കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകി കഴിഞ്ഞു. ഇതിനു പിന്നാലെ നിരത്തുകളിൽ വാഹനം സജീവമാകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അത്യാവശ്യ യാത്രകൾക്ക് മാത്രം വാഹനവുമായി പുറത്തിറങ്ങുന്നതാണ് ഉചിതം. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കിൽ ഇത് വൃത്തിയാക്കി സാനിറ്റൈസ് ചെയ്ത് അണുമുക്തമാക്കാനും ശ്രദ്ധിക്കണം.

വാഹനം സ്വന്തമായി സാനിറ്റൈസ് ചെയ്യുന്നതിന് ഫോർഡ് നൽകുന്ന ഏതാനും പൊടിക്കൈകൾ

വ്യത്യാസം അറിയുക

സാധാരണ രീതിയിൽ വാഹനം കഴുകിയാൽ അണുക്കൾ നശിക്കാനിടയില്ല. അതേസമയം, സാനിറ്റൈസ് ചെയ്യുന്നതിലൂടെ അണുക്കളെ ഇല്ലാതാക്കാൻ സാധിക്കും. കെമിക്കലുകൾ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിലൂടെയാണ് വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയുടെ സാന്നിധ്യം പൂർണമായും ഇല്ലാതാക്കാൻ സാധിക്കൂ.

എന്താണ് ഉപയോഗിക്കേണ്ടത്

വാഹനത്തിന്റെ ഇന്റീരിയറിന് കേടുവരാത്ത ഡിസ്ഇൻഫെക്ടിങ്ങ് സ്പ്രേ വേണം വാഹനങ്ങളിൽ ഉപയോഗിക്കാൻ. ഡിസ്ഇൻഫെക്ടന്റ് ജേം ഫോഗർ വാങ്ങുന്നതാണ് ഉത്തരം. സാധാരണ വീടുകളിലും മറ്റും ഉപയോഗിക്കുന്ന ബ്ലീച്ച്, അസെറ്റോൺ, ക്ലോറിൽ തുടങ്ങിയവ വാഹനത്തിന്റെ പെയിന്റിനും ഇന്റീരിയറിനും തകരാർ വരുത്തിയേക്കും.

എങ്ങനെ ഉപയോഗിക്കണം

ഡീറ്റേലിങ്ങ് വസ്തുകൾ ഉപയോഗിക്കുമ്പോൾ ഡാഷ്ബോർഡ് പോലുള്ളിടത്ത് നേരിട്ട് സ്പ്രേ ചെയ്യരുത്. മൈക്രോ ഫൈബർ ടവലിലേക്ക് സ്പ്രേ ചെയ്ത ശേഷം അത് ഉപയോഗിച്ച് തുടയ്ക്കുക. സീറ്റുകളും മറ്റും വൃത്തിയാക്കാൻ വാക്വം ക്ലീനർ ഉപയോഗിക്കുന്നതാണ് നല്ലത്. എപ്പോഴും തൊടുന്ന ഡോർ ഹാൻഡിൽ പോലുള്ള സ്ഥലം വൃത്തിയാണെന്ന് ഉറപ്പാക്കണം.

ലെതർ എങ്ങനെ ചെയ്യണം

സീറ്റുകളിലും മറ്റുമുള്ള ലെതർ വൃത്തിയാക്കുന്നത് കരുതലോടെ വേണം. ബ്ലീച്ച്, ക്ലോറിൻ, അമോണിയ തുടങ്ങിയ വസ്തുകൾ ചേർന്നിട്ടില്ലാത്ത ഉത്‌പന്നം ഉപയോഗിച്ച് വേണം വൃത്തിയാക്കാൻ. ഇതും നേരിട്ട് സ്പ്രേ ചെയ്യാതെ തുണിയിലോ മൈക്രോ ഫൈബർ ടവലിലോ ഒഴിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ഡിസ്ഇൻഫെക്ടിങ്ങ്

ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള ഇലക്ട്രോണിക്സ് ഉപകരങ്ങൾ വൃത്തിയാക്കാൻ ഇതിനുപയോഗിക്കുന്ന നോൺ ടോക്സിക് ഡിവൈസ് ക്ലീനിങ്ങ് വൈപ്പ് നിര്‍ബന്ധമാണ്. അതേസമയം, പ്ലാസ്റ്റിക് ബട്ടണുകൾ, നോബുകൾ തുടങ്ങിയവയിൽ ബ്ലീച്ചില്ലാത്ത അണുനാശിനികൾ ഉപയോഗിച്ച് തുടയ്ക്കാവുന്നതാണ്.

തൊടുന്ന സ്ഥലമെല്ലാം വൃത്തിയാക്കണം

 • താക്കോൽ
 • പുറത്തുള്ള ഡോർ ഹാൻഡിൽ
 • അകത്തുള്ള ഡോർ ഹാൻഡിൽ
 • ലോക്ക്, അൺലോക്ക് ബട്ടൺ, ഇന്റീരിയർ ഡോർ റിലീസ്
 • സീറ്റ് ബെൽറ്റ്, സീറ്റ് ബെൽറ്റ് ബക്കിൾ, റിലീസ് ബട്ടൺ
 • പുഷ് സ്റ്റാർട്ട് ബട്ടൺ, ഇഗ്നീഷൻ ഏരിയ
 • റിയർവ്യൂ മിറർ, ഓട്ടോമാറ്റിക് സൈഡ് മിറർ ബട്ടണുകൾ
 • എസി ബട്ടണുകൾ
 • റേഡിയോ ബട്ടണുകൾ, നോബുകൾ, ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ
 • ഗിയർ
 • ഹാൻഡ് ബ്രേക്ക് ലീവർ
 • സ്റ്റിയറിങ്ങ് വീലും അതിലെ ബട്ടണുകൾ
 • സിഗ്നൽ, വൈപ്പർ ലീവർ
 • സെന്റർ കൺസോൾ, കപ്പ് ഹോൾഡറുകൾ
 • വിന്റോ ബട്ടണുകൾ
 • ഗ്ലൗവ് ബോക്സ് ഹാൻഡിൽ
 • ഫ്യുവൽ ക്യാപ്പ്

വാഹനം അണുവിമുക്തമാക്കിയതിന് ശേഷം ഇത് ചെയ്യുന്നയാളുടെ കൈ സോപ്പ്, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് കഴുകണം. വാഹനം വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള ശീലം കൊറോണ കാലത്തിനു ശേഷവും തുടരുന്നത് ശീലമാക്കാവുന്നതാണ്.

Content Highlights:Tips For Vehicle Sanitization