത് വണ്ടിക്കകത്തെ പൊടിശല്യം കുറയ്ക്കാനും പൈപ്പ് ജോയിന്റുകളിലെ 'ഓ റിങ്ങു'കള്‍ ഡ്രൈയാകുന്നത് തടയാനും സഹായിക്കും. എ.സി. വെന്റ് സ്വന്തം ദേഹത്തേക്ക്, അല്ലെങ്കില്‍ മുഖത്തേക്ക് തിരിച്ചുവയ്ക്കുന്നത് അത്ര നല്ല ശീലമല്ല.

വാഹനത്തിന്റെ ഉള്‍ഭാഗത്ത് എല്ലായിടത്തും തണുപ്പെത്തണമെങ്കില്‍ വെന്റ് ശരിയായ പൊസിഷനില്‍ വയ്ക്കണം. നാല് വെന്റുകളും നേരെതന്നെ വെച്ചാല്‍ മാത്രമേ പിന്നിലെ യാത്രക്കാര്‍ക്കും എ.സി.യുടെ തണുപ്പ് ലഭിക്കുകയുള്ളു. 25,000, 30,000 കിലോമീറ്റര്‍ കൂടുമ്പോള്‍ എ.സി. തീര്‍ച്ചയായും സര്‍വീസ് ചെയ്യുക. വാഹനത്തിന്റെ കൃത്യമായ ഇടവേളകളിലുള്ള സര്‍വീസ് ചെക്കപ്പുകളില്‍ എ.സി.യുടെ കണ്ടന്‍സറും ക്ലീന്‍ ചെയ്യുക. വൃത്തികേടായി അടഞ്ഞ കണ്ടന്‍സര്‍ എ.സി.യുടെ പ്രകടനത്തെ കാര്യമായിത്തന്നെ ബാധിക്കും. കൂളിങ് ഫിന്നില്‍ പൊട്ടലോ മറ്റോ ഉണ്ടോയെന്ന് പരിശോധിക്കുകയും വേണം.

റീസര്‍ക്കുലേഷന്‍ മോഡും ഫ്രഷ് എയര്‍മോഡും

ഉള്ളിലെ വായുതന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് റീ സര്‍ക്കുലേഷന്‍ മോഡ്. പുറത്തുനിന്ന് വായു അകത്തേക്ക് സ്വീകരിക്കുന്നതാണ് ഫ്രഷ് എയര്‍ മോഡ്. കുറെ സമയം അല്ലെങ്കില്‍ ദിവസങ്ങളോളം വാഹനം ഉപയോഗിക്കാതിരുന്ന ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഫ്രഷ് എയര്‍ മോഡാണ് ഉപയോഗിക്കേണ്ടത്. കാരണം, വാഹനത്തിനുള്ളിലെ അശുദ്ധവായു അതിവേഗം പുറത്തുപോകാന്‍ ഇത് സഹായിക്കും.

കൂടാതെ, വെയിലത്തു കിടക്കുന്ന വാഹനത്തിലെ ചൂടുവായു പുറത്തേക്ക് പോകുന്നതിനും ഫ്രഷ് എയര്‍ മോഡ് ഉപയോഗിക്കാം. എന്നാല്‍, ഇതുമാത്രം ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ റോഡിലേയും അന്തരീക്ഷത്തിലേയും പൊടി വാഹനത്തിലേക്ക് എളുപ്പം കയറിപ്പറ്റും. അത് സീറ്റുകളിലും യാത്രക്കാരുടെ വസ്ത്രങ്ങളിലും പറ്റിപ്പിടിച്ചിരിക്കാം. കൂടാതെ, എ.സി.ക്ക് കൂടുതല്‍ മെയിന്റനന്‍സും വേണ്ടിവരും.

റീ സര്‍ക്കുലേറ്റിങ് മോഡാണ് കൂടുതല്‍ മികച്ചത്. എന്നാല്‍, എപ്പോഴും അതുതന്നെ ഉപയോഗിച്ചാല്‍ കാറിലെ ദുഷിച്ച വായു പുറത്തേക്ക് പോകുകയില്ല. അതുകൊണ്ട് ദൂരയാത്രകളില്‍ ഇടയ്ക്ക് ഫ്രഷ് എയര്‍ മോഡ് ഉപയോഗിക്കുന്നത് നന്നാകും. റീ സര്‍ക്കുലേറ്റിങ് മോഡില്‍ വാഹനത്തിനുള്ളിലുള്ള വായുവാണ് തണുപ്പിക്കുക. അതുകൊണ്ടുതന്നെ എ.സി.ക്ക് പണി എളുപ്പമാണ്. എന്നാല്‍, എപ്പോഴും റീ സര്‍ക്കുലേറ്റിങ് മോഡ് ഉപയോഗിക്കാതെ ഇടയ്ക്ക് മാറ്റിക്കൊടുക്കാം. അങ്ങനെ ചെയ്യുമ്പോള്‍ വാഹനം സഞ്ചരിക്കുന്നത് പൊടിയും മലിനീകരണത്തോതും കുറഞ്ഞയിടങ്ങളിലൂടെയാണോ എന്നുകൂടി നോക്കണം.

Content Highlights: Tips To Use Vehicle AC, Car AC, Auto Tips